Pages

31 May 2010

കെ. എസ്. ആര്‍. ടി. സി ബസ് സ്റ്റാന്‍ഡുകളിലെ കൊള്ളയടി 
പകല്‍കൊള്ളയെന്നൊക്കെ കേട്ടിട്ടുണ്ട്, മൂത്രം ഒഴിക്കാന്‍ എത്തുന്നവരെ കൊള്ളയടിച്ചാലോ? സംസ്ഥാനത്തെ കെ. എസ്. ആര്‍. ട്ി സി ബസ് സ്റ്റാന്‍ഡുകളിലാണ് പ്രകൃതിയുടെ വിളിയുമായി ഓടിയെത്തുവരെ കൊള്ളയടിക്കുന്നത്. അതാകട്ടെ അധികൃതര്‍ അറിഞ്ഞ മട്ട് കാട്ടുന്നുമില്ല.
സംസ്ഥാനത്ത് മൂത്രം ഒഴിക്കാന്‍ ' നികുതി 'ഏര്‍പ്പെടുത്തിയത് മുതല്‍ കെ. എസ്് ആര്‍. ടി. സി. സ്റ്റാന്‍ഡുകളിലെ മൂത്രപ്പുരകളും സ്വകാര്യ വ്യക്തികളുടെ നിയന്ത്രണത്തിലാണ്. ലേലത്തില്‍ പിടിക്കുന്നവരാണ് നടത്തിപ്പുകാര്‍. പ്രശ്നം അതല്ല, ഒരു തവണ മൂത്രം ഒഴിക്കാന്‍ എത്ര പണം നല്‍കണമെന്നതാണ്. മൂത്രം ഒഴിക്കാന്‍ എത്ര പൈസയാണ് നിരക്കെന്ന് കെ. എസ്. ആര്‍. ടി. സി സ്റ്റാന്‍ഡുകളിലൊന്നിലും രേഖപ്പെടുത്തിയിട്ടില്ല. അതിനാല്‍ തന്നെ ടോയ്ലെറ്റ് നടത്തിപ്പുകാര്‍ ഈടാക്കുന്നത് ഒരു രൂപ നിരക്കിലാണ്്് .ഒരു രൂപയാണോ നിരക്കെന്ന് ആരെങ്കിലും ഉറക്കെ ചോദിച്ചാല്‍ 50 പൈസ തിരിച്ച് നല്‍കും. അപ്പോള്‍ മൂത്രം ഒഴിക്കാന്‍ നിരക്ക് എത്ര? ഒരു രൂപയല്ലെന്ന് വ്യക്തം. പണ്ടൊരിക്കല്‍ നവാബ് രാജേന്ദ്രന്‍ ഇതിന്റെ പേരില്‍ തര്‍ക്കിക്കുകയും പത്ത് പൈസ നല്‍കുകയും ചെയ്തത് ഓര്‍ക്കുന്നു. പത്ത് പൈസയില്‍ കുടുതല്‍ ഈടാക്കാനാകില്ലെന്നും അദേഹം പറഞ്ഞു. സംഭവം പത്രങ്ങള്‍ വാര്‍ത്തയാക്കിയെങ്കിലും അന്നും ഈടാക്കിയിരുന്നത് 50 പൈസയായിരുന്നു. എന്തായാലൂം ഈ പകല്‍ കൊള്ള അവസാനിപ്പിച്ചെ മതിയാകു. നിരക്ക് എത്രയെന്ന് രേഖപ്പെത്തിയ ബോര്‍ഡ് ഓരോ മൂത്രപ്പുരക്ക് മുന്നിലും സ്ഥാപിക്കണം. മിലയാളത്തില്‍ മാത്രം പോര. ഇംഗ്ലീഷിലും ഹിന്ദിയിലും ബോര്‍ഡ് വേണം.

