Pages

22 November 2013

Malayalam Translation of Kasturi Rangan report

കസ്തുരി രംഗന്‍ റിപ്പോര്‍ട്ടിന്‍െറ മലയാള പരിഭാഷ വായിക്കാം. ഇതില്‍ എവിടെയാണ് കര്‍ഷക വിരുദ്ധ നിര്‍ദ്ദേശമുള്ളതെന്ന് വ്യക്തമാക്കുകയും ചെയ്യാം. ഇടുക്കി എം.പി.ശ്രി. പി.ടി.തോമസ് പറയുന്നത് പോലെ റിപ്പോര്‍ട്ട് വായിക്കുന്നവര്‍ക്ക് എതിര്‍ക്കാന്‍ കഴിയില്ളെന്നതാണ് സത്യം. ജനക്കൂട്ടത്തെ കണ്ട് ഭയന്നവര്‍, അവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുകയാണ് വേണ്ടത്.

20 November 2013

ഹൈറേഞ്ചില്‍ അടുത്ത തലമുറ ജീവിക്കണ്ടെന്നാണോ?
പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം നിയമിച്ച മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ പാടില്ളെന്ന് വാശിപിടിച്ചതോടെയാന് കസ്തുരി രംഗനെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചത്. അതും നടപ്പാക്കാന്‍ പാടില്ളെന്നാണ് കര്‍ഷകരുടെ പേരില്‍ രാഷ്ട്രിയ പാര്‍ട്ടികളും മത നേതാക്കളും ആവശ്യപ്പെടുന്നത്. മത നേതാക്കള്‍ രംഗത്ത് വന്നതോടെ സര്‍ക്കാരിനും മറിച്ചൊരു അഭിപ്രായമില്ല. കാരണം, ലോകസഭാ തെരഞ്ഞെടുപ്പ് പടിക്കലത്തെി. സീറ്റ് വേണ്ടവരും ജയിക്കേണ്ടവരും സജീവമാണ്.
റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ കര്‍ഷക വിരുദ്ധമാണെന്നാണ് ഇവരൊക്കെ പറയുന്നത്. എന്നാല്‍, എന്താണ് കര്‍ഷക വിരുദ്ധമെന്ന് പറയാന്‍ കഴിയുന്നില്ല. കസ്തുരി രംഗന്‍ കമ്മിറ്റി പരിസ്ഥിതി ദുര്‍ബല പ്രദേശമായി പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ വിചിത്രമായ പ്രചരണം നടക്കുന്നുവെന്നാണ് പറയുന്നത്. തിരുവനന്തപുരത്തെ ഹെല്‍പ് ഡെസ്കില്‍ വന്ന സംശയങ്ങള്‍ എന്തൊക്കെയെന്ന് അറിയുമ്പോള്‍ തന്നെ വ്യാജ പ്രചരണം എത്രത്തോളമെന്ന് അറിയാനാകും. പരിസ്ഥിതി ലോല പ്രദേശങ്ങളിലെ വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും പച്ച പെയിന്‍റടിക്കണമോയെന്നായിരുന്നുവത്രെ സംശയം. സര്‍ക്കാര്‍ സബ്സിഡി തുടര്‍ന്നും കിട്ടുമോ, വീടിനും സ്ഥലത്തിനും കരം അടക്കാന്‍ കഴിയുമോ, ഭൂമി കൈമാറ്റം ചെയ്യാന്‍ കഴിയുമോ, എത്രകാലം ഇപ്പോഴത്തെ സ്ഥലത്ത് ജീവിക്കാനാകും തുടങ്ങി എന്തൊക്കെ സംശയങ്ങള്‍. പാറ പൊട്ടിക്കലും മണല്‍ ഖനനവും നടക്കില്ളെന്നൊഴിച്ചാല്‍മറ്റൊരു തടസവും ഇല്ളെന്നിരിക്കെ ആരോ ബോധപൂര്‍വ്വം പ്രചരിപ്പിക്കുന്നതാണ് ഇതൊക്കെ. ബി.പി.എല്‍ കാര്‍ഡോക്കെ എ പി എല്‍ ആയി മാറുമെന്ന് പറയാതിരുന്നത് ഭാഗ്യം.
