Pages

22 January 2011


തിരുവനന്തപുരം: 18 മാസത്തെ ഇടവേളക്ക് ശേഷം നടന്ന പറമ്പിക്കുളം^ആളിയാര്‍ പദ്ധതി (പി.എ.പി)കരാര്‍ പുനരവലോകന ചര്‍ച്ചക്ക് തമിഴ്നാട് എത്തിയത് കേരളത്തെ കുടുക്കാനുള്ള തന്ത്രവുമായി. കേരളത്തിന് ഇപ്പോള്‍ ലഭിക്കുന്ന വെള്ളവും തമിഴ്നാടിലേക്ക് തിരിച്ച് വിടാനുള്ള പദ്ധതികളുമായാണ് തമിഴ്നാട് സംഘം എത്തിയത്.
ഭാരതപ്പുഴ, ചാലക്കുടിപ്പുഴ, പെരിയാര്‍ നദീതടങ്ങളിലെ ജലം പങ്കിടുന്നത് സംബന്ധിച്ച് കേരളവും തമിഴ്നാടും 1970ല്‍ ഒപ്പിട്ടതാണ് പി.എ.പി.കരാര്‍. 1958 മുതല്‍ മുന്‍കാല പ്രാബല്യമുള്ള കരാറിലെ വ്യവസ്ഥ പ്രകാരം മുപ്പത് വര്‍ഷം കൂടുമ്പോള്‍ കരാര്‍ പുനരവലോകനം ചെയ്യേണ്ടതാണ്. 19 ാമത് ചര്‍ച്ചയാണ് ഇത്തവണ തിരുവനന്തപുരത്ത് നടന്നത്.
ചാലക്കുടിപ്പുഴയിലേക്ക് വെള്ളം തരുന്ന കാര്യത്തില്‍ കേരളത്തെ കുടുക്കാനുള്ള പദ്ധതിയുമായാണ് ഇത്തവണ തമിഴ്നാട് എത്തിയത്. ഇതുവരെ നടന്ന ചര്‍ച്ചകളിലൊന്നും  ഉയര്‍ന്നുവരാതിരുന്നതാണ് തമിഴ്നാടിന്റെ ഈ നിര്‍ദേശം. കേരള ഷോളയാര്‍ അണക്കെട്ട് ഫെബ്രുവരി ഒന്നിനും സെപ്റ്റംബര്‍ ഒന്നിനും നിറക്കണമെന്നതാണ് കരാര്‍ വ്യവസ്ഥ. ഇതിന് പകരം അതാത് മാസം തമിഴ്നാട് ഷോളയാറില്‍ നിന്ന് കേരള അതിര്‍ത്തിയില്‍ വെള്ളം തരാമെന്നാണ് തമിഴ്നാട് പറയുന്നത്. ഇതിനായി നീരൊഴുക്കിന്റെ അടിസ്ഥാനത്തില്‍ പാറ്റേണ്‍ തയാറാക്കുമത്രെ. ഇത് പരിശോധിക്കാമെന്ന് കേരളം സമ്മതിച്ചുവെങ്കിലും ഇതിലെ ചതിക്കുഴി തിരിച്ചറിഞ്ഞിട്ടില്ല. വര്‍ഷത്തില്‍ രണ്ട് തവണ കേരള ഷോളയാര്‍ അണക്കെട്ട് തമിഴ്നാട് നിറക്കുന്നത് മൂലമാണ് ചാലക്കുടിപ്പുഴയില്‍ വേനലില്‍ പോലും ജലക്ഷാമം അനുഭവപ്പെടാത്തത്. മാസം തോറും  അതിര്‍ത്തിയില്‍ വെള്ളം തന്ന് തുടങ്ങുന്നത് ഇത് അട്ടിമറിക്കാനാണത്രെ. മഴക്കാലത്ത് ലഭിക്കുന്ന വെള്ളം പ്രയോജനപ്പെടുത്താന്‍ കഴിയുകയുമില്ല. കേരള ഷോളയാറില്‍ നിശ്ചിതമാസങ്ങളില്‍ വെള്ളം കിട്ടാതെ വരുന്നതോടെ ചാലക്കുടിപ്പുഴയില്‍ വരള്‍ച്ചക്ക് കാരണമാകുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്. അതിരപ്പിള്ളി വെള്ളചാട്ടത്തേയും ബാധിക്കും. തമിഴ്നാടില്‍ നിന്ന് ലഭിക്കുന്ന വെള്ളത്തെ ആശ്രയിച്ചാണ് ഷോളയാര്‍,പെരിങ്ങല്‍കുത്ത് വൈദ്യുത പദ്ധതികള്‍ പ്രവര്‍ത്തിക്കുന്നതും.
അനുബന്ധ കരാറിലെ വ്യവസ്ഥ പ്രകാരം ആനമലയാറില്‍ നിന്നുള്ള രണ്ടര ടി.എം.സി വെള്ളം തമിഴ്നാടിലേക്ക് തിരിച്ച് വിടണമെന്ന ആവശ്യം ഇത്തവണയും അവര്‍ ആവര്‍ത്തിച്ചു. ഇതിനായി കേരളം തയസാറാക്കിയ സാങ്കേതിക റിപ്പോര്‍ട്ട് തമിഴ്നാടിന് കൈമാറാനും അതില്‍ അവരുടെ കൂടി അഭിപ്രായം അറിഞ്ഞ ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കാനുമാണ് തീരുമാനം.