20 May 2010

മൂന്നാറിന്റെ കുളിരും കമ്പിളിയും ഓര്‍മ്മയാകുന്നു
കമ്പിളി വസ്ത്രങ്ങള്‍ ധരിച്ചവര്‍ പണ്ട് മൂന്നാറിന്റെ പതിവ് കാഴ്ചയായിരുന്നു. നീളന്‍ കമ്പിളി ഉടുപ്പ് ധരിച്ചവരും കമ്പിളി താട്ട് ഇട്ടവരും മൂന്നാറില്‍ ധാരാളമായിരുന്നു. എന്നാല്‍, കാലം മാറിയപ്പോള്‍ ഈ വേഷം മാത്രമല്ല, മൂന്നാറിന്റെ കുളിരും ഓര്‍മ്മയിലേക്ക് മാറുകയാണ്. ആസൂത്രണമില്ലാത്ത വികസനം ഒരു നാടിനെ എങ്ങനെ മാറ്റി മറിക്കുമെന്നതിന്റെ ഉദാഹരണം കൂടിയാണ് മൂന്നാറിലെ കാലാവസ്ഥയിലുണ്ടായ മാറ്റം.
കഴിഞ്ഞ ദിവസങ്ങളില്‍ മൂന്നാറില്‍ താമസിച്ചപ്പോഴാണ് കാലാവസ്ഥയിലുണ്ടായ മാറ്റം അനുഭവപ്പെട്ടത്. പകലില്‍ സൂര്യന് തരക്കേടില്ലാത്ത ചൂട്. ഫാനില്ലാതെ കഴിയാന്‍ പറ്റാത്ത അവസ്ഥ. രാത്രിയില്‍ അടച്ചിട്ട മുറിയില്‍ കമ്പിളി പുതുപ്പ് വേണ്ട. അറിയാതെ പുതച്ച് പോയാല്‍ ശരീരം വിയര്‍ക്കുന്ന സ്ഥിതി. ഈ മാറ്റം ആരാണ് വരുത്തിയത്. സംശയമില്ല. ടൂറിസത്തിന്റെ പേരില്‍ കടുംവെട്ടിന് ഇറങ്ങി പുറപ്പെട്ടവര്‍ തന്നെ. കോണ്‍ക്രീറ്റ് കെട്ടിടങ്ങളാണ് ടൂറിസമെന്ന് തെറ്റിദ്ധരിച്ചവര്‍ മൂന്നാറിലെ പുല്‍മേടുകളും വനഭൂമിയും കയ്യേറി റിസോര്‍ട്ടുങ്ങളും ഹോട്ടലുകളും നിര്‍മ്മിച്ചു. സര്‍ക്കാരാകട്ടെ കെട്ടിട നിര്‍മ്മാണതിന് യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്തിയുമില്ല.
ഇടുക്കി ജില്ലാ ടുറിസം പ്രൊമോഷന്‍ കൌണ്‍സിലില്‍ പത്ത് വര്‍ഷത്തോളം അംഗമായിരുന്നു. കെട്ടിട നിര്‍മ്മാണത്തിന് നിയന്ത്രണം ഏര്‍ശപ്പടുത്തിയില്ലെങ്കില്‍ ഭാവിയില്‍ ഉണ്ടായേക്കാവുന്ന കാലാവസ്ഥ മാറ്റം അന്ന് ഞാന്‍ ചൂണ്ടിക്കാട്ടിയതാണ്. ഇതനുസരിച്ച് പ്രകൃതിക്ക് ഇണങ്ങും വിധം കെട്ടിടം നിര്‍മ്മിക്കണമെന്ന് തീരുമാനവുമെടുത്തു. പക്ഷെ സര്‍ക്കാര്‍ ഉത്തരവിറങ്ങിയില്ല. അതിനാല്‍ തോന്നും പടി കെട്ടിടങ്ങള്‍ നിര്‍മ്മിക്കപ്പെട്ടു. മലവെട്ടിയിറക്കി കോണ്‍ക്രീറ്റ് കാടുകള്‍ നൂറ്കണക്കിന് നിര്‍മ്മിച്ചു. ആരൂം പ്രകൃതിയെ കുറിച്ച് ചിന്തിച്ചില്ല. കാലാവസ്ഥ മാറിയാല്‍ മൂന്നാറും ടൂറിസവും ഇല്ലാതാകുമെന്ന് ചന്തിച്ചില്ല.
