Pages

31 March 2010

MULLAPERIYAR
മുല്ലപ്പെരിയാര്‍  വിധിയിലൂടെ മലയാളികള്‍ക്ക് അഭിമാനിക്കാം
 ഒരു മന്ത്രിയുടെ നേതൃത്വത്തില്‍ ഏതാനം ഉദ്യോഗസ്ഥര്‍ മാസങ്ങളായി നടത്തി വന്ന പ്രവര്‍ത്തനങ്ങള്‍ക്ക്  സുപ്രിം കോടതി വിധിയിലൂടെ അംഗീകാരമായപ്പോള്‍ കേരളത്തിന് തുറന്ന് കിട്ടുന്നത് ഒരു നൂറ്റാണ്ടായി ' അടഞ്ഞ് 'കിടക്കുന്ന മുല്ലപ്പെരിയാറിലേക്കുള്ള 'കവാടം'. സുപ്രിം കോടതി മുന്‍ ചീഫ് ജസ്റ്റീസ് ചെയര്‍മാനായ എംപവേര്‍ഡ് കമ്മിറ്റിയെ നിയമിക്കാനുള്ള സുപ്രിം കോടതി വിധിയെ ചോദ്യം ചെയ്ത് തമിള്നാട് സമര്‍പ്പിച്ച് ഹരജിയും തള്ളിയതോടെ അമ്പതാണ്ടുകള്‍ക്ക് ശേഷം മുല്ലപ്പെരിയാര്‍ തര്‍ക്കം നിയമപരമായി വീണ്ടും തുറക്കപ്പെടുകയാണ്.
മുല്ലപ്പെരിയാര്‍ തര്‍ക്കത്തിന് ശാശ്വതമായ പരിഹാരം കാണണമെന്ന നിര്‍ദ്ദേശത്തോടെ മുന്‍ സുപ്രിം കോടതി ചീഫ് ജസ്റ്റീസ് എ. എസ്. ആനന്ദ് ചെയര്‍മാനായ സമിതിയെ സുപ്രിം കോടതി നിയോഗിച്ചതോടെ 999 വര്‍ഷത്തേക്കുള്ള പാട്ടകരാര്‍ അടക്കം, മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട മുഴുവന്‍ വിഷയങ്ങളും ചര്‍ച്ച ചെയ്യാനുള്ള അവസരമാണ് ലഭിക്കുന്നത്. 1886 ല്‍ പെരിയാര്‍പാട്ട കരാര്‍ ഒപ്പിട്ട് നാല്‍പതാണ്ടുകള്‍ക്ക് ശേഷം തിരുവിതാംകൂറും മദിരാശി സര്‍ക്കാരും തമ്മില്‍ തര്‍ക്കമുണ്ടായത് ജലസേചനത്തിനുള്ള ജലം വൈദ്യൂതിക്ക് ഉപയോഗിക്കാന്‍ കഴിയുമോയെന്നതിനെ കുറിച്ചായിരുന്നുവെങ്കില്‍, ഇത്തവണ പെരിയാര്‍പാട്ട കരാറിന്റെ നിയമസാധുത തന്നെ വേണമെങ്കില്‍ ചോദ്യം ചെയ്യപ്പെടാം. ആദ്യ തര്‍ക്കത്തില്‍ 1941 മെയ് 21^ന് പുറത്ത് വന്ന വിധി തിരുവിതാംകൂറിന് അനുകൂലമായിരുന്നു. എന്നാല്‍ 1970ലെ അനുബന്ധ കരാറിലൂടെ ആദ്യ വിധി തന്നെ അപ്രസക്തമാക്കി. മുന്‍കാല പ്രാബല്യത്തോടെ തമിഴ്നാടിന് അനുകൂലമായി കരാര്‍ ഒപ്പിടുകയായിരുന്നു ജനാധിപത്യ സര്‍ക്കാര്‍. അന്നും അതിന് ശേഷവും തുടര്‍ച്ചയായി തോറ്റ് കേരളം ഇത്തവണ കേരളം അനുകൂല വിധി നേടിയത് സുപ്രിം കോടതിയില്‍ തോറ്റ കേസില്‍ നിന്നാണ് എന്നതാണ് ഏറെ ശ്രദ്ധേയം.  