Pages

31 March 2010

MULLAPERIYAR
മുല്ലപ്പെരിയാര്‍  വിധിയിലൂടെ മലയാളികള്‍ക്ക് അഭിമാനിക്കാം
 ഒരു മന്ത്രിയുടെ നേതൃത്വത്തില്‍ ഏതാനം ഉദ്യോഗസ്ഥര്‍ മാസങ്ങളായി നടത്തി വന്ന പ്രവര്‍ത്തനങ്ങള്‍ക്ക്  സുപ്രിം കോടതി വിധിയിലൂടെ അംഗീകാരമായപ്പോള്‍ കേരളത്തിന് തുറന്ന് കിട്ടുന്നത് ഒരു നൂറ്റാണ്ടായി ' അടഞ്ഞ് 'കിടക്കുന്ന മുല്ലപ്പെരിയാറിലേക്കുള്ള 'കവാടം'. സുപ്രിം കോടതി മുന്‍ ചീഫ് ജസ്റ്റീസ് ചെയര്‍മാനായ എംപവേര്‍ഡ് കമ്മിറ്റിയെ നിയമിക്കാനുള്ള സുപ്രിം കോടതി വിധിയെ ചോദ്യം ചെയ്ത് തമിള്നാട് സമര്‍പ്പിച്ച് ഹരജിയും തള്ളിയതോടെ അമ്പതാണ്ടുകള്‍ക്ക് ശേഷം മുല്ലപ്പെരിയാര്‍ തര്‍ക്കം നിയമപരമായി വീണ്ടും തുറക്കപ്പെടുകയാണ്.
മുല്ലപ്പെരിയാര്‍ തര്‍ക്കത്തിന് ശാശ്വതമായ പരിഹാരം കാണണമെന്ന നിര്‍ദ്ദേശത്തോടെ മുന്‍ സുപ്രിം കോടതി ചീഫ് ജസ്റ്റീസ് എ. എസ്. ആനന്ദ് ചെയര്‍മാനായ സമിതിയെ സുപ്രിം കോടതി നിയോഗിച്ചതോടെ 999 വര്‍ഷത്തേക്കുള്ള പാട്ടകരാര്‍ അടക്കം, മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട മുഴുവന്‍ വിഷയങ്ങളും ചര്‍ച്ച ചെയ്യാനുള്ള അവസരമാണ് ലഭിക്കുന്നത്. 1886 ല്‍ പെരിയാര്‍പാട്ട കരാര്‍ ഒപ്പിട്ട് നാല്‍പതാണ്ടുകള്‍ക്ക് ശേഷം തിരുവിതാംകൂറും മദിരാശി സര്‍ക്കാരും തമ്മില്‍ തര്‍ക്കമുണ്ടായത് ജലസേചനത്തിനുള്ള ജലം വൈദ്യൂതിക്ക് ഉപയോഗിക്കാന്‍ കഴിയുമോയെന്നതിനെ കുറിച്ചായിരുന്നുവെങ്കില്‍, ഇത്തവണ പെരിയാര്‍പാട്ട കരാറിന്റെ നിയമസാധുത തന്നെ വേണമെങ്കില്‍ ചോദ്യം ചെയ്യപ്പെടാം. ആദ്യ തര്‍ക്കത്തില്‍ 1941 മെയ് 21^ന് പുറത്ത് വന്ന വിധി തിരുവിതാംകൂറിന് അനുകൂലമായിരുന്നു. എന്നാല്‍ 1970ലെ അനുബന്ധ കരാറിലൂടെ ആദ്യ വിധി തന്നെ അപ്രസക്തമാക്കി. മുന്‍കാല പ്രാബല്യത്തോടെ തമിഴ്നാടിന് അനുകൂലമായി കരാര്‍ ഒപ്പിടുകയായിരുന്നു ജനാധിപത്യ സര്‍ക്കാര്‍. അന്നും അതിന് ശേഷവും തുടര്‍ച്ചയായി തോറ്റ് കേരളം ഇത്തവണ കേരളം അനുകൂല വിധി നേടിയത് സുപ്രിം കോടതിയില്‍ തോറ്റ കേസില്‍ നിന്നാണ് എന്നതാണ് ഏറെ ശ്രദ്ധേയം.  