ഇനി മറ്റൊരു കാര്യം. പശ്ചിമഘട്ടം സംരക്ഷിക്കേണ്ടതില്ളെന്നാണോ ഹൈറേഞ്ചിലെ ജനങ്ങളുടെ അഭിപ്രായം? അല്ളെന്ന് ഉറപ്പായും  പറയാന്‍ കഴിയും. ഇടുക്കിയുടെ വര്‍ത്തമാനകാല ചരിത്രം മനസിലാക്കുന്നവര്‍ക്കറിയാം നാടിന്‍െറ പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്‍െറ ആവശ്യകത. ഏലത്തോട്ടങ്ങളുടെ താലൂക്ക് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഉടുമ്പഞ്ചോലയിലെ കാലാവസ്ഥക്കുണ്ടായ മാറ്റം ആ നാട്ടിലെ കൃഷിക്കാര്‍ മനസിലാക്കും.അടുത്ത കാലംവരെ ഉച്ചക്ക് പോലും തണുപ്പായിരുന്ന നെടുങ്കണ്ടത്തും ഉടുമ്പഞ്ചോലയിലും ഇപ്പോള്‍ മഴക്കാലത്തു പോലും പഴയ തണുപ്പില്ല. ഇതിന് കാരണം മറ്റൊന്നല്ല, ഏലത്തോട്ടങ്ങള്‍ ഇല്ലാതായി എന്നത് തന്നെ. 1977 ജനുവരി ഒന്നിന് മുമ്പായി 20384.59 ഹെക്ടര്‍ സ്ഥലം ഏലമിതര കൃഷിക്കായി പരിവര്‍ത്തനം ചെയ്യപ്പെട്ടു. ഇത്രയും ഭൂമിക്ക് പട്ടയം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ 1993ല്‍ അനുമതി നല്‍കുകയും ചെയ്തു. അതിന് ശേഷമാണ് ടൂറിസത്തിന്‍റ വളര്‍ച്ച. ഏലത്തോട്ടങ്ങളിലാണ് വലിയ റിസോര്‍ട്ടുകള്‍ ഉയര്‍ന്നത്. ഏലത്തോട്ടങ്ങള്‍ മാത്രമായിരുന്നു പോതമേടിലും ചിന്നക്കനാലിലും ഇപ്പോള്‍ പേരിന് പോലും ഏലമില്ല. കല്ലാര്‍-വട്ടിയാറിന്‍െറ അവസ്ഥയും ഇതു തന്നെ.
 തേക്കടിയുടെയും മൂന്നാറിന്‍െറയും അവസ്ഥയെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? വലിയ കോണ്‍ക്രീറ്റ് കെട്ടിടങ്ങളാണ് ദിനം പ്രതി ഉയരുന്നത്. മൂന്നാറിലെ മലകള്‍ വെട്ടിയിറക്കി അവിടെ റിസോര്‍ട്ടുകള്‍ നിര്‍മ്മിക്കുന്നു. മഴ നിഴല്‍ പ്രദേശമായ മറയൂരിലും റിസോര്‍ട്ടുകഹ ഉയരുന്നു. ഇതിനൊക്കെ കല്ലും മണലും നല്‍കാന്‍ മല്‍സരിക്കുന്നവര്‍ കസുതുരി രംഗനെ മാത്രമല്ല, ഏതൊരു നിയന്ത്രണത്തെയും എതിര്‍ക്കും.
മുമ്പ് ഏത് ഭാഗത്തേക്ക് നോക്കിയാലും വെള്ളി അരിഞ്ഞാണം പോലെ അരുവികള്‍ കാണാമായിരുന്നു.അവിടെ നിന്നും മുളയിലൂടെയും ഹോസിലൂടെയുമല്ളേ നമ്മള്‍ കുടിവെള്ളം കൊണ്ട് വന്നിരുന്നത്. ഇന്നിപ്പോള്‍ എത്ര അരുവികള്‍ അവശേഷിക്കുന്നുണ്ട്. ഉറവകള്‍ പോലും വറ്റി വരണ്ടു.