ആനമലയാര്‍ വെള്ളം തമിഴ്നാടിന് നല്‍കുന്നതില്‍ ചീഫ് സെക്രട്ടറിതല ചര്‍ച്ചയില്‍ എടുത്ത തീരുമാനം കരാര്‍ വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. 1970ല്‍ കരാര്‍ ഒപ്പിടുന്ന സമയത്ത് പെരിയാര്‍ നദീതടത്തില്‍ കേരളം വിഭാവനം ചെയ്ത പദ്ധതികള്‍ പൂര്‍ത്തീകരിച്ച ശേഷം ആനമലയാര്‍ വെള്ളം തമിഴ്നാടിന് നല്‍കാമെന്നാണ് അനുബന്ധകരാര്‍. 200 ടി.എം.സി ശേഷിയുള്ള വിവിധ പദ്ധതികളാണ് വിഭാവനം ചെയ്തിരുന്നത്. മൂന്നാര്‍, പൂയംകുട്ടി, പെരിഞ്ചാംകുട്ടി തുടങ്ങിയ ജലസംഭരണികള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
ഇതിനും പുറമെ, ആനമലയാര്‍ വെള്ളം തമിഴ്നാടിലേക്ക് തിരിച്ച് വിടുന്നതോടെ പെരിയാറിലെ നീരൊഴുക്ക് വീണ്ടും കുറയും. എറണാകുളം ജില്ലയുടെ കുടിവെള്ളത്തേയും ഇത് ബാധിക്കും. പെരിയാറിലെ നിരവധി ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികളെയും ബാധിക്കുമെന്നത് മറച്ച് പിടിച്ചാണ് ആനമലയാര്‍ വെള്ളം നല്‍കാനുള്ള നീക്കമെന്ന് പറയുന്നു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ജലവിഭവ മന്ത്രിയായിരിക്കെ നടത്തിയ ചര്‍ച്ചയില്‍ ആനമലയാര്‍ വെള്ളം നല്‍കാന്‍ ധാരണയായെങ്കിലും പിന്നീട് കേരളം പിന്‍മാറുകയായിരുന്നു.
ആനമലയാര്‍ വെള്ളം തമിഴ്നാടിന് നല്‍കുമ്പോള്‍ അതിന് ആനുപാതികമായി ചിറ്റൂര്‍ പുഴയില്‍  വെള്ളം കിട്ടണമെന്ന് കഴിഞ്ഞ ചര്‍ച്ചയില്‍ കേരളം ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇക്കാര്യത്തില്‍ അവര്‍ മൌനം പാലിക്കുകയാണ്. ആനമലയാറില്‍ ജലവൈദ്യുതി പദ്ധതി സ്ഥാപിക്കാനാണ് കെ.എസ്.ഇ.ബോര്‍ഡ് പദ്ധതി തയാറാക്കിയത്. എന്നാല്‍,ഈ പദ്ധതി നടപ്പാകില്ലെന്നാണ് ചൂണ്ടിക്കാട്ടുന്നത്. ജലസംഭരണിക്ക് വേണ്ടി 300 ഹെക്ടര്‍ വനഭൂമി വിട്ടുകിട്ടണമെന്നതാണ് പദ്ധതിക്ക് തടസ്സമാകുന്നത്.
ഇതേസമയം അപ്പര്‍ നീരാറിലെ വെള്ളം വേണമെന്ന തമിഴ്നാടിന്റെ ആവശ്യം ആനമലയാര്‍ സാങ്കേതിക റിപ്പോര്‍ട്ട് പരിശോധനയുടെ അടിസ്ഥാനത്തിലായിരിക്കും. ഒക്ടോബര്‍ ഒന്ന് മുതല്‍ ജനുവരി 31വരെ അപ്പര്‍ നീരാറിലെ വെള്ളം കേരളത്തിന് ഉപയോഗിക്കാമെന്നാണ് കരാര്‍ വ്യവസ്ഥ. ഇടുക്കി, ഇടമലയാര്‍ പദ്ധതികള്‍ പൂര്‍ത്തിയായതിനാല്‍ വെള്ളം തിരിച്ച് വിടുന്നത് നിര്‍ത്തണമെന്നാണ് തമിഴ്നാട് ആവശ്യപ്പെട്ടത്. അപ്പര്‍ നീരാര്‍ വെള്ളം തമിഴ്നാടിലേക്ക് തിരിച്ച് വിടുന്നതും പെരിയാറിലെ ജലനിരപ്പ് കുറയാന്‍ കാരണമാകും.
പറമ്പിക്കുളം മേഖലയില്‍ നിന്നുള്ള നിരൊഴുക്ക് 16.5 ടി.എം.സി കവിഞ്ഞാല്‍ അധികജലം കേരളത്തിന് എന്നത് 12.5 ടി.എം.സി കവിഞ്ഞാല്‍ എന്നാക്കണമെന്ന കേരള ആവശ്യത്തോട് തമിഴ്നാട് യോജിച്ചില്ല. 14 ടി.എം.സി കവിഞ്ഞാല്‍ എന്നാക്കാമെന്ന് സമ്മതിച്ചുവെങ്കിലും അതിലും നിബന്ധനവെച്ചു. നീരാറില്‍ നിന്നുള്ള വെള്ളം പറമ്പിക്കുളത്തിന്റെ കണക്കില്‍ പെടുത്തില്ലെന്നായി തമിഴ്നാട്. ഇതിനോട് കേരളം യോജിച്ചില്ല.

No comments:

Post a Comment