Pages

14 February 2014

CAN can do


CAN (Citizen Against Narcotics) can do എന്ന് പറഞ്ഞത് ഇപ്പോഴത്തെ പ്രിന്‍സിപ്പല്‍ സി.സി.എഫ് ശ്രി.വി.ഗോപിനാഥ് മൂന്നാര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ ആയിരിക്കെയാണ്. കാന്‍ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെട്ടിരുന്ന സിറ്റിസണ്‍ എഗന്‍സ്റ്റ് നര്‍കോട്ടിക്സിന് അതു കഴിഞ്ഞുവെന്നത് മറ്റൊരു കാര്യവും-ഇനി കാര്യം എന്തെന്ന് അറിയണ്ടേ? ഇടുക്കി മലനിരകളെ കഞ്ചാവ് കൃഷിയില്‍ നിന്നും മോചിപ്പിക്കുകയെന്നതായിരുന്നു അതു. മയക്കു മരുന്നിന് എതിരെ മാധ്യമങ്ങള്‍ ശക്തമായ കാമ്പയിന്‍ ആരംഭിച്ചപ്പോഴാണ് ഇപ്പോള്‍ കാനിനെ കുറിച്ച് ഓര്‍ക്കാന്‍ കാരണം.
ഇപ്പോഴത്തെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശ്രി.ജെയിംസ് വര്‍ഗീസ് ദേവികുളം സബ് കലക്ടറായിരിക്കെ 1989ലാണ് കാന്‍ രൂപീകരണം. കമ്പക്കല്ല്,കടവരി, ചന്ദ്രമണ്ഡലം, മാങ്കുളം, മതികെട്ടാന്‍, വിയല്‍റാം, മാവടി, രാജാക്കാട് തുടങ്ങി ഇടുക്കി ജില്ലയുടെ മലനിരകള്‍ കഞ്ചാവ് വിളയുന്ന പ്രദേശങ്ങളായി മാറുകയും നിയന്ത്രിക്കാന്‍ കഴിയാത്ത തരത്തിലേക്ക് കൃഷി വ്യാപിക്കുകയും ചെയ്തതോടെയാണ് കഞ്ചാവിനെതിരെ ഒരു സംഘടന എന്ന ആശയം ശ്രി.ജെയിംസ് വര്‍ഗീസ് അന്നത്തെ മൂന്നാറിലെ യുവാക്കളുമായി പങ്കുവെച്ചത്. വൈകാതെ മൂന്നാര്‍ മര്‍ച്ചന്‍റ് ഹാളില്‍ യോഗം ചേര്‍ന്നു. സിറ്റിസണ്‍ എഗന്‍സ്റ്റ് നര്‍ക്കോട്ടിക്സ് എന്ന സംഘടനയും പിറന്നു. ടാറ്റാ ടീ കമ്പനിയിലെ മുതിര്‍ന്ന മാനേജറും പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനുമായ ശ്രി. കെ.എന്‍.ചെങ്കപ്പ പ്രസിഡന്‍റും ഞാന്‍ സെക്രട്ടറിയുമായി. ദേവികളും സബ് കലക്ടര്‍ കോ-ഓര്‍ഡിനേറ്റര്‍ ആയിരിക്കുമെന്നും ബൈലോയില്‍ എഴുതി ചേര്‍ത്തു. ശ്രി. വി.ഗോപിനാഥ് ആയിരുന്നു ആദ്യത്തെ അംഗം. പിന്നിട് ശ്രി. ചെങ്കപ്പക്ക് പകരം പോളിയച്ചന്‍ പ്രസിഡന്‍റായി.ഞാൻ തുടക്കം മുതൽ സെക്രട്ടറിയും.
