Pages

01 February 2014

ഇടമലക്കുടിയില്‍ നിന്ന് അട്ടപ്പാടിക്കുള്ള ദൂരം

Published Article on 1st Feb 2014    http://www.madhyamam.com/news/268368/140130

ഇടമലക്കുടിയും അട്ടപ്പാടിയും രണ്ട് ആദിവാസി സങ്കേതങ്ങള്‍ എന്ന നിലയിലല്ല ചര്‍ച്ച ചെയ്യപ്പെടുന്നത്. മറിച്ച് ഭരണകൂട സങ്കല്‍പത്തിലെ വികസനം എങ്ങനെയാണ് ഒരു ജനതയേയും അവിടങ്ങളിലെ ആവാസ വ്യവസ്ഥയെയും ബാധിക്കുന്നത് എന്നതിനെ അടിസ്ഥാനത്തിലാണ്. തമിഴ്നാടിനോട് ചേര്‍ന്ന് കിടക്കുന്ന പശ്ചിമഘട്ടത്തിലെ പ്രദേശങ്ങളായ ഇടമലക്കുടിക്കും അട്ടപ്പാടിക്കും ഭൂമിശാസ്ത്രപരമായി ബന്ധമില്ല. ഇടുക്കി ജില്ലയില്‍ മൂന്നാറിനടുത്ത് ആനമുടി വനത്തിനകത്താണ് ഇടമലക്കുടി. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് താലൂക്കില്‍ മല്ലീശ്വരന്‍മുടിയുടെ താഴ്വരയില്‍ അട്ടപ്പാടിയും. എന്നാല്‍, സമാനതകളുണ്ട്. സംസ്ഥാനത്തെ ആദ്യ പട്ടികവര്‍ഗ വികസന ബ്ളോക്കാണ് അട്ടപ്പാടി. ഇടമലക്കുടി സംസ്ഥാനത്തെ ആദ്യ പട്ടികവര്‍ഗ പഞ്ചായത്തും.
അട്ടപ്പാടിയെക്കുറിച്ച് കേരളം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. ഇപ്പോഴും ചര്‍ച്ച ചെയ്യപ്പെടുന്നു. എന്തായിരുന്നു ആദിവാസികളുടെ അട്ടപ്പാടി? അവിടെ അവര്‍ക്കാവശ്യമായവ മണ്ണില്‍ വിളയിച്ചും ബാക്കിയുള്ളത് തൊട്ടടുത്ത മാര്‍ക്കറ്റില്‍ വില്‍പന നടത്തിയും സന്തോഷത്തോടെ കഴിഞ്ഞിരുന്ന ഗ്രാമം. എണ്ണയും ഉപ്പും ഒഴികെയുള്ളതൊക്കെ അവര്‍ക്ക് അവിടെ ലഭിച്ചു. എന്നാല്‍, അവര്‍ അങ്ങനെ ജീവിച്ചാല്‍ പോരെന്നായിരുന്നു വികസനദാഹികളുടെ നിശ്ചയം. ഇതിന് 1962ല്‍ അട്ടപ്പാടിയെ സംസ്ഥാനത്തെ ആദ്യ പട്ടികവര്‍ഗ വികസന ബ്ളോക്കായി പ്രഖ്യാപിച്ചു. ഇതോടെ പഞ്ചവത്സര പദ്ധതികളുടേതായും അല്ലാതായും ഫണ്ടുകള്‍ മലമുകളിലേക്ക് ഒഴുകി. റോഡും പാലവും സ്കൂളുകളും ആശുപത്രികളും അങ്ങനെ പലതും അട്ടപ്പാടിയിലത്തെി.യഥാര്‍ഥത്തില്‍ ഇതൊക്കെ ആദിവാസികള്‍ക്ക് വേണ്ടിയായിരുന്നോ? അല്ളെന്നാണ് അട്ടപ്പാടിയെക്കുറിച്ച് പഠനം നടത്തിയവര്‍ പറയുന്നത്. വ്യാപാരികളായി എത്തി ആദിവാസി ഭൂമി ചുളുവിലയ്ക്ക് സ്വന്തമാക്കിയവര്‍ക്കും വികസനത്തിനൊപ്പം മല കയറി വന്ന കുടിയേറ്റക്കാര്‍ക്കും വേണ്ടിയായിരുന്നു ഈ പദ്ധതികള്‍. എന്തായാലും കോടികളാണ് അട്ടപ്പാടിയില്‍ ചെലവഴിക്കപ്പെട്ടത്. ഈ തുക അട്ടപ്പാടിയിലെ കുടുംബങ്ങള്‍ക്ക് വീതം വെച്ച് നല്‍കിയിരുന്നെങ്കില്‍ അവരെങ്കിലും രക്ഷപ്പെടുമായിരുന്നെന്ന് പറഞ്ഞത് മുഖ്യമന്ത്രിയായിരിക്കെ എ.കെ. ആന്‍റണിയാണ്.
