Pages

12 December 2011

ഒരിക്കല്‍ കൂടി മുല്ലപ്പെരിയാറില്‍

രാജ്യത്തെ അണക്കെട്ട് മുത്തശãിയെന്ന് വിശേഷിപ്പിക്കാവുന്ന മുല്ലപ്പെരിയാര്‍ അണക്കെട്ട് ഉയര്‍ത്തുന്ന അപകട ഭീഷണിയുടെ പശ്ചാത്തലത്തിലാണ് ഇത്തവണ മുല്ലപ്പെരിയാറില്‍ എത്തിയത്.അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നത് കൊണ്ടാവാം, അതിര്‍ത്തി ടൌണായ കുമിളിയില്‍ കാര്യമായ ആളനക്കമുണ്ടായിരുന്നില്ല.
 ശബരിമല സീസണ്‍ ആയിട്ടും ശരണം വിളികളുമായുള്ള സംഘങ്ങളെ കാണാനില്ലായിരുന്നു. മുമ്പ് അങ്ങനെയായിരുന്നില്ല, കുമിളി ബസ് സ്റ്റാന്‍ഡിലും പരിസരത്തും അയ്യപ്പ ഭക്തരുടെ തിരക്കാവും കാണുക. വള്ളക്കടവ്, പുല്‍മേട് വഴി അയ്യപ്പന്മാരെ കൊണ്ട് പോകുന്നതിന് ട്രിപ്പ് ജീപ്പുകള്‍ നിരനിരയായി കിടന്നിരുന്നു. എന്നാല്‍, ഇത്തവണ ആകെ മൂകത.മരണ വീട്ടില്‍ എത്തിയ പ്രതീതി.ആകെയുള്ളത് പോലിസും എന്തിന് തയ്യാറായി ഐ.ആര്‍.ബി ബറ്റാലിയനും. ഇതിനിടെ, ചില വടക്കേ ഇന്‍ഡ്യന്‍ ടൂറിസ്റ്റുകളും.
കുമിളിയിലെ സുഗന്ധവ്യഞ്ജന വ്യാപാരികളും ഹോട്ടലുടമകളും ആകെ നിരാശയിലാണ്. ഒരു ടൂറിസറ്റ് സീസണ്‍ നഷ്ടമായെന്ന് അവര്‍ പറയുന്നു. അതിര്‍ത്തിക്കപ്പുറത്തും സ്ഥിതി ആശാവഹകമല്ല, തമിഴ്നാടിലേക്ക് പ്രവേശിക്കുന്ന മുഴുവന്‍ വാഹനങ്ങളും പോലീസ് പരിശോധിക്കുന്നു.വാഹനങ്ങളിലുള്ളവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നു. കേരള രജിസ്ട്രേഷനുള്ള വാഹനങ്ങളില്‍ എത്തുന്നവരോട് കരുതലോടെ പോകണമെന്ന് ഉപദേശവും നല്‍കുന്നു.
ജലവിഭവ മന്ത്രി പി.ജെ.ജോസഫ്, എം.എല്‍.എമാരായ ടി.എന്‍.പ്രതാപന്‍, തോമസ് ചാണ്ടി, കെ.മുഹമ്മദുണ്ണി ഹാജി, എ.എം.ആരിഫ്, വര്‍ക്കല കഹാര്‍, ജി.എസ്.ജയലാല്‍ തുടങ്ങിയവര്‍ക്കൊപ്പമായിരുന്നു ഇത്തവണ മുല്ലപ്പെരിയാര്‍ യാത്ര. ഇവര്‍ക്കൊപ്പം  പുറമെ മാധ്യമ, ഉദ്യോഗസ്ഥ സംഘവും ഉണ്ടായിരുന്നു.
തേക്കടി തടാകത്തിലൂടെ ബോട്ടില്‍ മുല്ലപ്പെരിയാറിലേക്ക് പോകുമ്പോള്‍ മന്ത്രി പി.ജെ.ജോസഫ് വിവരിച്ചതും വന്യ ജീവി ഉദ്യോഗസ്ഥരില്‍ ചോദിച്ചറിഞ്ഞതും പെരിയാര്‍ കടുവ സങ്കേതത്തിന്റെ ജൈവവൈവിധ്യം സംബന്ധിച്ച വിവരങ്ങളാണ്. മന്ത്രി ജോസഫ് പഠിച്ച വിവരങ്ങള്‍ എം.എല്‍.