അതിനാകട്ടെ, ജലവിഭവ മന്ത്രി എന്‍. കെ. പ്രേമചന്ദ്രന്റെ നേതൃത്വത്തില്‍ മന്ത്രി തന്നെ താല്‍പര്യമെടുത്ത് രൂപവല്‍ക്കരിച്ച മുല്ലപ്പെരിയാര്‍ സെല്ലിലെ ഉദ്യോഗസ്ഥര്‍ മാസങ്ങളോളം ന്യൂദല്‍ഹിയില്‍ തമ്പടിച്ച് പ്രവര്‍ത്തിച്ചു. പ്രതിപക്ഷ കക്ഷികളടക്കം ഈ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കി. മുല്ലപ്പെരിയാര്‍ ജലനിരപ്പ ് ഉയര്‍ന്നതുമായി ബന്ധപ്പെട്ട് 1998 ല്‍ തുടങ്ങിയ കേസില്‍  2006ലാണ് വിധി വന്നത്. ഡാമില്‍ ചോര്‍ച്ച കണ്ടെതിനെ തുടര്‍ന്ന് പലപ്പോഴായി 136 അടിയാക്കി കുറച്ച ജലനിരപ്പ് 142 അടിയാക്കി ഉയര്‍ത്താന്‍ തമിഴ്നാടിനെ അനുവദിക്കുന്നതായിരുന്നു വിധി. ഇതിനെ തുടര്‍ന്ന് മുല്ലപ്പെരിയാറിലെ ജലനിരപ്പ് 136 അടിയാക്കി കേരളം കൊണ്ട് വന്ന നിയമത്തിന് എതിരെ തമിഴ്നാട് നല്‍കിയ ഹരജിയിലാണ് എംപവേര്‍ഡ് കമ്മിറ്റി രൂപവല്‍ക്കരിക്കാനുള്ള  വിധി. കേരള നിയമസഭ പാസാക്കിയ നിയമം ഭരണഘടന വിരുദ്ധവും സുപ്രിം കോടതിയുടെ 2006 ലെ വിധിയെ മറികടക്കാനുള്ളതാണെന്നും ആരോപിച്ചാണ് 2006 മാര്‍ച്ച് 31ന് സുപ്രിം കോടതിയില്‍ തമിഴ്നാട്  ഹരജി നല്‍കിയത്. ജലനിരപ്പ് ഉയര്‍ത്താനുള്ള സുപ്രിം കോടതി വിധിക്കെതിരെ ഏപ്രില്‍ 15ന് കേരളം റിവ്യു പെറ്റിഷന്‍ നല്‍കിയെങ്കിലും അത് തള്ളിയിരുന്നു. ഇതോടെ തമിഴ്നാടിന്റെ കേസില്‍ തെളിവുകള്‍ ഹാജരാക്കാനും വിധി കേരളത്തിന് അനുകൂലമാക്കാനും കഴിയുമോയെന്ന ശ്രമമാണ് മന്ത്രി എന്‍. കെ. പ്രേമചന്ദ്രന്റെ നേതൃത്വത്തില്‍ നടത്തിയത്. കേരളത്തിലെ സാങ്കേതിക വിദഗ്ധരുടെ റിപ്പോര്‍ട്ടുകള്‍ക്ക് അപ്പുറത്ത് കേന്ദ്ര ജല കമ്മീഷന്റ റിപ്പോര്‍ട്ടുകളെ മറികടക്കാനുള്ള പഠനങ്ങള്‍ നടത്തുകയെന്ന നിര്‍ദേശം മുന്നോട്ട് വെച്ചതാകട്ടെ അന്നത്തെ ജലവിഭവ വകുപ്പ് സെക്രട്ടറി സയന്‍ ചാറ്റര്‍ജിയായിരുന്നു. ഐ. ഐ. ടി യെ ഉപയോഗിച്ച് മുല്ലപ്പെരിയാര്‍ ഡാമില്‍ പഠനം നടത്തണമെന്ന നിര്‍ദ്ദേശം സയന്‍ ചാറ്റര്‍ജി മുന്നോട്ട് വെച്ചപ്പോള്‍, റിപ്പോര്‍ട്ട് കേരളത്തിന് എതിരാകുമോയെന്ന് ആശങ്കപ്പെട്ട ഭരണാധികാരികളും ഉണ്ടായിരുന്നു. എന്നാല്‍ കേരളത്തിന് പിടിവള്ളിയായത് ഐ. ഐ. ടി റിപ്പോര്‍ട്ടും. നൂറ്റാണ്ടിലേറെ പഴക്കമുള്ള അണക്കെട്ട് സുരഷിതമല്ലെന്ന സംശയം ജനിപ്പിക്കാന്‍ ഈ റിപ്പോര്‍ട്ടിനായി. ഇതിനിടെ തമിഴനാടിന് ജലവും കേരളത്തിന് സുരക്ഷയും ഉറപ്പ് വരുത്താന്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കണമെന്ന് കേരള നിയമസഭ പ്രമേയവും പാസാക്കി.