ഗിരിവികാസ്, മല്ലീശ്വര തുടങ്ങി പല പേരുകളിലാണ് പദ്ധതികള്‍ നടപ്പാക്കിയത്. ആര്‍ക്ക് വേണ്ടിയാണോ അട്ടപ്പാടിയില്‍ പദ്ധതികള്‍ നടപ്പാക്കിയത് അവരുടെ ജനസംഖ്യ കുറഞ്ഞുവന്നത് ബന്ധപ്പെട്ടവര്‍ കാണാതെ പോയി. 1961ലെ സെന്‍സസില്‍ 64 ശതമാനമായിരുന്നു ആദിവാസികള്‍. ഇപ്പോഴത് 37 ശതമാനത്തില്‍ താഴെയായി. കുടിയേറ്റം വര്‍ധിച്ചതാണ് ഇതിന് കാരണം.
1985ല്‍ രാജീവ് ഗാന്ധി അട്ടപ്പാടി സന്ദര്‍ശിച്ചതിനെ തുടര്‍ന്ന് പദ്ധതികളുടെ പ്രളയമായിരുന്നു. എന്നിട്ടും അട്ടപ്പാടിയിലെ ആദിവാസികള്‍ ഇപ്പോഴും പട്ടിണിയില്‍ കഴിയുന്നു. പോഷകാഹാരക്കുറവ് മൂലം കുട്ടികള്‍ മരിക്കുന്നു. അവരുടെ ഭൂമിയില്‍ കാറ്റാടി യന്ത്രങ്ങളും മറ്റും സ്ഥാപിക്കപ്പെടുന്നു.സ്വന്തം ഭൂമിയില്‍നിന്ന് ആദിവാ സികളെ തുരത്തുമ്പോഴും പുതിയ പദ്ധതികളുമായി സര്‍ക്കാര്‍ തന്നെ രംഗത്തുണ്ട്.
വികസനം വന്നതോടെ സ്വന്തം മണ്ണും ആചാരവും ഗോത്ര സംസ്കാരവും നഷ്ടപ്പെട്ട അട്ടപ്പാടിയിലെ ആദിവാസികളുടെ അനുഭവത്തില്‍ നിന്നാകണം ഇടമലക്കുടിയുടെ വികസന പ്രവര്‍ത്തനങ്ങളെ നോക്കിക്കാണാന്‍. 2010 മേയ് 20ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരമാണ് സംസ്ഥാനത്തെ ആദ്യ പട്ടികവര്‍ഗ പഞ്ചായത്തായി ഇടമലക്കുടി രൂപവത്കരിച്ചത്. 13 വാര്‍ഡുകളുമായി പഞ്ചായത്ത് നിലവില്‍ വരുകയും ഒരു ഗ്രാമ പഞ്ചായത്ത് എന്ന നിലക്ക് ഫണ്ട് അനുവദിക്കപ്പെടുകയും ചെയ്തതോടെയാണ് അട്ടപ്പാടിയുടെ വഴിയെ ഇമലക്കുടിയേയും കൊണ്ടുപോകാന്‍ രാഷ്ട്രീയ-ഉദ്യോഗസ്ഥ കൂട്ടുകെട്ട് ശക്തമായ ശ്രമം തുടങ്ങിയത്. മുതുവാന്‍ സമുദായത്തില്‍പെട്ടവര്‍ മാത്രമാണ്ഈ പഞ്ചായത്തിലുള്ളത്. 550 കുടുംബങ്ങളിലായി 2500ഓളമാണ് ജനസംഖ്യ.എഴുത്തും വായനയും അറിയുന്ന പഞ്ചായത്തംഗങ്ങള്‍ കുറവ്.