ഇപ്പോള്‍ തന്നെ ഇടുക്കിയുടെ കാലാവസ്ഥ മാറി, കാര്‍ഷിക വിളകളുടെ ഉല്‍പാദനം കുറഞ്ഞു. പഴയത് പോലെ കുരുമുളകും ഏലവും ഒന്നും കിട്ടുന്നില്ല. നഷ്ടപ്പെട്ട മണ്ണിന്‍െറ ജൈവാംശം തിരിച്ച് കിട്ടണമെങ്കില്‍ ചില നിയന്ത്രണങ്ങള്‍ വേണ്ടതില്ളേ? അടുത്ത തലമുറക്കും അതിനടുത്ത തലമുറക്കും ഈ മണ്ണില്‍ ജീവിക്കാന്‍ അവര്‍ക്ക് വെള്ളവും ഭൂമിയും വേണമോയെന്ന് ആലോചിക്കണം. അതോ ഇന്നത്തെ നിലയില്‍ തുടര്‍ന്ന് വൈകാതെ ഹൈറേഞ്ചിനെയും മറ്റൊരു കൊച്ചിയോ മധുരയോ ഒക്കെ ആക്കി മാറ്റണമോ? ഈ മണ്ണ് നമ്മുടെതാണ്. പട്ടം താണുപിള്ളയുടെ കാലഘട്ടത്തിലും ഗ്രോ മോര്‍ ഫുഡ് പദ്ധതി പ്രകാരവും മലമ്പനിയോടും വന്യജീവികളോടും പൊരുതി നമ്മുടെ മുന്‍തലമുറ കൃഷി ഭൂമിയാക്കിയ മണ്ണ്. അത് കൃഷി ഭൂമിയായി ഇന്നത്തേത് പോലെയെങ്കിലും സംരക്ഷിക്കപ്പെടണം.

17 November 2013

KATHRIKKA...അഥവാ വഴുതന: കസ്തുരി രംഗന്‍ റിപ്പോര്‍ട്ടും കേരളവും

KATHRIKKA...അഥവാ വഴുതന: കസ്തുരി രംഗന്‍ റിപ്പോര്‍ട്ടും കേരളവും: കസ്തുരി  രംഗന്‍ റിപ്പോര്‍ട്ട് അംഗികരിച്ച ്കേന്ദ്ര പരിസ്ഥിതി വകുപ്പ് ഉത്തരവിറക്കിയതോടെ മലയോര ജില്ലകള്‍ കത്തുകയാണ്. റിപ്പോര്‍ട്ടില്‍ പറ...

കസ്തുരി രംഗന്‍ റിപ്പോര്‍ട്ടും കേരളവുംകസ്തുരി  രംഗന്‍ റിപ്പോര്‍ട്ട് അംഗികരിച്ച ്കേന്ദ്ര പരിസ്ഥിതി വകുപ്പ് ഉത്തരവിറക്കിയതോടെ മലയോര ജില്ലകള്‍ കത്തുകയാണ്. റിപ്പോര്‍ട്ടില്‍ പറയുന്ന പ്രകാരം പരിസ്ഥിതി ലോല പ്രദേശങ്ങള്‍ പ്രഖ്യാപിക്കപ്പെടുന്നതോടെ കര്‍ഷകരെ കുടിയിറക്കുമെന്ന പ്രചരണമാണ് തെറ്റിദ്ധാരണക്ക് കാരണമെന്ന് വേണം കരുതാന്‍. ഇടുക്കിയും ചിന്നാറും  തട്ടേക്കാടും തുടങ്ങിയ വന്യജീവി സങ്കേതത്തിനകത്തും ചന്ദന റിസര്‍വിനകത്തും  കര്‍ഷകരും അവരുടെ കൃഷിയും യാതൊരു തടസവുമില്ലാതെ തുടരുമ്പോള്‍ വനം-വന്യജീവി വകുപ്പിന് യാതൊരു പങ്കാളിത്തവുമില്ലാത്ത പരിസ്ഥിതി ലോലപ്രദേശങ്ങളിലുള്ളവരെ കുറിയിറക്കുമെന്ന് പറയുന്നതിലെ പൊരുത്തക്കേട് ജനപ്രതിനിധികള്‍ എങ്കിലും തിരിച്ചറിയേണ്ടതാണ്. പെരിയാര്‍ കടുവാ സങ്കേതത്തിലടക്കം ആദിവാസികള്‍ തടസം കൂടാതെ കൃഷി നടത്തുന്നുണ്ട്. പരിസ്ഥിതി ലോല പ്രദേശങ്ങളായി മുമ്പ് പ്രഖ്യാപിച്ചിട്ടുള്ള ഒരിടത്തും കുടിയിറക്കുണ്ടായതായി ആരും പറയുന്നില്ല.
