Pages

20 November 2013

ഹൈറേഞ്ചില്‍ അടുത്ത തലമുറ ജീവിക്കണ്ടെന്നാണോ?
പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം നിയമിച്ച മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ പാടില്ളെന്ന് വാശിപിടിച്ചതോടെയാന് കസ്തുരി രംഗനെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചത്. അതും നടപ്പാക്കാന്‍ പാടില്ളെന്നാണ് കര്‍ഷകരുടെ പേരില്‍ രാഷ്ട്രിയ പാര്‍ട്ടികളും മത നേതാക്കളും ആവശ്യപ്പെടുന്നത്. മത നേതാക്കള്‍ രംഗത്ത് വന്നതോടെ സര്‍ക്കാരിനും മറിച്ചൊരു അഭിപ്രായമില്ല. കാരണം, ലോകസഭാ തെരഞ്ഞെടുപ്പ് പടിക്കലത്തെി. സീറ്റ് വേണ്ടവരും ജയിക്കേണ്ടവരും സജീവമാണ്.
റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ കര്‍ഷക വിരുദ്ധമാണെന്നാണ് ഇവരൊക്കെ പറയുന്നത്. എന്നാല്‍, എന്താണ് കര്‍ഷക വിരുദ്ധമെന്ന് പറയാന്‍ കഴിയുന്നില്ല. കസ്തുരി രംഗന്‍ കമ്മിറ്റി പരിസ്ഥിതി ദുര്‍ബല പ്രദേശമായി പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ വിചിത്രമായ പ്രചരണം നടക്കുന്നുവെന്നാണ് പറയുന്നത്. തിരുവനന്തപുരത്തെ ഹെല്‍പ് ഡെസ്കില്‍ വന്ന സംശയങ്ങള്‍ എന്തൊക്കെയെന്ന് അറിയുമ്പോള്‍ തന്നെ വ്യാജ പ്രചരണം എത്രത്തോളമെന്ന് അറിയാനാകും. പരിസ്ഥിതി ലോല പ്രദേശങ്ങളിലെ വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും പച്ച പെയിന്‍റടിക്കണമോയെന്നായിരുന്നുവത്രെ സംശയം. സര്‍ക്കാര്‍ സബ്സിഡി തുടര്‍ന്നും കിട്ടുമോ, വീടിനും സ്ഥലത്തിനും കരം അടക്കാന്‍ കഴിയുമോ, ഭൂമി കൈമാറ്റം ചെയ്യാന്‍ കഴിയുമോ, എത്രകാലം ഇപ്പോഴത്തെ സ്ഥലത്ത് ജീവിക്കാനാകും തുടങ്ങി എന്തൊക്കെ സംശയങ്ങള്‍. പാറ പൊട്ടിക്കലും മണല്‍ ഖനനവും നടക്കില്ളെന്നൊഴിച്ചാല്‍മറ്റൊരു തടസവും ഇല്ളെന്നിരിക്കെ ആരോ ബോധപൂര്‍വ്വം പ്രചരിപ്പിക്കുന്നതാണ് ഇതൊക്കെ. ബി.പി.എല്‍ കാര്‍ഡോക്കെ എ പി എല്‍ ആയി മാറുമെന്ന് പറയാതിരുന്നത് ഭാഗ്യം.
ഇനി മറ്റൊരു കാര്യം. പശ്ചിമഘട്ടം സംരക്ഷിക്കേണ്ടതില്ളെന്നാണോ ഹൈറേഞ്ചിലെ ജനങ്ങളുടെ അഭിപ്രായം? അല്ളെന്ന് ഉറപ്പായും  പറയാന്‍ കഴിയും. ഇടുക്കിയുടെ വര്‍ത്തമാനകാല ചരിത്രം മനസിലാക്കുന്നവര്‍ക്കറിയാം നാടിന്‍െറ പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്‍െറ ആവശ്യകത. ഏലത്തോട്ടങ്ങളുടെ താലൂക്ക് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഉടുമ്പഞ്ചോലയിലെ കാലാവസ്ഥക്കുണ്ടായ മാറ്റം ആ നാട്ടിലെ കൃഷിക്കാര്‍ മനസിലാക്കും.