മുല്ലപ്പെരിയാര്‍ കേസിനായി രൂപവല്‍ക്കരിച്ച സെല്ലില്‍ കെ. എസ്. ഇ. ബി മുന്‍ ചീഫ് എന്‍ജിനിയര്‍ എം. കെ. പരമേശ്വരന്‍ നായര്‍, കെ. എസ്. ഇ. ബി. അസി. എക്സിക്യൂട്ടിവ് എന്‍ജിനിയര്‍ ജെയിംസ് വില്‍സണ്‍ എന്നിവരാണുള്ളത്. ചീഫ് എന്‍ജിനിയര്‍ പി. ലതികയുടെ നേതൃത്വത്തില്‍ ജലസേചന വകുപ്പും കാവേരി സെല്ലും അന്തര്‍ സംസ്ഥാന നദി ജല സെല്ലും മുല്ലപ്പെരിയാര്‍ സംഘത്തിനൊപ്പം പ്രവര്‍ത്തിച്ചു. തന്റെ സ്പെഷല്‍ പ്രൈവറ്റ് സെക്രട്ടറി ഫ്രാന്‍സി ജോണിനെ കേസിന്റെ കാര്യങ്ങള്‍ക്കായി ജലവിഭവ മന്ത്രി നിയോഗിക്കുകയും ചെയ്തു. 2007ല്‍ രൂപികൃതമായ  സെല്‍ മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട് കിട്ടാവുന്ന മുഴുവന്‍  രേഖകളും ശേഖരിച്ചു. സംസ്ഥാനത്തിന് പുറത്ത് നിന്നുള്ള ചില രേഖകള്‍ വിവരാവകാശ നിയമ പ്രകാരമാണ് ശേഖരിച്ചത്. ഇതൊക്കെ വിവിധ ഘട്ടങ്ങളിലായി കോടതിയിലെത്തിക്കുയും കേരളത്തിന് വേണ്ടി ഹാജരാകുന്ന അഭിഭാഷകരെ കേസ് ' പഠിപ്പിക്കുകയും 'ചെയ്തു. ആദ്യ ഘട്ടത്തില്‍ ഹാജരായ അഭിഭാഷകന്‍ മുല്ലപ്പെരിയാര്‍ നേരില്‍ കാണാനും എത്തിയിരുന്നു. മറ്റുള്ള അഭിഭാഷകര്‍ക്കായി ന്യുദല്‍ഹിയിലെ കാവേരി സെല്ലില്‍ മുല്ലപ്പെരിയാര്‍ പദ്ധതിയുടെ മാതൃക തയ്യാറാക്കി. മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്നാല്‍ എന്ത് സംഭവിക്കുമെന്ന് വിശദികരിക്കാന്‍ ത്രിമാന ചിത്രീകരണവും തയ്യറാക്കിയിരുന്നു. മുല്ലപ്പെരിയാര്‍ സെല്ലാണ് ഇതൊക്കെ ചെയ്തത്. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ സമയം കിട്ടുമ്പോഴൊക്കെ മന്ത്രി പ്രേമചന്ദ്രനും എത്തിയിരുന്നു. ഇടക്കിടെ ന്യൂ ദല്‍ഹിയിലെത്തുന്ന മുഖ്യമന്ത്രി വി. എസ്. അച്ചുതാനന്ദനും കേസിനെ കുറിച്ച് അന്വേഷിക്കുകയും കേരളത്തിന് വേണ്ടി വാദിക്കുന്ന അഭിഭാഷകരെ നേരില്‍ കാണുകയും ചെയ്തിരുന്നു.