 പരിസ്ഥിതി ലോല പ്രദേശം സംബന്ധിച്ച് വലിയ തെറ്റിദ്ധാരണകളും പരക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ കൊണ്ട്വന്ന വന നിയമത്തിലെ പരിസ്ഥിതി ദുര്‍ബല പ്രദേശം (ഇ എഫ് എല്‍) എന്നതിന് തുല്യമാണ് ഇ.എസ്.എയെന്ന പ്രചരണമാണ് നടക്കുന്നത്. കുറിയിറക്ക് കടന്ന് വന്നതും ഇതിലൂടെയാകാം. മുമ്പ് വനമായിരുന്ന ഒരു നിശ്ചിത പ്രദേശമാണ് ഇ.എഫ്.എല്‍ ആയി പ്രഖ്യാപിക്കുന്നത്. വനംവകുപ്പിന്‍െറ നിയന്ത്രണവുമുണ്ടാകും. എന്നാല്‍, എ.എസ്.എ യില്‍വനം വകുപ്പിന് യാതൊരുറോളുമില്ല. കേന്ദ്ര പരിസ്ഥിതി മന്ത്രാലയമാണ് ഇ.എസ്.എ പ്രഖ്യാപിക്കുന്നത്. ഇന്‍ഡ്യയിലെ ആദ്യ ഇ.എസ്.എ മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയില്‍പ്പെട്ട മുറൂദ്-ജന്‍ജിറ കടല്‍തീരമാണ്. കടലിലെ സ്ഥിതി ചെയ്യുന്ന ജന്‍ജിറ കോട്ടയുടെ കൂടി സംരക്ഷണം ലക്ഷ്യമിട്ട് 1989 ജനുവരിയിലാണ് ഇ.എസ്.എ നിലവില്‍ വന്നത്. അവിടെ കപ്പല്‍ അുറ്റകുറ്റ പണി നടത്താനുള്ള യൂണിറ്റ് സ്ഥാപിക്കുന്നത് കോട്ടക്കും തീര പ്രദേശത്തെ ടുറിസം പ്രവര്‍ത്തനത്തിനും തടസമാകുമെന്ന പരാതിയിലായിരുന്നു പരിസ്ഥിതി മന്ത്രാലയത്തിന്‍െറ നടപടി. തുടര്‍ന്ന് 1989 ഫെബ്രുവരിയില്‍ ഉത്തരാഖണ്ഡിലെ  ദൂണ്‍വാലിയെ ഇ.എസ്.എയായി പ്രഖ്യാപിച്ചത് ക്വാറി വരുന്നത് തടയുന്നതിനാണ്.
കേന്ദ്ര പരിസ്ഥിതി (സംരക്ഷണ)നിയമത്തിലെ അഞ്ചാം വകുപ്പ് പ്രകാരമാണ് കസ്തുരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന് ഉത്തരവിറക്കിയത്. 2000ലെ ഖരമാലിന്യ സംസ്കരണ നിയമവും പരിസ്ഥിതി (സംരക്ഷണ)നിയമത്തിന്‍െറ അടിസ്ഥാനത്തിലാണ്. ഖരമാലിന്യ സംസ്കരണം നടത്താത്ത നഗരസഭകള്‍ക്ക് കലക്ടര്‍ നോട്ടീസ് നല്‍കുന്നത് പരിസ്ഥിതി (സംരക്ഷണ)നിയമത്തിലെ അഞ്ചാം വകുപ്പ് പ്രകാരമാണ്.