അടുത്ത കാലംവരെ ഉച്ചക്ക് പോലും തണുപ്പായിരുന്ന നെടുങ്കണ്ടത്തും ഉടുമ്പഞ്ചോലയിലും ഇപ്പോള്‍ മഴക്കാലത്തു പോലും പഴയ തണുപ്പില്ല. ഇതിന് കാരണം മറ്റൊന്നല്ല, ഏലത്തോട്ടങ്ങള്‍ ഇല്ലാതായി എന്നത് തന്നെ. 1977 ജനുവരി ഒന്നിന് മുമ്പായി 20384.59 ഹെക്ടര്‍ സ്ഥലം ഏലമിതര കൃഷിക്കായി പരിവര്‍ത്തനം ചെയ്യപ്പെട്ടു. ഇത്രയും ഭൂമിക്ക് പട്ടയം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ 1993ല്‍ അനുമതി നല്‍കുകയും ചെയ്തു. അതിന് ശേഷമാണ് ടൂറിസത്തിന്‍റ വളര്‍ച്ച. ഏലത്തോട്ടങ്ങളിലാണ് വലിയ റിസോര്‍ട്ടുകള്‍ ഉയര്‍ന്നത്. ഏലത്തോട്ടങ്ങള്‍ മാത്രമായിരുന്നു പോതമേടിലും ചിന്നക്കനാലിലും ഇപ്പോള്‍ പേരിന് പോലും ഏലമില്ല. കല്ലാര്‍-വട്ടിയാറിന്‍െറ അവസ്ഥയും ഇതു തന്നെ.
 തേക്കടിയുടെയും മൂന്നാറിന്‍െറയും അവസ്ഥയെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? വലിയ കോണ്‍ക്രീറ്റ് കെട്ടിടങ്ങളാണ് ദിനം പ്രതി ഉയരുന്നത്. മൂന്നാറിലെ മലകള്‍ വെട്ടിയിറക്കി അവിടെ റിസോര്‍ട്ടുകള്‍ നിര്‍മ്മിക്കുന്നു. മഴ നിഴല്‍ പ്രദേശമായ മറയൂരിലും റിസോര്‍ട്ടുകഹ ഉയരുന്നു. ഇതിനൊക്കെ കല്ലും മണലും നല്‍കാന്‍ മല്‍സരിക്കുന്നവര്‍ കസുതുരി രംഗനെ മാത്രമല്ല, ഏതൊരു നിയന്ത്രണത്തെയും എതിര്‍ക്കും.
മുമ്പ് ഏത് ഭാഗത്തേക്ക് നോക്കിയാലും വെള്ളി അരിഞ്ഞാണം പോലെ അരുവികള്‍ കാണാമായിരുന്നു.അവിടെ നിന്നും മുളയിലൂടെയും ഹോസിലൂടെയുമല്ളേ നമ്മള്‍ കുടിവെള്ളം കൊണ്ട് വന്നിരുന്നത്. ഇന്നിപ്പോള്‍ എത്ര അരുവികള്‍ അവശേഷിക്കുന്നുണ്ട്. ഉറവകള്‍ പോലും വറ്റി വരണ്ടു.
ഇപ്പോള്‍ തന്നെ ഇടുക്കിയുടെ കാലാവസ്ഥ മാറി, കാര്‍ഷിക വിളകളുടെ ഉല്‍പാദനം കുറഞ്ഞു. പഴയത് പോലെ കുരുമുളകും ഏലവും ഒന്നും കിട്ടുന്നില്ല. നഷ്ടപ്പെട്ട മണ്ണിന്‍െറ ജൈവാംശം തിരിച്ച് കിട്ടണമെങ്കില്‍ ചില നിയന്ത്രണങ്ങള്‍ വേണ്ടതില്ളേ? അടുത്ത തലമുറക്കും അതിനടുത്ത തലമുറക്കും ഈ മണ്ണില്‍ ജീവിക്കാന്‍ അവര്‍ക്ക് വെള്ളവും ഭൂമിയും വേണമോയെന്ന് ആലോചിക്കണം. അതോ ഇന്നത്തെ നിലയില്‍ തുടര്‍ന്ന് വൈകാതെ ഹൈറേഞ്ചിനെയും മറ്റൊരു കൊച്ചിയോ മധുരയോ ഒക്കെ ആക്കി മാറ്റണമോ? ഈ മണ്ണ് നമ്മുടെതാണ്. പട്ടം താണുപിള്ളയുടെ കാലഘട്ടത്തിലും ഗ്രോ മോര്‍ ഫുഡ് പദ്ധതി പ്രകാരവും മലമ്പനിയോടും വന്യജീവികളോടും പൊരുതി നമ്മുടെ മുന്‍തലമുറ കൃഷി ഭൂമിയാക്കിയ മണ്ണ്. അത് കൃഷി ഭൂമിയായി ഇന്നത്തേത് പോലെയെങ്കിലും സംരക്ഷിക്കപ്പെടണം.

No comments:

Post a Comment