Pages

09 December 2015

മുല്ലപ്പെരിയാര്‍; തമിഴ്നാട്പിന്തുടരുന്നത് 139ലെ ഗെയ്റ്റ് ചട്ടം


കൊല്ലം: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142അടിയാക്കി നിലനിര്‍ത്താന്‍ പണിപ്പെടുന്ന തമിഴ്നാട് സര്‍ക്കാര്‍, ഷട്ടറുകള്‍ ഉയര്‍ത്തുന്നതില്‍ ഇപ്പോഴും പാലിക്കപ്പെടുന്നത് 1939ലെ വ്യവസ്ഥ. ജലം കേരളത്തിലേക്ക് ഒഴുക്കാതെ പരമാവധി സംഭരിക്കുകയെന്ന ലക്ഷ്യമാണ് കഴിഞ്ഞ ദിവസങ്ങളില്‍ സ്വീകരിച്ചതെന്നും വ്യക്തം. ഇതേസമയം, സമാനമായ നിലപാട് സ്വീകരിച്ചതിനെ തുടര്‍ന്ന് ചെന്നൈ നേരിട്ട കടുത്ത പ്രളയം അവര്‍ക്ക് പാഠമായില്ളെന്നും വിലയിരുത്തപ്പെടുന്നു.
മുല്ലപ്പെരിയാറില്‍  പരമാവധി ജലനിരപ്പ് എത്തിയാല്‍ അണക്കെട്ടിലെ ഷട്ടറുകള്‍ ഉയര്‍ത്തി വെള്ളം പെരിയാറിലേക്ക് ഒഴുക്കണം.ഇക്കാര്യം കേരളത്തെ ടെലഗ്രാംമുഖേന അറിയിക്കണമെന്നാണ് 1939ലെവ്യവസ്ഥ. അന്ന് ഹൈറേഞ്ചില്‍ കാര്യമായ ജനവാസമില്ലാതിരുന്നതിനാല്‍ അതു മതിയായിരുന്നു. എന്നിട്ടും 1961ലെ കനത്ത മഴയില്‍ മുന്നറിയിപ്പില്ലാതെ ഷട്ടറുകള്‍ ഉയര്‍ത്തിയത് പെരിയാര്‍ തീരത്ത് വലിയ നാശനഷം വരുത്തി.നിര്‍മാണത്തിലായിരുന്ന നേര്യമംഗലം വൈദ്യുത നിലയത്തിലെ സാധനസാമഗ്രഹികള്‍ ഒഴുകി പോയി. ഇതുമൂലം മൂന്നരലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായി. പെരിയാറിലെ പ്രളയത്തെ തുടര്‍ന്ന് ആറു പേര്‍ മരിച്ചതായും 12329 വീടുകള്‍ നശിച്ചതായും നിയമസഭാ രേഖകള്‍ വ്യക്തമാക്കുന്നു. 20,31540 രൂപയുടെ കൃഷി നാശവുമുണ്ടായി.
1933ലും സമാനമായ സംഭവുമുണ്ടായതായി തിരുവിതാംകൂര്‍ ശ്രീമൂലം പ്രജാസഭയുടെ രേഖകളിലുണ്ട്. മുല്ലപ്പെരിയാര്‍ സൃഷ്ടിക്കുന്ന പ്രളയത്തെ തുടര്‍ന്ന് പെരിയാറിലെ കരകളിലെ നൂറുകണക്കിന് വീടുകള്‍ തകരുകയും കൃഷികള്‍ നശിക്കുകയും ചെയ്യുന്നതിന് മദിരാശി ഭരിക്കുന്ന ബ്രിട്ടിഷ് സര്‍ക്കാരില്‍നിന്നും പ്രതിവര്‍ഷമ 40,000രൂപ നഷ്ട പരിഹാരം വാങ്ങണമെന്നും അന്ന് ആവശ്യം ഉയര്‍ന്നിരുന്നു. ബ്രിട്ടിഷുകാര്‍ പോയി രാജ്യം ജനാധിപത്യത്തിലേക്ക് പോയിട്ടും തമിഴ്നാട് അന്നത്തെ ടെലഗ്രാം സമ്പ്രദായത്തിലാണ് ഇപ്പോഴൂം.
ഏതു ഘട്ടത്തിലാണ് ഷട്ടറുകള്‍ തുറക്കുന്നതെന്നും ഓരോ ഷട്ടറുകളിലുടെയും എത്ര വീതം വെള്ളം തുറന്നു വിടുമെന്നും അടക്കമുള്ള വിവരങ്ങള്‍ അടങ്ങുന്ന ഗെയ്റ്റ് റൂള്‍ വേണമെന്ന് കേരളം കേന്ദ്ര ജല കമ്മീഷനില്‍ ആവശ്യപ്പെട്ടിരുന്നതാണ്. രണ്ടു വര്‍ഷം മുമ്പ് തമിഴ്നാട് ഗെയ്റ്റ് റുള്‍ കൊണ്ടു വന്നുവെങ്കിലും അതില്‍ വിവരങ്ങള്‍ ഇല്ലാത്തതിനാല്‍ കേരളം സ്വീകരിച്ചില്ല. ജലനിരപ്പ് പരമാവധിയിലത്തെുമ്പോള്‍ മുന്നറിയിപ്പും കൂടിയൊഴിപ്പിക്കലിന് മതിയായ സമയവും നല്‍കാതെ ഷട്ടറുകള്‍ വലിച്ചു തുറക്കുന്ന തമിഴ്നാട് രീതിയാണ് അപകടം ക്ഷണിച്ചു വരുത്തുന്നതെന്ന് കേരളം ചൂണ്ടിക്കാട്ടുന്നു. 142 അടിവരെ ജലം സംഭരിക്കാമെന്ന് സുപ്രിം കോടതി അനുമതി നല്‍കിയിട്ടുള്ളതിന്‍െറ പേരില്‍ സ്ഥിരമായി 142അടിയില്‍ നിലനിര്‍ത്തുകയെന്ന തന്ത്രമാണ് തമിഴ്നാടിന്‍െറത്. ഡാമിന് ബലക്ഷയമില്ളെന്ന് ബോധ്യപ്പെടുത്തുകയാണ് അവരുടെ ലക്ഷ്യം. മുല്ലപ്പെരിയാറില്‍നിന്നും വെള്ളം കൊണ്ടു പോയി സംഭരിക്കുന്ന തേനിയിലെ വൈഗ അണക്കെട്ടില്‍ ഒന്നര ടി.എം.സി അടി വെള്ളം ഉള്‍ക്കൊള്ളാന്‍ ശേഷിയുണ്ടായിരിക്കെ, മുല്ലപ്പെരിയാറിനെ മുള്‍മുനയില്‍നിര്‍ത്തിയതിനും ഇതിന് വേണ്ടിയാണ്. ഇതേസമയം, 142 അടിക്ക്മുകളില്‍ പോകുന്നത് സുപ്രിം കോടതി വിധിയുടെ ലംഘനമായതിനാലാണ് പെട്ടെന്ന് ഷട്ടറുകള്‍ ഉയര്‍ത്തിയത്.
മണ്‍സൂണ്‍ കാലയളവില്‍ മുല്ലപ്പെരിയാറില്‍ 140 അടിക്ക് മുകളില്‍ വെള്ളം സംഭരിക്കരുതെന്ന കേന്ദ്ര ജല കമ്മീഷന്‍ നിര്‍ദേശം മറികടന്നാണ് തമിഴ്നാടിന്‍െറ നീക്കം. മഴ എപ്പോള്‍ ശക്തമാകുമെന്ന് ്പയാര്‍ കഴിയില്ളെന്നിരിക്കെയാണ്  ലക്ഷകണക്കിന് ജനങ്ങളുടെ ജീവന്‍വെച്ചുള്ള കളി.  മുല്ലപ്പെരിയാര്‍ മേല്‍നോട്ടത്തിന് കേരന്ദ ജല കമ്മീഷന്‍ നിയോഗിച്ച സമിതിയുടെ അദ്ധ്യക്ഷന തമിഴ്നാട്ടുകാരനാണ് എന്നതും ശ്രദ്ധേയം.
വെള്ളത്തിന ്വേണ്ടിയുള്ള തമിഴ്നാടിന്‍െറ ആര്‍ത്തിയാണ് ചെന്നൈയില്‍ കടുത്ത പ്രളയം സൃഷ്ടിച്ചതെന്നാണ് പറയുന്നത്. ചെന്നൈക്ക് കുടിവെള്ളമത്തെിക്കുന്ന അടയാര്‍ നദിയിലെ ചെമ്പരാപക്കം അണക്കെട്ടില്‍ പരമവാധി വെള്ളം സംഭരിച്ചു. മഴ ശക്തമാകുകയും നീരൊഴുക്ക് വര്‍ദ്ധിക്കുകയും ചെയ്തതോടെ അണക്കെട്ട് തുറന്നു വിടകയല്ലാതെ അവര്‍ക്ക് മറ്റൊരു മാര്‍ഗമുണ്ടായില്ല. അതിന്‍െറ ഫലമാണ് ചെന്നൈയില്‍ കണ്ടത്. മുന്‍കരുതലെന്ന നിലയില്‍ നേരത്തെ തന്നെ വെള്ളം തുറന്നു വിട്ടു തുടങ്ങിയിരുന്നുവെങ്കില്‍ ഇത്ര കനത്ത നാശനഷ്ടം ചെന്നൈയില്‍ സംഭവിക്കില്ലായിരുന്നുവെന്നും പറയുന്നു. മുല്ലപ്പെരിയാറിലും 142 അടി എത്തുന്നത് വരെ തമിഴ്നാട് കാത്തിരുന്നു. മഴ ശക്തിപ്പെടാതിരുന്നതിനാലാണ് വലിയ ദുരന്തം ഒഴിവായത്. 

25 October 2015

തദ്ദേശ തെരഞ്ഞെടുപ്പിനെ രാഷ്ട്രിയമാക്കുന്നതിന് പ ിന്നില്‍
വികസന നായകന്‍ അഥവാ വികസന നായിക.......തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളത്തിലങ്ങോളം ഇങ്ങോളം കേള്‍ക്കുന്നതാണിത്. സ്ഥാനാര്‍ഥികളുടെ പോസ്റ്ററില്‍ മാത്രമല്ല, വോട്ടുതേടിയുള്ള അഭ്യര്‍ഥനയിലും കാണാം വികസനം. ഇതിന് പുറമെയാണ് രാഷ്ട്രിയ ചര്‍ച്ച. യഥാര്‍ഥത്തില്‍ എന്താണ് തദ്ദേശ സ്ഥാപനങ്ങള്‍? വികസന പദ്ധതികള്‍ ആസൂത്രണം ചെയ്യാനും നടപ്പാക്കാനും എം.എല്‍.എമാരും എം.പിമാരുമുണ്ട്. അവര്‍ക്കതിന് പ്രത്യേക ഫണ്ടും അനുവദിക്കുന്നുണ്ട്. റോഡും പാലവും തോടും ഹൈമാസ്റ്റ് ലൈറ്റുകളുമല്ല, തദ്ദേശ സ്ഥാപനങ്ങളുടെ ചുമതല. കേരളം ഏറെ ഗൗരവത്തോടെ കാണുന്ന ഖരമാലിന്യ സംസ്കരണവും തെരുവ് നായ ശല്യവും കുടിവെള്ളവും കൃഷിയും മൃഗസംരക്ഷണവും തദ്ദേശ സ്ഥാപനങ്ങളുടെ ചുമതലയിലാണ്. ഈ വിഷയങ്ങള്‍ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാക്കാന്‍ എന്തു കൊണ്ടാണ് രാഷ്ട്രിയ പാര്‍ട്ടികള്‍ ശ്രമിക്കാത്തത്. അതു ബോധപൂര്‍വ്വമാണെന്ന് പറയേണ്ടി വരും. കാരണം ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്താല്‍ കഴിഞ്ഞ 20 വര്‍ഷത്തെ അധികാര വികേന്ദ്രികരണത്തിന്‍െറ നേട്ടമായിരിക്കില്ല, നഷ്ടമായിരിക്കും പറയേണ്ടി വരിക. 
73,74 ഭരണഘടനാ ഭേദഗതികളെ തുടര്‍ന്ന് അധികാരം താഴത്തെട്ടിലേക്ക് നല്‍കിയതിന്ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ് നടന്നത് 1995ലാണ്. ത്രിതല ഭരണ സംവിധാനമാണ് ഇപ്പോഴുള്ളതെങ്കിലും തുടക്കം മുതല്‍ കേരളം നിര്‍ദേശിച്ചിട്ടുള്ളത് ദ്വിതല സംവിധാനമാണ്. 1957ലെ ആദ്യ സര്‍ക്കാരിന് പിന്നാലെ 1964ലും 1971ലും കൊണ്ടുവന്നത് ദ്വിതല ഭരണ സംവിധാനം. 1979ലെ ഏ.കെ.ആന്‍റണി സര്‍ക്കാര്‍ പാസാക്കിയ ജില്ലാ കൗണ്‍സില്‍ നിയമവും രണ്ടു തട്ടാണ് നിര്‍ദേശിച്ചത്.ജില്ലാ കൗണ്‍സില്‍ നിയമം 1986ലെ നായനാര്‍ സര്‍ക്കാര്‍ പൊട്ടിതട്ടിയെടുത്താണ് 1990ല്‍ തെരഞ്ഞെടുപ്പ നടത്തിയത്. 1991ഫെബ്രുവരി ഒന്നിന് അധികാരമേറ്റ ജില്ലാ കൗണ്‍സിലുകള്‍ക്ക് കീഴില്‍ നഗരസഭകളും കോര്‍പ്പറേഷനും ഉള്‍പ്പെട്ടിരുന്നു. 250 കോടി രൂപയായിരുന്നു ജില്ലാ കൗണ്‍സിലുകളുടെ വാര്‍ഷിക പദ്ധതി. കലക്ടര്‍മാരായിരുന്നു ജില്ലാ കൗണ്‍സില്‍ സെക്രട്ടറിയെങ്കിലും അവരുടെ  എതിര്‍പ്പിനെ തുടര്‍ന്ന് വേറെ സെക്രട്ടറിയെ കണ്ടത്തെി. 
അധികാര വികേന്ദ്രികരണം നടപ്പാക്കിയതോടെ കേരളം ഗ്രാമവും നഗരവുമായി മാറി. നഗരസഭകള്‍ക്കും കോര്‍പ്പറേഷനുകള്‍ക്കും മുകളില്‍ സംസ്ഥാന സര്‍ക്കാര്‍.  ഗ്രാമങ്ങള്‍ക്ക് മേലെ ബ്ളോക്ക്, ജില്ലാ പഞ്ചായത്തുകള്‍. കേന്ദ്രാവിഷ്കൃത ഫണ്ടുകള്‍ ചെലവഴിക്കുകയെന്ന ഏക പ്രവര്‍ത്തനമാണ് ബ്ളോക്ക് പഞ്ചായത്തിന്. പ്രസിഡന്‍റിന് വാഹനവും സൗകര്യങ്ങളും. ഹോണറേറിയവും യാത്രാപ്പടിയും നല്‍കാന്‍ സര്‍ക്കാര്‍ പ്രത്യേക ഗ്രാന്‍റും നല്‍കുന്നു. യഥാര്‍ഥത്തില്‍ കേരളമെന്ന ചെറിയ സംസ്ഥാനത്ത് വേണ്ടത് രണ്ടു തല സംവിധാനമാണ്. ജില്ലയും അതിന് താഴെ ഗ്രാമ പഞ്ചായത്തുകള്‍ അല്ളെങ്കില്‍ നഗരസഭകളാണ് വേണ്ടത്. കലക്ടറും ഭരണത്തിന്‍െറ ഭാഗമാകണം. 
അധികാര വികേന്ദ്രികരണത്തിന്‍െറ ഭാഗമായി 125 വികസന ചുമതലകള്‍ ഗ്രാമപഞ്ചായത്തുകള്‍ക്കും നൂറോളം ചുമതലകള്‍ ബ്ളോക്ക് -ജില്ലാ പഞ്ചായത്തുകള്‍ക്കും കൈമാറി. നഗരസഭകള്‍ക്കും പുതുതായി ചുമതലകള്‍ കൈമാറി. ഈ ചുമതലകള്‍ എത്രത്തോളം നടപ്പാക്കിയെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമില്ളേ? അധികാര വികേന്ദ്രികരണം നടപ്പിലായി രണ്ടു പതിറ്റാണ്ടിലത്തെുമ്പോഴാണ് ഏറ്റവും താഴത്തെട്ടില്‍ സേവാഗ്രാമം പ്രാബല്യത്തില്‍ കൊണ്ടു വന്നത്. അധികാര വികേന്ദ്രികരണത്തിന്‍െറ വക്താക്കളാകേണ്ടവര്‍ തന്നെയാണ് സേവാഗ്രാമത്തെ പരാജയപ്പെടുത്താന്‍ ശ്രമിച്ചതെന്നാണ് ലഭ്യമാകുന്ന വിവരം. പ്രാദേശിക ഭരണസംവിധാനത്തെ ശാക്തികരിക്കുന്നതിനും കുടുതല്‍ ജനാധിപത്യവല്‍ക്കരിക്കുന്നതിനും അധികാരവികേന്ദ്രികരണം അര്‍ഥപൂര്‍ണമാക്കുന്നതിനും ജനങ്ങള്‍ക്ക് നിരന്തരം കുടിചേരുകയും വികസന-ക്ഷേമകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുമുള്ള വേദിയായ ഗ്രാമസഭ അഥവാ വാര്‍ഡുസഭയുടെ ആസ്ഥാനമെന്ന നിലയിലാണ് സേവാഗ്രാമത്തെ നിര്‍ദേശിച്ചത്.സ്വന്തമായി ആഫീസ്, കൈമാറികിട്ടിയ വകുപ്പിലെ ഏതെങ്കിലും ഒരു ഉദ്യോഗസ്ഥന് ചുമതല, എല്ലാദിവസവും വൈകുന്നേരം മൂന്നു മുതല്‍ പ്രവര്‍ത്തനം.. തുടങ്ങി ഒട്ടേറെ നിര്‍ദേശങ്ങളുണ്ടായിരുന്നു. വാര്‍ഡുസമിതി,അയല്‍സഭകള്‍ എന്നിവയും ഇതിന്‍െറ ഭാഗമാണ്. വാര്‍ഡുതലത്തില്‍ ജനങ്ങള്‍ക്ക് സേവനം നല്‍കുന്ന ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ട് വാര്‍ഡുസമിതിയില്‍ അവതരിപ്പിക്കപ്പെടണം. ചുരക്കത്തില്‍ വാര്‍ഡതല പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി സേവാഗ്രാമം മാറപ്പെടും. ഇതൊക്കെ നടപ്പായാല്‍ പഞ്ചായത്തു ആഫീസില്‍ ആരെങ്കിലും വരുമോ, ആളില്ളെങ്കില്‍ പഞ്ചായത്തു ആഫീസിനും പ്രസിഡന്‍റിനും എന്ത് കാര്യം? എതിര്‍ക്കാന്‍ വേറെ കാരണങ്ങള്‍ വേണ്ടിയിരുന്നില്ല. തര്‍ക്കത്തിനും എതിര്‍പ്പിനും ഒടുവില്‍ സേവാഗ്രാമം നിലവില്‍ വന്നുവെങ്കിലും പരമാവധി വെള്ളം ചേര്‍ക്കപ്പെട്ടു. അങ്കണവാടി അല്ളെങ്കില്‍ ഏതെങ്കിലുമൊരു സ്കൂളിന് മുന്നില്‍ സേവാഗ്രാമം എന്ന ബോര്‍ഡ് തൂക്കപ്പെട്ടു. പലയിടത്തും ഗ്രാമസഭകളും വാര്‍ഡുസഭകളും ‘ചരിത്രമായി’ മാറിയത് സര്‍ക്കാര്‍ ശ്രദ്ധിക്കുന്നില്ല. ഗ്രാസഭകള്‍ ചേരുന്നത് കടലാസില്‍ മാത്രമാണെന്ന് പലരും സമ്മതിക്കുന്നുണ്ട്. ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്ന ഗ്രാമസഭകളില്‍ മാത്രമാണ് ക്വാറം തികയുന്നത്. 

