Pages

20 May 2010

മൂന്നാറിന്റെ കുളിരും കമ്പിളിയും ഓര്‍മ്മയാകുന്നു
കമ്പിളി വസ്ത്രങ്ങള്‍ ധരിച്ചവര്‍ പണ്ട് മൂന്നാറിന്റെ പതിവ് കാഴ്ചയായിരുന്നു. നീളന്‍ കമ്പിളി ഉടുപ്പ് ധരിച്ചവരും കമ്പിളി താട്ട് ഇട്ടവരും മൂന്നാറില്‍ ധാരാളമായിരുന്നു. എന്നാല്‍, കാലം മാറിയപ്പോള്‍ ഈ വേഷം മാത്രമല്ല, മൂന്നാറിന്റെ കുളിരും ഓര്‍മ്മയിലേക്ക് മാറുകയാണ്. ആസൂത്രണമില്ലാത്ത വികസനം ഒരു നാടിനെ എങ്ങനെ മാറ്റി മറിക്കുമെന്നതിന്റെ ഉദാഹരണം കൂടിയാണ് മൂന്നാറിലെ കാലാവസ്ഥയിലുണ്ടായ മാറ്റം.
കഴിഞ്ഞ ദിവസങ്ങളില്‍ മൂന്നാറില്‍ താമസിച്ചപ്പോഴാണ് കാലാവസ്ഥയിലുണ്ടായ മാറ്റം അനുഭവപ്പെട്ടത്. പകലില്‍ സൂര്യന് തരക്കേടില്ലാത്ത ചൂട്. ഫാനില്ലാതെ കഴിയാന്‍ പറ്റാത്ത അവസ്ഥ. രാത്രിയില്‍ അടച്ചിട്ട മുറിയില്‍ കമ്പിളി പുതുപ്പ് വേണ്ട. അറിയാതെ പുതച്ച് പോയാല്‍ ശരീരം വിയര്‍ക്കുന്ന സ്ഥിതി. ഈ മാറ്റം ആരാണ് വരുത്തിയത്. സംശയമില്ല. ടൂറിസത്തിന്റെ പേരില്‍ കടുംവെട്ടിന് ഇറങ്ങി പുറപ്പെട്ടവര്‍ തന്നെ. കോണ്‍ക്രീറ്റ് കെട്ടിടങ്ങളാണ് ടൂറിസമെന്ന് തെറ്റിദ്ധരിച്ചവര്‍ മൂന്നാറിലെ പുല്‍മേടുകളും വനഭൂമിയും കയ്യേറി റിസോര്‍ട്ടുങ്ങളും ഹോട്ടലുകളും നിര്‍മ്മിച്ചു. സര്‍ക്കാരാകട്ടെ കെട്ടിട നിര്‍മ്മാണതിന് യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്തിയുമില്ല.
ഇടുക്കി ജില്ലാ ടുറിസം പ്രൊമോഷന്‍ കൌണ്‍സിലില്‍ പത്ത് വര്‍ഷത്തോളം അംഗമായിരുന്നു. കെട്ടിട നിര്‍മ്മാണത്തിന് നിയന്ത്രണം ഏര്‍ശപ്പടുത്തിയില്ലെങ്കില്‍ ഭാവിയില്‍ ഉണ്ടായേക്കാവുന്ന കാലാവസ്ഥ മാറ്റം അന്ന് ഞാന്‍ ചൂണ്ടിക്കാട്ടിയതാണ്. ഇതനുസരിച്ച് പ്രകൃതിക്ക് ഇണങ്ങും വിധം കെട്ടിടം നിര്‍മ്മിക്കണമെന്ന് തീരുമാനവുമെടുത്തു. പക്ഷെ സര്‍ക്കാര്‍ ഉത്തരവിറങ്ങിയില്ല. അതിനാല്‍ തോന്നും പടി കെട്ടിടങ്ങള്‍ നിര്‍മ്മിക്കപ്പെട്ടു. മലവെട്ടിയിറക്കി കോണ്‍ക്രീറ്റ് കാടുകള്‍ നൂറ്കണക്കിന് നിര്‍മ്മിച്ചു. ആരൂം പ്രകൃതിയെ കുറിച്ച് ചിന്തിച്ചില്ല. കാലാവസ്ഥ മാറിയാല്‍ മൂന്നാറും ടൂറിസവും ഇല്ലാതാകുമെന്ന് ചന്തിച്ചില്ല.