1972ല്‍ സ്റ്റോക്ക്ഹോമില്‍  ഐക്യ രാഷ്ട്രസഭ വിളിച്ച്ചേര്‍ത്ത മനുഷ്യരുടെ നിലനില്‍പ്പുമായി ബന്ധപ്പെട്ട കണ്‍വന്‍ഷന്‍െറ തീരുമാന പ്രകാരമാണ് പരിസ്ഥിതി (സംരക്ഷണ)നിയമം കൊണ്ടു വന്നതെന്ന് നിയമത്തിന്‍െറ ആമുഖത്തില്‍ പറയുന്നു.ജലം, വായു,ഭൂമി, മനുഷ്യരുടെ നിലനില്‍പ്, മറ്റ് ജീവജാലകങ്ങള്‍, സസ്യം തുടങ്ങിയവയാണ് പരിസ്ഥിതിയെന്നും നിയമത്തില്‍ പറയുന്നു. വനവും വന്യജീവികളുമായും വനം വകുപ്പുമായും പരിസ്ഥിതി (സംരക്ഷണ)നിയമത്തിനും പരിസ്ഥിതി ലോല പ്രദേശത്തിനും ബന്ധമില്ല. വന്‍തോതില്‍ പരിസര മലിനീകരണം സൃഷ്ടിക്കുന്ന വ്യവസായങ്ങള്‍, ഖനനം, ഭൂമിയുടെ ഘടന മാറ്റുന്നത്, മരങ്ങള്‍ മുറിക്കുന്നത് എന്നിവയാണ് ഇ.എസ്.എ പ്രകാരം തടയുന്നത്.
1977 ജനുവരി ഒന്നിന്മുമ്പ് വനഭൂമിയില്‍ പ്രവേശിച്ചവര്‍ക്കും ഏലമിതര കൃഷിക്കായി ഏലമലക്കാടുകളെ പരിവര്‍ത്തനം ചെയ്തവര്‍ക്കുംപട്ടയം നല്‍കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപേക്ഷ നിരസിച്ച കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്‍െറ 1992ലെ നടപടിക്കെതിരെ പോലും ഇപ്പോഴത്തെയത്ര തീവ്രമായ സമരം നടന്നിട്ടില്ളെന്ന് പറയാതെ വയ്യ. ഇനി എങ്ങനെയാണ് കസ്തുരി രംഗന്‍റ റിപ്പോര്‍ട്ട് കര്‍ഷകര്‍ക്ക് എതിരാകുക. റിപ്പോര്‍ട്ട് പിന്‍വലിക്കണമെന്ന് പറയുന്നവര്‍ ഇക്കാര്യത്തില്‍ വ്യക്തമായ മറുപടി നല്‍കുന്നില്ല.  പശ്ചിമഘട്ട സംരക്ഷണത്തിനായി ശിപാര്‍ശ നല്‍കാന്‍  നിയോഗിച്ച കസ്തുരിരംഗന്‍ കമ്മിറ്റി നിരോധിച്ച ടൗണ്‍ഷിപ്പ് നിര്‍മ്മാണത്തിന് കേന്ദ്ര സര്‍ക്കാരിന്‍െറ അനുമതി നല്‍കിയിട്ടുണ്ട്.  50 ഹെക്ടര്‍ വരെയുള്ള പ്രദേശത്തോ ഒന്നരലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലോ ടൗണ്‍ഷിപ്പ് നിര്‍മ്മിക്കാമെന്നാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്.  ഇതോടെ കെട്ടിട നിര്‍മ്മാണം അസാധ്യമാകുമെന്ന ആശങ്കയാണ് നീങ്ങിയത്.   ഇതിന് പുറമെയാണ് 20,000 ചതുരശ്ര മീറ്റര്‍ വിസ്തൃതയുള്ള കെട്ടിടങ്ങള്‍ നിര്‍മ്മിക്കാനുള്ള അനുമതി. ടൗണ്‍ഷിപ്പിനും കെട്ടിട നിര്‍മ്മാണങ്ങള്‍ക്കും അനുമതി നല്‍കിയതോടെ ഒരു തരത്തിലും വികസന പ്രവര്‍ത്തനങ്ങള്‍ തടസപ്പെടില്ളെന്ന് വിലയിരുത്തപ്പെടുന്നു.