പദ്ധതി ഫണ്ടിന്‍െറ വിനിയോഗം
2014-15 വര്‍ഷത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ 5761.04 കോടി രൂപ വിനിയോഗിച്ചതായാണ് കണക്ക്. ഗ്രാമ പഞ്ചായത്തുകള്‍ 3417.26 കോടിയും ബ്ളോക്ക് പഞ്ചായത്തുകള്‍ 659.51 കോടിയും ജില്ല ാപഞ്ചായത്തുകള്‍ 830.68 കോടിയും നഗരസഭകള്‍ 543.81 കോടിയും കോര്‍പ്പറേഷനുകള്‍ 309.76 കോടിയും ചെലവഴിച്ചു. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ലഭിക്കുന്ന പദ്ധതി തുക പൂര്‍ണമായുംവിനിയോഗിക്കുന്നുമില്ല. 2009-10ല്‍ 73 ശതമാനം, 2010-11ല്‍ 66.53, 2011-12ല്‍ 70.84, 2013-14ല്‍ 77.47 എന്നിങ്ങനെയാണ് തുക വിനിയോഗിച്ചത്. ഇത്രയും വലിയ തുക വിനിയോഗിക്കപ്പെട്ടപ്പോള്‍ തന്നെ ഉല്‍പാദന മേഖലയില്‍ കേരളം  തിരിച്ചു നടക്കുകയാണെന്ന യാഥര്‍ഥ്യം തിരച്ചറിയണം. റോഡ് ടാറിംഗും പാലം നിര്‍മ്മാണവും ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കലും മറ്റുമായി നിര്‍മ്മാണ മേഖലയില്‍ മാത്രം ശ്രദ്ധ കേന്ദ്രകിരിക്കപ്പെട്ടപ്പോഴാണ് ഉല്‍പാദന മേഖല പിന്നോട്ടടിച്ചത്. 2009-14 കാലഘട്ടത്തില്‍ ഉല്‍പാദന മേഖലക്കായി നീക്കി വെച്ചത് 11.32 ശതമാനം മാത്രമാണെന്നാണ് സി എ ജി റിപ്പോര്‍ട്ടില്‍ പറയുന്നത്. കാര്‍ഷിക , മൃഗ സംരക്ഷണ മേഖലകളെ തദ്ദേശ സ്ഥാപനങ്ങള്‍ കയ്യൊഴിഞ്ഞു. പാല്‍ ഉല്‍പാദനം വര്‍ദ്ധിച്ചിട്ടുണ്ടെങ്കില്‍ അതു കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ തുടങ്ങിവെച്ച പദ്ധതികളിലൂടെയാണ്. കാര്‍ഷിക മേഖലയില്‍ ആകെ നടന്നത് ജൈവകൃഷിയെന്ന പേരില്‍ കയ്യടി നേടാനും വാര്‍ത്ത സൃഷ്ടിക്കാനുമുള്ള ചില പ്രവര്‍ത്തനങ്ങള്‍ മാത്രമാണ്. 
മാലിന്യ സംസ്കരണം
കേരളം നേരിടുന്ന ഏറ്റവും ഗുരുതരമായ പ്രശ്നം ഏതെന്ന് ചോദിച്ചാല്‍ ഒറ്റ വാക്കില്‍ പറയും-മാലിന്യമാണെന്ന്. തദ്ദേശ സ്ഥാപനങ്ങളുടെ ചുമതലയാണ് മാലിന്യ സംസ്കരണം. ഒറ്റപ്പെട്ട ചില തദ്ദേശ സ്ഥാപനങ്ങള്‍ മാത്രമാണ് എന്തെങ്കിലും  നടപടി സ്വീകരിച്ചത്. മാലിന്യ സംസ്കരണ പദ്ധതികള്‍ തയ്യാറാക്കുന്ന കാര്യത്തില്‍ തദ്ദേശ സ്ഥപനങ്ങള്‍ പൂര്‍ണ പരാജയമാണ്. അല്ളെങ്കില്‍ മാലിന്യ സംസ്കരണം ‘ലാഭകരമല്ളെന്ന്’ തോന്നിയിരിക്കണം. ഇതു തന്നെയല്ളേ തെരുവ് നായകളുടെ കാര്യത്തിലും. ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി കണ്ണുര്‍ ജില്ലയിലെ പാപ്പിനേശി, പെരിങ്ങോം-വയക്കല്‍ പഞ്ചായത്തുകള്‍  ‘ഒപ്പറേഷന്‍ സീറോ റാബിസ്’ പദ്ധതി നടപ്പാക്കിയിരുന്നു. കേരള വെറ്ററനറി സര്‍ജന്‍സ് അസോസിയേഷന്‍െറ സഹായത്തോടെയായിരുന്നു പദ്ധതി. തെരുവുനായക്കള്‍ക്ക് വാക്സിനേഷന്‍ നല്‍കലും ജനങ്ങളില്‍ ബോധവല്‍ക്കരണവുമായിരുന്നു പ്രധാനം. എന്നാല്‍, സംസ്ഥാനത്ത് പിന്നിട് ഒരിടത്തും ഇത്തരം പദ്ധതി നടപ്പാക്കിയില്ല. മറിച്ച് കലക്ടര്‍ അദ്ധ്യക്ഷനായ എസ്.പി.സി.എയുടെ അദ്ധ്യക്ഷ പദവി വേണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റുമാര്‍ ആവശ്യപ്പെടുകയാണ് ചെയ്തത്. മൃഗസംരക്ഷണം ജില്ലാ പഞ്ചായത്തിന്‍െറ ചുമതലയാണെന്ന ന്യായമാണ് ഇതിന് പറഞ്ഞത്. 

വനിത സംവരണം
33ശതമാനമായിരുന്ന വനിതാ സംവരണം 50 ശതമാനമാക്കിയത് കേരളത്തിലാണ്. 50ശതമാനം വനിത സംവരണം ഏര്‍പ്പെടുത്തിയിട്ടു അഞ്ചു വര്‍ഷം പൂര്‍ത്തിയാകുന്നു. സ്വഭാവികമായി വിലയിരുത്തല്‍ ആകാം. ചിലയിടങ്ങളില്‍ വനത ജനപ്രതിനിധികള്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചുവെന്നത് അംഗീകരിക്കുന്നു-പ്രത്യേകിച്ച് മലപ്പുറം ജില്ലയിലെ ചില വനിത പ്രസിഡന്‍റുമാര്‍.  എന്നാല്‍ ഭൂരിപക്ഷവും അതായിരുന്നുവോ? വനിതാ വാര്‍ഡ് ജനറലായിട്ടും മല്‍സര രംഗത്ത് നിന്നും മാറില്ളെന്ന വാശിയോടെ മല്‍സരിക്കുന്നവര്‍ ഒരു ഭാഗത്ത്. സ്ഥാനാര്‍ഥിയാക്കുമെന്ന് ഭയന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പണം കഴിയുന്നത് വരെ നാട്ടില്‍ നിന്നും മാറി നിന്നവര്‍ മറുഭാഗത്ത്. 
മറ്റൊന്ന് അഴിമതിയാണ്. അധികാര വികേന്ദ്രികരണമല്ല, അഴിമതി വികേന്ദ്രികരണമാണെന്ന ആരോപണം വര്‍ഷങ്ങളായി നിലനില്‍ക്കുന്നു. ഓരോ വര്‍ഷവുംഅഴിമതിവര്‍ദ്ധിച്ചുവരുന്നുവെന്നാണ് പറുത്തുവരുന്ന വിവരം. ഭരണസമിതിയില്‍ പ്രതിപക്ഷമില്ളെന്ന സങ്കല്‍പം അക്ഷരാര്‍ഥത്തില്‍ ശരിയാണ്. എല്ലായിടത്തും കൂട്ടുഭരണമാണ്. മാധ്യമ പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന യോഗങ്ങളില്‍മാത്രമാണ് തമ്മിലടിയും വിമര്‍ശനവും. അതുകഴിഞ്ഞാല്‍ സര്‍വകക്ഷി ഭരണം. തദ്ദേശ സ്ഥാപനങ്ങളില്‍കയറികുടാന്‍ പെടു്നന പാടും കയറിയാല്‍ ഇറങ്ങിപോകാതാരിക്കാന്‍ കളിക്കുന്ന കളികളും മലയാളികള്‍ കാണുന്നുണ്ടെന്ന ബോധ്യമെങ്കിലും വേണ്ടതാണ്. സ്വന്തം കക്ഷി സീറ്റ് തന്നില്ളെങ്കില്‍ അടുത്ത കക്ഷിയില്‍,  സ്വന്തം വാര്‍ഡ് സംവരണമായാല്‍ അടുത്ത ജനറല്‍ വാര്‍ഡിലേക്ക്. വനിതകളാണെങ്കില്‍ വാര്‍ഡ് വിട്ടു കൊടുക്കണമെങ്കില്‍ വാര്‍ഡ് പട്ടിക വിഭാഗ സംവരണമാകണം. ഇതിനിടെയില്‍ പട്ടിക വിഭാഗക്കാരുടെ കാര്യം അന്വേക്കാറില്ല. സംവരണം കഴിയുന്നതോടെ അവരെ പിന്നെ തിരിഞ്ഞു നോക്കില്ല. എന്നാല്‍, ജില്ലാ കൗണ്‍സില്‍ തുടങ്ങി ഇന്നുവരെ പട്ടികവര്‍ഗ സംവരണ വാര്‍ഡ് എവിടെയാണോ അവിടെ മല്‍സരിക്കുന്നവരും ഇല്ലാതില്ല. 

സംസ്ഥാന സര്‍ക്കാര്‍ കേരളത്തിലെ അധികാരവികേന്ദ്രീകരണത്തെ വിലയിരുത്താനായി നിയോഗിച്ച പ്രൊഫ.ഉമ്മന്‍ കമ്മറ്റിയുടെ റിപ്പോര്‍ട്ടിലെ നിരീക്ഷണങ്ങള്‍  പല പരിമിതികളും ചൂണ്ടിക്കാട്ടുന്നു. തദ്ദേശഭരണ സ്ഥാപനങ്ങള്‍ അവയുടെ അധികാരമേഖലകളിലെങ്കിലും സ്വയംഭരണസ്ഥാപനങ്ങളായി മാറണമെങ്കില്‍ ഇനിയും ബഹുദൂരം പോകേണ്ടതുണ്ടെന്നും ഇക്കാര്യത്തില്‍ ഭരണരാഷ്ട്രീയ നേതൃത്വം കൂടുതല്‍ ഉത്തരവാദിത്വം കാണിക്കേണ്ടതുണ്ടെന്നുമാണ് ലഭ്യമായ പഠനങ്ങളെല്ലാം കാണിക്കുന്നത്. ഇതിനായി ഫലപ്രദമായി ഇടപെടണമെങ്കില്‍ കേരളത്തിലെ അധികാരവികേന്ദ്രീകരണത്തിന്‍്റെ സവിശേഷതകള്‍ എന്തെന്നും, ഇന്നത് നേരിടുന്ന പ്രതിസന്ധികള്‍ എന്തൊക്കെ എന്നും പരിശോധിക്കേണ്ടതുണ്ടെന്നാണ് ശാസ്ത്ര സാഹത്യ പരിഷത് പറയുന്നത്.  പക്ഷേ, ഇത്തരം സാധ്യതകളെയൊക്കെ തമസ്കരിക്കുന്ന അഴിമതിക്കഥകളും കെടുകാര്യസ്ഥതയും ധനപരമായ അരാജകത്വവും അരങ്ങേറുന്ന തദ്ദേശഭരണ സ്ഥാപനങ്ങളുടെ എണ്ണവും തീരെ ചെറുതല്ല. ആത്യന്തികമായി ജനങ്ങള്‍ സംവിധാനത്തിന്‍്റെ നിരീക്ഷകരും തിരുത്തല്‍ ശക്തികളുമായി നിലകൊണ്ടാല്‍ മാത്രമേ അധികാരവികേന്ദ്രീകരണം സ്ഥായിയായി നിലനില്‍ക്കുകയുള്ളൂ. ഈ ജനകീയധര്‍മം നിറവേറ്റണമെങ്കില്‍ വികേന്ദ്രീകരണത്തിന്‍്റെ വര്‍ത്തമാനകാല അവസ്ഥ ഓരോ തദ്ദേശഭരണ പ്രദേശത്തെയും ജനങ്ങള്‍ക്ക് സ്വയം വിലയിരുത്താന്‍ സാധിക്കണമെന്നും ചൂണ്ടിക്കാട്ടുന്നു.  തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങള്‍ എത്രത്തോളം സ്വയംഭരണ' സ്ഥാപനങ്ങളാണെന്ന് പലര്‍ക്കും വ്യക്തതയില്ല. ചിലര്‍ അതിനെ പരമാധികാരം എന്ന് ധരിച്ചിരിക്കുന്നു. പഞ്ചായത്തിനകത്ത് എന്തും ചെയ്യാന്‍ അധികാരം ഉണ്ട് എന്നാണ് അവര്‍ ധരിച്ചിരിക്കുന്നത്. മറ്റു ചിലരാകട്ടെ ലഭിച്ച അധികാരത്തിന്‍്റെ സാധ്യതകള്‍ എത്രത്തോളമെന്നും തിരിച്ചറിയുന്നില്ല.
ഇതൊക്കെയാണ് ഈ തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യേണ്ടത്. ബീഫും വെള്ളാപ്പള്ളിയും ചര്‍ച്ച ചെയ്യാന്‍ പാടില്ളെന്നല്ല, അതായിരിക്കരുത് മുഖ്യ വിഷയം. തെരഞ്ഞെടുപ്പിന് മുമ്പ് ജൈവകൃഷിയും  മാലിന്യനീക്കവുമായി രംഗത്തുവന്ന സി പി എം പോലും തദ്ദേശ തെരശഞ്ഞടുപ്പിനെ രാഷ്്ട്രിയമാക്കാന്‍ ശ്രമിക്കുമ്പോഴാണ് ദൂ:ഖം.

17 October 2015

നഗരസഭാ ഭരണത്തിന് തുടക്കം നഗരപരിഷ്കരണ കമ്മിറ്റിയിലൂടെവിരലില്‍ എണ്ണിയാല്‍ തീരുന്ന നഗരസഭകളും കോര്‍പ്പറേഷനും-അങ്ങനെയൊരു കാലവും കേരളത്തിനുണ്ടായിരുന്നു. പക്ഷെ, നഗരം ഗ്രാമങ്ങളെ കീഴടക്കിയപ്പോള്‍ പഞ്ചായത്തുകളുടെ സ്ഥാനത്ത് നഗരസഭകള്‍ എത്തി. ഇത്തവണ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍  ആറു കോര്‍പ്പറേഷനും 87 നഗരസഭകളുമാണ് കേരളത്തില്‍.
എവിടെ നിന്നാണ് കേരളത്തില്‍ നഗരസഭകളുടെ തുടക്കം? റിപ്പണ്‍ പ്രഭുവിലാണ് അന്വേഷണംഅവസാനിക്കുന്നത്. 1882 മെയ് 18ലെ റിപ്പണ്‍ പ്രഭുവിന്‍െറ തുടര്‍ച്ചയായാണ് 1894ലെ നഗര പരിഷ്കരണ കമ്മിറ്റി റിപ്പോര്‍ട്ട്. ആ വര്‍ഷമാണ് തിരുവിതാംകൂറിലും ആദ്യ ചുവട് വെയ്പ്. ഡര്‍ബാര്‍ ഫിസിഷ്യന്‍ മേജര്‍ ജെ.ഹുസ്റ്റുണ്‍ അദ്ധ്യക്ഷനായ കമ്മറിയുടെ റിപ്പോര്‍ട്ടാണ് നഗര പരിഷ്കരണ കമ്മിറ്റിക്ക് കാരണമായത്. പൊതുകിണറുകളും കക്കൂസുകളും തെരുവ് വിളക്കുകളും ഓടകളും മറ്റുമായിരുന്നു ചുമതല. തിരുവനന്തപുരം, നാഗര്‍കോവില്‍, കൊല്ലം, ആലപ്പുഴ, കോട്ടയം എന്നിവിടങ്ങളിലായിരുന്നു നഗരപരിഷ്കരണ കമ്മിറ്റികള്‍ രൂപവല്‍ക്കരിച്ചത്. ഉദ്യോഗസ്ഥരായിരുന്നു ഭൂപരിക്ഷ അംഗങ്ങള്‍. നികുതി ചുമത്താനും പിരിക്കാനും അധികാരമുണ്ടായിരുന്നില്ല. എന്നാല്‍, 1900ത്തിലെ നിയമത്തിലൂടെ ആ അധികാരങ്ങള്‍ ലഭിച്ചു.
1920ലാണ് നഗരപരിഷ്കരണ കമ്മിറ്റികള്‍ നഗരസഭകളായി മാറുന്നത്. കമ്മിറ്റി പ്രസിഡന്‍റ് പൗര പ്രമുഖനായി. 1940 ല്‍ എത്തിയപ്പോള്‍ കൗണ്‍സിലിന്‍െറ നാലില്‍ മൂന്നു ഭാഗവും തെരഞ്ഞെടുക്കപ്പെട്ടവരായി. തുടക്കത്തില്‍ പ്രസിഡന്‍റിനായിരുന്നു ഭരണ നിര്‍വഹകണ ചുമതല. 1945ല്‍ മുനിസിപ്പല്‍ കമ്മീഷണര്‍മാര്‍ക്കായി ഭരണം. ഇപ്പോഴത് സെക്രട്ടറിയാണ്.
കൊച്ചിയില്‍ 1910ല്‍ സാനിട്ടറി ബോര്‍ഡുകളിലൂടെയാണ് നഗര ഭരണത്തിന് തുടക്കം. 1920ല്‍ ഭൂപരിക്ഷത്തെ തെരഞ്ഞെടുക്കുന്നതിന് നിയമംമൂലം അനുമതി നല്‍കി. 1938വരെ ഏതാനം പേരെ നാമനിര്‍ദേശം ചെയ്യുമായിരുന്നു. മലബാറില്‍ നേരത്തെ തന്നെ മദ്രാസ് മുനിസിപ്പല്‍ നിയമം നിലവിലുണ്ടായിരുന്നു. 1859ലാണ് മലബാര്‍ ജില്ലാ ബോര്‍ഡ് നിലവില്‍വരുന്നത്. 1865ല്‍ മദ്രാസ് നഗര പരിഷ്കരണ നിയമവും നിലവില്‍ വന്നു. 1866ല്‍ കോഴിക്കോട്, പാലക്കാട്, തലശേരി എന്നിവിടങ്ങളിലും 1867ല്‍ കണ്ണുരിലും നഗസഭകള്‍ നിലവില്‍വന്നു. മൂന്നു വര്‍ഷമായിരന്നു കൗണ്‍സില്‍ അംഗങ്ങളുടെ കാലാവധി. നാലില്‍ മൂന്നിനെയും നികുതി ദായകര്‍ തെരഞ്ഞെടുത്തു. 12ല്‍ കുറയാത്ത അംഗങ്ങളാണ് ഓരോ കൗണ്‍സിലിലും ഉണ്ടായിരുന്നത്.
കൗണ്‍സിലര്‍മാരെ ജനസംഖ്യാടിസ്ഥാനത്തില്‍ നിശ്ചയിച്ചത് 1920ലാണ്. 16 മുതല്‍ 36വരെ അംഗങ്ങളാണ് ഓരോ നഗരസഭ കൗണ്‍സിലിലും ഉണ്ടായിരുന്നത്. നാലില്‍ മൂന്നു ഭാഗത്തെ തെരഞ്ഞെടുത്തപ്പോള്‍ ബാക്കി അംഗങ്ങളെ മുസ്ളിം തുടങ്ങിയ ന്യൂപപക്ഷങ്ങളില്‍ നിന്നും നാമനിര്‍ദ്ദേശം ചെയ്തു. 1930വരെ നാമനിര്‍ദേശം തുടര്‍ന്നു. മുഴൂവന്‍ അംഗങ്ങളെയും തെരഞ്ഞെടുത്തു തുടങ്ങിയതോടെയാണ് വനിതകള്‍ കൂണ്‍സില്‍ അംഗങ്ങളായത്. ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍,സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്നിവരെയുമം തെരഞ്ഞെടുക്കുമായിരുന്നു.
1956ല്‍ കേരളം രൂപീകരിക്കപ്പെട്ടതോടെയാണ് എകീകൃത മുനിസിപ്പല്‍ നിയമത്തെ കുറിച്ച്ആലോചന തുടങ്ങിയത്. അന്ന് തിരുവനന്തപുരം കോര്‍പ്പറേഷനും 20 നഗരസഭകളുമായിരുന്നു തിരുവിതാംകൂറിലുണ്ടായിരുന്നത്. 1961 സെപ്തംബര്‍ ഒന്നിന് നിലവില്‍ വന്ന മുനിസിപ്പാലിറ്റി ചട്ട പ്രകാരം സംസ്ഥാനത്തെ നഗരസഭാ ഭരണം ഏകീകരിച്ചു.
1940ലാണ് തിരുവനന്തപുരം ആദ്യ കോര്‍പ്പറേഷനായി നിലവില്‍വരുന്നത്. 1962ല്‍ കോഴിക്കോടും  1967ല്‍ കൊച്ചിയും കോര്‍പ്പറേഷനുകളായി. 2000ത്തില്‍ കൊല്ലവും തൃശൂരും കോര്‍പ്പുറഷനായി. ഇത്തവണ കണ്ണൂരും.
പഞചായത്തീരാജ് ചട്ട പ്രകാരം ഗ്രാമങ്ങള്‍ക്കായി ജില്ലാ, ബ്ളോക്ക് ഭരണ സംവിധാനമുണ്ടെങ്കിലും നഗരസഭകള്‍ക്ക് അതില്ല. ജില്ലാ, ബ്ളോക്ക് പഞ്ചായത്ത് ഭരണാധികാരികള്‍ക്കൊന്നും നഗര പരിധിയില്‍ കാര്യമില്ല. നഗരസഭകളില്‍ ഒരൊറ്റ വോട്ട് മതിയെന്നതും പ്രത്യേകതയാണ്.