ആസൂത്രണമില്ലായ്മയുടെ ദുരന്തക്കാഴ്ച കൂടിയാണ് മൂന്നാര്‍. മാടുപ്പെട്ടിയിലും രാജമല മുക്കിലും തുടങ്ങി ടൂറിസ്റ്റുകള്‍ എത്തുന്ന സ്ഥലങ്ങളിലൊക്കെ തട്ട്കടകള്‍ ഉയരുകയാണ്. പ്ലാസ്റ്റിക്കും ചാക്കും തുടങ്ങി നാല് കമ്പ് കുത്തി നിര്‍മ്മിച്ച തട്ട് കടകള്‍ വരെയുണ്ട് ഇവിടെ. ഈ കാഴ്ച നാടിന് നല്ലതല്ല. അല്ലെങ്കില്‍ നാടിന്റെ ഭംഗി ആര് ശ്രദ്ധിക്കാന്‍. അതറിയണമെങ്കില്‍ മൂന്നാര്‍ ടൌണിലേക്ക് മടങ്ങി വരിക. ആയിരക്കണക്കിന് സഞ്ചാരികള്‍ എത്തുന്ന ഇവിടെ അത്യാവശ്യത്തിന് മൂത്രപ്പുരയില്ല. ഫലമോ അല്‍പം മറ നോക്കി ആളുകള്‍ മൂത്രം ഒഴിക്കുന്നു. ഇത് സൃഷ്ടിക്കുന്ന നാറ്റം മൂലം ടൌണില്‍ നില്‍ക്കാന്‍ കഴിയില്ല.
എത്രയോ വാഹനങ്ങളും ടൂറിസ്റ്റുകളുമാണ് മൂന്നാറില്‍ എത്തുന്നത്. ഇതിന് അനുസരിച്ച് പശ്ചാത്തല സൌകര്യങ്ങള്‍ വികസിപ്പിക്കണമെന്ന് ആരെങ്കിലും ആലോചിച്ചുവോ? ഇല്ലെന്ന് പറയേണ്ടി വരും. പണ്ട് ഉണ്ടായിരുന്ന റോഡും പാലവും മാത്രമാണ് ഇന്നും. പാലം നിര്‍മ്മിച്ചത് അന്നത്തെ വാഹനങ്ങളുടെ എണ്ണം കണക്കാക്കിയാണ്. എന്നാല്‍ ഇന്നോ? ടുറിസ്റ്റുകള്‍ , അവര്‍ അതിഥിയാണെങ്കില്‍ പോലും താങ്ങാനുള്ള ശേഷി മൂന്നാറിനില്ല. ആരുടെയോ ഭാഗ്യം കൊണ്ട് മാത്രമാണ് അപകടം ഒഴിവാകുന്നതെന്നറിയുക. പണ്ട് തൂക്കം പാലം തകര്‍ന്ന് നിരവധി വിദ്യാര്‍ഥികള്‍ മരിച്ചത് ദു:ഖത്തോടെയാണ് ഇന്നും ഓര്‍ക്കുന്നത്. താങ്ങാവുന്നതിനേക്കാല്‍ കൂടുതല്‍ കുട്ടികള്‍ ഹെലികോപ്ടര്‍ കാണുന്നതിന് തൂക്ക് പാലത്തില്‍ കയറിയതാണ് അപകടത്തിന് കാരണമായി പറഞ്ഞിരുന്നത്. അത്തരമൊരു ദുരന്തം ഇനിയും ആവര്‍ത്തിക്കാതിരിക്കാന്‍ മൂന്നാറിലെ പാലങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ട കാലം കഴിഞ്ഞു.

15 May 2010

കേന്ദ്ര റിപ്പോര്‍ട്ട് അംഗീകരിക്കപ്പെട്ടാല്‍ മൂന്നാറിലെ പട്ടയങ്ങള്‍ക്ക് നിയമസാധുതയില്ലാതാകും
 മൂന്നാറിലെ കയ്യേറ്റങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട് അംഗീകരിക്കപ്പെട്ടാല്‍ മൂന്നാര്‍ ഉള്‍പ്പെടുന്ന കണ്ണന്‍ ദേവന്‍ ഹില്‍സ് വില്ലേജിലെ പട്ടയങ്ങള്‍ക്ക് നിയമസാധുതയില്ലാതാകും. രവീന്ദ്രന്‍ പട്ടയത്തിന്റെതടക്കം പിന്‍ബലത്തില്‍ മൂന്നാറില്‍ പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകളും ഹോട്ടലുകളും പൊളിച്ച് നീക്കേണ്ടിയും വരും. രേഖകള്‍ പ്രകാരം കണ്ണന്‍ ദേവന്‍ ഹില്‍സ് വില്ലേജിലെത് വനഭൂമിയാണെന്നും 1980ലെ കേന്ദ്ര വന നിയമം ഇവിടെയും ബാധകമാണെന്നുമാണ് കേന്ദ്ര സംഘത്തിന്റെ റിപ്പോര്‍ട്ട്.