അതിനാകട്ടെ, ജലവിഭവ മന്ത്രി എന്‍. കെ. പ്രേമചന്ദ്രന്റെ നേതൃത്വത്തില്‍ മന്ത്രി തന്നെ താല്‍പര്യമെടുത്ത് രൂപവല്‍ക്കരിച്ച മുല്ലപ്പെരിയാര്‍ സെല്ലിലെ ഉദ്യോഗസ്ഥര്‍ മാസങ്ങളോളം ന്യൂദല്‍ഹിയില്‍ തമ്പടിച്ച് പ്രവര്‍ത്തിച്ചു. പ്രതിപക്ഷ കക്ഷികളടക്കം ഈ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കി. മുല്ലപ്പെരിയാര്‍ ജലനിരപ്പ ് ഉയര്‍ന്നതുമായി ബന്ധപ്പെട്ട് 1998 ല്‍ തുടങ്ങിയ കേസില്‍  2006ലാണ് വിധി വന്നത്. ഡാമില്‍ ചോര്‍ച്ച കണ്ടെതിനെ തുടര്‍ന്ന് പലപ്പോഴായി 136 അടിയാക്കി കുറച്ച ജലനിരപ്പ് 142 അടിയാക്കി ഉയര്‍ത്താന്‍ തമിഴ്നാടിനെ അനുവദിക്കുന്നതായിരുന്നു വിധി. ഇതിനെ തുടര്‍ന്ന് മുല്ലപ്പെരിയാറിലെ ജലനിരപ്പ് 136 അടിയാക്കി കേരളം കൊണ്ട് വന്ന നിയമത്തിന് എതിരെ തമിഴ്നാട് നല്‍കിയ ഹരജിയിലാണ് എംപവേര്‍ഡ് കമ്മിറ്റി രൂപവല്‍ക്കരിക്കാനുള്ള  വിധി. കേരള നിയമസഭ പാസാക്കിയ നിയമം ഭരണഘടന വിരുദ്ധവും സുപ്രിം കോടതിയുടെ 2006 ലെ വിധിയെ മറികടക്കാനുള്ളതാണെന്നും ആരോപിച്ചാണ് 2006 മാര്‍ച്ച് 31ന് സുപ്രിം കോടതിയില്‍ തമിഴ്നാട്  ഹരജി നല്‍കിയത്. ജലനിരപ്പ് ഉയര്‍ത്താനുള്ള സുപ്രിം കോടതി വിധിക്കെതിരെ ഏപ്രില്‍ 15ന് കേരളം റിവ്യു പെറ്റിഷന്‍ നല്‍കിയെങ്കിലും അത് തള്ളിയിരുന്നു. ഇതോടെ തമിഴ്നാടിന്റെ കേസില്‍ തെളിവുകള്‍ ഹാജരാക്കാനും വിധി കേരളത്തിന് അനുകൂലമാക്കാനും കഴിയുമോയെന്ന ശ്രമമാണ് മന്ത്രി എന്‍. കെ. പ്രേമചന്ദ്രന്റെ നേതൃത്വത്തില്‍ നടത്തിയത്. കേരളത്തിലെ സാങ്കേതിക വിദഗ്ധരുടെ റിപ്പോര്‍ട്ടുകള്‍ക്ക് അപ്പുറത്ത് കേന്ദ്ര ജല കമ്മീഷന്റ റിപ്പോര്‍ട്ടുകളെ മറികടക്കാനുള്ള പഠനങ്ങള്‍ നടത്തുകയെന്ന നിര്‍ദേശം മുന്നോട്ട് വെച്ചതാകട്ടെ അന്നത്തെ ജലവിഭവ വകുപ്പ് സെക്രട്ടറി സയന്‍ ചാറ്റര്‍ജിയായിരുന്നു. ഐ. ഐ. ടി യെ ഉപയോഗിച്ച് മുല്ലപ്പെരിയാര്‍ ഡാമില്‍ പഠനം നടത്തണമെന്ന നിര്‍ദ്ദേശം സയന്‍ ചാറ്റര്‍ജി മുന്നോട്ട് വെച്ചപ്പോള്‍, റിപ്പോര്‍ട്ട് കേരളത്തിന് എതിരാകുമോയെന്ന് ആശങ്കപ്പെട്ട ഭരണാധികാരികളും ഉണ്ടായിരുന്നു. എന്നാല്‍ കേരളത്തിന് പിടിവള്ളിയായത് ഐ. ഐ. ടി റിപ്പോര്‍ട്ടും. നൂറ്റാണ്ടിലേറെ പഴക്കമുള്ള അണക്കെട്ട് സുരഷിതമല്ലെന്ന സംശയം ജനിപ്പിക്കാന്‍ ഈ റിപ്പോര്‍ട്ടിനായി. ഇതിനിടെ തമിഴനാടിന് ജലവും കേരളത്തിന് സുരക്ഷയും ഉറപ്പ് വരുത്താന്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കണമെന്ന് കേരള നിയമസഭ പ്രമേയവും പാസാക്കി.