വിദഗ്ധ സമിതി നിയോഗിക്കപ്പെട്ടുവെങ്കിലും കേരളത്തിന് വിശ്രമമില്ല.  കേരളത്തിന് അനുകൂലമായ തെളിവുകളും റിപ്പോര്‍ട്ടുകളും സമിതിക്ക് മുമ്പാകെ ഹാജരാക്കണം. സുപ്രിം കോടതിയില്‍ കേരളം നടത്തിയതിനേക്കാളും കൂടുതല്‍ അദ്ധ്വാനം വേണ്ടി വരുന്നതും ഇനിയായിരിക്കും. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് രാഷ്ട്രിയം മറന്ന് മന്ത്രി പ്രേമചന്ദ്രനും സംഘത്തിനും പിന്തുണ നല്‍കാം.

27 March 2010

വൈദ്യുതി ധൂര്‍ത്തിന്റെ പിഴയും സാധാരണക്കാരുടെ തലയിലോ?
കേരളം കടുത്ത വൈദ്യൂതി പ്രതിസന്ധി നേരിടുകയാണ്. കേരളത്തിന്റെ ഡിമാന്റിനനുസരിച്ച് ഇവിടെ വൈദ്യുതിയില്ല. എന്നാല്‍ വൈദ്യുതി ധൂര്‍ത്തിന് എന്തെങ്കിലും തരത്തിലുള്ള നിയന്ത്രണമുണ്ടോ?
ഊര്‍ജ ക്ഷാമത്തെ തുടര്‍ന്ന് ഏപ്രില്‍, മെയ് മാസങ്ങളില്‍ അരമണിക്കൂര്‍ ലോഡ്ഷെഡിംഗ് ഏര്‍പ്പെടുത്താനുള്ള തീരുമാനത്തിലാണ് വൈസദ്യൂതി ബോര്‍ഡ്. വ്യവസായങ്ങള്‍ക്ക് മുന്ന് മണിക്കുര്‍ പവര്‍ക്കട്ടിനെ കുറിച്ചാണ് ആലോചിക്കുന്നത്. അതിന് മുന്നോടിയായി ഏപ്രില്‍ ഒന്ന് മുതല്‍ നിയന്ത്രണം വരുന്നുണ്ട്. നമ്മുടെ വൈദ്യുതി ധൂര്‍ത്ത് തടയാന്‍ കഴിഞ്ഞാല്‍ ഈ നിയന്ത്രണം ഒഴിവാകില്ലെ? പരസ്യ ബോര്‍ഡുകളില്‍ എത്രയാ  വൈദ്യുതി ദീപങ്ങള്‍. കറണ്ട് തീനികളായ സോഡിയം വേപ്പര്‍ വിളക്കുകള്‍ തെരുവുകളില്‍ സ്ഥാപിക്കാന്‍ മല്‍സരിക്കുകയല്ലെ നമ്മുടെ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍. ഒരു സോഡിയം വേപ്പര്‍ ബള്‍ബ് നാല് മണിക്കൂര്‍ പ്രകാശിച്ചാല്‍ ഒരു യൂണിറ്റ് വൈദ്യുതി കത്തും. പരസ്യ ബോര്‍ഡുകള്‍ക്കും ഇപ്പോള്‍ ഇത്തരം ബള്‍ബുകളാണ്. ഇതറിയാത്താവരല്ല വൈദ്യുതി ബോര്‍ഡും. പക്ഷെ, അവരും ധൂര്‍ത്തിന് കൂട്ട് നില്‍ക്കുന്നു. തെരുവ് വിളക്കുകള്‍ പഴയത് പോലെ ട്യൂബുകളായി മാറിയാല്‍ തന്നെ വൈദ്യൂതി ഏറെ ലാഭിക്കാം.