മൂന്നാര്‍ ഉള്‍പ്പെടുന്ന പശ്ചിമ ഘട്ടത്തില്‍ വ്യാപകമായ കയ്യേറ്റം നടക്കുന്നുവെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വനം പരിസ്ഥിതി മന്ത്രാലയത്തിലെ മേഖലാ സി. സി. എഫ് ഡോ. കെ. എസ്് റെഡി അദ്ധ്യക്ഷനായി നാലംഗ സമിതിയെ നിയോഗിച്ചത്. രണ്ട് ദിവസം മൂന്നാറില്‍ തെളിവെടുപ്പ് നടത്തിയ സമിതി, തിരുവനന്തപുരത്ത് വനം വകുപ്പ് മേധാവികളുമായും ചര്‍ച്ച നടത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സംസ്ഥാന സര്‍ക്കാരിനും റിപ്പോര്‍ട്ടിന്റെ കോപ്പി ലഭിച്ചിട്ടുണ്ട്.
കെ. ഡി. എച്ച് വില്ലേജ് വനഭൂമിയാണെന്ന നിഗമനമാണ് റിപ്പോര്‍ട്ടിലുള്ളത്. പൂഞ്ഞാര്‍ തമ്പുരാനും ജോണ്‍ മണ്‍ട്രോയും തമ്മില്‍ 1877 ജൂല്‍ൈ 11ന് ഒപ്പിട്ട കരാര്‍, 1974 മാര്‍ച്ച് 29ലെ ലാന്‍ഡ് ബോര്‍ഡ് അവാര്‍ഡ്, 1994^95 മുതല്‍ 2003^04 വരെയുള്ള വര്‍ക്കിംഗ് പ്ലാന്‍, 1996 ഡിസംബര്‍ 12ലെ സുപ്രിം കോടതി വിധി പ്രകാരം നിയോഗിച വി. ഗോപിനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ട് എന്നിവ പ്രകാരം കെ. ഡി. എച്ച് വില്ലേജ് വനഭൂമിയാണെന്നും 1980ലെ കേന്ദ്ര വന നിയമം ബാധകമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതനുസരിച്ച് വനമിതര പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കേന്ദ്രാനുമതി വേണമെന്നും നിര്‍ദേശിക്കുന്നു. കേന്ദ്ര സമിതിയുടെ റിപ്പോര്‍ട്ട് അംഗീകരിക്കപ്പെട്ടാല്‍ കെ. ഡി. എച്ച് വില്ലേജില്‍ കേന്ദ്രാനുമതിയില്ലാതെ നല്‍കിയ മുഴുവന്‍ പട്ടയങ്ങളും റദ്ദാക്കപ്പെടും. 1977 ജനുവരി ഒന്നിന് മുമ്പ് വനഭൂമിയില്‍ പ്രവേശിച്ചവര്‍ക്ക് പട്ടയം നല്‍കാനുള്ള 1978ലെ നിയമസഭാ തീരുമാന പ്രകാരം വേണം പട്ടയം നല്‍കാന്‍. ഇതിന്  കേന്ദ്രാനുമതി വേണ്ടി വരും. എന്നാല്‍, 1977 ജനുവരി ഒന്നിന് മുമ്പ് കെ. ഡി. എച് വില്ലേജില്‍ താമസമാരംഭിച്ചത് വിവിധ ജോലകള്‍ക്കായും കച്ചവടത്തിനും മറ്റുമായി എത്തിയവരാണ്.  ഇവരില്‍ ഭൂരിപക്ഷത്തിനും ഇനിയും പട്ടയം ലഭിച്ചിട്ടുമില്ല. ബാക്കിയൊക്കെ 1996ന് ശേഷം ഭൂമി കയ്യേറിയവരും പിന്‍വാതിലിലൂടെ പട്ടയം തരപ്പെടുത്തിയവരുമാണ്. മൂന്നാറിലെ ആദ്യകാലത്തെ ചില ലോഡ്ജുകള്‍ ഒഴിച്ചുള്ള, ഹോട്ടലുകളും റിസോര്‍ട്ടുകളും കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ നിര്‍മ്മിക്കപ്പെട്ടതാണ്.