15 October 2015

History of panchayath

http://www.madhyamam.com/news/376866/151013

വീണ്ടും തദ്ദേശ തെരഞ്ഞെടുപ്പിന്‍െറ ആരവങ്ങളിലേക്ക്. 73,74 ഭരണഘടന ഭേദഗതിയിലൂടെ പഞ്ചായത്തീ രാജ്, നഗരപാലിക നിയമം പ്രാബല്യത്തില്‍ വന്നതോടെ അഞ്ചു വര്‍ഷത്തിലൊരിക്കല്‍ കൃത്യമായും തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നു. എന്നാല്‍, മുമ്പ് ഇതായിരുന്നില്ല സ്ഥിതി. 1963ല്‍ തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഭരണസമിതി 1979 വരെയാണ് അധികാരത്തില്‍ തുടര്‍ന്നത്. അംഗങ്ങള്‍ പലരും മരണപ്പെട്ടതിനാല്‍ ക്വാറം നഷ്ടപ്പെട്ട പഞ്ചായത്തുകള്‍ പോലും ഉണ്ടായിരുന്നു. ഇതുമൂലം അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ കഴിയാത്ത സാഹചര്യവും. 1979 സെപ്തംബറില്‍ നടന്ന തെരഞ്ഞെടുപ്പിലൂടെ സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളില്‍ പുതിയ നേതൃത്വം എത്തി. ഈ തെരഞ്ഞെടുപ്പിന് മറ്റൊരു പ്രത്യേകത കൂടി ഉണ്ടായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും അന്നത്തെ കോണ്‍ഗ്രസ്-എസും (കേരളത്തില്‍ എ.കെ.ആന്‍റണി നേതൃത്വം നല്‍കിയത്) ഒരുമിച്ചതും ഇടതുപക്ഷ ജനാധിപത്യ മുന്നണി എന്ന ആശയത്തിന് വിത്തുപാകിയതും ഈ തെരഞ്ഞെടുപ്പായിരുന്നു. ഇതിന്‍െറ തുടര്‍ച്ചയായാണ് സി.പി.ഐ നേതാവ് പി.കെ.വാസുദേവന്‍ നായര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതും 1980ല്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തില്‍ എത്തിയതും.
1979ല്‍ തദ്ദേശ തെരഞ്ഞെടുപ്പ് നടന്നതോടെ അഞ്ചു വര്‍ഷത്തിലൊരിക്കല്‍ തെരഞ്ഞെടുപ്പ് എന്ന പ്രതീക്ഷ പ്രാദേശിക രാഷ്ട്രീയ പ്രവര്‍ത്തകരിലുണ്ടായെങ്കിലും പിന്നിട് തെരഞ്ഞെടുപ്പ് നടന്നത് 1988ലാണ്.
രാജ്യം ബ്രിട്ടീഷ് ഭരണത്തിലായിരിക്കുമ്പോള്‍ തന്നെ പ്രാദേശിക സര്‍ക്കാര്‍ എന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഗ്രാമ പഞ്ചായത്തു തലം മുതല്‍ തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി എന്ന ആവശ്യം ഉന്നയിച്ചത് 1909ലെ ലാഹോര്‍ കോണ്‍ഗ്രസ് സമ്മേളനമാണ്. ഇന്ത്യയുടെ തനതായ രാഷ്ട്രീയ-സാങ്കേതിക പാരമ്പര്യ പഞ്ചായത്തുകള്‍ എന്ന ആവശ്യമാണ് 1916ല്‍ ഗാന്ധിജി ഉയര്‍ത്തിയത്. ഇതു പിന്നിട് ഗ്രാമസ്വരാജ് എന്ന സങ്കല്‍പ്പത്തിലേക്ക് മാറി.
എന്നാല്‍, പ്രാദേശിക ഭരണം ശക്തിപ്പെടുത്തുന്നതിനുള്ള ചര്‍ച്ചകള്‍ സജീവമാകുന്നത് സ്വാതന്ത്ര്യത്തിന് ശേഷമാണ്. 1958ല്‍ ദേശീയ കൗണ്‍സിലിന്‍െറ തീരുമാന പ്രകാരം ബല്‍വന്ത് റായ് കമ്മിറ്റിയെ പഠനത്തിനായി ചുമതലപ്പെടുത്തി. ത്രിതല ഭരണ സംവിധാനം വേണമെന്നതടക്കമുള്ള ശിപാര്‍ശകളാണ് സമര്‍പ്പിച്ചത്. പ്രാദേശിക സര്‍ക്കാരുകള്‍ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ അശോക് മത്തേ കമ്മിറ്റിയെ നിയോഗിച്ചത് 1977ല്‍ അധികാരത്തില്‍ വന്ന ജനതാ സര്‍ക്കാരാണ്. പ്രാദേശിക ഭരണത്തിന് കുടുതല്‍ അധികാരങ്ങള്‍ നല്‍കണമെന്നും ഇതിനായി ഭരണഘടനാ ഭേദഗതി വേണമെന്നും അശോക് മത്തേ കമ്മിറ്റി ശിപാര്‍ശ ചെയ്തു. തുടര്‍ന്ന് 1978 ദന്ത്വാല കമ്മിറ്റി, 1984ല്‍ ഹനുമന്ത് റാവു കമ്മിറ്റി, 1985ല്‍ ജി.വി.കെ.റാവു കമ്മിറ്റി, 1988ല്‍ തുഗോണ്‍ കമ്മിറ്റി എന്നിവരും പ്രാദേശിക സര്‍ക്കാരുകളെ ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് ശിപാര്‍ശ നല്‍കി.
ഇതിന്‍െറ തുടര്‍ച്ചയായിരുന്നു 64,65 ഭരണഘടനാ ഭേദഗതികള്‍. 1989ല്‍ ലോക്സഭ പാസാക്കിയെങ്കിലും രാജ്യസഭയില്‍ കടമ്പ കടന്നില്ല. പിന്നീട് 73,74 ഭരണഘടനാ ഭേദഗതിയിലൂടെയാണ് രാജ്യം പഞ്ചായത്തീരാജ്, നഗരപാലിക നിയമങ്ങള്‍ 1992ല്‍ പാസാക്കിയത്. 1993 ഏപ്രില്‍ 24ന് ഇതു പ്രാബല്യത്തില്‍വന്നു. 
കേരളത്തില്‍ തിരുവിതാംകൂറില്‍ കഴിഞ്ഞ നൂറ്റാണ്ടിന്‍െറ ആരംഭത്തില്‍ തന്നെ പട്ടണങ്ങളെ അടിസ്ഥാനമാക്കി തദ്ദേശ സ്ഥാപനങള്‍ ഉണ്ടായിരുന്നു. നികുതി ദായകര്‍ക്ക് ഒൗദ്യോഗികാംഗങ്ങളെ തെരഞ്ഞെടുക്കാന്‍ 1912ല്‍ അനുമതി നല്‍കി. 1920 മുനിസിപ്പല്‍ നിയമ പ്രകാരം മുനിസിപ്പാലിറ്റികള്‍ നിലവില്‍ വന്നു. 1925ലെ വില്ളേജ് ഗ്രാമ പഞ്ചായത്ത് റഗുലേഷന്‍ പ്രകാരം ഏഴു പഞ്ചായത്തുകള്‍ രൂപീകരിച്ചു.
തെരുവു ശുചീകരണം, ശുദ്ധജല വിതരണം, മാലിന്യ നിര്‍മാജനം, ശ്മശനാന നിര്‍മ്മാണം, റോഡുകളുടെയും കടത്തുകളുടെയും മേല്‍നോട്ടം,പ്രാഥമിക വിദ്യഭ്യാസം എന്നിവയായിരുന ചുമതലകള്‍. സ്വത്തു നികുതി, വാഹന നികുതി, തൊഴില്‍ നികുതി എന്നിവയായിരുന്നു വരുമാനം.
1940ല്‍ വില്ളേജ് യൂണിയന്‍ ആക്ട് പ്രകാരം വില്ളേജ് യൂണിയനുകള്‍ നിലവില്‍വന്നു. വില്ളേജ് യൂണിയനുകളും വില്ളേജ് പഞ്ചായത്തുകളും 1949 തിരു-കൊച്ചി സംയോജനം വരെ തുടര്‍ന്നു.
1914ല്‍ കൊച്ചി വില്ളേജ് പഞ്ചായത്ത് റെഗുലേഷന്‍ നിയമത്തോടെ ഒരു താലൂക്കിന് ഒന്ന് എന്ന തോതില്‍ അന്നത്തെ അഞ്ചു താലൂക്കിലും അഞ്ചംഗ വില്ളേജ് പഞ്ചായത്ത് രൂപീകരിച്ചു. 50 രൂപ കരം അടക്കുന്നവര്‍ക്കും ബിരുദധാരികള്‍ക്കും വിരമിച്ച ഉദ്യോഗസ്ഥര്‍ക്കും മാത്രമേ ഭരണസമതിയില്‍ അംഗമാകാന്‍ കഴിയുമായിരുള്ളു. 1922ല്‍ കൊച്ചി പഞ്ചായത്തു റെഗുലേഷന്‍ നിലവില്‍ വന്നു. അതോടെ അധികാരം വര്‍ധിച്ചു. 1949 ആയപ്പോ¤െഴക്കും 100 വില്ളേജ് പഞ്ചായത്തുകള്‍ ഉണ്ടായിരുന്നു.
മലബാറില്‍ 1867ലെ മദ്രാസ് ടൂണ്‍ ഇംപ്രൂമെന്‍റ് ആക്ട് പ്രകാരം കോഴിക്കോട്, തലശേരി, പാലക്കാട്,കണ്ണൂര്‍ എന്നിവിടങ്ങളില്‍ മുനിസിപ്പാലിറ്റികള്‍ രൂപീകരിച്ചു. സര്‍ക്കാര്‍ നിയോഗിക്കുന്ന പ്രമാണിമാരും ലോക്കല്‍ മജിസ്ട്രേട്ട്, പൊതുമാരമത്ത് റേഞ്ച് ഓഫീസര്‍ എന്നിവര്‍ അടങ്ങുന്നതായിരന്നു ഭരണസമതി. 1884ലെ മദ്രാസ് ലോക്കല്‍ ബോര്‍ഡ്സ് ആക്ട് അനുസരിച്ച് പ്രാദേശിക ഭരണത്തിനായി ജില്ലാ,താലൂക്ക് ബോര്‍ഡുകള്‍ രൂപീകരിക്കുകയും ചെയ്തു.
1950ലെ തിരു-കൊച്ചി പഞ്ചായത്തീരാജ് ആക്ട് നിലവില്‍ വരുമ്പോള്‍ 550 പഞ്ചായത്തുകളാണുണ്ടായിരുന്നത്. പ്രായപൂര്‍ത്തി വോട്ടവകാശവും രഹസ്യ ബാലറ്റുമായിരുന്നു തെരഞ്ഞെടുപ്പിനുണ്ടായിരുന്നത്. 1951ല്‍ മദ്രാസ് പഞ്ചായത്തു ആക്ടും നിലവില്‍ വന്നു. മലബാര്‍, കാസര്‍ഗോഡ് പ്രദേശത്തായി 399 പഞ്ചായത്തുകളാണുണ്ടായിരുന്നത്. മലബാര്‍ ജില്ലാ ബോര്‍ഡിന്‍െറ പരിധിയില്‍പ്പെടാത്ത ഇടങ്ങളില്‍ മാത്രമായിരുന്നു പഞ്ചായത്ത്.
കേരളത്തിനു മുഴുവന്‍ ബാധകമായ പൊതു പഞ്ചായത്തു നിയമം ഉണ്ടാകുന്നത് 1960ലാണ്. കേരളത്തില്‍ പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഒൗപചാരിക ഉദ്ഘാടനം 1960 ജനുവരിയില്‍ അന്നത്തെ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു എറണാകുളത്ത് നിര്‍വഹിച്ചെങ്കിലും ആ നിയമം പ്രാബല്യത്തില്‍ വരുന്നത് 1962 ജനുവരി 1 മുതലുമാണ്. 1960ല്‍ മുഖ്യമന്ത്രി പട്ടം താണുപിള്ളയാണ് ഇതിനുള്ള ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചത്. 1956 നവംബര്‍ ഒന്നിന് കേരളം പിറവിയെടുക്കുമ്പോള്‍ 892 പഞ്ചായത്തുകളാണ് ആകെ ഉണ്ടായിരുന്നത്. 1959 ല്‍ പഞ്ചായത്ത് അതിര്‍ത്തികളുടെ പുനര്‍ നിര്‍ണയത്തിനുള്ള ഏകാംഗ കമ്മീഷനായി നിയോഗിക്കപ്പെട്ട ഒ.ചന്തുമേനോന്‍ കമ്മീഷന്‍്റെ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ 1962 ജനുവരിയില്‍ കേരളത്തില്‍ 922 പഞ്ചായത്തുകള്‍ രൂപീകരിക്കുകയും തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഉള്‍പ്പടെ എട്ട് നഗരസഭകളുടെയും അതിര്‍ത്തികള്‍ വിപുലീകരിക്കുകയും ചെയ്തു. ഭരണത്തിന്‍െറ അടിസ്ഥാന ഘടകം പഞ്ചായത്തായിരിക്കണമെന്നും താലൂക്ക്, ജില്ലാ തലങ്ങളില്‍ ഭരണസമിതികള്‍ ഉണ്ടായിരിക്കണമെന്നുമായിരുന്നു ശിപാര്‍ശ.
സമിതി റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ 1958ഡിസംബര്‍ എട്ടിന് കേരള പഞ്ചായത്ത് ബില്ലും 1959 എപ്രില്‍ 16ന് ജില്ലാ കൗണ്‍സില്‍ ബില്ലും നിയമസഭയില്‍ അവതരിപ്പിച്ചു. പിന്നിട് 1960ല്‍ കേരള പഞ്ചായത്ത് ആക്ടും 1961ല്‍ നഗരസഭാ ബില്ലും പാസാക്കി. കേരളത്തില്‍ ഏകീകൃത നിയമം വന്നതിനുശേഷമുള്ള ആദ്യ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത് 1963 നവംബര്‍, ഡിസംബര്‍ മാസങ്ങളിലാണ്. 922 പഞ്ചായത്തുകളില്‍ നിന്നായി 7714 മെമ്പര്‍മാരെയാണ് തെരഞ്ഞെടുത്തത്. 1964 ജനുവരി ഒന്നിനാണ് ഭരണസമിതി അധികാരത്തില്‍ വന്നത്.
തുടര്‍ന്ന് 1964ല്‍ പഞ്ചായത്ത് യൂണിയന്‍ കൗണ്‍സില്‍-ജില്ലാ പരിഷത്ത് ബില്‍ അവതരിപ്പിച്ചുവെങ്കിലും പാസാക്കുന്നതിന് മുമ്പ് മന്ത്രിസഭ മാറി. 1967ല്‍ രണ്ടാം ഇ.എം.എസ് സര്‍ക്കാര്‍ അവതരിപ്പിച്ച ബില്ലില്‍ പഞ്ചായത്തും ജില്ലയും ചേര്‍ന്ന രണ്ടു തട്ട് സംവിധാനമാണ് നിര്‍ദ്ദേശിച്ചത്. പക്ഷെ,അതും പാസായില്ല. 1971ല്‍ അവതരിപ്പിച്ച ബില്ല് 1978ല്‍ വീണ്ടും അവതരിപ്പിച്ച് പാസാക്കി.1980 മെയ് 18ന് രാഷ്ട്രപതിയുടെ അംഗീകാരം കിട്ടിയെങ്കിലും നടപ്പായില്ല. 1987ലെ നായനാര്‍ സര്‍ക്കാരാണ് ജില്ലാ ഭരണ നിയമം നടപ്പാക്കാന്‍ നടപടിയെടുത്തത്. ഇതിന്‍െറ അടിസ്ഥാനത്തില്‍ 1991ല്‍ ജില്ലാ കൗണ്‍സിലുകള്‍ വന്നു. പക്ഷെ, ഒരൊറ്റ വര്‍ഷമെ ആയുസുണ്ടായുള്ളു.
ഭരണഘടനാ ഭേദഗതി
73,74 ഭരണഘടനാ ഭേദഗതി അനുസരിച്ചുള്ള കേരളാ പഞ്ചായത്ത് രാജ് നിയമം 1994ഉം, കേരള മുനിസിപ്പല്‍ നിയമം 1994ഉം കേരള നിയമസഭ പാസ്സാക്കി. പുതിയ നിയമത്തിന്‍റെ അടിസ്ഥാനത്തിലുള്ള പഞ്ചായത്ത്, മുനിസിപ്പല്‍ ഭരണസമിതി 1995 ഒക്ടോബര്‍ രണ്ടിന് അധികാരമേറ്റു.
1996 ജൂലൈയില്‍ രൂപീകരിച്ച അധികാര വികേന്ദ്രീകരണ (സെന്‍ കമ്മിറ്റി) കമ്മിറ്റിയുടെ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ 1999 അവസാനം കേരള പഞ്ചായത്ത് മുനിസിപ്പല്‍ നിയമങ്ങള്‍ സമഗ്രമായി പരിഷ്കരിച്ചുകൊണ്ട് പല വിധത്തിലുള്ള ഭരണാധികാരങ്ങളും സാമ്പത്തികാധികാരങ്ങളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറി കേരളം ചരിത്രം സൃഷ്ടിച്ചു. തുടര്‍ന്ന് 2005ലും 2010ലും നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളുടെ കൃത്യത അധികാര വികേന്ദ്രീകരണ പ്രക്രിയയിലെ കേരളത്തിന്‍റെ പ്രതിബദ്ധത തെളിയിക്കുന്നതായിരുന്നു.
2010ല്‍ കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് പുതിയ തദ്ദേശ സ്ഥാപന ഭരണസമിതികള്‍ ചുമതലയെടുക്കത്തക്ക നിലയില്‍ തെരഞ്ഞെടുപ്പ് നടത്തുന്നതിന് കേരളത്തിലെ നിയമസഭയില്‍ പ്രാതിനിധ്യമുള്ള എല്ലാ രാഷ്ര്ടീയ പാര്‍ട്ടികളുടെയും യോഗം ചേര്‍ന്ന് തീരുമാനിക്കുകയായിരുന്നു. 2010നവംബര്‍ ഒന്നിന് അധികാരമേറ്റ ഭരണസമിതികളുടെ കാലാവധി ഈ വര്‍ഷം നവംബര്‍ 1ന് അവസാനിക്കുകയാണ്. നവംബര്‍ രണ്ടിനും അഞ്ചിനുമായി പുതിയ ഭരണ സമതിയംഗങ്ങളെ കേരളം തെരഞ്ഞെടുക്കും.
- See more at: http://www.madhyamam.com/news/376866/151013#sthash.U1t4ga42.dpuf