സര്‍ക്കാര്‍ ഓഫീസുകളിലെതടക്കം വൈദ്യുതി ധൂര്‍ത്ത് തടയാതെയാണ്  ജനങ്ങള്‍ക്ക് മേല്‍ അധിക ഭാരം അടിച്ചേല്‍പ്പിക്കുന്നത്. ജലവൈദ്യുതിയുടെ കാലമല്ല ഇപ്പോഴത്തേത്. ഏറ്റവും വില കുറഞ്ഞത് ജലവൈദ്യുതിക്കാണെങ്കിലും പുതിയ പദ്ധതികള്‍ വരാത്തതിനാല്‍ വന്‍കിട വ്യവസായികള്‍ ഊര്‍ജ ഉല്‍പാദന രംഗത്ത് പിടിമുറുക്കി. അവരാണ് ഇപ്പോള്‍ വൈദ്യുതിക്ക് വില നിശ്ചയിക്കുന്നത്. വൈദ്യുതിയും കമ്പോളത്തില്‍ വില നിശ്ചയിക്കപ്പെടുന്ന വസ്തുവായി മാറി. ഡിമാന്റ് വര്‍ദ്ധിക്കുന്നതനുസരിച്ച് വില കുട്ടാന്‍ വ്യവസായികള്‍ക്കറിയാം. ഇതിനിടെയാണ് ധൂര്‍ത്ത്. പരസ്യ ബോര്‍ഡുകളിലെ വൈദ്യുതി ഉപയോഗത്തിന് പ്രത്യേക മീറ്റര്‍ ഘടിപ്പിക്കുകയും അതിന് കമ്പോള വില ഈടാക്കുകയുമാണ് വേണ്ടത്.

24 March 2010

പെയ്ഡ് ന്യൂസും പരസ്യങ്ങളും
മാധ്യമങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്തെ പ്രധാന ചര്‍ച്ചാ വിഷയം പെയ്ഡ് ന്യുസാണ്. പണം വാങ്ങി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത് ശരിയോയെണ് ചോദ്യം. ശരിയല്ലെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകില്ല. ഈശ്വരന്‍ തെറ്റ് ചെയ്താലും അത് റിപ്പോര്‍ട്ട് ചെയ്യുമെന്ന് പ്രഖ്യാപിക്കുകയും പത്ര സ്വാതത്യ്രത്തിന് വേണ്ടി ജീവിതം തന്നെ മാറ്റി വെക്കുകയും ചെയ്ത സ്വദേശാഭിമാനി രാമകഷ്ണപിള്ളയുടെ നാടായ കേരളത്തില്‍ കേരളത്തില്‍ എല്ലാവരെയും പെയ്ഡ് ന്യുസ് ബാധിച്ചിട്ടില്ല, എന്നാല്‍ പെയ്ഡ് ന്യൂസ് മറ്റൊരു രൂപത്തില്‍ മാധ്യമങ്ങളെ പിടികൂടിയിട്ടുണ്ട്.   ആരുടെ ചെലവിലാണ് വര്‍ത്തമാന പത്രങ്ങള്‍ നിലനില്‍ക്കുന്നതെന്ന് അന്വേഷണം നടത്തിയാലെ ഉത്തരം കണ്ടെത്താന്‍ കഴിയൂ.
