Pages

13 January 2012

ഈ ഒറ്റമൂലി മുല്ലപ്പെരിയാറിന് വേണ്ടമുല്ലപ്പെരിയാര്‍ പ്രശ്നത്തിന് ഒറ്റമൂലി കണ്ടെത്തിയെന്ന് ഇനി കലൈഞ്ജര്‍ക്കും ആശ്വാസിക്കാം. മുല്ലപ്പെരിയാര്‍ അണക്കെട്ട് ഉയര്‍ത്തുന്ന അപകട ഭീഷണി നേരിടാന്‍ പുതിയ അണക്കെട്ട് വേണമെന്നും ഇപ്പോള്‍ തമിഴ്നാടിന് നല്‍കുന്ന അതേ അളവില്‍ വെള്ളം നല്‍കുമെന്നും കേരള സര്‍ക്കാര്‍  അറിയിച്ചതോടെ പ്രതിരോധത്തിലായ തമിഴ്നാട് പുതിയ അടവുകള്‍ തേടുന്നതിന് ഇടയിലാണ് ഒറ്റമൂലി കണ്ടെത്തിയത്^മുല്ലപ്പെരിയാര്‍ ഉള്‍പ്പെടുന്ന ഇടുക്കി ജില്ലയെ തമിഴ്നാടില്‍ ചേര്‍ക്കണമെന്ന ആവശ്യം ആദ്യം ഉന്നയിച്ചത് തമിഴ്നാടില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.പിമാരായിരുന്നു. ഇപ്പോള്‍ ഡി.എം.കെ പ്രസിഡന്റും മുന്‍ മുഖ്യമന്ത്രിയുമായ കലൈഞ്ജര്‍ കരുണാനിധി പുതിയ ആവശ്യം ഉന്നയിച്ചിരിക്കുന്നു.മൂന്നാര്‍, പീരുമേട് പ്രദേശങ്ങള്‍ തമിഴ്നാടില്‍ ലയിപ്പിക്കണമെന്ന ആവശ്യമാണ് ഡി.എം.കെയുടെത്.
മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കേരളത്തെ സമ്മര്‍ദ്ദത്തിലാക്കുകയെന്ന തന്ത്രമായി വേണം ഇതിനെ കരുതാന്‍. കാരണം ഇടുക്കി ജില്ലയിലെ തമിഴ് ഭൂരിപക്ഷ മേഖലകളില്‍ ഇതിന്റെ അലയൊലികള്‍ ഉണ്ടാകുമെന്ന് അദ്ദേഹത്തിന് അറിയാം.  ഇതേ ആവശ്യവുമായി മുന്നാറില്‍ തമിഴ് വംശജര്‍ പ്രകടനം നടത്തിയിരുന്നതും ഓര്‍ക്കുക. അര നൂറ്റാണ്ട് മുമ്പ് അവസാനിപ്പിച്ച വിഷയമാണ് കുത്തിപ്പൊക്കാന്‍ ശ്രമിക്കുന്നു.
1956 വരെ ഈ ആവശ്യം ഉന്നയിച്ച് മൂന്നാര്‍ കേന്ദ്രികരിച്ച് പ്രക്ഷോഭങ്ങള്‍ നടന്നിരുന്നു. അക്കാലത്ത് തമിഴ്നാട് കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന കെ.കാമരാജിന്റെയും ഡി.എം.കെ പ്രസിഡന്റായിരുന്ന സി.എന്‍.അണ്ണാദുരയുടെയും പിന്തുണയും ഈ പ്രക്ഷോഭങ്ങള്‍ക്കുണ്ടായിരുന്നു. എന്നാല്‍,1956ല്‍ സംസ്ഥാന പുനരേകീകരണ കമീഷന്‍ റിപ്പോര്‍ട്ട് വന്നതോടെ^തായ് മൊഴി തമിഴ്, തായ് നാട് ഇന്‍ഡ്യ (മാതൃ ഭാഷ തമിഴ്, മാതൃ രാജ്യം ഇന്‍ഡ്യ) എന്ന പ്രഖ്യാപനം നടത്തി സമരം അവസാനിപ്പിക്കുകയായിരുന്നു പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയിരുന്ന ഐ.എന്‍.ടി.യു.സി നേതാവ് ആര്‍.കുപ്പുസാമിയും അനുയായികളും. പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ രൂപീകരിച്ച തിരുവിതാകൂര്‍ തമിഴ്നാട് കോണ്‍ഗ്രസ് പിരിച്ച് വിട്ടു.