22 September 2015

ഇല്ല, മൂന്നാര്‍ ജനത അങ്ങനെ ചിന്തിക്കില്ല

ഇല്ല, മൂന്നാര്‍ ജനത അങ്ങനെ ചിന്തിക്കില്ല

കണ്ണന്‍ ദേവന്‍ കുന്നുകളിലെ ഐതിഹാസമായ സ്ത്രി തോട്ടം തൊഴിലാളികളുടെ സമരത്തെ തുടര്‍ന്ന്, സമരത്തിന്‍െറ ക്രെഡിറ്റ് അവകാശപ്പെട്ട് പലരും രംഗത്തുണ്ട്. വിഘടന വദത്തിന്‍െറ മുദ്രാവാക്യം ഉയര്‍ത്തുന്നവരും ഈ പട്ടികയിലുണ്ട്. സ്വയം ക്രെഡിറ്റ് അവകാശപ്പെടുന്ന ചിലരെ മഹത്വല്‍ക്കരിക്കാന്‍ മാധ്യമങ്ങള്‍ വല്ലാതെ മല്‍സരിക്കുകയും ചെയ്യുന്നു. കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കുകയെന്ന ലക്ഷ്യമാണ് ഇതിന് പിന്നിലെന്ന് അവര്‍ മനസിലാക്കുന്നില്ല. അതല്ളെങ്കില്‍, അവര്‍ മൂന്നാറിന്‍െറ ചരിത്രം പഠിക്കുന്നില്ല.
മൂന്നാര്‍ സ്ത്രി സമരത്തെ ഭാഷയുടെ അടിസ്ഥാനത്തില്‍ മാറ്റിയെടുക്കാനുള്ള ശ്രമങ്ങളാണ് ചിലര്‍ നടത്തി വരുന്നത്. തൊഴിലാളികള്‍ക്കടിയില്‍ വിശ്വാസം നഷ്ടപ്പെട്ട ട്രേഡ് യൂണിയനുകള്‍ ആഗ്രഹിക്കുന്നതും ഈ സമരത്തിന് പിന്നില്‍ അങ്ങനെ ചിലരുണ്ടെന്ന് വരുത്തി തീര്‍ക്കാനാണ്. എന്നാല്‍, ഭാഷയുടെതല്ല, മറിച്ച് ഭക്തിയുടെ സ്വാധീനമാണ് ഈ സമരം വിജയിക്കാന്‍ കാരണമെന്നാണ് പറഞ്ഞു കേള്‍ക്കുന്നത്. അതെന്തുമാകട്ടെ, പ്രശ്നം അതല്ല, ചിലര്‍ വളരെ ബോധപൂര്‍വ്വം ഇവിടെ പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്. എന്നാല്‍, ഇതൊന്നും കണ്ണന്‍ ദേവന്‍ കുന്നുകളില്‍ വേരു പിടിക്കില്ളെന്നാണ് ചരിത്രവും അനുഭവവും. കാരണം, മൂന്നാറില്‍ ഇന്ന് ജീവിക്കുന്നത് തമിഴ്നാടില്‍ നിന്നും എസ്റ്റേറ്റുകളില്‍ ജോലി തേടി എത്തിയവരുടെ നാലാമത്തെയോ അഞ്ചാമത്തെയോ തലമറുയാണ്.
1952വരെ കണ്ണന്‍ ദേവന്‍ കമ്പനിയിലെ തോട്ടം തൊഴിലാളികള്‍ അടിമകളെ പോലെയാണ് ജീവിച്ചിരുന്നത്. അന്ന് ഇവര്‍ക്ക് വേണ്ടി ഇടപ്പെട്ടത് തമിഴ്നാടിലെ നേതാക്കളായ കെ.കാമരാജും സി.എന്‍.അണ്ണാദുരെയും ജി.രാമാനുജവും ഒക്കെയാണ്.തോട്ടം തൊഴിലാളികളുടെ പ്രശ്നങ്ങള്‍ നേരിട്ടു പഠിക്കാന്‍ കെ.കാമരാജ് എത്തിയത് അന്നത്തെ INTUCയുടെ ദേശിയ നേതാക്കളെയും കൂട്ടിയാണ്. തോട്ടം തൊഴിലളികള്‍ക്കായി യൂണിയര്‍ രൂപീകരിക്കുകയും പ്രവര്‍ത്തനങ്ങള്‍ക്കായി ആര്‍.കുപ്പുസ്വാമിയെ വിട്ടു കൊടുക്കുയും ചെയ്തു. പിന്നിട് എപ്പോഴൊ തോട്ടം തൊഴിലാളി പ്രശ്നങ്ങള്‍ക്ക് ഭാഷായുടെ നിറം കടന്നു വന്നു. ഭാഷാട്സ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ പുനരേകീകരിക്കാന്‍ നടപടി തുടങ്ങിയതും ഒരു കാരണമായി. എന്നാല്‍, കേരളത്തിനൊപ്പം നില്‍ക്കാനായിരുന്നു അന്നത്തെ എം.എല്‍.എ എന്‍.ഗണപതിയടക്കമുള്ളവര്‍ തീരുമാനിച്ചതെന്ന് ഓര്‍ക്കുക. 1956 നവംബര്‍ ഒന്നിന് കേരളം പിറന്നതോടെ ഭാഷാ സമരവും അവസാനിച്ചു.
പിന്നിട് ഇടക്കിടെ ചിലര്‍ ഭാഷാ പ്രശ്നം കുത്തിപൊക്കിയിരുന്നു. മൂന്നാറിന്‍െറ മുഖ്യധാര രാഷ്ട്രിയത്തില്‍ ഇടം കിട്ടാതെ പോയവരാണ് ഇങ്ങനെ പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചത്. ഇവര്‍ ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങളില്‍ താല്‍ക്കാലികമായി ആകര്‍ഷിക്കപ്പെടുമായിരുന്നുവെങ്കിലും സ്ഥായിയായി മൂന്നാര്‍ ജനത മൂന്നാറിനൊപ്പമായിരുന്നു.
1980കളില്‍ ജോണ്‍ പാണ്ഡ്യന്‍െറ നേതൃത്വത്തില്‍ ദേവേന്ദ്രകുല വെള്ളാളര്‍ സംഘം രൂപീകരിച്ചപ്പോള്‍ ലഷ്മി എസ്റ്റേറ്റില്‍നിന്നും മുഴുവന്‍ രാഷ്ട്രിയക്കാരെയും യൂണിയന്‍ നേതാക്കളെയും തുരത്തിയതാണ്. മൂന്നാറില്‍ ഭൂരിപക്ഷമുള്ള ജാതിയുടെ പേരിലായിരുന്ന സംഘടനക്ക് പലയിടത്തും യൂണിറ്റുകള്‍ രൂപീകരിക്കപ്പെട്ടു. എന്നാല്‍, വൈകാതെ ലഷ്മിയിലുള്ളവരടക്കം തെറ്റു തിരുത്തി. അതിന് ശേഷം ചില ദ്രാവിഡ രാഷ്ട്രിയ പാര്‍ട്ടികള്‍ തെറ്റായ മുദ്രാവാക്യം ഉയര്‍ത്തിയെങ്കിലും അതൊക്കെ അതിര്‍ത്തിക്കപ്പുറത്ത് എന്ന് പ്രഖ്യാപിച്ചത് തോട്ടം തൊഴിലാളികള്‍ തന്നെയാണ്. 1990കളുടെ ആദ്യവും ചില പ്രശ്നങ്ങള്‍ ഉണ്ടായി. അതിന് കാരണം സൃഷ്ടിച്ചത് തമിഴ്നാടില്‍ നിന്നുമുള്ള ബസ് ഡ്രൈവറും. മൂന്നാറുകാരായ ചിലര്‍ കോടതി കയറിയറങ്ങിയതും മര്‍ദ്ദനമേറ്റതും ഇതിന്‍റ ബാക്കി പത്രം.
മുല്ലപ്പെരിയാര്‍ പ്രശ്നത്തിന്‍െറ പേരില്‍ തമിഴ്നാടിലെ ചില എം.പിമാര്‍ക്ക് പിന്നാലെ മുന്നാറിലും മുദ്രാവാക്യം മുഴങ്ങി. പ്രകടനവും നടത്തി. ഇതിന് പിന്നാലെ തമിഴ് വികാരം ആളികത്തിക്കുന്ന ഡോക്യമെന്‍ററികള്‍ എസ്റ്റേറ്റുകള്‍ തോറം പ്രദര്‍ശിപ്പിച്ചു. ആ നീക്കത്തിനും താല്‍ക്കാലിക ആയുസായിരുന്നു.
തമിഴ്നാടിലെ ജാതി രാഷ്ട്രിയ സംഘടനകള്‍ ഇവിടെയും വേരുറുപ്പിക്കാന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ അതിനൊന്നും ഈ മണ്ണു പാകമല്ളെന്ന് തോട്ടം തൊഴിലാളികള്‍ തെളിയിച്ചിട്ടുമുണ്ട്. ഇവിടെ അയിത്തവും തീണ്ടലും ഇല്ലാതെയാണ് ജീവിതം. തിരുവനന്തപരുത്തും പാലക്കാട് ചിറ്റുരിലും തുടങ്ങി വിവിധ സ്ഥലങ്ങളില്‍ മെച്ചപ്പെട്ട വിദ്യഭ്യാസവും ആനുകൂല്യങ്ങളും, സംവരണാടിസ്ഥാനത്തില്‍ ജോലി ഇതൊക്കെ മുന്നാറുകാര്‍ തിരിച്ചറിയുന്നു. തെരഞ്ഞെടുപ്പു കാലത്ത് ചിലര്‍ വോട്ടു ബാങ്ക് രാഷ്ട്രിയത്തിന്‍െറ വേണ്ടി ജാതി ചിന്ത പകര്‍ന്നു നല്‍കിയത് ദുരന്തമാണ്. എങ്കിലും ഇവരാരും മൂന്നാറിനെ തള്ളി പറയില്ല.
ഇവിടെ വിവിധ ആവശ്യങ്ങള്‍ക്കായി വരുന്നവരാണ് അനാവശ്യമായി  ദുഷിച്ച ചിന്ത പകര്‍ന്നു നല്‍കുന്നത്. ഇവിടെ, ഭാഷയും ജാതിയും മതവുമില്ല. മുന്നാര്‍ ടൗണിന് ചുറ്റുമുള്ള മൂന്നു മലകളിലായി ഹിന്ദു, കൃസ്ത്യന്‍,മുസ്ലിം ദേവാലയങ്ങള്‍ സ്ഥിതി ചെയ്യുന്നത് തന്നെ ഉദാഹരണം. സ്ത്രി തോട്ടം തൊഴിലാളികള്‍ നടത്തിയ സമരത്തെ തുടര്‍ന്ന് മുഖ്യമന്ത്രി വിളിച്ച ചര്‍ച്ചയുടെ അന്ന്, സമരം ഒത്തു തീര്‍പ്പാക്കാന്‍ മൂന്നു ദേവാലയങ്ങളിലും പ്രത്യേക പ്രാര്‍ന്ഥന നടന്നതും മതസൗഹാര്‍ദ്ദത്തിന്‍െറ ഉദാഹരണം.
ഒരു അപേക്ഷ..........ദയവായി ഈ മണ്ണില്‍ വിഷ ചിന്തകള്‍ വിതറരുതേ...മുന്നും നാലും തലമുറകളായി ഞങ്ങള്‍ മൂന്നാറുകാര്‍ ഒന്നാണ്. ഇനിയും അങ്ങനെയായിരിക്കും. 

18 September 2015

മൂന്നാറില്‍ സംഭവിച്ചതെന്ത്.....? http://www.madhyamam.com/news/371860/150918

മൂന്നാറില്‍ സംഭവിച്ചതെന്ത്.....?

പെരിയവരൈ പഴയ കാടു ഡിവിഷനിലെ സ്ത്രീ തൊഴിലാളികള്‍ കരുതിയിരിക്കില്ല, അവര്‍ തുടങ്ങി വെച്ച പ്രതിഷേധം ഇത്രയേറെ വൈറലായി മാറുമെന്ന്. സെപ്തംബര്‍ രണ്ടിനു നടന്ന ദേശീയ പൊതു പണിമുടക്ക് വേദിയിലേക്ക് പെരിയവരൈയില്‍ നിന്നുള്ള ആ സ്ത്രീ തോട്ടം തൊഴിലാളികള്‍, ഐ.എന്‍.ടി.യു.സി പ്രവര്‍ത്തകന്‍ ചപ്പാണിമുത്തിന്‍റെ നേതൃത്വത്തില്‍ എത്തിയത് യൂണിയന്‍ നേതാക്കളോട് പ്രതിഷേധം അറിയിക്കാന്‍ വേണ്ടിയാണ്. പത്തു ശതമാനം ബോണസ് മാത്രം നല്‍കുകയും അതില്‍ പ്രതിഷേധിച്ച് ചട്ടപ്പടി ജോലി ആരംഭിക്കുകയും ചെയ്തപ്പോള്‍ തൊഴിലാളികളെ സംരക്ഷിക്കേണ്ട യൂണിയനുകള്‍, ചട്ടപ്പടി ജോലി പാടില്ളെന്ന് പറഞ്ഞതാണ് അവരെ പ്രകോപിപ്പിച്ചത്. പക്ഷെ, ആ പ്രതിഷേധം കത്തിക്കയറി. ഒമ്പതു നാള്‍ കണ്ണന്‍ ദേവന്‍ കുന്നിലെ തോട്ടം മേഖല മാത്രമല്ല, വിനോദ സഞ്ചാര കേന്ദ്രമായ മൂന്നാറും സ്തംഭിച്ചു. ബോണസും എക്സ്ഗ്രേഷ്യയുമടക്കം 20 ശതമാനം വാങ്ങിയാണ് സമരം അവസാനിപ്പിച്ചത്. എന്നാല്‍,കണ്ണന്‍ ദേവന്‍ മലകളില്‍ നിന്നും പകര്‍ന്നു നല്‍കിയ ആവേശം ഇന്നിപ്പോള്‍ കേരളത്തിന്‍െറ പശ്ചിമഘട്ടമാകെ പടരുകയാണ്.

എന്തായിരുന്നു സമരത്തിന്‍െറ കാരണം?

തൊഴിലാളികള്‍ക്ക് കൂടി ഓഹരി പങ്കാളിത്തമുള്ള കണ്ണന്‍ ദേവന്‍ ഹില്‍സ് പ്ളാന്‍േറഷന്‍ കമ്പനിയില്‍ ഇത്തവണ പത്തു ശതമാനം ബോണസ് പ്രഖ്യാപിച്ചപ്പോള്‍ തന്നെ അസ്വസ്ഥത പുകഞ്ഞു തുടങ്ങിയിരുന്നു. ആഗസ്ത് 24നാണ് ബോണസ് പ്രഖ്യാപിച്ചത്. ഇത്തവണ 5.02കോടി രൂപയാണ് കമ്പനിയുടെ ലാഭമെന്നാണ് കമ്പനി അറിയിച്ചത്. കഴിഞ്ഞ വര്‍ഷം 19 ശതമാനമായിരുന്നു ബോണസ്. ആ വര്‍ഷം 15.55 കോടി രൂപയായിരുന്നു ലാഭമെന്നും ഒരു വര്‍ഷം കൊണ്ടു തേയില വിലയില്‍ 68 ശതമാനം ഇടിവുണ്ടായെന്നും കമ്പനി പറയുന്നു. എന്നാല്‍, 20 ശതമാനം ബോണസെന്ന ആവശ്യത്തില്‍ തൊഴിലാളികള്‍ ഉറച്ചുനിന്നു. അതിന്‍െറ തുടര്‍ച്ചയായാണ് സെപ്തംബര്‍ രണ്ടിലെ പൊതു പണിമുടക്ക് ദിവസം പൊതുസമ്മേളന വേദിയിലേക്ക് സ്ത്രീകള്‍ എത്തിയത്. അത് അവിടെ അവസാനിച്ചുവെന്നാണ് നേതാക്കള്‍ കരുതിയത്. എന്നാല്‍, സെപ്തംബര്‍ ഏഴിന് മൂന്നാര്‍ ഉണര്‍ന്നത് സ്ത്രീകളുടെ മുഴക്കമുള്ള ശബ്ദം കേട്ടാണ്. അവര്‍ യൂണിയന്‍ ഓഫീസുകള്‍ക്ക് മുന്നിലത്തെി മുദ്രാവാക്യം മുഴക്കി. തുടര്‍ന്ന് കമ്പനി ആസ്ഥാനത്തിന് മുന്നിലത്തെി ദേശീയപാത ഉപരോധിച്ചു. ആ സമരമാണ് ഒമ്പതു ദിവസം തുടര്‍ന്നത്. അവിടെ യൂണിയന്‍ നേതാക്കള്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല. വന്നവരെ ഗോബാക്ക് വിളിച്ചു തിരിച്ചയച്ചു. മുദ്രാവാക്യം താളത്തിനൊത്തു വിളിച്ചു ആവേശം പകര്‍ന്നു. സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം ലിസി സണ്ണിയടക്കമുള്ളവര്‍ സമരത്തിന്‍െറ മുന്നിലുണ്ടായിരുന്നു. തിരുവനന്തപുരത്തും കൊച്ചിയിലും നടന്ന ചര്‍ച്ചകളില്‍ പങ്കെടുത്തത് സ്ത്രീ തൊഴിലാളികളാണ്.
സെപ്തംബര്‍ രണ്ടിന് പ്രതിഷേധം ഉയര്‍ന്നുവെങ്കിലും അഞ്ചു ദിവസം കൂടി കഴിഞ്ഞാണ് കരിങ്കൊടിയുമായി സ്ത്രീ തൊഴിലാളികള്‍ സമരത്തിന് എത്തുന്നത്. ഈ ദിവസങ്ങള്‍ക്കിടയിലാണ് സമരത്തിന് ഒരുക്കങ്ങള്‍ നടന്നത്. ഈ സമരത്തിന് പിന്നില്‍ ആരെങ്കിലും ഉണ്ടോയെന്ന സംശയം സമരം തുടങ്ങിയ നാള്‍ മുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. മൂന്നാര്‍ മേഖലയില്‍ സജീവ സാന്നിദ്ധ്യമുള്ള ഭക്തി സംഘടനയിലേക്കാണ് ചിലര്‍ വിരല്‍ ചൂണ്ടുന്നത്. സ്ത്രീകള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ഈ സംഘടനക്ക് ഒരു ഡിവിഷനില്‍ 25 വീതം അംഗങ്ങളുള്ള സമിതികളുണ്ട്. ഏതാണ്ട് 3500ഓളം സ്ത്രീകളാണ് ഇത്തരത്തില്‍ സംഘടനയില്‍ സജീവമായി ഉള്ളത്. ഇതിന് പുറമെ, മറ്റൊരു ഭക്തി സംഘടനയും വേണ്ട പിന്തുണ നല്‍കി. സമരം ഇത്ര അച്ചടക്കത്തോടെ അവസാനിക്കാന്‍ കാരണമായതും ഭക്തി സംഘടനയുടെ വഴിയെ സഞ്ചരിച്ചതിനാലാണത്രെ. എന്നാല്‍, മുദ്രാവാക്യം തയ്യാറാക്കി നല്‍കിയത് ഇവരല്ല. അടുത്ത തവണ നിയമസഭാ സീറ്റു സ്വപ്നം കാണുന്ന രണ്ടാംനിര നേതാക്കളിലേക്കാണ് സംശയം നീളുന്നത്.