ആസൂത്രണമില്ലായ്മയുടെ ദുരന്തക്കാഴ്ച കൂടിയാണ് മൂന്നാര്‍. മാടുപ്പെട്ടിയിലും രാജമല മുക്കിലും തുടങ്ങി ടൂറിസ്റ്റുകള്‍ എത്തുന്ന സ്ഥലങ്ങളിലൊക്കെ തട്ട്കടകള്‍ ഉയരുകയാണ്. പ്ലാസ്റ്റിക്കും ചാക്കും തുടങ്ങി നാല് കമ്പ് കുത്തി നിര്‍മ്മിച്ച തട്ട് കടകള്‍ വരെയുണ്ട് ഇവിടെ. ഈ കാഴ്ച നാടിന് നല്ലതല്ല. അല്ലെങ്കില്‍ നാടിന്റെ ഭംഗി ആര് ശ്രദ്ധിക്കാന്‍. അതറിയണമെങ്കില്‍ മൂന്നാര്‍ ടൌണിലേക്ക് മടങ്ങി വരിക. ആയിരക്കണക്കിന് സഞ്ചാരികള്‍ എത്തുന്ന ഇവിടെ അത്യാവശ്യത്തിന് മൂത്രപ്പുരയില്ല. ഫലമോ അല്‍പം മറ നോക്കി ആളുകള്‍ മൂത്രം ഒഴിക്കുന്നു. ഇത് സൃഷ്ടിക്കുന്ന നാറ്റം മൂലം ടൌണില്‍ നില്‍ക്കാന്‍ കഴിയില്ല.
എത്രയോ വാഹനങ്ങളും ടൂറിസ്റ്റുകളുമാണ് മൂന്നാറില്‍ എത്തുന്നത്. ഇതിന് അനുസരിച്ച് പശ്ചാത്തല സൌകര്യങ്ങള്‍ വികസിപ്പിക്കണമെന്ന് ആരെങ്കിലും ആലോചിച്ചുവോ? ഇല്ലെന്ന് പറയേണ്ടി വരും. പണ്ട് ഉണ്ടായിരുന്ന റോഡും പാലവും മാത്രമാണ് ഇന്നും. പാലം നിര്‍മ്മിച്ചത് അന്നത്തെ വാഹനങ്ങളുടെ എണ്ണം കണക്കാക്കിയാണ്. എന്നാല്‍ ഇന്നോ? ടുറിസ്റ്റുകള്‍ , അവര്‍ അതിഥിയാണെങ്കില്‍ പോലും താങ്ങാനുള്ള ശേഷി മൂന്നാറിനില്ല. ആരുടെയോ ഭാഗ്യം കൊണ്ട് മാത്രമാണ് അപകടം ഒഴിവാകുന്നതെന്നറിയുക. പണ്ട് തൂക്കം പാലം തകര്‍ന്ന് നിരവധി വിദ്യാര്‍ഥികള്‍ മരിച്ചത് ദു:ഖത്തോടെയാണ് ഇന്നും ഓര്‍ക്കുന്നത്. താങ്ങാവുന്നതിനേക്കാല്‍ കൂടുതല്‍ കുട്ടികള്‍ ഹെലികോപ്ടര്‍ കാണുന്നതിന് തൂക്ക് പാലത്തില്‍ കയറിയതാണ് അപകടത്തിന് കാരണമായി പറഞ്ഞിരുന്നത്. അത്തരമൊരു ദുരന്തം ഇനിയും ആവര്‍ത്തിക്കാതിരിക്കാന്‍ മൂന്നാറിലെ പാലങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ട കാലം കഴിഞ്ഞു.

1 comment:

  1. The entire world is facing the problems of global warming. Munnar mathramalla sakhave!!

    ReplyDelete