കേന്ദ്ര വനനിയമത്തിന്റെ പരിധിയില്‍ മൂന്നാറിലെ കെ. ഡി. എച്ച് കമ്പനിയും ഉള്‍പ്പെടും. 1974ലെ ലാന്‍ഡ് ബോര്‍ഡ് അവാര്‍ഡ് അനുസരിച്ച് 57359 ഏക്കറാണ് കമ്പനിക്ക് തേയില കൃഷിക്കും മറ്റുമായി നല്‍കിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ അധികമായി  അവരുടെ പക്കല്‍ ഭൂമി  കണ്ടെത്തിയാല്‍ കേന്ദ്ര വന നിയമമനുസരിച്ച് നടപടിയെടുക്കാം. എന്നാല്‍ സര്‍വേ പൂര്‍ത്തിയാക്കാത്തതിനാല്‍ എത്ര ഭൂമി അവരുടെ കൈവശമുണ്ടെന്ന് ഇനിയും വ്യക്തമല്ല.
ലാന്‍ഡ് ബോര്‍ഡ് അവാര്‍ഡ് അനുസരിച്ച് അയ്യായിരം ഏക്കര്‍ പാവപ്പെട്ട ഭൂരഹിതര്‍ക്ക് പതിച്ച് നല്‍കാനുള്ള തീരുമാനത്തിന് കേന്ദ്ര വന നിയം തടസ്സമാകില്ലെന്നും ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര വന നിയമം പ്രാബല്യത്തില്‍ വരുന്നതിന് മുമ്പായി ഉത്തരവിറങ്ങിയതിനാലാണിത്. കേന്ദ്ര വനനിയമം നിലവില്‍ വരും മുമ്പ് പട്ടയം ലഭിച്ചവര്‍ക്കും ഭീഷണിയുണ്ടാകില്ല. ഇതേസമയം, ഭൂരഹിതര്‍ക്കായി കഴിഞ്ഞ മാസം സര്‍ക്കാര്‍ പതിച്ച് നല്‍കിയ കുട്ടിയാര്‍വാലിയിലെ ഭൂമി വനഭൂമിയാണെന്ന് റിപ്പോര്‍ട്ടിലുണ്ട്.
ഉത്തരവ് പുറപ്പെടുവിച്ച 17349 ഏക്കര്‍ എത്രയും വേഗം റിസര്‍വ് വനമായി പ്രഖ്യാപിക്കണമെന്നും സുപ്രിം കോടതിയുടെ 202/95 ലെ വിധി പ്രകാരം വനഭൂമിയുടെ നിര്‍വചനത്തില്‍ വരുന്ന മറ്റ് പ്രദേശങ്ങളും തുടര്‍ന്ന് റിസര്‍വ് വനമായി പ്രഖ്യാപിക്കണമെന്നും റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്യുന്നു.