പേരില്‍ മാത്രമാണ് ഇമലക്കുടിക്കാര്‍ക്ക് ഗ്രാമ പഞ്ചായത്ത്. സൊസൈറ്റി കുടിയില്‍ ഒരു ഷെഡിന് മുന്നില്‍ ഗ്രാമ പഞ്ചായത്തിന്‍െറ ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. പക്ഷേ, പഞ്ചായത്തോഫിസ് പ്രവര്‍ത്തിക്കുന്നത് ദേവികുളത്തെ സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്സില്‍. മുമ്പ് ഇടമലക്കുടിക്കാര്‍ക്ക് പഞ്ചായത്തോഫിസിലത്തൊന്‍ മൂന്നാര്‍ വരെ യാത്ര ചെയ്താല്‍ മതിയായിരുന്നു. ഇപ്പോള്‍ ആറു കിലോമീറ്റര്‍ കൂടി അധികം സഞ്ചരിച്ച് ദേവികുളത്ത് എത്തണം.
ഇടമലക്കുടിക്ക് നിത്യോപയോഗ സാധനങ്ങളടക്കം എല്ലാം തലച്ചുമടായാണ് എത്തിക്കുന്നത്. ഒരു കിലോ സാധനം എത്തിക്കാന്‍ ചുമട്ടുകൂലി ഒമ്പതര രൂപയാണ്. ഉപ്പിനാണെങ്കിലും ഒരു രൂപയുടെ റേഷനരിയാണെങ്കിലും ചുമട്ടുകൂലിക്ക് കുറവില്ല. സര്‍ക്കാര്‍ സബ്സിഡിയായാണ് ചുമട്ടുകൂലി നല്‍കുന്നത്. ഇത് എത്രകാലം തുടരുമെന്നാണ് റോഡിനുവേണ്ടി വാദിക്കുന്നവരുടെ ചോദ്യം. അതിന് പരിഹാരമായാണ് വര്‍ഷങ്ങള്‍ക്കുമുമ്പ്, കോവര്‍ കഴുതകള്‍ക്ക് സഞ്ചരിക്കാവുന്ന ബ്രൈഡല്‍ പാത നിര്‍മിച്ച് ചരക്കുനീക്കം സുഗമമാക്കാനാണ് തീരുമാനിച്ചത്. രോഗികളെ പെട്ടിമുടിയില്‍ എത്തിക്കാനും ഇതുപകരിക്കുമെന്ന് വിലയിരുത്തപ്പെട്ടു. ഇതിന് ദേവികുളം വികസന ബ്ളോക് പദ്ധതി തയാറാക്കി ഫണ്ടനുവദിക്കുകയും കുറച്ചുഭാഗത്ത് പാത നിര്‍മിക്കുകയും ചെയ്തു. പക്ഷേ, അത് അട്ടിമറിക്കപ്പെട്ടു. നിത്യഹരിത വനത്തിലൂടെ ജീപ്പ് റോഡ് നിര്‍മിക്കന്‍ കേന്ദ്രാനുമതി വേണമെന്ന തടസ്സം വനാവകാശനിയമം വന്നതോടെ അതിന്‍െറ പഴുതുകള്‍ ഉപയോഗിച്ച് റോഡിന് വനഭൂമി വിട്ടുകൊടുത്തു. ഇടലിപ്പാറ വഴി 24 കിലോമീറ്റര്‍ റോഡിന്‍െറ നിര്‍മാണം തുടങ്ങിയെങ്കിലും മഴക്കാലത്ത് ഇടിഞ്ഞുപോകുന്നത് തടസ്സമാകുകയാണ്. എങ്കിലും ഭരണകൂടം റോഡ് നിര്‍മിക്കുമെന്ന വാശിയിലാണ്.