 ഇതേസമയം,ജലവൈദ്യുതി പദ്ധതികള്‍ക്ക് ഉപാധികളോടെ അനുമതി നല്‍കാം. പരിസര മലിനകരണമുണ്ടാക്കുന്ന ചുവപ്പ് പട്ടികയില്‍പ്പെടുന്ന വ്യവസായങ്ങള്‍ക്കും നിരോധനമുണ്ട്. ഡിസ്റ്റിലറി, പഞ്ചസാര, വളം, പള്‍പ്പും പേപ്പറും, ഫാര്‍മസിക്യുട്ടിക്കല്‍, സിമന്‍റ്, ഇരുമ്പും സ്റ്റീലും, അലൂമിനിയം തുടങ്ങിയവയാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്‍െറ ചുവപ്പ് പട്ടികയിലുള്ളത്. ചുവപ്പ് പട്ടികയില്‍ ഭേദഗതി വരുത്താന്‍ സംസ്ഥാന മലിനികരണ നിയന്ത്രണ ബോര്‍ഡിന് അവകാശമുണ്ടെന്നും ഉത്തരവില്‍ പറയുന്നു. പുതിയ പദ്ധതികള്‍ക്ക് പരിസ്ഥിതി ആഘാത പഠനംവേണമെന്നതാണ് മറ്റൊരു നിര്‍ദ്ദേശം. 2006ലെ പരിസ്ഥിതി ആഘാത പഠന വിജ്ഞാപന പ്രകാരം ഇപ്പോള്‍ തന്നെ പല പദ്ധതികള്‍ക്കും ഇത്് വേണം.
കസ്തുരി രംഗന്‍ റിപ്പോര്‍ട്ടില്‍ പശ്ചിമഘട്ട സംരക്ഷണത്തിനായി നിര്‍ദ്ദേശിക്കുന്ന പരിസ്ഥിതി ലോല പ്രദേശത്തിന്‍െറ (ഇ.എസ്.എ) അടിസ്ഥാന യൂണിറ്റിനെ സംബന്ധിച്ചാണ് ആക്ഷേപമെങ്കില്‍ അതില്‍ഭേദഗതി വരുത്തണമെന്ന് ആവശ്യപ്പെടാം. ഇപ്പോള്‍ വില്ളേജുകളെയാണ് പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിച്ചിട്ടുള്ളത്. 20ശതമാനം പരിസ്ഥിതി ലോല പ്രദേശം ഉള്‍പ്പെടുന്ന വില്ളേജുകളെയാണ് ഇ.എസ്.എയായി പ്രഖ്യാപിക്കാന്‍ കസ്തുരിരംഗന്‍ കമ്മിറ്റി ശിപാര്‍ശ ചെയ്തത്. സംസ്ഥാനത്തെ 123 വില്ളേജുകളാണ് ഈ പട്ടികയില്‍ ഉള്‍പ്പെട്ടത്. ഇക്കാര്യത്തില്‍ ആക്ഷേപമുണ്ടെങ്കില്‍ പരിസ്ഥിതി ലോല പ്രദേശങ്ങളായ വാര്‍ഡുകളെ പട്ടികയില്‍ ഉള്‍പ്പെടുത്താം. അപ്പോള്‍ പിന്നെ പാറ പൊട്ടിക്കലും മണല്‍ ഖനനവും ആകാമല്ളോ?

13 November 2013

മാണിയും ജോസഫും പിന്നെ കേരള കോണ്‍ഗ്രസും ഒന്നായെങ്കിലും രണ്ടായി തുടരുന്ന കേരള കോണ്‍ഗ്രസ് (എം) വീണ്ടും രണ്ടാകാനുള്ള ഒരുക്കത്തിലാണ്.പിളര്‍പ്പും ലയനവും കേരള കോണ്‍ഗ്രസില്‍ പുതുമയില്ലാത്തതിനാല്‍ അല്‍ഭുതങ്ങള്‍ക്ക് സ്ഥാനമില്ല. ലോകസഭാ തെരഞ്ഞെടുപ്പിന് മുമ്പ് എന്തും സംഭിവിക്കാം. 23 വര്‍ഷത്തിന്ശേഷമുള്ള മാണി-ജോസഫ് ഐക്യപ്പെടലിനാണ് വിള്ളല്‍. അതും പാര്‍ട്ടി വൈസ് ചെയര്‍മാന്‍ കൂടിയായ പി.സി.ജോര്‍ജിന്‍െറ പേരിലും.