മുന്നാറിലേയും പീരുമേട് താലൂക്കിലേയും തോട്ടങ്ങളില്‍ ജോലി ചെയ്തിരുന്ന ബഹുഭൂരിപക്ഷം വരുന്ന തമിഴ് വംശജര്‍ക്ക് അവകാശങ്ങള്‍ നിഷേധിക്കപ്പെടുകുയും ബ്രിട്ടീഷുകാരായ മാനേജ്മെന്റ് വല്ലാതെ പീഡിപ്പിക്കുകയും ചെയ്തിരുന്നത് അന്നത്തെ തിരുവിതാകൂര്‍ കോണ്‍ഗ്രസ് ചോദ്യം ചെയ്യുന്നില്ലെന്ന പരാതിയില്‍ നിന്നാണ് തമിഴ് കോണ്‍ഗ്രസിന്റെ പിറവി. തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച തോട്ടം തൊഴിലാളി യൂണിയന്‍ മാനേജ്മെന്റ് അനുകൂല നിലപാട് സ്വീകരിക്കുന്നുവെന്ന ആക്ഷേപവും തമിഴ് തോട്ടം തൊഴിലാളികള്‍ക്കുണ്ടായിരുന്നു.
 1947 ഒക്ടോബര്‍ 23ന് മൂന്നാറില്‍ ചേര്‍ന്ന യോഗമാണ് തിരുവിതാകൂര്‍ സ്റ്റേറ്റ് തമിഴ്നാട് കോണ്‍ഗ്രസ് രൂപീകരിച്ചത്. സാമി അയ്യാ നാടാന്‍ പ്രസിഡന്റും വി.സുബ്ബയ്യ നാടാര്‍ സെക്രട്ടറിയുമായിരുന്നു. അന്ന് തമിഴ്നാട് കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന കെ.കാമരാജ്, തമിഴ്നാട് ഐ.എന്‍.ടി.സി ജനറല്‍ സെക്രട്ടറി ജി.രാമാനുജം (പിന്നിട് ഐ.എന്‍.ടി.യു.സി ദേശിയ പ്രസിഡന്റും ഗവര്‍ണറുമായി )എന്നിവരുടെ പിന്തുണയോടെയാണ് തിരുവിതാംക്കൂര്‍ തമിഴ്നാട് കോണ്‍ഗ്രസ് രൂപീകരിച്ചത്.  തുടര്‍ന്ന് 1948 ഫെബ്രുവരി എട്ടിന് കെ.കാമരാജ് മൂന്നാറിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.ഇതിന്റെ തുടര്‍ച്ചയാണ് ഐ.എന്‍.ടി.യു.സി നേതൃത്വത്തിലുള്ള സൌത്ത് ഇന്‍ഡ്യന്‍ പ്ലാന്റേഷന്‍ വര്‍ക്കേഴ്സ് യൂണിയന്റെ പിറവി. 1948 മാര്‍ച്ച് 30നാണ് വി.സുബ്ബയ്യാ നാടാര്‍ പ്രസിഡന്റായി യൂണിയന്‍ നിലവില്‍ വരുന്നത്.തമിഴ്നാട് അനുകൂല യൂണിയന്‍ കൂടി വന്നതോടെ തിരുവിതാകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസില്‍ നിന്ന് എതിര്‍പ്പ് വര്‍ദ്ധിച്ചു. ഇതേ സമയത്ത് തന്നെയാണ് തിരുവിതാംകൂറിലെ തമിഴ് ഭൂരിപക്ഷ പ്രദേശങ്ങളായ കന്യാകുമാരി, ചെങ്കോട്ട, ചിറ്റൂര്‍, പീരുമേട് തുടങ്ങിയ പ്രദേശങ്ങള്‍ തമിഴ്നാടില്‍ ചേര്‍ക്കണമെന്ന ആവശ്യവുമായി പ്രക്ഷോഭങ്ങള്‍ ആരംഭിക്കുന്നതും. മൂന്നാറില്‍ 'തമിഴ് തായ് നാട്' പ്രക്ഷോഭങ്ങള്‍ക്ക് സൌത്ത് ഇന്‍ഡ്യന്‍ പ്ലാന്റേഷന്‍ യൂണിയനാണ് നേതൃത്വം നല്‍കിയിരുന്നത്. തമിഴ് അനുകൂല സമരത്തിന് ചൂട് പകര്‍ന്നത് ആര്‍.കുപ്പുസാമിയുടെ വരവോടെയും.