ഇന്‍ഡ്യയിലെ ആദ്യകാല ഇംഗ്ലിഷ് പത്രങ്ങളിലൊന്നായ കൊല്‍ക്കത്തയിലെ 'സ്റ്റേറ്റ്സ്മാന്‍' എഡിറ്ററും മാനേജിംഗ് ഡയറക്ടറുമായ രവിന്ദ്രകുമാര്‍ ചൂണ്ടിക്കാട്ടിയ സംഭവം തന്നെയാണ് ഇതില്‍ പ്രധാനം. കഴിഞ്ഞ വര്‍ഷം ആദ്യം സ്റ്റേറ്സ്മാന്‍ പത്രത്തിന് രാജ്യത്തെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളിലൊന്നും എറ്റവും വലിയ പരസ്യദാതാക്കളുമായ കമ്പനിയില്‍ നിന്നും പരസ്യകരാര്‍ ലഭിച്ചതായി അദേഹം പറയുന്നു. ഇതിന് കരാര്‍ ഒപ്പിടേണ്ടതുണ്ടായിരുന്നു. എന്നാല്‍ കരാര്‍ ലഭിച്ചതോടെയാണ് കോര്‍പ്പറേറ്റ് സ്ഥാപനത്തിന്റെ താല്‍പര്യം  പുറത്ത് വന്നത്. പരസ്യം കോടുക്കലില്‍ മാത്രം അവസാനിക്കുന്നതായിരുന്നില്ല കരാര്‍, വാര്‍ത്തക്ക് വേണ്ടി നീക്കി വെക്കുന്ന സ്ഥലത്തിന്റെ ഒരു നിശ്ചിത ശതമാനവും കമ്പനിക്ക് നല്‍കണമായിരുന്നു. അതായത് പത്രത്തിന്റെ ചെലവില്‍ ആ സ്ഥാപനത്തിന് വാര്‍ത്ത നല്‍കണമായിരുന്നുവെന്ന്. ഒരു വര്‍ഷം എത്ര സ്ഥലം ഇതിനായി നീക്കി വെക്കണമെന്നും കരാറിലുണ്ടായിരുന്നു. ഈ ഒറ്റ കാരണത്താല്‍ ആ സ്ഥാപനത്തിന്റെ പരസ്യം വേണ്ടെന്ന് വെച്ചുവെന്ന് സ്റേറ്റ്സ്മാന്‍ എഡിറ്റര്‍ പറഞ്ഞു.  ഇത് തന്നെയല്ലെ,  ഇക്കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ കണ്ടത്. പണം വാങ്ങി വാര്‍ത്ത ചമച്ചുവെന്ന് പറയുമ്പോള്‍, കോടികളുടെ പരസ്യം നല്‍കിയ രാഷ്ട്രിയ കക്ഷികള്‍ക്ക് അനുകുലമായ വാര്‍ത്തകള്‍ പ്രസിദ്ധികരിച്ചുവെന്നാണ് ഉന്നയിക്കപ്പെടുന്ന ആരോപണം. കേരളത്തില്‍ മറ്റൊരു രൂപത്തില്‍ ഇത് പ്രയോഗിക്കപ്പെടുന്നു. അപ്രിയ സത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന മാധ്യമങ്ങള്‍ക്ക് പരസ്യങ്ങള്‍ നിഷേധിക്കുന്നു, പരസ്യക്കാരുടെ മഹത്വങ്ങള്‍ വാഴ്ത്താന്‍ മാധ്യമങ്ങള്‍ മല്‍സരിക്കുന്നു.