അംഗീകൃത യൂണിയനുകളെ മാറ്റി നിര്‍ത്തിയാണ് സമരം നടന്നത്.  ഐ.എന്‍.ടി.യു.സി, ഐ.ഐ.ടി.യു.ടി, സി.ഐ.ടി.യു എന്നീ അംഗീകൃത യൂണിയനുകള്‍ക്ക് എതിരെ കാലങ്ങളായി തോട്ടം മേഖലയില്‍ ചില സംഘടനകള്‍ പ്രചരണം നടത്തുന്നുണ്ട്. ഒരു തമിഴ് സംഘടന തയ്യാറാക്കിയ
ഡോക്യുമെന്‍ററിയില്‍ നേതാക്കളെ രൂക്ഷമായാണ് വിമര്‍ശിക്കുന്നത്. ഇതു നേരത്തെ എസ്റ്റേറ്റുകള്‍തോറും പ്രദര്‍ശിപ്പിച്ചിരുന്നു. ഇതിനും പുറമെയാണ്  തോട്ടം തൊഴിലാളി നേതാക്കളുടെ സ്വത്തുക്കളുടെ വിവരങ്ങള്‍ പുറത്തു വന്നത്. യൂണിയന്‍ ആപ്പീസില്‍ ചായ വാങ്ങാന്‍ നില്‍ക്കുന്നവര്‍ക്ക് പോലും കമ്പനി വീടു നല്‍കുന്നു. ചില നേതാക്കള്‍ക്ക് അഞ്ചു ആറും വീടുണ്ടത്രെ. എം.എല്‍.എയായിരുന്ന ജി.വരദനും ഐ.എന്‍.ടി.യു.സി നേതാവായിരുന്ന എം.മുത്തുസ്വാമിയും ലായങ്ങളിലാണ് താമസിച്ചിരുന്നത്. ഇവരില്‍ വരദനും ഭാര്യയും കമ്പനി തൊഴിലാളിയായിരുന്നു. മുത്തുസ്വാമിയുടെ ഭാര്യയും തൊഴിലാളിയായിരുന്നു. ആ സ്ഥാനത്താണ് ഇപ്പോഴത്തെ കുട്ടിനേതാക്കള്‍ വരെ ക്വാര്‍ട്ടേഴ്സുകള്‍ സ്വന്തമാക്കിയത്. യഥാര്‍ത്ഥത്തില്‍ യൂണിയന്‍ നേതാക്കള്‍ക്ക് എതിരെ കാലങ്ങളായി നിലനിന്ന വികാരമാണ് സമരത്തിന് കാരണമായത്. വോട്ടുബാങ്കിന് വേണ്ടി ചിലര്‍ തുടങ്ങി വെച്ച കൂട്ടുകെട്ട് ഇത്തവണ യൂണിയനുകള്‍ക്ക് എതിരായി മാറുകയായിരുന്നു.
മുമ്പ് ലായത്തില്‍ വീടുകിട്ടാനും ആശ്രിതര്‍ക്ക് താല്‍ക്കാലികമായി ജോലി ലഭിക്കാനും അവരെ സ്ഥിരപ്പെടുത്താനും അംഗീകൃത യൂണിയന്‍െറ സഹായം വേണമായിരുന്നു. യൂണിയനുകളുടെ നിയന്ത്രണത്തിലുള്ള സഹകരണ സംഘങ്ങളില്‍ നിന്നും വായ്പ കിട്ടുവാനും ഗതികെട്ട് അവര്‍ നേതാക്കളെ ‘മണിയടിച്ചു’ നിന്നു. എന്നാല്‍ ഇന്നു തോട്ടങ്ങളില്‍ പണിയെടുക്കാന്‍ ആളില്ലാത്തതിനാല്‍ ഇതിലൊന്നും കാര്യമില്ളെന്ന് തൊഴിലാളികള്‍ തിരിച്ചറിഞ്ഞു. അതുമല്ളെങ്കില്‍ മൂന്നാറില്‍  ഇറങ്ങിയാല്‍ ജോലിക്ക് ക്ഷാമമില്ല. പിന്നെയെന്തിന് യൂണിയന്‍ നേതാക്കളെ ഭയക്കണമെന്ന് അവര്‍ ചിന്തിച്ചു.
ഇത്തവണത്തെ ബോണസ്  നിമിത്തമായെന്ന് മാത്രം. തൊഴിലാളികള്‍ക്കിടയില്‍ വര്‍ഷങ്ങളായി നീറികിടന്ന അമര്‍ഷമാണ് അഗ്നി പര്‍വ്വതം പോലെ പുറത്തേക്ക് ചാടിയത്. കഴിഞ്ഞ എത്രയോ വര്‍ഷങ്ങളായി അവര്‍ പലതും കണ്ടും കേട്ടും പരസ്പരം പരിദേവനങ്ങള്‍ പങ്കുവെക്കുന്നു. വാര്‍ഷിക വരിസംഖ്യയില്‍ ഒപ്പിടുന്നതില്‍ അവസാനിക്കുന്നു എസ്റ്റേറ്റ് തൊഴിലാളികളുടെ ട്രേഡ് യൂണിയന്‍ അവകാശമെന്ന് പലരും പറഞ്ഞു കൊടുത്തതും അവരുടെ മനസിലുണ്ടായിരുന്നു. ഇവിടെ അംഗീകൃത യൂണിയനുകള്‍ക്ക് മാനേജ്മെന്‍റാണ് വാര്‍ഷിക വരി സംഖ്യ ശമ്പളത്തില്‍ നിന്നും പിടിച്ചു കൊടുക്കുന്നത്. അതിന് വേണ്ടത് തൊഴിലാളികളുടെ ഒപ്പും. അല്ലാതെ യൂണിയന്‍ ഭാരവാഹിത്വങ്ങളിലൊന്നും തൊഴിലാളികളില്ല.


പഴയത് പോലെ വീടുകളുടെ അറ്റകുറ്റപണികള്‍ നടക്കുന്നില്ല. മുമ്പ് പശു വളര്‍ത്തല്‍ തോട്ടം തൊഴിലാളികളുടെ വരുമാനമായിരുന്നു. എന്നാല്‍, ഇപ്പോള്‍ കമ്പനി നിയന്ത്രണം കൊണ്ടുവന്നു. രണ്ടു പശുക്കളെ മാത്രമേ ഒരു കുടുംബത്തിന് വളര്‍ത്താന്‍ അനുമതിയുള്ളു. എസ്റ്റേറ്റിന് പുറത്തു നിന്നും പശുവിനെ വാങ്ങാന്‍ പാടില്ല. പശു തേയിലത്തോട്ടത്തില്‍ കയറിയാല്‍ ആയിരം രൂപവരെയാണ് പിഴ. ഇതിന് പുറമെയാണ് ഇന്‍സെന്‍റീവ് തര്‍ക്കം. പ്ളാന്‍േറഷന്‍ ലേബര്‍ കമ്മിറ്റിയുടെ നിലവിലെ ശമ്പള കരാര്‍ പ്രകാരം ജനുവരി,ഫെബ്രുവരി, ആഗസ്ത് മാസങ്ങളില്‍ മിനിമം കൂലി കിട്ടാന്‍ 16കിലോ കൊളുന്ത് എടുക്കണം. മറ്റു മാസങ്ങളില്‍ 21കിലോ കൊളുന്തെടുക്കണം. അധികമെടുക്കുന്ന കൊളുന്തിന് സീസണ്‍ വേളകളില്‍ ഇന്‍സന്‍റീവ് കൊടുക്കാറുണ്ട്. തൊഴിലാളിക്ക് ഒരു രൂപ ലഭിക്കുമ്പോള്‍ സൂപ്പര്‍വൈസര്‍ക്കും  മാനേജ്മെന്‍റ് അസിസ്റ്റന്‍റിനമൊക്കെ വലിയ തുക നല്‍കുന്നു. മാസത്തില്‍ മൂന്നു ദിവസം അവധിയെടുത്താല്‍ ഇന്‍സെന്‍റീവ് നല്‍കില്ളെന്നും പറയുന്നു. ഇതിന് പുറമെയാണ് എടുക്കുന്ന കൊളുന്തില്‍ നിന്നും തൂക്കം കുറക്കുന്നത്. നേരത്തെ കൈകൊണ്ട് കൊളുന്തെടുക്കുമ്പോള്‍ കൃത്യമായും രണ്ടിലയും കൂമ്പും മാത്രമാണ് എടുത്തിരുന്നത്. എന്നാല്‍, ഇപ്പോള്‍ കത്രിക ഉപയോഗിച്ച് കൊളുന്ത് എടുക്കുമ്പോള്‍ കൂടുതല്‍ ഇല വരുന്നുവെന്ന കാരണത്താല്‍ വേസ്റ്റെന്ന പേരില്‍ പത്തു ശതമാനം തൂക്കം കുറക്കുന്നുവെന്നാണ് തൊഴിലാളികള്‍ പറയുന്നത്. ഇതിലൂടെ വലിയ തുക കമ്പനിക്ക് ലഭിക്കുന്നുവത്രെ. പ്ളാന്‍േറഷന്‍ ലേബര്‍ ആക്ട് പ്രകാരം സൗജന്യ ചികില്‍സാണ്. പക്ഷെ, വേണ്ടത്ര മരുന്നും ഡോക്ടര്‍മാരുമില്ല. ചെറിയ രോഗത്തിന് പോലും തമിഴ്നാടിലെ തേനി അല്ളെങ്കില്‍ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യും. കമ്പനിയുടെ ജനറല്‍ ആശുപത്രിയില്‍ ആധുനിക സൗകര്യങ്ങളൊന്നുമില്ളെന്ന് തൊഴിലാളികള്‍ പറയുന്നു.
അമര്‍ഷം പുകയാന്‍ വേറെയും കാരണങ്ങളുണ്ട്.  ഈ മണ്ണില്‍ ജനിച്ച് ഈ മണ്ണില്‍ വളരുന്നുവരാണ് തോട്ടം തൊഴിലാളികള്‍. അവര്‍ക്കിവിടെ സ്വകാര്യ സ്വത്തില്ല. എന്നാല്‍,  മല കയറി വന്നവര്‍ ഏതാനും രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും പിന്‍ബലത്തോടെ ഭൂമി  വെട്ടി പിടിച്ചു അവിടെ റിസോര്‍ട്ടുകള്‍ പണിതുയര്‍ത്തി. ഇതു തോട്ടം തൊളിലാളികളുടെ മാത്രമല്ല, മൂന്നാറുകാരുടെ മുഴുവന്‍ മനസ്സില്‍ നീറുന്ന അനുഭവമായി കിടക്കുന്നു. അതിനാലാണ് തോട്ടം തൊഴിലാളികള്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യവുമായി വ്യാപാരികളും ഡ്രൈവര്‍ന്മാരും തുടങ്ങി എല്ലാവരും അണിനിരന്നത്.

തോട്ടം തൊഴിലാളികളൂടെ ശമ്പളം
റബ്ബര്‍,ഏലം, തേയില തോട്ടം തൊഴിലാളികളുടെ ശമ്പളം നിശ്ചയിക്കുന്നത് തൊഴിലാളി, മാനേജ്മെന്‍റ് , സര്‍ക്കാര്‍ പ്രതിനിധികള്‍ അടങ്ങുന്ന പ്ളാന്‍േറഷന്‍ ലേബര്‍ കമ്മറ്റിയാണ്. നിലവിലെ കരാര്‍ പ്രകാരം തേയില തൊഴിലാളിക്ക് 185 രൂപയും റബ്ബര്‍ തൊഴിലാളിക്ക് 265 രൂപയും ഏലം തൊഴിലാളിക്ക് 215 രൂപയും ഒരു ദിവസം ലഭിക്കും. ഇതിന് പുറമെ ക്ഷാമബത്തയും. 2011 നവംബര്‍ മുതല്‍ പ്രാബല്യത്തില്‍വന്ന പുതുക്കിയ കൂലി വ്യവസ്ഥ വരുമ്പോള്‍ അന്ന് തേയിലയില്‍ 38.61 രൂപയുടെയും റബ്ബറില്‍ 80.62 രൂപയുടെയും ഏലത്തില്‍ 56.17 രൂപയുടെയും വര്‍ദ്ധനവ് വരുത്തിയിരുന്നു. അധിക കൊളുന്തെടുത്തു കുടുതല്‍ കൂലി ലഭിക്കുമെന്നതാണ് തേയില തൊഴിലാളികളുടെ കൂലിയില്‍ കുറവു വരാന്‍ കാരണം. ഈ കരാറിന്‍െറ കാലാവധി കഴിഞ്ഞ ഡിസംബര്‍ 31ന് അവസാനിച്ചു. അതിന്മുമ്പ് തന്നെ കൂലി പുതുക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട്. ഇതിനിടെ വിവിധ യൂണിയനുകള്‍ കൂലി 500 രുപയാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ജൂണില്‍ സമരവും ആരംഭിച്ചു. ഇതേസമയം, തേയിലുടെ നാടായ അസമില്‍ 115 രൂപയാണ് കൂലി. 95 രൂപയില്‍നിന്നാണ് 115 രൂപയായി ഉയര്‍ത്തിയത്. കരാര്‍ പ്രകാരം അടുത്ത വര്‍ഷം 126 രൂപയും 2017ല്‍ 137 രൂപയുമായി കൂലി വര്‍ദ്ധിക്കും. ഇതിന് പുറമെ ക്ഷാമബത്തയും.
മൂന്നാറിലെ തേയിലയുടെ ചരിത്രം
സൂര്യനസ്തമിക്കാത്ത സാമ്രാജ്യമായിരുന്നു ബ്രിട്ടീഷിന്‍റേതെങ്കിലും തേയിലയുടെ കുത്തക ചൈനക്കായിരുന്നു. അതു തകര്‍ക്കാനുള്ള ബ്രിട്ടീഷ് ശ്രമത്തിന്‍െറ ഭാഗം കൂടിയായിരുന്നു കണ്ണന്‍ ദേവന്‍ കുന്നുകളിലേക്കുള്ള തേയിലുടെ വരവ്. 1881ലാണ് ആദ്യ തേയിലച്ചെടി നടുന്നത്. 1894 ഓടെ 26 എസ്റ്റേറ്റുകളായി. ഈ എസ്റ്റേറ്റുകളിലേക്കാണ് തമിഴ് തൊഴിലാളികളെ കൊണ്ടു വന്നത്. ആദ്യ കാലത്തു പുരുഷന്മാരെ മാത്രമാണ് കൊണ്ടുവന്നത്. കങ്കാണിമാരുടെ കീഴില്‍ അവര്‍ ഷെഡ്ഡുകളില്‍ കഴിഞ്ഞു. ഇടക്കിടെ നാട്ടില്‍ പോകുന്നത് ഒഴിവാക്കാനാണ് കുടുംബത്തിനൊപ്പം തോട്ടം തൊഴിലാളികള്‍ക്ക് താമസിക്കാന്‍ സൗകര്യമൊരുക്കിയതും സ്ത്രീകള്‍ക്ക് ജോലി നല്‍കിയതും. എന്നാല്‍, ആദ്യ കാലത്തു മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ ജീവിതം ഏറെ ദുരിതപൂര്‍ണമായിരുന്നു. എന്നാല്‍, ബ്രിട്ടീഷ് കമ്പനിയായ അന്നത്തെ കണ്ണന്‍-ദേവന്‍ കമ്പനിക്കെതിരെ ശബ്ദിക്കാന്‍ ധൈര്യമുണ്ടായിരുന്നില്ല. എങ്കിലും 1940കളുടെ അവസാനം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ കെ.കാമരാജും ജി.രാമനാനുജവും ഡി.എം.കെ നേതാവ് അണ്ണാദുരൈയും മൂന്നാറിലെ തൊഴിലാളികളുടെ വിഷയത്തില്‍ ഇടപ്പെടുമ്പോള്‍ അത് അന്നുണ്ടായിരുന്ന ഏക യൂണിയന് എതിരെ കൂടിയായിരുന്നു. 1948 ഫെബ്രുവരിയില്‍ കോണ്‍ഗ്രസ് നേതാവ് കെ.കാമരാജ്, ഐ.എന്‍.ടി.യു.സി ദേശീയ നേതാവ് കന്തുഭായ് ദേശായ് എന്നിവര്‍ മൂന്നാറിലത്തെി. 1948 മാര്‍ച്ച് 30നാണ് മൂന്നാറിലെ തോട്ടം മേഖലയില്‍ രണ്ടാമതൊരു യൂണിയന്‍ ആരംഭിക്കുന്നത്. അന്നത്തെ മദിരാശിയില്‍ രജിസ്റ്റര്‍ ചെയ്ത സൗത്ത് ഇന്ത്യന്‍ പ്ളാന്‍േറഷന്‍ യൂണിയന്‍ ആയിരുന്നു അത്.