1989ല്‍ ഇടുക്കി ലോകസഭാ സീറ്റിന്‍െറ പേരിലാണ് പി.ജെ.ജോസഫ് യു.ഡി.എഫ് വിട്ടതെങ്കില്‍ ഇത്തവണ ഇടുക്കി സീറ്റ് വേണ്ടെന്ന്  പി.സി.ജോര്‍ജ് പരസ്യമായി പ്രഖ്യാപിച്ചതാണ് ജോസഫ് വിഭാഗത്തെ പ്രകോപിപ്പിച്ചത്. ഇതിന്‍െറ പേരിലുണ്ടായ പ്രസ്താവന യുദ്ധത്തില്‍ കഴിഞ്ഞ തവണ ഇടുക്കിയില്‍ പരാജയപ്പെട്ട പാര്‍ട്ടി സ്ഥാപക ചെയര്‍മാന്‍ കെ.എം.ജോര്‍ജിന്‍െറ മകനും മുന്‍ എം.പിയുമായഫ്രാന്‍സിസ് ജോര്‍ജിനെതിരെ ജോര്‍ജ് നടത്തിയ ചില പരാമര്‍ശങ്ങള്‍ എരിതീയില്‍ എണ്ണ ഒഴിക്കുന്നതിന് തുല്യമായി.
 യു.ഡി.എഫില്‍ ഘടകകക്ഷികളായിരിക്കെ കെ.എം.മാണി, പി.ജെ.ജോസഫ് വിഭാഗങ്ങള്‍ 1984ല്‍ ലയിക്കുകയും 1987ല്‍  പിളര്‍ന്ന് ഇരുകൂട്ടരും യു.ഡി.എഫില്‍ തുടരുകയും ചെയ്ത പാരമ്പര്യം കേരള കോണ്‍ഗ്രസിനുണ്ട്. 1984ലെ ലയന സമ്മേളനത്തിലാണ്‘വളരും തോറും പിളരുകുയും പിളരുന്തോറും വളരുകയും’ ചെയ്യുന്ന പാര്‍ട്ടിയെന്ന പ്രഖ്യാപനം കെ.എം.മാണി നടത്തിയത്. 1979ലാണ് കെ. എം. മാണിയും പി. ജെ. ജോസഫും ആദ്യമായി വേര്‍പിരിയുന്നത്. 1977ല്‍ പാലായില്‍ നിന്ന് കെ എം. മാണി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് ഹൈ കോടതി അസാധുവാക്കിയതിനെ തുടര്‍ന്ന് പകരക്കാരനായി മന്ത്രിയായ പി. ജെ. ജോസഫ് പിന്നിട് മാണി  സുപ്രിം കോടതിയില്‍ നിന്ന് അനുകൂല വിധിയുമായി എത്തിയപ്പോള്‍ രാജിവെക്കുകയായിരുന്നു. മന്ത്രി സ്ഥാനം രാജി വെച്ചുവെങ്കിലും അത് കേരള കോണ്‍ഗ്രസില്‍ ചില്ലറ പ്രശ്നങ്ങള്‍ സൃഷ്ടിച്ചു. ചരല്‍ക്കുന്നില്‍ നടന്ന സംസ്ഥാന ക്യാമ്പിനും പ്രശ്നം രമ്യമായി പരിഹരിക്കാന്‍ കഴിഞ്ഞില്ല. അതവസാനിച്ചത് പാര്‍ട്ടി പിളര്‍പ്പിലും. 1979 ലെ പിളര്‍പ്പില്‍ മാണിക്കൊപ്പം 14 എം. എല്‍. എമാരുണ്ടായിരുന്നു. ജോസഫിനൊപ്പം ആറ് പേരും. മാണി ഭരണമുന്നണിയില്‍ തുടര്‍ന്നപ്പോള്‍ ജോസഫ് പ്രതിപക്ഷത്ത് കെ. കരുണാകരന്‍െറ ഒപ്പമായിരുന്നു.
1980ല്‍  ഇടത്പക്ഷ ജനാധിപത്യ മുന്നണി രൂപവല്‍ക്കരണത്തില്‍ എ. കെ. ആന്‍റണിക്കൊപ്പം മാണിയും പങ്കാളിയായി ആദ്യ നയനാര്‍ സര്‍ക്കാരിന്‍െറ ഭാഗമായതോടെ ജോസഫ് പ്രതിപക്ഷത്ത് സജീവമായി. യൂ. ഡി. എഫ് കണ്‍വീനറുമായിരുന്നു.