 എന്ത് കൊണ്ട് പരസ്യം നല്‍കുന്നവര്‍ക്ക് മുന്നില്‍ പത്ര ഉടമകള്‍ കീഴടങ്ങുന്നു? 4.25 രൂപക്ക് വായനക്കാരന് ലഭിക്കുന്ന പത്രത്തിന്റെ ഉല്‍പാദന ചെലവ് 8.50 രൂപയാണ്. വിവിധ തട്ടിലെ ചെലവ്, ഏജന്‍സി കമ്മിഷന്‍ തുടങ്ങിയവ കിഴിച്ചാല്‍ പത്ര ഉടമക്ക് ലഭിക്കുന്നത് 1.62 രൂപ. അതായത് യഥാര്‍ത്ഥ ചെലവും വരുമാനവും തമ്മില്‍ 6.88 രൂപയുടെ വിത്യാസം. ഒരൊറ്റ കോപ്പിയുടെ കാര്യത്തിലാണ് ഈ അന്തരം. ഇവിടെയാണ് പരസ്യത്തിന്റെ പ്രാധാന്യം.പത്ര ഉടമക്കുണ്ടാകുന്ന നഷ്ടം നികത്തുന്നത് പരസ്യത്തിലൂടെ ലഭിക്കുന്ന വരുമാനമാകുമ്പോള്‍ പത്ര ഉടമ ആരുടെ താല്‍പര്യമാണ് സംരക്ഷിക്കപ്പെടുക. വായനക്കാരുടെയോ, പരസ്യം നല്‍കി വ്യവസായത്തെ നിലനിര്‍ത്തുന്നവരുടെതോ? പരസ്യ വരുമാനത്തിലൂടെയുള്ള  'സബ്സിഡിയിലൂടെ' എത്രകാലം വര്‍ത്തമാന പത്രങ്ങള്‍ നിലനില്‍ക്കുമെന്ന ചോദ്യത്തിന് മറുപടി നല്‍കാന്‍ കഴിയുമോ?
ജനാധിപത്യത്തിന്റെ നാലാം തൂണ്‍ എന്ന് വിശേഷിപ്പിക്കപ്പെടുന മാധ്യമങ്ങള്‍ സ്വതന്ത്രമായി നിലനില്‍ക്കുകയും സ്വതന്ത്ര പത്ര പ്രവര്‍ത്തനം തുടരുകയും വേണമെങ്കില്‍ പരസ്യത്തിന്റെ സഹായമില്ലാതെ പത്ര വ്യവസായം ലാഭകരമായി കൊണ്ട് പോകാന്‍ കഴിയണം. ഇന്‍ഡ്യയില്‍ മാത്രമാണ് പത്രങ്ങള്‍ക്ക് വില കൂട്ടാത്തതെന്നും രവിന്ദ്രകുമാര്‍ ചൂണ്ടിക്കാട്ടി. ഇവിടെ മറ്റെല്ലാ സാധനങ്ങള്‍ക്കും ഇടക്കിടെ വില കൂടുകയോ കൂട്ടുകയോ ചെയ്യുന്നു. നിത്യോപയോഗ സാധനങ്ങള്‍ക്കും യാത്രാനിരക്കിലും സിനിമ ടിക്കറ്റിലും തുടങ്ങി ജനപ്രതിനിധികളുടെ ശമ്പളത്തില്‍ വരെ വരെ കാലാകാലങ്ങളില്‍ വര്‍ദ്ധനവുണ്ടാകുന്നു. മലേഷ്യയില്‍ പത്രത്തിന് 17 രൂപയാണ് വില. അവിടെ പരസ്യത്തെ ആശ്രയിക്കാതെ 40 പേജുള്ള പത്രം വയനാക്കാരന് നല്‍കുന്നു. സിങ്കപ്പൂരിലും കൊറിയയിലും പരസ്യമില്ലാതെ 60 പേജ് പത്രം 26 രൂപക്ക് നല്‍കുന്നു. തായ്ലാന്റില്‍ 80 