യൂണിയന്‍ രൂപീകരിക്കാന്‍ നിര്‍ദേശം നല്‍കുക മാത്രമല്ല, സംഘ പ്രവര്‍ത്തനത്തിന് തമിഴ്നാട് ഐ.എന്‍.ടി.യു.സിയില്‍ ഒരാളെയും കാമരാജ് വിട്ടുകൊടുത്തു. അടുത്ത കാലത്ത് മരണമടഞ്ഞ ആര്‍.കുപ്പുസ്വാമി 1950 ജനുവരിയിലാണ് മൂന്നാറിലത്തെുന്നത്. അന്ന് അടിമകളെ പോലെയാണ് തൊഴിലാളികള്‍ കഴിഞ്ഞിരുന്നത്. 12 മണിക്കൂര്‍ ജോലി, ഒരു വീട്ടില്‍ അഞ്ചു കുടുംബങ്ങള്‍, രണ്ടു ദിവസം ജോലി ചെയ്താല്‍ ഒരു ദിവസത്തെ കൂലി, ഒരണയും അര അണയും ചെലവുകാശ്, കണക്ക് തീര്‍ത്തു കൂലി കൊടുക്കുന്നത് ആറു മാസത്തിലൊരിക്കല്‍, രണ്ടു തരം പേ സ്ളിപ്പ്, കറുപ്പ് പേ സ്ളിപ്പ് കിട്ടുന്ന തൊഴിലാളിയുടെ കടം ഒരിക്കലും അവസാനിക്കില്ല, കങ്കാണിയെ മാറാനും കഴിയില്ല വീടുതുറന്നു കൊടുക്കുന്നതും അടക്കുന്നതും കങ്കാണി, കങ്കാണിയുടെ താല്‍പര്യങ്ങള്‍ക്ക് വഴങ്ങാത്തവര്‍ക്ക് ഒരിക്കലും പണിയില്ല, പുറമെ പൊലീസിന്‍െറ പീഡനവും അങ്ങനെ വല്ലാത്തൊരു സാഹചര്യമായിരുന്നു. പക്ഷെ, യൂണിയനുകളെ പരസ്പരം തമ്മിലടിപ്പിക്കുന്നതില്‍ മാനേജ്മെന്‍റ് വിജയിച്ചു. ഭിന്നിപ്പിക്കുക, ഭരിക്കുക എന്ന ബ്രിട്ടീഷ് നയം കൃത്യമായി മൂന്നാറിലെ ദ്വരമാര്‍ നിര്‍വഹിച്ചു. വൈകാതെ തമിഴ് തോട്ടം തൊളിലാളികളുടെ പ്രശ്നം ഭാഷാ പ്രശ്നമായി മാറി, മൂന്നാറിലെ തോട്ടം തൊഴിലാളികളെ സംഘടിപ്പിക്കാന്‍ നിയോഗിക്കപ്പെട്ട കുപ്പുസ്വാമിയുടെ നേതൃത്വത്തില്‍ മൂന്നാര്‍,പീരുമേട് മേഖലകളെ തമിഴ്നാടില്‍ ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടു സമരം തുടങ്ങി. 1956ല്‍ സംസ്ഥാന പുനരേകീകരണ കമ്മീഷന്‍ റിപ്പോര്‍ട്ട് വരുന്നത് വരെ ഭാഷാസമരം തുടര്‍ന്നു. ഇതിനിടയിലാണ് എ.ഐ.ടി.യു.സിയും മൂന്നാറില്‍ യൂണിയന്‍ രൂപീകരിച്ചത്. റോസമ്മ പുന്നൂസ്,സ്റ്റാന്‍ലി എന്നിവരുടെ നേതൃത്വത്തിലാണ് യൂണിയന്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ബാങ്ക് ഉദ്യോഗം രാജിവെച്ച സി.എ.കുര്യന്‍െറ പ്രവര്‍ത്തന മേഖലയും  മൂന്നാറിലാക്കി.

മൂന്നാറിലെ സമരങ്ങള്‍
1952ലാണ് കണ്ണന്‍ ദേവന്‍ കമ്പനിയില്‍ ആദ്യമായി ബോണസ് സമരം നടന്നത്. ലാഭമില്ലാത്തിനാല്‍ ബോണസില്ളെന്ന് മാനേജ്മെന്‍റ് അറിയിച്ചതിനെ തുടര്‍ന്നായിരുന്നു സമരം. 13 ദിവസം സമരം നീണ്ടു. പണിമുടക്കിയ ദിവസങ്ങളിലെ ശമ്പളവും 8.25 ശതമാനം ബോണസും 500 രൂപ അഡ്വാന്‍സും വാങ്ങിയാണ്  സമരം അവസാനിച്ചത്. ലേബര്‍ കോടതിയിലാണ് അന്നു തീരുമാനമുണ്ടായത്.
1958ല്‍ ഒക്ടോബറില്‍ നടന്ന തൊഴില്‍ സമരത്തിലാണ് രണ്ടു തൊഴിലാളികള്‍ രക്തസാക്ഷികളായത്. അന്നു ഐ.എന്‍.ടി.യു.സിയും എ.ഐ.ടി.യു.സിയും ഒന്നിച്ച് സമരത്തിനിറങ്ങിയെങ്കിലും ഐ.എന്‍.ടി.യു.സി പിന്മാറി. അന്നത്തെ തൊഴില്‍ മന്ത്രി ടി.വി തോമസ് നേരിട്ടു മൂന്നാറിലത്തെിയാണ് സമരത്തിന് ആവേശം പകര്‍ന്നത്. ഒക്ടോബര്‍ 19ന് ടി.വി.തോമസ്  മൂന്നാറില്‍ നിന്നും മടങ്ങിയതിന്‍െറ പിറ്റേന്നാണ് ഗൂഡാര്‍വിള എസ്റ്റേറ്റിലും തലയാര്‍ എസ്റ്റേറ്റിലും നടന്ന പൊലീസ് വെടിവെപ്പില്‍ ഹസന്‍ റാവുത്തര്‍,പാപ്പമ്മാള്‍ എന്നിവര്‍ മരണമടഞ്ഞത്. പിറ്റേന്ന് അന്നത്തെ പൊലീസ് മന്ത്രി വി.ആര്‍.കൃഷ്ണയ്യരും സ്ഥലത്ത് എത്തി. എങ്കിലും സമരം അവസാനിച്ചത് നവംബര്‍ ആദ്യവാരമാണ്. സമരത്തിനിടെ രണ്ടു യൂണിയനുകളും പരസ്പരം ഏറ്റുമുട്ടി, മാനേജര്‍മാരും ആക്രമിക്കപ്പെട്ടു. അന്നത്തെ എം.എല്‍.എ റോസമ്മ പുന്നൂസും ചെല്ലയ്യയും നിരാഹാര സമരവും നടത്തിയിരുന്നു.
1968 നവംബറില്‍ 19 ദിവസത്തെ പണിമുടക്ക് നടന്നത് മിനിമം വേജസ് എന്ന ആവശ്യം ഉന്നയിച്ചാണ്. 1974ല്‍ അഞ്ചു ദിവസം സമരം നടന്നു. എങ്കിലും മൂന്നാറിന്‍െറ ചരിത്രത്തില്‍ രേഖപ്പെടുത്തുക ഇപ്പോഴത്തെ സ്ത്രീ സമരമായിരിക്കും.
1951ല്‍ പ്ളാന്‍റേഷന്‍ ലേബര്‍ ആക്ട് എന്ന കേന്ദ്രനിയമം വന്നതോടെയാണ് രാജ്യത്തെ തോട്ടം തൊഴിലാളികളുടെ കഷ്ടകാലം അവസാനിച്ചത്. കെ. കാമരാജിന്‍െറയും ഐ.എന്‍.ടി.യു.സി നേതാവ് കന്തുഭായ് ദേശായിയുടെയും മൂന്നാര്‍ സന്ദര്‍ശനവും മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ ജീവിതാവസ്ഥയുമാണ് ഇത്തരമൊരു നിയമത്തിന് വഴി തുറന്നത്. നിയമം വന്നതോടെ മുറി ഇംഗ്ളീഷുമായി തോട്ടം തൊഴിലാളികളെ അടക്കി ഭരിച്ചിരുന്ന കങ്കാണിമാര്‍ക്ക് നിയന്ത്രണമായി. എട്ടുമണിക്കൂര്‍ ജോലി, 20 ദിവസം തുടര്‍ച്ചയായി ജോലി ചെയ്താല്‍ ഒരുദിവസത്തെ ഓവര്‍ ടൈം, ശുദ്ധജലം, ലായങ്ങളിലെ വീടുകളുടെ ശോചനീയാവസ്ഥക്ക് പരിഹാരം, മാസ ശമ്പളം, ക്ഷാമ ബത്ത, വാര്‍ഷിക അവധി, സൗജന്യ ചികില്‍സ തുടങ്ങി നിരവധിയായ ആനുകൂല്യങ്ങള്‍ തൊഴിലാളികള്‍ക്ക് ലഭിച്ചു. സംസ്ഥാനത്തെ തേയില, ഏലം, റബ്ബര്‍ തോട്ടങ്ങളില്‍ മെച്ചപ്പെട്ട ജീവിത സൗകര്യമുള്ള കണ്ണന്‍ ദേവന്‍ കമ്പനിയിലായിരുന്നുവെന്ന് പറയാം. തൊഴിലാളികളുടെ മക്കള്‍ക്ക് കൂടി പ്രവേശനം നല്‍കുന്ന ഹൈറേഞ്ച് സ്കൂള്‍ ആണ് മാനേജ്മെന്‍റ് എടുത്തു കാട്ടുന്നത്. ഇവിടെ പഠിച്ച  തൊഴിലാളികളുടെ മക്കളാണ് സിവില്‍ സര്‍വീസില്‍ എത്തിയത്.

കണ്ണന്‍ ദേവനില്‍ നിന്നും കണ്ണന്‍ ദേവനിലേക്ക്
ഈ സമരത്തോടെ തകര്‍ന്നടിഞ്ഞത് യൂണിയനുകളുടെ വിശ്വാസ്യത മാത്രമല്ല, രാജ്യത്തിനാകെ മാതൃകയെന്ന നിലയില്‍ കൊണ്ടു വന്ന തൊഴിലാളി-മുതലാളി പങ്കാളിത്ത കമ്പനിയുമാണ്. 2005 ഏപ്രില്‍ ഒന്നിനാണ് കണ്ണന്‍ ദേവന്‍ ഹില്‍സ് പ്ളാന്‍റേഷന്‍ കമ്പനി പ്രൈവറ്റ് ലിമിറ്റഡ് നിലവില്‍ വരുന്നത്. 2004 എപ്രിലില്‍ തെന്മല എസ്റ്റേറ്റില്‍ പരീക്ഷിച്ചു വിജയം കണ്ട പങ്കാളിത്ത മാതൃകയായിരുന്നു ഇത്. അന്ന്  തോട്ടം മേഖലയില്‍ നിലനിന്ന പ്രതിസന്ധിയില്‍ കരകയറാണ് 12500 തൊഴിലാളികളടക്കം 13000 ജീവനക്കാരെ  മുതലാളിമാരാക്കിയത്. ഒമ്പതംഗ ഡയറക്ടര്‍ ബോര്‍ഡില്‍ രണ്ടുപേര്‍ മാത്രമാണ് ജീവനക്കാരുടെ പ്രതിനിധികള്‍. 60 ശതമാനത്തിന്‍െറ പ്രാതിനിധ്യം രണ്ടു പേരിലൊതുങ്ങുന്നു. ഇത്രയേറെ ഓഹരി ഉടമകളുള്ള കമ്പനി എങ്ങനെ പ്രൈവറ്റ് ലിമിറ്റഡാകുമെന്ന സംശയവും ഉയരുന്നുണ്ട്.


- See more at: http://www.madhyamam.com/news/371860/150918#sthash.vBKJBpCe.dpuf

15 September 2015

മൂന്നാറിലെ കൊളുന്ത് വിപ്ലവം http://www.madhyamam.com/news/370575/150912

മൂന്നാറിലെ കൊളുന്ത് വിപ്ലവം

http://www.madhyamam.com/news/370575/150912ഇത്തരമൊരു സമരം കണ്ണന്‍ ദേവന്‍ കുന്നുകളുടെതെന്നല്ല, കേരളത്തിന്‍െറ ചരിത്രത്തില്‍ തന്നെ ആദ്യമായിരിക്കും. രാവിലെതന്നെ വീട്ടില്‍ നിന്നും നിന്നിറങ്ങുന്ന തോട്ടം തൊഴിലാളി സ്ത്രീകള്‍ മണിക്കുറുകളോളം ദേശീയ പാതയടക്കമുള്ള റോഡുകള്‍ ഉപരോധിക്കുകയും തങ്ങള്‍ക്ക് കൂടി ഓഹരി ഉടമസ്ഥാവകാശമുള്ള കണ്ണന്‍ ദേവന്‍ കമ്പനിയുടെ ആസ്ഥാനത്തിന് മുന്നില്‍ സമരം നടത്തുകുയും ചെയ്യന്നത് പുതിയ അനുഭവമാണ്. കഴിഞ്ഞ ഒരാഴ്ചയായി സ്ത്രീ തൊഴിലാളികളുടെ പൂര്‍ണ്ണ നിയന്ത്രണത്തിലാണ് ബ്രിട്ടീഷ് പ്ളാന്‍റര്‍മാര്‍ സൃഷ്ടിച്ച മൂന്നാര്‍.

കണ്ണന്‍ ദേവന്‍ കുന്നുകളിലെ ഓരോ  തേയില ചെടിയെക്കുറിച്ചും ഇപ്പോഴത്തെ തലമുറക്ക് പറയാന്‍ എന്തങ്കെിലുമൊരു അടുപ്പമുണ്ടാകും. അവരുടെ ഭാഷയില്‍പറഞ്ഞാല്‍ പാട്ടനോ (മുത്തച്ഛനോ) പാട്ടിയോ (മുത്തശ്ശിയോ) അതുമല്ളെങ്കില്‍ മുപ്പാട്ടനോ മുപ്പാട്ടിയോ നട്ടതായിരിക്കും ഈ തേയില ചെടികള്‍. മുന്നാര്‍ മലകളിലെ എസ്റ്റേറ്റ് ലായങ്ങളില്‍ കഴിയുന്നര്‍ക്ക് ഈ തേയില തോട്ടങ്ങളുമായി അത്രക്ക് ആത്മ ബന്ധമുണ്ട്. അവരാണ് കഴിഞ്ഞ ഒരാഴ്ചയായി കൊളുന്തടെുക്കാതെ മൂന്നാറിലത്തെി റോഡുപരോധിക്കുന്നതും സമരം ചെയ്യന്നതും. 1880ല്‍ ആദ്യ തേയില എസ്റ്റേറ്റ് ബ്രിട്ടീഷുകാര്‍ സ്ഥാപിക്കപ്പെട്ടതോടെയാണ് തമിഴ്നാട്ടില്‍നിന്നും തൊഴിലാളികളെയും കൊണ്ടു വന്നത്. അന്നത്തെ തൊഴിലാളികളുടെ പിന്‍തലമുറക്കാരാണിവര്‍. ആദ്യകാലത്ത് കങ്കാണിമാര്‍ അഥവാ സൂപ്പര്‍വൈസര്‍മാരുടെ കൊടിയ പീഡനത്തിന് എതിരെ യൂണിയനുകളുടെ നേതൃത്വത്തില്‍ സമരം നടത്തിയെന്നാണ് ചരിത്രം. എന്നാല്‍,ഇപ്പോള്‍ ട്രേഡ് യുണിയന്‍-മാനേജ്മെന്‍റ് കൂട്ടുകെട്ട് തൊഴിലാളികളെ വഞ്ചിച്ചുവെന്നാരോപിച്ചാണ് സമരം. ഈ സമരത്തിന് നേതൃത്വമില്ല. ആരും സമരം ചെയ്യമെന്ന് ആഹ്വാനവും നല്‍കിയില്ല. എന്നാല്‍, വാട്സ്അപ്പും മൊബൈല്‍ ഫോണും സമര സന്ദശേ വാഹകരായി.

ഇത്തവണത്തെ ബോണസാണ് സമരത്തിന് കാരണമായത്. യഥാര്‍ഥത്തില്‍ ഇതൊരു നിമിത്തമായെന്ന് മാത്രം. തൊഴിലാളികള്‍ക്കിടയില്‍ വര്‍ഷങ്ങളായി നീറി കിടന്ന അമര്‍ഷം അഗ്നി പര്‍വ്വതം പോലെ പുറത്തേക്ക് ചാടുകയായിരുന്നു. കഴിഞ്ഞ എത്രയോ വര്‍ഷങ്ങളായി അവര്‍ പലതും കണ്ടും കേട്ടും പരസ്പരം പരിദേവനങ്ങള്‍ പങ്കുവെക്കുന്നു. വാര്‍ഷിക വരിസംഖ്യയില്‍ ഒപ്പിടുന്നതില്‍ അവസാനിക്കുന്നു എസ്റ്റേറ്റ് തൊഴിലാളികളുടെ ട്രേഡ് യൂണിയന്‍ അവകാശമെന്ന് പലരും പറഞ്ഞു കൊടുത്തതും അവരുടെ മനസിലുണ്ടായിരുന്നു. ഇവിടെ അംഗീകൃത യൂണിയനുകള്‍ക്ക് മാനേജ്മെന്‍റാണ് വാര്‍ഷിക വരിസംഖ്യ ശമ്പളത്തില്‍ നിന്നും പിടിച്ചു കൊടുക്കുന്നത്. അതിന് വേണ്ടത് തൊഴിലാളികളുടെ ഒപ്പും. അല്ലാതെ യൂണിയന്‍ ഭാരവാഹിത്വത്തിലൊന്നും തൊഴിലാളികളില്ല.

ഇത്തവണ പത്തുശതമാനം ബോണസാണ്പ്രഖ്യാപിച്ചത്. 60ശതമാനം വരുന്ന ഓഹരികളും  തൊഴിലാളികള്‍ക്കും  ജീവനക്കാര്‍ക്കുമാണെന്നിരിക്കെ, അവര്‍ക്ക് ബോണസ് പ്രഖ്യാപിച്ചത് ന്യുനപക്ഷ ഓഹരികള്‍ മാത്രമുള്ളവരാണെന്നാണ് തൊഴിലാളികള്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം 19ശതമാനമായിരുന്നു ബോണസ്. ഇത്തവണ ബോണസില്‍ കാര്യമായ കുറവ് വന്നതോടെ അസ്വസ്ഥത പുകഞ്ഞു തുടങ്ങി. തൊഴിലാളികള്‍ മെല്ളെപോക്ക് ലൈന്‍ സ്വീകരിച്ചു തുടങ്ങി. കൊളുന്ത് സീസണ്‍ കാലത്തെ മെല്ളെപോക്കില്‍ മാനേജ്മെന്‍റ് അതൃപ്തി പ്രകടിപ്പിക്കുന്നത് സ്വഭാവികം. പക്ഷെ, ഇവിടെ തൊഴിലാളിക്കൊപ്പം നില്‍ക്കേണ്ട യൂണിയനുകളിലൊന്ന് മെല്ളെപോക്കിന് എതിരെ രംഗത്ത് വന്നതാണ് പെട്ടെന്നുള്ള പ്രകോപനത്തിനുള്ള കാരണമെന്നും പറയുന്നു. അപകടം മണത്തെ മറ്റു യൂണിയനുകള്‍ ബോണസ് വാങ്ങരുതെന്നും അറിയിപ്പ് നല്‍കി. രണ്ടായിരം രൂപ അഡ്വാന്‍സ് വാങ്ങി നല്‍കാമെന്നും അറിയിച്ചു. എന്നാല്‍, ഇതൊക്കെ ഒരു തരം അഡ്ജസ്റ്റുമെന്‍റാണെന്നാണ് തൊഴിലാളികള്‍ പറയുന്നുത്. അവര്‍ യൂണിയനുകള്‍ക്ക് എതിരെ രംഗത്തു വന്നു. സെപ്തംബര്‍ രണ്ടിലെ പൊതു പണിമുടക്ക് ദിവസം സമ്മേളന വേദിയിലത്തെിയ ചില തൊട്ടം തൊഴിലാളി വനിതകള്‍ 20ശതമാനം ബോണസ് വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ നേതാക്കള്‍ക്ക് മറുപടി നല്‍കാനുണ്ടായിരുന്നില്ല.