റോഡില്ലാത്തപ്പോള്‍ തന്നെ വന്‍തോതില്‍ ചൂഷണം ചെയ്യപ്പെടുകയാണ് ഇവടുത്തെ ആദിവാസികള്‍. വ്യാപാരത്തിനത്തെുന്ന പുറം നാട്ടുകാര്‍ മദ്യവും പുകയിലയും നല്‍കി ആദിവാസികളുടെ ഏലത്തോട്ടങ്ങള്‍ തട്ടിയെടുത്ത ചരിത്രമുണ്ട്. 1975ല്‍ വേളികൃഷ്ണന്‍ എന്ന വെല്‍ഫെയര്‍ ഓഫിസറുടെ ഇടപെടലാണ് ആദിവാസികളുടെ ഭൂമി തിരിച്ചുനല്‍കാന്‍ കാരണമായത്. വികലാംഗനായ കൃഷ്ണന്‍ ഇരുന്നും ഇഴഞ്ഞും ഇടമലക്കുടിയില്‍ എത്തുമ്പോള്‍ അവിടെ ആദിവാസികളെക്കാള്‍ കൂടുതല്‍ നാട്ടുകാരായിരുന്നു. ആ വിവരങ്ങള്‍ പ്രധാനമന്ത്രിയെ പരാതിയായി അറിയിച്ചതോടെയാണ് കുടിയിറക്കിന് വഴിയൊരുങ്ങിയത്. പൊലീസും വനം വകുപ്പും സംയുക്തമായി എത്തി ആദിവാസികള്‍ അല്ലാത്തവരെ കുടിയിറക്കി. അന്നത്തെ മന്ത്രി വെള്ള ഈച്ചരന്‍ മൂന്നാറിലത്തെി ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുകൂട്ടി ഇടമലക്കുടിയില്‍ കണ്‍സ്യൂമര്‍ സ്റ്റോറും ഗിരിജന്‍ സൊസൈറ്റിയും ആരംഭിക്കാന്‍ തീരുമാനിച്ചത്. പക്ഷെ, ഇന്ന് ഇടമലക്കുടിയില്‍ അധ്യാപകര്‍, അങ്കണവാടി ജീവനക്കാര്‍, ആരോഗ്യ വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവരൊക്കെ വല്ലപ്പോഴുമൊരിക്കല്‍ വന്നു പോകുന്നവരായിരിക്കുന്നു.
ആചാരങ്ങളും സംസ്കാരവും നഷ്ടപ്പെട്ടു തുടങ്ങിയതോടെ വംശനാശ ഭീഷണിയിലാണ് ഇടമലക്കുടിയിലെ മുതുവാന്‍ സമുദായം. ആര്‍ത്തവം നീട്ടി വെക്കാന്‍ മാല-ഡി ഗുളിക വന്‍തോതില്‍ ഉപയോഗിക്കുന്നതിനാല്‍ വന്ധ്യത വര്‍ധിച്ചുവരുകയാണ്. കഴിഞ്ഞവര്‍ഷം ആരോഗ്യ വകുപ്പ് നടത്തിയ പഠനമനുസരിച്ച് 117 ദമ്പതികള്‍ക്ക് കുട്ടികളില്ല. 130 ദമ്പതികള്‍ക്ക് ഒരു കുട്ടി മാത്രമാണുള്ളത്. മാല-ഡിയാണ് വില്ലനെന്ന് കണ്ടത്തെിയനാല്‍ ഇവയുടെ സൗജന്യ വിതരണം ആരോഗ്യവകുപ്പ് നിര്‍ത്തിവെച്ചു. എങ്കിലും ലഭ്യത കുറഞ്ഞിട്ടില്ല. ആര്‍ത്തവ സമയത്ത് സ്വയം വീട്ടില്‍ താമസിക്കാതെ കുടിയിലുള്ള വാലാപ്പുരകളിലാണ് കഴിയേണ്ടത്.അവിടെ സൗകര്യങ്ങളില്ലാതെ വരുന്നതാണ് ആര്‍ത്തവം നീട്ടിവെക്കാനുള്ള ശ്രമമെന്നാണ് പറയുന്നത്. ഇതിന് പരിഹാരമായി എന്‍.ആര്‍.എച്ച്.എം ഫണ്ടിലൂടെ വാലാപ്പുരകള്‍ നിര്‍മിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, മുമ്പും പാലവും കമ്യൂണിറ്റി ഹാളും നിര്‍മിച്ചത് പോലെ ഇതും ‘കടലാസില്‍’ നിര്‍മിച്ചിരിക്കാം.
എല്ലാവര്‍ക്കും ആധാര്‍ കാര്‍ഡ്, കുടുംബശ്രീയുടെ വിവിധ പദ്ധതികള്‍, മഹിള സമഖ്യ സൊസൈറ്റി, മന്ത്രി പി.കെ.ജയലക്ഷ്മിയുടെ സന്ദര്‍ശനത്തത്തെുടര്‍ന്ന് പത്തുകോടിയുടെ പ്രത്യേക പാക്കേജ് തുടങ്ങി പദ്ധതികളുടെ പെരുമഴ. ഇതില്‍ എത്ര പദ്ധതികള്‍ ആദിവാസികള്‍ക്ക് പ്രയോജനപ്പെട്ടുവെന്ന് ദയവായി ചോദിക്കരുത്. കാട്ട് ഏലം മാറ്റി നാടന്‍ ഏലം കൃഷി ചെയ്യാന്‍ അനുവദിച്ച 1.60 കോടിയില്‍ 110 ലക്ഷം രൂപയും തട്ടിയെടുത്തെന്ന വിവരം അടുത്ത കാലത്താണ് പുറത്തുവന്നത്.ആദിവാസികളുടെ സംരക്ഷകരെന്ന് കരുതപ്പെടുന്ന വനപാലകരാണ് പ്രതികള്‍ എന്നത് സംഭവത്തിന്‍െറ ഗൗരവം വര്‍ധിപ്പിക്കുന്നു.