കഞ്ചാവ് കൃഷിയെ കറുിച്ച് വിവരങ്ങള്‍ ശേഖരിക്കുക, കഞ്ചാവ് വേട്ടക്ക് വനത്തില്‍ പോകുന്നവര്‍ക്കായി ഭക്ഷണവും മറ്റും ക്രമീകരിക്കുക,ഇതിനായി ഫണ്ട് കണ്ടത്തെുക, സ്കുളുകള്‍ കേന്ദ്രികരിച്ച് ബോധവല്‍ക്കരണം നടത്തുക തുടങ്ങിയവയായിരുന്നു ലക്ഷ്യം.
അന്നത്തെ ഇടുക്കി കലക്ടര്‍ ശ്രി.ഏലിയാസ് ജോര്‍ജ്, ജില്ലാ പ്ളാനിംഗ് ആഫീസര്‍ ശ്രീമതി. അരുണ ഏലിയാസ്, ജില്ലാ പോലീസ് സൂപ്രണ്ട് ശ്രി.ആര്‍.വിശ്വനാഥന്‍ പിള്ള, അസി.എക്സൈസ് കമ്മീഷണര്‍ ശ്രി.തങ്കപ്പന്‍ തുടങ്ങിവരും സഹകരിച്ചതോടെയാണ് റവന്യൂ, പൊലീസ്,എക്സൈസ്, വനം സംഘം സംയുക്തമായി മല കയറിയത്. ഇവരും കിലോ മീറ്ററുകള്‍ നടന്ന് കഞ്ചാവ് വേട്ടക്കത്തെുകയും ഐ.എ എസ്., ഐ.പി.എസ്., ഐ.എഫ്.എസ് ഉദ്യോഗ്സഥര്‍ ആദിവാസികളുടെ കുടിലില്‍ താമസിച്ച് വേട്ടക്ക് നേതൃത്വം നല്‍കുകയും ചെയ്തു. വെട്ടിയിട്ട  കഞ്ചാവ് ചെടികള്‍ക്കൊപ്പം കഞ്ചാവ്കൃഷിക്കാരുടെ ഷെഡുകളും തീയില്‍ കത്തിയമര്‍ന്നപ്പോള്‍ ലക്ഷ്യം കണ്ടത് കാനിന്‍െറ പ്രവര്‍ത്തനങ്ങള്‍. ഈ സംഘത്തിനൊപ്പം മൂന്നാറിലെ മാധ്യമ പ്രവര്‍ത്തകരായ കുട്ടിയാപിള്ള, പ്രസാദ്, ഉദയന്‍ ദീപികയുടെ പത്തനംതിട്ട ലേഖകനായിരുന്ന ജീമോന്‍ ജേക്കബ്ബ് എന്നിവരും സ്ഥിരമായി ഉണ്ടായിരുന്നു. ഭക്ഷണത്തിനുള്ള അരിയും കപ്പയും പച്ചക്കറികളും ചുമന്ന് വില്ളേജ് ആഫീസര്‍ ശശിധരന്‍ നായരും വില്ളേജ് അസിസ്റ്റന്‍റ് താടി കൃഷ്ണനും സഹായികളും.
കഞ്ചാവ് വേട്ടക്കിടെ എത്രയോ തവണ കഞ്ചാവ് കര്‍ഷകരുടെ വെടിവെപ്പിനെ നേരിട്ടു. പലപ്പോഴും മുകളില്‍ നിന്നും കൂറ്റന്‍ പാറകള്‍ ഉരുട്ടി വിട്ടാണ് കര്‍ഷകര്‍ നേരിട്ടത്. പലര്‍ക്കും നിസാര പരിക്കുകള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും ആരും പിന്മാറാന്‍ തയ്യാറായില്ളെന്നത് അവരുടെ ആത്മാര്‍ഥതയെയാണ് കാട്ടിയിരുന്നത്. മങ്കുളം ആനക്കുളത്തിനടുത്ത് കഞ്ചാവ് വേട്ടക്ക് പോയ അന്നത്തെ സബ് കലക്ടര്‍ ശ്രി.ടികെ.ജോസിനേയും സിഐ. ശ്രി.പി.ജെ.ജോസിനെയും ഒരു രാത്രി മുഴുവന്‍ കാണാതായതും മറക്കാനാത്ത സംഭവം. വഴിത്തെറ്റി വനത്തില്‍ കുടങ്ങിയ ഇവര്‍ പിറ്റേന്നാണ് തിരിച്ചത്തെിയത്. ശ്രി. ജെയിംസ് വര്‍ഗീസും അതിന് ശേഷം വന്ന ശ്രി.