14 May 2010

മൂന്നാറില്‍ പതിച്ച് നല്‍കിയത് വനഭൂമിയെന്ന് കേന്ദ്ര സംഘം
 മൂന്നാറില്‍ ഭൂരഹിതര്‍ക്കായി പതിച്ച് നല്‍കിയ കുട്ടിയാര്‍വാലിയിലെ ഭൂമി വനഭൂമിയാണ്െ മൂന്നാര്‍ പ്രശ്നത്തില്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട്. സമിതി  സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കേന്ദ്രം കേരളത്തോട് വിശദീകരണം തേടി. ഡോ. കെ. എസ്. റെഡി അദ്ധ്യക്ഷനായ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ കോപ്പി കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസം 10 മുതല്‍ 12 വരെയാണ് കേന്ദ്ര സംഘം മൂന്നാര്‍ സന്ദര്‍ശിച്ചത്. പിന്നിട് തിരുവനന്തപുരത്ത് വനം വകുപ്പ് ആസ്ഥാനത്ത് പ്രിന്‍സിപ്പല്‍ സി. സി. എഫുമായും സംഘം ചര്‍ച്ച നടത്തിയിരുന്നു. മുന്നാറില്‍ എം. എല്‍.എ, കലക്ടര്‍, കണ്ണന്‍ ദേവന്‍ കമ്പനി, വിവിധ സംഘടനകള്‍ എന്നിവരുമായും കേരന്ദ സംഘം ചര്‍ച്ച നടത്തുകയും കയ്യേറ്റ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
 രേഖകള്‍ പ്രകാരം മൂന്നാര്‍ വന ഭൂമിയാണെണ് റിപ്പോര്‍ട്ടില്‍ പറയുന്നു. 1980ലെ കേന്ദ്ര വനം നിയമത്തിന്റെ പരിധിയില്‍ മൂന്നാറും ഉള്‍പ്പെടുമെന്നതിനാല്‍ വനമിതര പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രാനുമതി തേടണം. കുട്ടിയാര്‍വാലിയില്‍ ഭൂരഹിതര്‍ക്കായി പതിച്ച് നല്‍കാന്‍ നിര്‍ദേശിക്കപ്പെട്ട ഭൂമി വനഭൂമിയാണെന്നും ഇതിന് കേന്ദ്രാനുമതി വാങ്ങണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു. കേന്ദ്ര സംഘം മൂന്നാര്‍[ സന്ദര്‍ശിക്കുന്നതിന് എത്തിയ അന്നാണ് കുട്ടിയാര്‍വാലിയിലെ ഭൂമി വിതരണത്തിന്റെ ഉല്‍ഘാടനം മന്ത്രിമാര്‍ നിര്‍വഹിച്ചത്. സെവന്‍മലയിലെ കയ്യേറ്റങ്ങളും വനഭൂമിയിലാണ്. പരിസ്ഥിതി പ്രാധാന്യമുള്ള പ്രദേശമെന്ന് പോണ്ടിച്ചേരിയിലെ ഫ്രഞ്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ചുണ്ടിക്കാട്ടിയ മൂന്നാര്‍ മേഖലയില്‍ കയ്യേറ്റങ്ങളും വ്യാപകമാണ്. ഇരവികുളം, മതികെട്ടാന്‍, പാമ്പാടുംചോല, ആനമുടി ദേശിയ ഉദ്യാനങ്ങള്‍, കുറിഞ്ഞമല, ചിന്നാര്‍ വന്യജീവി സങ്കേതങ്ങള്‍ എന്നിവ മൂന്നാറുമായി ബന്ധപ്പെട്ട് സ്ഥിതി ചെയ്യുന്നു. 1971 ലെ കെ. ഡി. എച്ച് നിയമമനുസരിച്ചാണ് മൂന്നാര്‍ മേഖലയിലെ സംരക്ഷണ നടപടികളെന്നും കേന്ദ്ര വന നിയമത്തിന്റെ പരിധിയില്‍ മൂന്നാറിനെ കൊണ്ട് വരണമെന്നും റിപ്പോര്‍ട്ടിലുണ്ട്.
മുന്നാറിലെ 17349 ഏക്കര്‍ ഭൂമി സംരക്ഷിത വനഭൂമിയാക്കുന്നതിന് 2008ല്‍ നിര്‍ദേശം സമര്‍പ്പിച്ചിട്ടും ഇനിയും നടപ്പാക്കിയിട്ടില്ല. അടിയന്തിരമായി ഈപ്രഖ്യാപനം നടത്തണം. മുന്നാറിലെ വനമിതര പ്രവര്‍ത്തനങ്ങള്‍ക്ക് കേരന്ദാനുമതി വാങ്ങണമെന്നും റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്യുന്നു.
 റിപ്പോര്‍ട്ടിന്റെ കോപ്പി ലഭിച്ചുവെങ്കിലും ഇത് പരിശോധിച്ചിട്ടില്ലെന്ന് റവന്യൂ മന്ത്രാലയം അറിയിച്ചു. റിപ്പോര്‍ട്ട് പരിശോധിച്ച് കേന്ദ്രത്തിന് മറുപടി നല്‍കുമെന്നും അറിയിച്ചു.