ഇടമലക്കുടിക്കാര്‍ക്ക് അവരുടേതായ പ്രശ്നങ്ങളുണ്ട്. അത് പരിഹരിക്കപ്പെടണം.ഏലം, റാഗി എന്നിവയുടെ ഉല്‍പാദനം കുറഞ്ഞു. പുറത്തുനിന്നുള്ളവര്‍ ഏലത്തോട്ടങ്ങള്‍ പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നു. അവരുടെ വനവിഭവങ്ങള്‍ ശേഖരിക്കാനുള്ള അനുമതി പിന്‍വലിച്ചതോടെ വരുമാനത്തില്‍ ഗണ്യമായ കുറവ് വന്നു. ആദിവാസികളില്‍ നിന്ന് ഏലവും റാഗിയും തേനും വനവിഭവങ്ങളും വാങ്ങിയിരുന്ന ഗിരിജന്‍ സൊസൈറ്റി ഒഴിവാക്കപ്പെട്ടതോടെ പുറംകച്ചവടക്കാരുടെ ചൂഷണം വര്‍ധിച്ചിരിക്കുന്നു. ഗിരിജന്‍ സൊസൈറ്റിക്ക് സാധനങ്ങള്‍ കൊടുക്കാത്തതിനാല്‍ അവിടെനിന്ന് നിത്യോപയോഗ സാധനങ്ങള്‍ ലഭിക്കാനും തടസ്സമുണ്ട്. ഇങ്ങനെയുള്ള പ്രശ്നങ്ങള്‍ക്ക് പുറമെ സ്കൂള്‍, ആശുപത്രി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും വേണം. അതിന്‍റ പേരില്‍ റോഡും ഗതാഗത സൗകര്യം വര്‍ധിപ്പിക്കലും ഗെസ്റ്റ് ഹൗസും നിര്‍മിക്കുകയുമല്ല വേണ്ടത്.
ഇടമലക്കുടിയുടെ വനവും പരിസ്ഥിതിയും തകര്‍ക്കപ്പെടാതെയും ആദിവാസികളുടെ ജീവിതത്തിന് കോട്ടം തട്ടാതെയും സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം. പെട്ടിമുടിക്കടുത്ത് പുല്ലുമേട്ടില്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളും ആശുപത്രിയും പഞ്ചായത്തോഫിസും കൃഷി ഭവനും തുടങ്ങി ഇടമലക്കുടി പഞ്ചായത്തിനുവേണ്ട ഓഫിസുകളും ജീവനക്കാരുടെ ക്വാര്‍ട്ടേഴ്സുകളും നിര്‍മിച്ചാല്‍, ആ പഞ്ചായത്തിലുള്ള എല്ലാവര്‍ക്കും വന്നുപോകാന്‍ കഴിയും. റോഡും വാര്‍ത്താവിനിമയ സൗകര്യങ്ങളും ഉള്ളതിനാല്‍ ഡോക്ടര്‍മാരടക്കമുള്ളവര്‍ ഇവിടെ താമസിച്ച് ജോലി ചെയ്യാനും സന്നദ്ധരാകും. ഇടമലക്കുടിക്കും തിരിച്ചും സാധനങ്ങള്‍ കടത്തുന്നതിന് ബ്രൈഡല്‍ പാതയിലൂടെ കോവര്‍ കഴുതകളെ ഉപയോഗിക്കുകയും ചെയ്യാം. ആദിവാസികള്‍ക്കും ഇത് സമ്മതമാകും. ഇടമലക്കുടിയെ നഗരമാക്കാന്‍ ശ്രമിക്കുന്നവര്‍ ദയവായി അട്ടപ്പാടിയെ പഠിക്കണം. ആ പാഠത്തിന്‍െറ അടിസ്ഥാനത്തിലാകണം വികസന പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍.

No comments:

Post a Comment