മുല്ലപ്പെരിയാര്‍ കേസിനായി രൂപവല്‍ക്കരിച്ച സെല്ലില്‍ കെ. എസ്. ഇ. ബി മുന്‍ ചീഫ് എന്‍ജിനിയര്‍ എം. കെ. പരമേശ്വരന്‍ നായര്‍, കെ. എസ്. ഇ. ബി. അസി. എക്സിക്യൂട്ടിവ് എന്‍ജിനിയര്‍ ജെയിംസ് വില്‍സണ്‍ എന്നിവരാണുള്ളത്. ചീഫ് എന്‍ജിനിയര്‍ പി. ലതികയുടെ നേതൃത്വത്തില്‍ ജലസേചന വകുപ്പും കാവേരി സെല്ലും അന്തര്‍ സംസ്ഥാന നദി ജല സെല്ലും മുല്ലപ്പെരിയാര്‍ സംഘത്തിനൊപ്പം പ്രവര്‍ത്തിച്ചു. തന്റെ സ്പെഷല്‍ പ്രൈവറ്റ് സെക്രട്ടറി ഫ്രാന്‍സി ജോണിനെ കേസിന്റെ കാര്യങ്ങള്‍ക്കായി ജലവിഭവ മന്ത്രി നിയോഗിക്കുകയും ചെയ്തു. 2007ല്‍ രൂപികൃതമായ  സെല്‍ മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട് കിട്ടാവുന്ന മുഴുവന്‍  രേഖകളും ശേഖരിച്ചു. സംസ്ഥാനത്തിന് പുറത്ത് നിന്നുള്ള ചില രേഖകള്‍ വിവരാവകാശ നിയമ പ്രകാരമാണ് ശേഖരിച്ചത്. ഇതൊക്കെ വിവിധ ഘട്ടങ്ങളിലായി കോടതിയിലെത്തിക്കുയും കേരളത്തിന് വേണ്ടി ഹാജരാകുന്ന അഭിഭാഷകരെ കേസ് ' പഠിപ്പിക്കുകയും 'ചെയ്തു. ആദ്യ ഘട്ടത്തില്‍ ഹാജരായ അഭിഭാഷകന്‍ മുല്ലപ്പെരിയാര്‍ നേരില്‍ കാണാനും എത്തിയിരുന്നു. മറ്റുള്ള അഭിഭാഷകര്‍ക്കായി ന്യുദല്‍ഹിയിലെ കാവേരി സെല്ലില്‍ മുല്ലപ്പെരിയാര്‍ പദ്ധതിയുടെ മാതൃക തയ്യാറാക്കി. മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്നാല്‍ എന്ത് സംഭവിക്കുമെന്ന് വിശദികരിക്കാന്‍ ത്രിമാന ചിത്രീകരണവും തയ്യറാക്കിയിരുന്നു. മുല്ലപ്പെരിയാര്‍ സെല്ലാണ് ഇതൊക്കെ ചെയ്തത്. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ സമയം കിട്ടുമ്പോഴൊക്കെ മന്ത്രി പ്രേമചന്ദ്രനും എത്തിയിരുന്നു. ഇടക്കിടെ ന്യൂ ദല്‍ഹിയിലെത്തുന്ന മുഖ്യമന്ത്രി വി. എസ്. അച്ചുതാനന്ദനും കേസിനെ കുറിച്ച് അന്വേഷിക്കുകയും കേരളത്തിന് വേണ്ടി വാദിക്കുന്ന അഭിഭാഷകരെ നേരില്‍ കാണുകയും ചെയ്തിരുന്നു.
വിദഗ്ധ സമിതി നിയോഗിക്കപ്പെട്ടുവെങ്കിലും കേരളത്തിന് വിശ്രമമില്ല.  കേരളത്തിന് അനുകൂലമായ തെളിവുകളും റിപ്പോര്‍ട്ടുകളും സമിതിക്ക് മുമ്പാകെ ഹാജരാക്കണം. സുപ്രിം കോടതിയില്‍ കേരളം നടത്തിയതിനേക്കാളും കൂടുതല്‍ അദ്ധ്വാനം വേണ്ടി വരുന്നതും ഇനിയായിരിക്കും. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് രാഷ്ട്രിയം മറന്ന് മന്ത്രി പ്രേമചന്ദ്രനും സംഘത്തിനും പിന്തുണ നല്‍കാം.

No comments:

Post a Comment