എമാര്‍ക്കായി പങ്ക് വെക്കുകുയും ചെയ്തു. ഇതിനിടെ കാട്ടുപോത്തും മ്ലാവും തുടങ്ങി വന്യ ജീവികള്‍ ഞങ്ങള്‍ സഞ്ചരിച്ചിരുന്ന ബോട്ടിനെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. തടാകത്തിന് നടുക്ക് പക്ഷി കുടുകളും കാണാമായിരുന്നു. മുല്ലപ്പെരിയാര്‍ തകര്‍ന്നാല്‍, മനുഷ്യര്‍ക്ക് മാത്രമല്ല, ഈ ജീവികള്‍ക്കും ആവാസ വ്യവസ്ഥയില്ലാകതാകും. ഇപ്പോഴത്തെ ജലനിരപ്പ് 136 അടിയില്‍ നിന്ന് ഉയര്‍ത്തിയാല്‍ കാടും പുല്‍മേടുകളും നശിക്കും.
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ എത്തുമ്പോള്‍ നല്ല വെയില്‍. എങ്കിലും അതൊന്നും വകവെക്കാതെ സംഘം മുന്നോട്ട്. അണക്കെട്ടിന്റ കവാടത്തില്‍ നിര്‍മ്മാണ തിയതിയും മറ്റും രേഖപ്പെടുത്തിയിരിക്കുന്നു. ബ്രിട്ടിഷ് എന്‍ജിനിയര്‍ പെന്നി ക്വിക്കിന്റെ പേര് ജോസഫ് വായിച്ചതോടെ, അദ്ദേഹമാണ് അണക്കെട്ട് നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയതെന്ന് മുല്ലപ്പെരിയാര്‍ സെല്‍ ചെയര്‍മാന്‍ എം.കെ.പരമേശ്വരന്‍ നായര്‍ പറഞ്ഞു. പല തവണ നിര്‍മ്മാണം മുടങ്ങിയതോടെ തന്റെ സ്വത്ത് വിറ്റാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയതെന്ന് അറിയിച്ചതോടെ ജോസഫിന്റെ കമന്റ്^പെന്നി മുടക്കിയവന്‍ ക്വിക്ക്.
പ്രധാന അണക്കെട്ടും ബേബി ഡാമും എര്‍ത്ത് ഡാമും കണ്ട സംഘം ഗാലറിയില്‍ പ്രവേശിക്കുന്നതിനെ കുറിച്ച് ആലോചിക്കുമ്പോഴാണ് അതിന്റെ താക്കോലുമായി തമിഴ്നാട് ഉദ്യോഗസ്ഥര്‍ സ്ഥലം വിട്ടതായി അറിയുന്നത്. പേരിന് പോലും തമിഴ്നാടിന്റെ ഉദ്യോഗസ്ഥരില്ല.
അണക്കെട്ടിന്റെ പശ്ചാത്തലത്തില്‍ മന്ത്രിയുടെ ഇന്റര്‍വ്യൂ എടുക്കാന്‍ ചാനലുകളും മല്‍സരിക്കുകയായിരുന്നു. ദേശിയ ചാനലുകള്‍ക്ക് ഇംഗ്ലിഷിലാണ് ഇന്റര്‍വ്യു വേണ്ടത്. മന്ത്രിക്കാകട്ടെ ആവേശം. ചുട്ട് പൊള്ളുന്ന വെയിലിനെ അവഗണിച്ചും ഇംഗ്ലിഷിലും മലയാളത്തിലുമായി മാറി മാറി മന്ത്രിയുടെ വിശദീകരണം. അതിനിടെയാണ് രാജ്യത്തിന്റെ തന്നെ അതിര്‍ത്തി കടന്ന് അല്‍ ജസീറ സംഘം മുല്ലപ്പെരിയാറില്‍ എത്തിയത്. അവരും വിശദമായി ഇന്‍ര്‍ര്‍വ്യു പകര്‍ത്തി. മുല്ലപ്പെരിയാര്‍ അങ്ങനെ രാജ്യാന്തര വിഷയമായി മാറി.