ഈ സ്ത്രീകളുടെ പ്രതിഷേധം വൈറലായി മാറുകയായിരുന്നു. സന്ദശേം എസ്റ്റേറ്റുകളില്‍ നിന്നും എസ്റ്റേറ്റുകളിലേക്ക് പറന്നു. അതോടെ പുതിയ സമര മുഖത്തിന് തുടക്കമായി. പുരുഷന്മാരെ വീട്ടിലിരുത്തിയാണ് അവര്‍ സമര രംഗത്ത് എത്തിയത്. അതിനും കാരണമുണ്ട്. ടൂറിസം മൂന്നാറിന്‍െറ വലിയ വ്യവസായമായി മാറിയതോടെ പുരുഷ തൊഴിലാളികള്‍ മിനിമം കൊളുന്തടെുത്ത ശേഷം ഉച്ചയോടെ മൂന്നാറിലത്തെുന്ന രാത്രിയാകും വീട്ടിലത്തെുക. വീട്ടാവശ്യത്തിന് ഇവര്‍ പണം നല്‍കുന്നില്ളെന്ന പരാതി സ്ത്രീകള്‍ക്കുണ്ട്. ചരായം നിരോധിച്ചുവെങ്കിലും മദ്യത്തിന് ഇവിടെ ക്ഷാമമില്ളെന്നതും സ്ത്രീകളുടെ തീരുമാനത്തിന് പിന്നിലെ കാരണമാണ്. പുരുഷന്മാര്‍ സമരത്തിനിറങ്ങിയാല്‍ നേതാക്കളുടെ വലയില്‍ വീഴുമോയെന്ന സംശയവും മറ്റൊരു കാരണമാണ്. ട്രേഡ് യൂണിയന്‍ നേതാക്കളുടെ തമിഴ്നാടിലെതടക്കമുള്ള സ്വകാര്യ സ്വത്തിന്‍െറ  വിവരങ്ങളുമായാണ് സ്ത്രീ തൊഴിലാളികള്‍ സമരം നടത്തുന്നത്.

ഏതൊക്കെ നേതാക്കളുടെ മക്കള്‍ക്ക് കമ്പനിയില്‍ ജോലി ലഭിച്ചു, അവര്‍ക്ക് കമ്പനി നല്‍കിയ ബംഗ്ളാവുകള്‍, നേതാക്കള്‍ക്ക് നല്‍കിയ വീടുകളുടെയും ബംഗ്ളാവുകളുടെയും വിവരങ്ങള്‍ തുടങ്ങി തൊഴിലാളികള്‍ ഒട്ടേറെ കണക്കുകള്‍ നിരത്തുന്നു. ഒന്നുമില്ലാതിരുന്നവര്‍ നിരന്തരം കാറില്‍ യാത്ര ചെയ്യകയും സമ്പന്നനാകുകയൂം  ചെയ്യമ്പോള്‍ തൊഴിലാളികള്‍ക്ക് സംശയം തോന്നുന്നത് സ്വഭാവികം. പ്രത്യകേിച്ച് തോട്ടം മേഖലയില്‍ ആധിപത്യമുറപ്പിക്കാന്‍ പലരും മല്‍സരിക്കുമ്പോള്‍. ഒരു പക്ഷെ അത്തരക്കാരില്‍ നിന്നായിരിക്കും ഇത്തരം കണക്കുകള്‍ കൈമാറി കിട്ടിയിരിക്കുക. അതില്‍ എത്രത്തോളം വസ്തുതയുണ്ടെന്നത് രണ്ടാമത്തെ കാര്യം.

ബോണസ് മാത്രമല്ല, യഥാര്‍ഥ പ്രശ്നമെന്ന് കഴിഞ്ഞ ദിവസത്തെ ചര്‍ച്ചക്ക് ശേഷം തൊഴില്‍ മന്ത്രി ഷിബു ബേബി ജോണും വ്യക്തമാക്കിയിരുന്നു. കൂലി വര്‍ധനവ് പൊതുവായ പ്രശ്നമാണ്. എന്നാല്‍, ഇവിടെ തൊഴിലാളികള്‍ മറ്റൊരു ചൂഷണത്തെ കുറിച്ച് പറയുന്നു. അധികമെടുക്കുന്ന കൊളുന്തിന് സീസണ്‍ വേളകളില്‍ ഇന്‍സന്‍റീവ് കൊടുക്കാറുണ്ട്. തൊഴിലാളിക്ക് ഒരു രൂപ ലഭിക്കുമ്പോള്‍ സൂപ്പര്‍വൈസര്‍ക്കും മാനേജ്മെന്‍റ് അസിസ്റ്റന്‍റിനുമൊക്കെ വലിയ തുക നല്‍കുന്നുവത്രെ. മാസത്തില്‍ മുന്നു ദിവസം അവധിയെടുത്താല്‍ ഇന്‍സെന്‍റീവ് നല്‍കില്ളെന്നും പറയുന്നു. ഇതിന് പുറമെയാണ് എടുക്കുന്ന കൊളുന്തില്‍നിന്നും തൂക്കം കുറക്കുന്നത്. രണ്ടിലയും കൂമ്പുമാണ് എടുക്കേണ്ടത്. നേരത്തെ കൈകൊണ്ട് കൊളുന്തടെുക്കുമ്പോള്‍ കൃത്യമായും രണ്ടിലയും കൂമ്പും മാത്രമാണ് എടുത്തിരുന്നത്. എന്നാല്‍, ഇപ്പോള്‍ കത്രിക ഉപയോഗിച്ചാണ് കൊളുന്ത് എടുക്കുന്നത്. കൂടുതല്‍ ഇല വരുന്നുവെന്ന കാരണത്താല്‍ വേസ്റ്റെന്ന പേരില്‍ പത്തു ശതമാനം തൂക്കം കുറക്കുന്നുവെന്നാണ് തൊഴിലാളികള്‍ പറയുന്നത്. ഇതിന് പുറമെ ആശുപത്രിയിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, ലായങ്ങള്‍ നവീകരിക്കുക തുടങ്ങി പല ആവശ്യങ്ങളും ഉയര്‍ന്നു വരുന്നു.

ഇതു മാത്രമല്ല, ഈ മണ്ണില്‍ ജനിച്ച് ഈ മണ്ണില്‍ വളരുന്നുവരാണ് തോട്ടം തൊഴിലാളികള്‍. അവര്‍ക്കിവിടെ സ്വകാര്യ സ്വത്തില്ല. റിട്ടയര്‍ ചെയ്യമ്പോള്‍ തൊട്ടടുത്ത പഞ്ചായത്തുകളില്‍ അല്‍പം സ്ഥലംവാങ്ങി താമസിക്കും. അതുമല്ളെങ്കില്‍ തമിഴ്നാടില്‍ സ്ഥലം  വാങ്ങി അവിടെ കൂടും. തൊഴിലാളികളും അവരുടെ മുന്‍തലമുറകളും മൂന്നാറില്‍ ബ്രിട്ടീഷുകാരുടെ കണ്ണന്‍ ദേവന്‍ കമ്പനിക്കും, തുടര്‍ന്നു ടാറ്റക്കും വേണ്ടി തേയില തോട്ടങ്ങള്‍ വെച്ചു പിടിച്ചപ്പോഴും ബാക്കി കിടന്ന സര്‍ക്കാര്‍ ഭൂമി അതേ പോലെ സംരക്ഷിച്ചു. അവര്‍ വന്യജീവികളെ വേട്ടയാടിയില്ല. ഒരു കൂര പണിയാന്‍വേണ്ടി പോലും ഭൂമി കൈയ്യറിയില്ല. എന്നാല്‍,  മല കയറി വന്നവര്‍ ഏതാനം രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും പിന്‍ബലത്തോടെ ഭൂമി വെട്ടി പിടിച്ചു. അവിടെ റിസോര്‍ട്ടുകള്‍ പണിതുയര്‍ത്തി. ഇതു തോട്ടം തൊളിലാളികളുടെ മാത്രമല്ല, മൂന്നാറുകാരുടെ മുഴുവന്‍ മനസില്‍ നീറുന്ന അനുഭവമായി കിടക്കുന്നു.അതിനാലാണ് തോട്ടം തൊഴിലാളികള്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യവുമായി വ്യാപാരികളും ഡ്രൈവറന്മാരും തുടങ്ങിയവര്‍ അണിനിരന്നത്. ഒരര്‍ഥത്തില്‍ ഇതു ട്രേഡ് യുണിയന്‍ മുതലാളിത്തിന് എതിരെയുമുള്ള സമരമാണ്. നാളെ എവിടെയും സംഭവിക്കാം. ഇവിടെ,പക്ഷെ കൊമ്പന്‍ പോയാല്‍ മോഴ എന്ന പോലെ അവസരം നോക്കി ചിലരുണ്ട്. അതും സമരം ശക്തിപ്പെടാന്‍ കാരണമാണ്. അഥവാ അവരില്‍ ചിലരാണ് സമരത്തിന്‍െറ ബുദ്ധി കേന്ദ്രം.

ഈ സമരത്തോടെ തകര്‍ന്നടിയുന്നത് രാജ്യത്തിനാകെ മാതൃകയെന്ന നിലയില്‍ കൊണ്ടു വന്ന തൊഴിലാളി-മുതലാളി പങ്കാളിത്ത കമ്പനിയാണ്. 2005 എപ്രില്‍ ഒന്നിനാണ് കണ്ണന്‍ ദേവന്‍ ഹില്‍സ് പ്ളാന്‍റേഷന്‍ കമ്പനി പ്രൈവറ്റ് ലിമിറ്റഡ് നിലവില്‍ വരുന്നത്. 2004 ഏപ്രിലില്‍ തെന്മല എസ്റ്റേറ്റില്‍ പരീക്ഷിച്ചു വിജയം കണ്ട പങ്കാളിത്ത മാതൃകയായിരുന്നു ഇത്. അന്ന് തോട്ടം മേഖലയില്‍ നിലനിന്ന പ്രതിസന്ധിയില്‍ കരകയറാണ് 12500 ജീവനക്കാരെ മുതലാളിമാരാക്കിയത്. ഓഹരി ഉടമകളെന്ന നിലയില്‍ ഡിവിഡന്‍റും ലഭിക്കുന്നു. ഈ സമരത്തെ തുടര്‍ന്ന് ഇപ്പോള്‍ കൊളുന്ത് എടുക്കുന്നില്ല. ഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്നില്ല. ഒരു പക്ഷെ, മൂന്നാറിന്‍െറ ചരിത്രത്തിലാദ്യമായിരിക്കാം തേയില ഫാക്ടറികളുടെ ഇരമ്പലുകള്‍ നിലക്കുന്നതും അന്തരീക്ഷത്തില്‍ ചായപ്പൊടിയുടെ ഗന്ധം ഇല്ലാതാകുന്നതും. അതു മൂന്നാറിലെ തേയില വ്യവസായത്തെ മാത്രമല്ല, ടൂറിസത്തെയും പ്രതികൂലമായി ബാധിച്ചു.^ See more at: http://www.madhyamam.com/news/370575/150912#sthash.DMysuuwt.dpuf

08 June 2015

ടൂറിസവും ക്വാറികളും കേരളത്തിന്‍െറ പരിസ്ഥിതി തകര്‍ക്കുന്നു

ടൂറിസവും ക്വാറികളും കേരളത്തിന്‍െറ പരിസ്ഥിതി തകര്‍ക്കുന്നു

 പുകയില്ലാത്ത വ്യവസായമായ ടൂറിസം കേരളത്തിന്‍െറ പരിസ്ഥിതിക്ക് കനത്ത വെല്ലുവിളിയാകുന്നു. അനിയന്ത്രിതമായ തോതിലുള്ള പാറ, മണ്ണു ഖനനവും കൂടിയാകുമ്പോള്‍ കേരളത്തിന്‍െറ കലാവസ്ഥയെ തന്നെ മാറ്റി മറിക്കുന്നു. ഇതു ഭാവിയില്‍ കുടിവെള്ള സുരക്ഷയെ പോലും ബാധിക്കും. അംബുരചൂംബികളായ ഫ്ളാറ്റുകളും മറ്റൊരു ഭീഷണിയാണ്.
ടൂറിസത്തിന്‍െറ പേരിലുള്ള പ്രവര്‍ത്തനങ്ങളാണ് ഏറ്റവും വലിയ ഭീഷണിയായി മാറുന്നത്. മൂന്നാറും ഇടുക്കിയും വയനാടും അടക്കമുള്ള മലമുകളില്‍ യാതൊരു നിയന്ത്രണവുമില്ലാതെ ഏഴും എട്ടും നിലകളില്‍ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നു. ഇതു ഹൈറേഞ്ചിന്‍െറ കാലാവസ്ഥ മാറ്റത്തിന് കാരണമാണ്. ഇതിന് പുറമെയാണ് പ്ളാസ്റ്റിക് ഉള്‍പ്പെടയുള്ള മാലിന്യങ്ങള്‍ വിനോദ സഞ്ചാര മേഖലകളില്‍ നിറയുന്നത്. ഉയര്‍ന്ന പ്രദേശങ്ങളിലെ കെട്ടിട നിര്‍മ്മാണത്തിന് നിയന്ത്രണം വേണമെന്ന് ഡോ.ഉമ്മന്‍ വി ഉമ്മന്‍ കമ്മിറ്റി നിര്‍ദേശിരുന്നുവെങ്കിലും ഇതു സംബന്ധിച്ച് ഉത്തരവിറങ്ങിയില്ല. ഇതുമൂലം, മല മുകളില്‍ വന്‍തോതിലാണ്കെട്ടിടങ്ങള്‍ ഉയരുന്നത്. നഗരങ്ങളിലെ ഫ്ളാറ്റുകളെ പോലൂം വെല്ലുന്ന തരത്തിലുള്ള കെട്ടിടങ്ങള്‍ വലിയ ഭീഷണിയാണുയര്‍ത്തുന്നത്.
കേരളത്തിലെ കായലുകളും ശുദ്ധജല മല്‍സ്യ ഭീഷണി നേരിടാനും കാരണം ടൂറിസമാണ്. മുന്‍ കാലങ്ങളില്‍ വ്യവസായ ശാലകളില്‍നിന്നുള്ള രാസ വസ്തുക്കളായിരുന്നു കായലുകളിലേക്ക് പുഴകളിലേക്കും ഒഴുക്കിയിരുന്നത്. എന്നാലിപ്പോള്‍, ഹൗസ്ബോട്ടുകളില്‍ നിന്നുള്ള മനുഷ്യ മാലിന്യമാണ് ഏറെയും. ഇതിന് പുറമെയാണ് വന്‍തോതില്‍ പ്ളാസ്റ്റിക് ഒഴുകിയത്തെുന്നത്. പലതരം മല്‍സ്യങ്ങളും വംശ നാശ ഭീഷണി നേരിടുകയാണ്. ടൂറിസത്തിന്വേണ്ടി കുട്ടനാട് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ റോഡും പാലങ്ങളും വന്നതോടെ നീരൊഴുക്ക് തടസപ്പെട്ട്  മാലിന്യങ്ങളൊക്കെ കെട്ടികിടക്കുന്നു. ഇതു പകര്‍ച്ച വ്യാധികള്‍ക്കും കാരണമാകുന്നു.
ഹൗസ്  ബോട്ടുകള്‍ക്ക് പുറമെ കായല്‍ തീരങ്ങള്‍ വന്‍തോതില്‍ കയ്യേറപ്പെടുന്നതും മറ്റൊരു പരിസ്ഥിതി പ്രശ്നമാണ്. പു¤െയാരത്തെ സ്ഥലങ്ങള്‍ക്ക് പ്രിയം വര്‍ദ്ധിച്ചതോടെയാണിത്. ഇതേ അവസ്ഥ തന്നെയാണ് കടല്‍ തീരത്തും.അവിടെങ്ങളിലും ഗസ്റ്റുകളെ വരവേല്‍ക്കാന്‍ വലിയ തോതിലുള്ള കെട്ടിടങ്ങള്‍ ഉയരുന്നു. ഗ്രാമങ്ങളില്‍നിന്നു പോലും ടൂറിസമെന്ന ആവശ്യം ഉയര്‍ന്ന് തുടങ്ങിയതോടെ, തകരുന്നത് പരിസ്ഥിതിയാണ്.
വലിയ തോതിലുള്ള ഖനനമാണ് കേരളത്തില്‍ നടക്കുന്നത്. പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് അട്ടിമറിക്കപ്പെടത്ത് പോലും ഖനന ലോബിക്ക് വേണ്ടിയാണ്. പാറ ഖനനം നിരോധിച്ചാല്‍ കേരളത്തിന്‍െറ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സ്തംഭിക്കുമെന്ന കാരണമാണ് ചില രാഷ്ട്രിയ കക്ഷികള്‍ ചൂണ്ടിക്കാട്ടിയത്. കേരളത്തിന്‍െറ കിഴക്കന്‍ മലകളിലെ പാറകള്‍ അപ്പാടെയാണ് ഖനന മാഫിയ നീക്കം ചെയ്യുന്നത്. ഇത് കിഴക്കന്‍ മലകളുടെ ഉയരം കുറയാനും തമിഴ്നാടില്‍ നിന്നും ചൂട് കാറ്റ് കേരളത്തിലത്തൊനും കാരണമാകുന്നുണ്ട്. പാലക്കാടന്‍ ഗ്യാപ്പിലൂടെയാണ് നേരത്തെ ചൂട് കാറ്റ് വന്നിരുന്നതെങ്കില്‍ ഇപ്പോള്‍ കിഴക്കന്‍ പ്രദേശങ്ങളിലാകെ ചൂട് വീശുന്നുണ്ട്. പാകള്‍ പൊട്ടിച് മാറ്റുന്നിനൊപ്പം കുന്നും ഇടിക്കുന്നുണ്ട്. താ്െന്ന പ്രദേശങ്ങളിലെ നെല്‍പാടങ്ങളും തണ്ണീര്‍ത്തടങ്ങളും നികത്തുന്നതിന് വേണ്ടിയാണിത്. പാടങ്ങള്‍ നികത്തപ്പെടുന്നതോടെ ജലസ്രോതസാണ് ഇല്ലാതാകുന്നതെന്ന് അറിഞ്ഞ് തന്നെയാണ് ഈ പ്രവര്‍ത്തനങ്ങള്‍. പാടങ്ങള്‍ നികത്തിയാണ് ആറന്മളയിലും അണക്കരയിലും വിമാനത്താവളങ്ങള്‍ നിര്‍മ്മിക്കാന്‍ ശ്രമം നടക്കുന്നത്.
പശ്ചിമഘട്ടത്തിലെ കൃഷി ഭൂമി ഇ.എസ്.എ പട്ടികയില്‍നിന്നും ഒഴിവാക്കുന്നതിന് പകരമാണ് പാറക്കെട്ടുകളും തണ്ണീര്‍ത്തടങ്ങളും ഈ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ഡോ.ഉമ്മന്‍ വി ഉമ്മന്‍ കമ്മിറ്റിയുടെ ശിപാര്‍ശയും കോള്‍ഡ് സ്റ്റോറേജിലാണ്.
വമ്പന്‍ ഫ്ളാറ്റുകളും പരിസ്ഥിതി പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. കാറ്റിന്‍െറ ഗതിയെ തന്നെ തടസപ്പെടുത്തുകയാണ് അംബര ചുംബികളായ കെട്ടിടങ്ങള്‍. എറണാകുളം മംഗളവനം പക്ഷി സങ്കേതത്തിന് ചുറ്റും വലിയ കെട്ടിടങ്ങള്‍ വന്നതോടെ,ഇവിടെക്കുള്ള പക്ഷികളുടെ വരവ് കുറഞ്ഞതായി പറയുന്നു. കാട് കാണാന്‍ പക്ഷികള്‍ക്ക് കഴിഞ്ഞാലല്ളേ, പക്ഷികള്‍ എത്തുവെന്നാണ് പക്ഷി നിരീക്ഷകര്‍ പറയുന്നത്.
മഴ കുറയാനും ചൂട് കൂടാനും കാരണമാകുന്ന തരത്തിലാണ് കലാവസ്ഥയിലെ മാറ്റങ്ങള്‍. പ്രകൃതിയിലുണ്ടാകുന്ന മാറ്റങ്ങളാണ് ഇതിന് കാരണം. തെക്കേ ഇന്‍ഡ്യന്‍ സംസ്ഥാനങ്ങായ തെലയങ്കാനയും സീമാന്ധ്രയുമാണ്ഇത്തവണ കനത്ത ചൂടിന്‍െറ പിടിയിലായത്. ഏറ്റവും കുടതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തതും ഈ രണ്ടു സംസ്ഥാനങ്ങളില്‍ നിന്നാണ്. ഇപ്പോഴത്തെ നില തുടര്‍ന്നാല്‍, കേരളവും ഈ പട്ടികയില്‍ എത്താന്‍ വൈകില്ല. ഇപ്പോള്‍  തന്നെ അരുവികള്‍ പലതും വറ്റി. നദികളില്‍ വെള്ളം കുറഞ്ഞു. മഴയെ ആശ്രയിച്ചാണ് കുടിവെള്ള പദ്ധതികള്‍ പോലും പ്രവര്‍ത്തിക്കുന്നത്. മഴ കുറഞ്ഞാല്‍ കുപ്പി വെള്ളത്തെയാകും ആശ്രയിക്കേണ്ടി വരിക. ഭക്ഷ്യസുരക്ഷയുടെ കാര്യത്തില്‍ പണ്ടേ മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുന്നതിനാല്‍ അക്കാര്യത്തില്‍ മലയാളിക്ക് ആശങ്കയുണ്ടാകില്ല.
ഇതൊക്കെയാണെങ്കിലും വൈദ്യുത പദ്ധതികളെ എതിര്‍ക്കാന്‍ കാണിക്കുന്ന ആവേശം,കേരളത്തിന്‍െറ പരിസ്ഥിതിയെ സംരക്ഷിക്കുന്ന കാര്യത്തില്‍ പലരും കാട്ടുന്നില്ല.13 April 2015