പേജ് പത്രത്തിന് വില  34 രൂപയാണ്. പാക്കിസ്ഥാനില്‍ 11 രൂപയും ശ്രീലങ്കയില്‍ 8.50 രുപയും ബഗ്ലാദേശില്‍ ഏഴ് രൂപയുമാണ് പത്ര വിലയെന്ന് രവിന്ദ്രകുമാര്‍ പറയുന്നു. വായനക്കാര്‍ക്ക് വിവരം നല്‍കുകയെന്ന ലക്ഷ്യത്തോടെ പരസ്യമാകാം. എന്നാല്‍ പരസ്യം നല്‍കുന്നവര്‍ നയം നിശ്ചയിക്കപ്പെടുന്ന സ്ഥിതിയില്‍ എത്തിയാലോ? 1993 കാലയളവില്‍ പത്രങ്ങള്‍ക്ക് വില കുറച്ച്  മല്‍സരിച്ചതോടെയാണ് പരസ്യങ്ങളുടെ ആധിപത്യമുണ്ടായത്. അന്ന് പരസ്യങ്ങളുടെ പിന്‍ബലത്തിലാണ് പല പത്രങ്ങളും വില കുറച്ച് സര്‍ക്കുലേഷന്‍ വര്‍ദ്ധിപ്പിക്കാനുള്ള പുതിയ തന്ത്രം പയറ്റിയത്. പക്ഷെ, സ്വതന്ത്ര പത്ര പ്രവര്‍ത്തനത്തിന്റെ ആത്മാവാണ് അവിടെ  ഹോമിക്കപ്പെട്ടതെന്ന് അവര്‍ അറിഞ്ഞില്ല.

22 March 2010

എവിടെ നമ്മുടെ സാംസ്കാരിക നായകര്‍
മുന്നാറില്‍ ആദ്യ ദൌത്യ സംഘം എത്തിയപ്പോള്‍ പിന്തുണയുമായി എത്തിയ സാംസ്കാരിക നായകര്‍ ഇപ്പോള്‍ എവിടെ? കോട്ടിട്ടയാളും അല്ലാത്തായാളും മൂന്നാറില്‍ ആക്ഷനുമായി മുന്നേറുമ്പോള്‍ ചില സാംസ്കാരിക പ്രവര്‍ത്തകര്‍ക്ക് എന്തായിരുന്നു ആവേശം. ആദ്യ ദൌത്യ സംഘം മലയിറങ്ങിയോതൊടെ സാംസ്കാരിക നായകര്‍ക്കും മിണ്ടാട്ടമില്ലാതായി. ഇപ്പോള്‍ മൂന്നാര്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുമ്പോള്‍ എന്തേ ഇവര്‍ മിണ്ടാത്ത്. മൂന്നാര്‍ അടക്കമുള്ള ഹൈറേഞ്ചിലെ സര്‍ക്കാര്‍ ഭൂമി മാഫിയകകള്‍ സ്വന്തമാക്കുമ്പോള്‍ അതിന് എതിരെ പ്രതികരികേണ്ടതല്ലേ? അതോ അത് അവരുടെ പ്രവര്‍ത്തന മേഖലയല്ലെന്ന് ഇപ്പോള്‍ ബോധ്യമായോ? എന്തായാലും മണ്ണും മലയും സംരക്ഷിക്കാന്‍ പ്രകൃതി സ്നേഹികളായ സാംസ്കാരിക നായകരെങ്കിലും പ്രതികരിക്കേണ്ടതല്ലേ? പണ്ട് രാജമല^പെട്ടിമുടിയിലെ പുല്‍മേടകളില്‍ മരം നട്ട് വളര്‍ത്താന്‍ ശ്രമം നടന്നപ്പോള്‍ അതിന് എതിരെ ലേഖനം എഴുതിയ കവിയത്രിയും ഇപ്പോള്‍ മുന്നാറിനെ മറന്നു.