മുഖ്യമന്ത്രിയാകാനുള്ള അവസരം നഷ്ടപ്പെട്ട് 1982ല്‍ കെ. എം. മാണിയും ആന്‍റണി കോണ്‍ഗ്രസിനൊപ്പം യു. ഡി. എഫില്‍ എത്തുകയായിരുന്നു. ഇതോടെ യു. ഡി. എഫില്‍ കേരള കോണ്‍ഗ്രസുകള്‍ മൂന്നായി. കേരള കോണ്‍ഗ്രസ്-പിള്ള വിഭാഗവും യൂ.ഡി.എഫിലായിരുന്നു. ഒരൊറ്റ മുന്നണിയില്‍ എന്തിന് മൂന്ന് കേരള കോണ്‍ഗ്രസുകള്‍ എന്ന ചോദ്യം ഉയര്‍ന്നതോടെയാണ് ആദ്യ ലയന ചര്‍ച്ചകള്‍ക്ക് തുടക്കമാകുന്നത്. അങ്ങനെ 1984ല്‍ മാണിയും ജോസഫും ലയിച്ചു. ജോസഫ് പാര്‍ട്ടി ചെയര്‍മാനും മാണി നിയമസഭാ കക്ഷി നേതാവുമായി. എന്നാല്‍, പാര്‍ട്ടിയിലെ ഐക്യത്തിന് ആയുസ് കുറവായിരുന്നു. ലയിച്ചുവെങ്കിലും ഇന്നത്തേത് പോലെ അന്നും രണ്ട് പാര്‍ട്ടിയെന്ന നിലയിലായിരുന്നു പ്രവര്‍ത്തനം. 1987ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി കേരള കോണ്‍ഗ്രസുകള്‍ വഴിപിരിഞ്ഞു. രണ്ടു കൂട്ടരും യു. ഡി. എഫില്‍ തുടരുകയും ചെയ്തതിനാല്‍ 1987ലെ നിയസഭാ തെരഞ്ഞെടുപ്പില്‍ പരസ്പരം കാല്വാരി തോല്‍വി ഏറ്റുവാങ്ങി.
ഒരു മുന്നണിയിലാണെങ്കിലും ശത്രുക്കളെ പോലെ കഴിയവെയാണ് 1989ല്‍ ലോകസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത്. മാണിക്ക് മൂവാറ്റുപുഴയും ജോസഫിന് ഇടുക്കിയും മണ്ഡലങ്ങള്‍ നല്‍കിയെങ്കിലും ജോസഫിന് മുവാറ്റുപുഴ വേണമെന്നായിരുന്നു വാശി. ജോസഫിലെ ബേബി മുണ്ടക്കല്‍ വിജയിച്ച മുവാറ്റുപുഴ തങ്ങളുടെ സീറ്റിംഗ് സീറ്റാണെന്നായിരുന്നു അവരുടെ വാദം. എന്നാല്‍ സ്വന്തം തട്ടകമായ പാല ഉള്‍പ്പെടുന്ന മുവാറ്റുപുഴ വിട്ട് കൊടുക്കാന്‍ മാണി തയ്യാറായതുമില്ല. ഒടുവില്‍ മുവാറ്റുപുഴയില്‍ പി.ജെ.ജോസഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയാതോടെ യു.ഡി.എഫില്‍ നിന്നും പുറത്തായി. കേരള കോണ്‍ഗ്രസിന്‍െറ ഐക്യം വീണ്ടും മുഴങ്ങിയതോടെയാണ്  23 വര്‍ഷത്തിന് ശേഷം  2010 മെയില്‍  പി. ജെ. ജോസഫ് വിഭാഗം  കേരള കോണ്‍ഗ്രസ്-എമ്മില്‍ ലയിച്ചത്.ഇടതു മുന്നണി മന്ത്രിസഭയില്‍ നിന്നും രാജിവെച്ചാണ് ജോസഫ് മാണിക്കൊപ്പമത്തെിയത്.
ഇനിയെന്ത് എന്നതാണ് കാത്തിരുന്ന് കാണേണ്ടത്.