ഇതിനിടെ, സംശയാസ്പദമായ സാഹചര്യത്തില്‍ രണ്ട് പേര്‍ വീഡിയോ കാമറയുമായി കറങ്ങിയത് മാധ്യമ പ്രവര്‍ത്തകര്‍ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തി. ബി.ബി.സി റിപ്പോര്‍ട്ടറാണെന്ന് ആരോ പറഞ്ഞതോടെ തിരിച്ചറിയല്‍ കാര്‍ഡ് ചോദിക്കാന്‍ തന്നെ പോലീസിന് മടി. എങ്കിലും മാധ്യമ പ്രവര്‍ത്തകരുടെ നിര്‍ബന്ധത്തിന് വഴങ്ങി തിരച്ചറിയല്‍ കാര്‍ഡ് ചോദിച്ചപ്പോള്‍ അങ്ങനെയൊന്നില്ല.ആകെയുള്ള തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ്. മൊബൈല്‍ നമ്പര്‍ നല്‍കിയെങ്കിലും അത് മറ്റാരുടെതോ. അതോടെ സംഘം പോലീസ് കസ്റ്റഡിയില്‍.
നല്ല വെയില്‍ ആയിരുന്നതില്‍  അണക്കെട്ടിന്റെ പലഭാഗത്തേയും ചോര്‍ച്ച വ്യക്തമായിരുന്നു.പലയിടത്തും വെള്ളം തോട് പോലെ ഒഴുകുന്നു.ബേബി ഡാമിന്റെ അടിത്തട്ടില്‍ നിന്നും ഒഴുകിയെത്തുന്ന വെളളം  എവിടെ നിന്നാണെന്ന് പോലും വ്യക്തമല്ല.സ്പില്‍വേക്ക് മുന്നിലെ കല്ലും മണ്ണും നീക്കം ചെയ്യാനുള്ള ജോലികള്‍ ഒരു ജെ.സി.ബിയുടെ സഹായത്തോടെ നടക്കുന്നു. എത്രയോ വര്‍ഷമായി കേരളം ആവശ്യപ്പെടുന്നതാണ് ഈ കല്ലും മണ്ണും നീക്കം ചെയ്യണമെന്ന്.ജലനിരപ്പ് 136 അടി കഴിഞ്ഞാല്‍, സ്പില്‍വേയിലുടെ വെള്ളം പെരിയാറിലേക്ക് ഒഴുകണമെന്നാണ് വ്യവസ്ഥ. പക്ഷെ, സ്പില്‍വേക്ക് മുന്നില്‍ കൃത്രിമ തടയണ സൃഷ്ടിച്ച് വെള്ളമൊഴുക്ക് തടസപ്പെടുത്തുന്നു. ഈ കാര്യത്തില്‍ പോലും കേരളത്തിന്റെ നിലപാട് നടപ്പാക്കാന്‍ കഴിയാതെ പോകുന്നു^അപ്പോഴാണ് നാം പുതിയ അണക്കെട്ടിനെ കുറിച്ച് സംസാരിക്കുന്നത്.
ഇ.കെ.നയനാര്‍ മുഖ്യമന്ത്രിയായിരിക്കെ അന്ന് ഇടത് മുന്നണി കണ്‍വീനറായിരുന്ന വി.എസ്.അച്യുതാനന്ദനും പെറ്റീഷന്‍ കമ്മിറ്റി ചെയര്‍മാനായിരിക്കെ പി.സി.ജോര്‍ജും തുടങ്ങിയവരൊക്കെ കല്ലും മണ്ണും നീക്കാന്‍ ആവശ്യപ്പെട്ടവരുടെ പട്ടികയിലുണ്ട്.എന്നാല്‍, ഇതോന്നും തങ്ങള്‍ക്ക് ബാധകമല്ലെന്ന മട്ടിലാണ് തമിഴ്നാട് ^അതെ അവര്‍ക്ക് ഇതൊന്നും ബാധകമല്ല, മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാലും ഒരു തുള്ളി വെള്ളം പോലും തമിഴ്നാടിലേക്ക് പോകില്ല.999 വര്‍ഷത്തെ പെരിയാര്‍ പാട്ട കരാറിന്റെ പേരില്‍ പിന്നെയും അണക്കെട്ട് കെട്ടുകയും വെള്ളം തമിഴ്നാടിലേക്ക് തിരിച്ച് വിടുകയും ചെയ്യാമെന്നായിരിക്കും അവരുടെ മനസില്‍.

No comments:

Post a Comment