തിരുവിതാംകൂര്‍ തമിഴ്നാട് കോണ്‍ഗ്രസിന്റെ അഭ്യര്‍ഥന പ്രകാരമാണ് അന്ന് ഐ.എന്‍.ടി.യു.സിയുടെ മധുര ജില്ലയിലെ ഓര്‍ഗനൈസറായി പ്രവര്‍ത്തിച്ചിരുന്ന കുപ്പുസാമിയെ ജി.രാമാനുജവും മറ്റും ചേര്‍ന്ന് മൂന്നാറിലേക്ക് അയക്കുന്നത്.1950 ജനുവരി മൂന്നിനാണ് കുപ്പുസാമി മൂന്നാറില്‍ എത്തുന്നത്.തുടര്‍ന്ന് സമരങ്ങളുടെ വേലിയേറ്റമായിരുന്നുവെന്ന് ചരിത്ര രേഖകള്‍ പറയുന്നു. ഇതോടെ കുപ്പുസാമിയെ വകവരുത്താനും പലതവണ ശ്രമം നടന്നു. കന്യാകുമാരിയെ തമിഴ്നാടില്‍ചേര്‍ക്കുന്നതിനുള്ള സമരത്തിന് നേതൃത്വം നല്‍കിയ നേശമണി, മറ്റ് തമിഴ്നാട് നേതാക്കള്‍ എന്നിവരൊക്കെ പിന്തുണയുമായി മൂന്നാറിലെത്തി. ഡി.എം.കെ. സ്ഥാപക നേതാവ് സി.എന്‍.അണ്ണാദുര ആര്‍.കുപ്പുസാമിയെ ചെന്നൈയിലേക്ക് വിളിച്ച് വരുത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
1952 മുതല്‍ നടന്ന തെരഞ്ഞെടുപ്പുകളിലും തമിഴ്നാട് കോണ്‍ഗ്രസിന്റെ കരുത്ത് കാട്ടി.എന്നാല്‍, സംസ്ഥാന പുനരേകീകരണ കമീഷന്‍ റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ അതംഗീകരിച്ച് കേരളത്തിന്റെ ഭാഗമായി തുടരാന്‍ തീരുമാനിക്കുകയായിരുന്നു തിരുവിതാംകൂര്‍ തമിഴ്നാട് കോണ്‍ഗ്രസ്. അന്ന് തിരുവിതാംകൂറിനും കേരളത്തിനും വേണ്ടി വാദിച്ചത് തമിഴ് വംശജനായ എന്‍.ഗണപതിയായിരുന്നു. തിരുഡകൊച്ചിയിലും ഐക്യ കേരളത്തിലും എം.എല്‍.എയായിരുന്ന ഗണപതിയെ 'തായ് നാട്ടൈ കാട്ടി കൊടുത്തവന്‍ '(മാതൃദേശത്തെ ഒറ്റിയവന്‍ )എന്നാണ് തിരുവിതാംകൂര്‍ തമിഴ്നാട് സ്റ്റേറ്റ് കോണ്‍ഗ്രസ് വിളിച്ചത്.ഗണപതി മരിക്കുന്നത് വരെ ചില തമിഴ് നേതാക്കള്‍ അദ്ദേഹത്തിന് അയിത്തം കല്‍പ്പിച്ചിരുന്നു.
അന്ന് ഐതിഹാസിക സമരങ്ങള്‍ക്കാണ് മൂന്നാര്‍ സാക്ഷ്യം വഹിച്ചതെങ്കിലും ഒരിക്കലും അത് തമിഴ്^മലയാളി സംഘര്‍ഷമായി മാറിയിരുന്നില്ലെന്ന് ചരിത്രം പറയുന്നു.ഇതിന്റെ പേരില്‍ മലയാളി തമിഴരെയോ തിരിച്ചോ ആക്രമിക്കാന്‍ ശ്രമം നടന്നില്ല. അന്ന് നടന്നത് രണ്ട് ഭാഷക്കാരോ സംസ്ഥാനങ്ങളോ തമ്മിലുള്ള തര്‍ക്കമായിരുന്നില്ല. ഭൂരിപക്ഷം വരുന്ന തമിഴ് വംശജര്‍ അവരുടെ സംസ്കാരവും ബന്ധങ്ങളും ചൂണ്ടിക്കാട്ടി തമിഴ്നാടിന്റെ ഭാഗമാകണമെന്ന് ആഗ്രഹിച്ചു. അതിനായി പ്രക്ഷോഭങ്ങള്‍ നടത്തി. പക്ഷ, കേന്ദ്ര സര്‍ക്കാര്‍ അതംഗീകരിച്ചില്ല.അതോടെ ആ അദ്ധ്യായം അവസാനിച്ചുവെന്നാണ് അന്ന് പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നവര്‍ പറയുന്നത്. എന്നാല്‍, പുതിയ നീക്കം മുല്ലപ്പെരിയാര്‍ അണക്കെട്ടിനെ മാത്രം ലക്ഷ്യമിട്ടാണ്. അരനൂറ്റാണ്ട് അവസാനിപ്പിച്ച വിഷയം കുത്തിപ്പൊക്കാന്‍ ശ്രമിക്കുമ്പോള്‍ അതിലുള്ളത് ചില രാഷ്ട്രിയ ലക്ഷ്യവും. അതിന് കേരളത്തിലെ തമിഴ് വംശജരുടെ പിന്തുണയുണ്ടാകില്ല.കാരണം, അവര്‍ കേരളത്തിന്റെ ഭാഗമാണ്.അവരോട് ഇവിടെ ഒരു തരത്തിലും വേര്‍തിരിവില്ലെന്നും ജാതിയുടെയോ ഭാഷയുടെയോ പേരില്‍ ആരെയും മാറ്റി നിര്‍ത്തുന്നില്ലെന്നും അവര്‍ക്കറിയാം. അവരുടെ തായ് മൊഴി പഠിക്കാനും പഠിപ്പിക്കാനും അവരുടെ ആചാരങ്ങളും സംസ്കാരങ്ങളും സംരക്ഷിക്കാനും സംസ്ഥാന സര്‍ക്കാര്‍ അവര്‍ക്കൊപ്പമുണ്ട്.