ടി.കെ.ജോസും അല്‍കേഷ് കുമാര്‍ ശര്‍മ്മയും ഒക്കെ സംഘത്തിനൊപ്പം വനത്തില്‍ താമസിച്ചാണ് കഞ്ചാവ് വേട്ട നടത്തിയിരുന്നത്. കഞ്ചാവ് വേട്ട സജീവമായതോടെ കൃഷി ഭൂമി സംബന്ധിച്ച വിവരങ്ങള്‍ തപാലില്‍ സബ് കലക്ടറുടെ പേരില്‍എത്തി തുടങ്ങി.കൃത്യമായ റൂട്ടും കൃഷി സ്ഥലത്തിന്‍െറ സ്കെച്ചും അടങ്ങുന്ന വിവരങ്ങള്‍ പേരറിയാത്ത എത്രയോ ആളുകള്‍ അയച്ചു തന്നു. കഞ്ചാവ് ഓയില്‍ സംസ്കരണ കേന്ദ്രങ്ങളെകുറിച്ചും വിവരങ്ങള്‍ ലഭിച്ചു. ഇടുക്കിയിലെ കഞ്ചാവ് കൃഷി ഇല്ലാതാക്കാന്‍ അന്ന് സഹായിച്ചത് ഈ വിവരങ്ങളായിരുന്നു. കമ്പക്കല്ല,്, കടവരി, ചന്ദ്രമണ്ഡലം, മതികെട്ടാന്‍, മാങ്കുളം,ആനക്കുളം, രാജാക്കാട്, ഉടുമ്പഞ്ചോല, ചിന്നക്കനാല്‍ തുടങ്ങിയ എത്രയോ സ്ഥലങ്ങളില്‍ നിരന്തരമായി കഞ്ചാവ്വേട്ട നടത്തി. ആ പ്രദേശങ്ങളെയൊക്കെ കഞ്ചാവ് കൃഷിയില്‍ നിന്നും മോചിപ്പിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കമ്പക്കല്ലില്‍ ഒരിക്കല്‍ കഞ്ചാവ്വേട്ടക്ക് നേരിട്ടത്തെി. കഞ്ചാവ് വിളഞ്ഞിരുന്ന റവന്യു ഭൂമി വനംവകുപ്പിന് കൈമാറിയതോടെ അവിടെങ്ങളില്‍ ഇപ്പോള്‍ കുറിഞ്ഞി ചെടികളാണ്.
ഇതിന് പുറമെയായിരുന്നു ഹൈസ്കൂള്‍ വിദ്യര്‍ഥികള്‍ക്കിടയിലെ ബോധവല്‍ക്കരണം. കഞ്ചാവിന് എതിരെ കുട്ടികളെ കൊണ്ട് പ്രതിഞ്ജയെടുപ്പിക്കുന്നതായിരുന്നു പരിപാടി. ചില സ്കൂളുകളില്‍ നടന്നു. മയക്കു മരുന്നിന് എതിരെ സെമിനാറുകളും നടന്നു. എന്നാല്‍, സാമ്പത്തിക ബാധ്യത അധികരിച്ചതോടെ പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ കഴിഞ്ഞില്ല. സര്‍ക്കാരാകട്ടെ വേണ്ടത്ര പ്രോല്‍സാഹനം നല്‍കിയുമില്ല. ഈ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ഉദ്യോഗസ്ഥരെ അനുമോദിക്കാനോ അവര്‍ക്ക് ഗുഡ് സര്‍വീസ് എന്‍ട്രി നല്‍കാനോ ആരും താല്‍പര്യം കാട്ടിയില്ല. ഇതേസമയം, ചിലരുടെയെങ്കിലും ഇഗ്രിമെന്‍റ് ബാര്‍ ചെയ്തു ശിക്ഷിക്കുകയും ചെയ്തു. മൂന്നാറിലെ അന്നത്തെ യുവസംഘം ജോലി തേടി പലവഴിക്കായതോടെ കാനിന്‍റ പ്രവര്‍ത്തനം നിലച്ചു. 

No comments:

Post a Comment