വെളിച്ച വിപ്ലവം

വെളിച്ച വിപ്ലവം
ജനങ്ങള്‍ക്കുവേണ്ടി ജനങ്ങള്‍ ആസൂത്രണം ചെയ്ത പദ്ധതി -അതാണ് മാങ്കുളമെന്ന കുടിയേറ്റ ഗ്രാമത്തിലെ ജലവൈദ്യുതി പദ്ധതി. 2004 ഒക്ടോബര്‍ 28 -ഇടുക്കി ജില്ലയിലെ ഏറ്റവും വലിയ കുടിയേറ്റ ഗ്രാമമായ മാങ്കുളത്തിന് അന്ന് ഉത്സവമായിരുന്നു. പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവില്‍ മാങ്കുളം ഗ്രാമത്തില്‍ വൈദ്യുതി ദീപം തെളിഞ്ഞത് അന്നായിരുന്നു. വൈദ്യുതി എത്തിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടപ്പോള്‍ ഗ്രാമപഞ്ചായത്തിന്‍െറ നേതൃത്വത്തില്‍ 110 കിലോവാട്ട് ജലവൈദ്യുതി നിലയം സ്ഥാപിച്ചതിന്‍െറ ഉദ്ഘാടനമായിരുന്നു അന്ന്. പദ്ധതിക്ക് ഐക്യരാഷ്ട്രസഭ വ്യവസായ വികസന ഓര്‍ഗനൈസേഷന്‍െറ (യുനിഡോ) സഹായവും ലഭിച്ചു.
വൈദ്യുതി, റോഡ്, ഫോണ്‍ തുടങ്ങി എല്ലാ രംഗത്തും മാങ്കുളം ഗ്രാമം ഏറെ പിന്നിലായിരുന്നു. നിരവധി വെള്ളച്ചാട്ടങ്ങളുള്ള ഈ ഗ്രാമത്തില്‍ ചെറുകിട ജലവൈദ്യുതി നിലയം സ്ഥാപിക്കാന്‍ കെ.എസ്.ഇ ബോര്‍ഡിന് പദ്ധതിയുണ്ടെങ്കിലും അത് ഏട്ടിലെ പശുവായി തുടര്‍ന്നു. ഒടുവില്‍ ഗ്രാമപഞ്ചായത്താണ് സ്വന്തം വൈദ്യുതി നിലയം എന്ന പദ്ധതിയുമായി രംഗത്തുവന്നത്. 55 കിലോവാട്ടിന്‍െറ വീതം രണ്ട് ടര്‍ബൈനുകള്‍ ചൈനയില്‍നിന്ന് ഇറക്കുമതി ചെയ്തു. ഇതിലൊന്ന് യുനിഡോ സൗജന്യമായി നല്‍കുകയായിരുന്നു. പദ്ധതിക്കായി 25 ലക്ഷം രൂപ ഉപഭോക്താക്കള്‍ നല്‍കുകയും ചെയ്തു. 11 കെ.വി ലൈന്‍, സബ്സ്റ്റേഷന്‍ എന്നിവയും സ്ഥാപിച്ചു. 250ലേറെ വീടുകള്‍ക്കും 50ഓളം സ്ഥാപനങ്ങള്‍ക്കും മാങ്കുളം വൈദ്യുതി നല്‍കിയായിരുന്നു തുടക്കം. ഇപ്പോള്‍ കെ.എസ്.ഇ ബോര്‍ഡിന് വൈദ്യുതി വില്‍ക്കുകയാണ് ഗ്രാമപഞ്ചായത്ത്.
കണ്ണൂര്‍ ജില്ലയിലെ ആലക്കോടുനിന്നാണ് ജനപങ്കാളിത്തത്തോടെയുള്ള ചെറുകിട ജലവൈദ്യുതി പദ്ധതികളുടെ തുടക്കം. 1996ല്‍ ആലക്കോട് ആശാന്‍കവലയില്‍ 1000 വാട്ടിന്‍െറ പദ്ധതി സ്ഥാപിച്ചതാണ് ഇതില്‍ ആദ്യത്തേത്. കെ.എസ്.ഇ ബോര്‍ഡ് വൈദ്യുതി വിതരണം തുടങ്ങിയതോടെ ഇവ ഒന്നൊന്നായി നിലച്ചു. ജലവൈദ്യുതി പദ്ധതിയുടെ തറവാടായ ഇടുക്കിയില്‍ ജില്ലാ പഞ്ചായത്ത് 4000 വാട്ടിന്‍െറ വീതം മൂന്ന് പദ്ധതികള്‍ സ്ഥാപിച്ചത് 1998ലാണ്. ഏറ്റവും പിന്നാക്ക പ്രദേശമായ വട്ടവട പഞ്ചായത്തിലെ കടവരിയിലായിരുന്നു പദ്ധതി. വൈദ്യുതി ഉല്‍പാദിപ്പിച്ചുവെന്നും ഇല്ളെന്നും പറയുന്നു. തുടര്‍ന്ന് മണിയന്തടത്തും ഇത്തരമൊരു പദ്ധതി ഇടുക്കി ജില്ലാ പഞ്ചായത്ത് സ്ഥാപിച്ചെങ്കിലും പൂട്ടി. ഇപ്പോള്‍ അടിമാലിക്കടുത്ത് കല്ലാറില്‍ ചെറുകിട ജലവൈദ്യുതി പദ്ധതി ആരംഭിച്ചിട്ടുണ്ട്. എന്നാല്‍, പാലക്കാട് ജില്ലാ പഞ്ചായത്ത് വൈദ്യുതി ഉല്‍പാദനരംഗത്ത് ഒരുപടി മുന്നിലാണ്. മീന്‍വല്ലം പദ്ധതിയിലൂടെ മൂന്നു മെഗാവാട്ട് വൈദ്യുതിയാണ് ഉല്‍പാദിപ്പിക്കുന്നത്. ജില്ലാ പഞ്ചായത്തിന്‍െറ നേതൃത്വത്തില്‍ എട്ടു ബ്ളോക് പഞ്ചായത്തുകള്‍, 17 ഗ്രാമപഞ്ചായത്തുകള്‍ എന്നിവയെ ഉള്‍പ്പെടുത്തി രജിസ്റ്റര്‍ ചെയ്ത സൊസൈറ്റിയാണ് പദ്ധതിയുടെ നടത്തിപ്പുകാര്‍. 22 കോടി രൂപയാണ് ചെലവ്.
പാലക്കാട്-മലപ്പുറം ജില്ലകളെ വേര്‍തിരിക്കുന്ന തൂതപ്പുഴയുടെ ഇരുകരകളിലുള്ളവര്‍ക്ക് മഴക്കാലമെന്നത് പേടിസ്വപ്നമായിരുന്നു. അക്കരയിക്കര കടക്കാന്‍ കടത്തുവള്ളം മാത്രം. പുഴയില്‍ വെള്ളം ഉയര്‍ന്നാല്‍ കുട്ടികളുടെ പഠനം മുടങ്ങും. ഇവിടെയും പാലക്കാട് ജില്ലാ പഞ്ചായത്താണ് പ്രാദേശിക സര്‍ക്കാറിന്‍െറ ദൗത്യം നിര്‍വഹിച്ചത്. മൂര്‍ക്കനാട്-എടപ്പാലം ഗ്രാമങ്ങളെ ബന്ധിപ്പിച്ച പാലം ഈ അടുത്തനാളിലാണ് തുറന്നുകൊടുത്തത്. ജില്ലാ പഞ്ചായത്തിന്‍െറ നേതൃത്വത്തില്‍ 11.5 കോടി രൂപ ചെലവിലാണ് പാലം നിര്‍മിച്ചത്.
മുച്ചക്രവാഹനം, ലാപ്ടോപ് എന്നിവയുടെ വിതരണം, പെയിന്‍ ആന്‍ഡ് പാലിയേറ്റിവ്, ഭവന നിര്‍മാണം എന്നിവയിലാണ് ഭൂരിഭാഗം ജില്ലാ പഞ്ചായത്തുകള്‍ക്കും താല്‍പര്യം. പല ജില്ലാ പഞ്ചായത്തുകളും ഭവന പദ്ധതി പ്രഖ്യാപിക്കാറുണ്ടെങ്കിലും നടപ്പില്‍വരുന്നത് വളരെ കുറച്ചുമാത്രം. തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രഖ്യാപിച്ച സമ്പൂര്‍ണ ഭവന പദ്ധതി ഇതിലൊന്നാണ്. ഗ്രാമപഞ്ചായത്തുകളില്‍ നിന്നടക്കം പണം വാങ്ങുകയും സര്‍ക്കാര്‍ ഇതര ഏജന്‍സിക്ക് കൈമാറുകയും ചെയ്തു. ജില്ലാ പഞ്ചായത്തിന്‍െറ ഫണ്ടും നല്‍കി. വെള്ളത്തിലെ വരപോലെയായി ഭവന പദ്ധതി.
നിര്‍മാണം, കരാര്‍, കമീഷന്‍ എന്നിവയിലാണ് തദ്ദേശ സ്ഥാപനങ്ങളുടെ താല്‍പര്യം. സാമ്പത്തിക വര്‍ഷാവസാനം ഫണ്ടു വിനിയോഗിക്കാനാണ് ഭൂരിപക്ഷം തദ്ദേശ സ്ഥാപനങ്ങള്‍ക്കും താല്‍പര്യം. കോര്‍പറേഷനും നഗരസഭകളും ഇനിയും കാലത്തിനനുസരിച്ച് മാറിയിട്ടില്ല. എന്നാല്‍, തൃശൂരിലെ അടാട്ട് ഗ്രാമപഞ്ചായത്ത് അഞ്ചു വര്‍ഷത്തെ പദ്ധതിയാണ് തയാറാക്കുന്നത്. അവിടെ മാര്‍ച്ച് 31 എന്നൊരു തീയതിയില്ല. പ്രവര്‍ത്തന കലണ്ടര്‍ തയാറാക്കി അതനുസരിച്ചാണ് ഫണ്ടു വിനിയോഗം. 2000 മുതലാണ് അടാട്ടിന്‍െറ വികസന മാതൃകക്ക് മാറ്റം വന്നത്. കുടിവെള്ള ക്ഷാമം അനുഭവപ്പെട്ടിരുന്ന പഞ്ചായത്തില്‍ 4000 ഏക്കര്‍ കോള്‍നിലത്തിന്‍െറ സാധ്യതകള്‍ പ്രയോജനപ്പെടുത്തിയാണ് ജലക്ഷാമം പരിഹരിച്ചത്. പദ്ധതി വിഹിതത്തെ മാത്രം ആശ്രയിക്കാതെ കേന്ദ്ര, സംസ്ഥാന പദ്ധതികള്‍ ലിങ്ക് ചെയ്താണ് വിനിയോഗിക്കുന്നത്. മാലിന്യസംസ്കരണത്തിനും അവരുടേതായ മാതൃകയുണ്ട്. പക്ഷേ, ഇനിയിപ്പോള്‍ അടാട്ട് തൃശൂര്‍ കോര്‍പറേഷന്‍െറ ഭാഗമാകുകയാണ്.
തദേശസ്ഥാപനങ്ങള്‍ക്ക് കൈമാറി നല്‍കിയ സ്ഥാപനങ്ങള്‍ ഇപ്പോഴും എവിടെയും എത്താത്ത അവസ്ഥയിലാണ്. പൊതുജനാരോഗ്യവും പൊതുശുചിത്വവും കൃഷിയും വ്യവസായവുമൊക്കെ ഈപട്ടികയില്‍ ഉള്‍പ്പെടുത്താം. പ്രാഥമികാവശ്യങ്ങള്‍ക്ക് ഹോട്ടലുകളെ ആശ്രയിക്കേണ്ട അവസ്ഥ. നേതൃപാടവമുള്ളവര്‍ സ്വന്തം നാട്ടില്‍ പദ്ധതികള്‍ നടപ്പാക്കുന്നതൊഴിച്ചാല്‍ രണ്ടുപതിറ്റാണ്ടിന്‍െറ അനുഭവം അധികാര വികേന്ദ്രീകരണത്തിലേക്കോ അതോ അഴിമതി വികേന്ദ്രീകരണത്തിലേക്കോ?
അവാര്‍ഡുകള്‍ക്കൊപ്പം പുലാമന്തോള്‍
മലപ്പുറം ജില്ലയിലെ പുലാമന്തോള്‍ ഗ്രാമപഞ്ചായത്ത് അവാര്‍ഡുകള്‍ക്കൊപ്പമാണ് സഞ്ചരിക്കുന്നത്. വനിതയാണ് പ്രസിഡന്‍െറങ്കിലും പ്രവര്‍ത്തനങ്ങള്‍ക്ക് അതു തടസ്സമാകുന്നില്ല. ഗ്രാമപഞ്ചായത്തിലെ പൗരസമൂഹത്തെ ഗ്രാമസഭ, മറ്റ് ജനകീയ സംഘടനാ സംവിധാനങ്ങള്‍ എന്നിവയുമായി സഹകരിപ്പിക്കുന്നതിന്‍െറ ഭാഗമായി ‘വിഷന്‍ 2025’ ജനപങ്കാളിത്ത പരിപാടിക്ക് 2011-12ല്‍ തുടക്കമിട്ടതോടെയാണ് എം.കെ. റഫീഖയുടെ നേതൃത്വത്തിലുള്ള ഭരണസമിതി നൂതന പദ്ധതികള്‍ ആരംഭിച്ചത്. കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയത്തിന്‍െറ ‘പഞ്ചായത്ത് എംപവര്‍മെന്‍റ് ആന്‍ഡ് അക്കൗണ്ടബ്ലിറ്റി ഇന്‍സന്‍റിവ് സ്കീം അവാര്‍ഡ്, ഗൗരവ് ഗ്രാമസഭാ പുരസ്കാരം,‘വയേശ്രേഷ്ഠ സമ്മാന്‍’ സംസ്ഥാന സര്‍ക്കാറിന്‍െറ 2011-12 വര്‍ഷത്തിലെ സംസ്ഥാനതല സ്വരാജ് ട്രോഫി ഒന്നാം സ്ഥാനം തുടങ്ങി മൂന്നുവര്‍ഷത്തിനുള്ളില്‍ ഏഴ് അവാര്‍ഡുകള്‍.
2.75 ലക്ഷം രൂപയാണ് അവാര്‍ഡായി ലഭിച്ചത്. സാമ്പത്തിക വര്‍ഷത്തിന്‍െറ ആദ്യദിവസംതന്നെ വാര്‍ഷികപദ്ധതി നിര്‍വഹണം ആരംഭിക്കുന്നുവെന്നതാണ് പ്രത്യേകത.
(അവസാനിച്ചു)

12 April 2015

മികവില്‍ നാദാപുരത്തിന്‍െറ മാതൃക

സംഘര്‍ഷത്തിന്‍േറതല്ലാത്ത മുഖമാണ് കോഴിക്കോട് ജില്ലയിലെ നാദാപുരത്തിന്‍െറ കുടിയേറ്റ മേഖലക്ക്. നിരവധി വോളിബാള്‍, ഷട്ടില്‍ താരങ്ങള്‍ ഈ മണ്ണില്‍നിന്ന് ജഴ്സിയണിഞ്ഞിട്ടുണ്ട്. ഇതു തിരിച്ചറിഞ്ഞാണ് നാദാപുരം ഗ്രാമപഞ്ചായത്ത് കായിക നയം തയാറാക്കിയതും സ്വന്തമായി ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മിച്ചതും. സംസ്ഥാനത്ത് ആദ്യമായാണ് ഗ്രാമപഞ്ചായത്തിന്‍െറ നേതൃത്വത്തില്‍ ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മിച്ചത്. വോളിബാള്‍, ബാസ്കറ്റ് ബാള്‍ കോര്‍ട്ടുകളും നാലു ഷട്ടില്‍കോര്‍ട്ടുകളും ക്രമീകരിക്കാവുന്ന തരത്തിലാണ് മൂന്നു കോടി രൂപ ചെലവില്‍ സ്റ്റേഡിയം നിര്‍മിിച്ചത്. 3000 പേര്‍ക്ക് ഇരിപ്പിടവുമുണ്ട്.
ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി തൃശൂര്‍ കോര്‍പറേഷനും കൈപ്പമംഗലം ഗ്രാമപഞ്ചായത്തും കായിക പരിശീലന പരിപാടികള്‍ ആരംഭിച്ചിരുന്നെങ്കിലും അതൊക്കെ അസ്ഥിപഞ്ജരമായി അവശേഷിച്ചിരിക്കെയാണ് നാദാപുരത്തിന്‍െറ നേട്ടം. സെവന്‍സ് ഫുട്ബാളിന് ഏറെ വേരോട്ടമുള്ള കൈപറമ്പില്‍ 1995-2001 കാലഘട്ടത്തിലാണ് ഇന്‍ഡോര്‍ സ്്റ്റേഡിയം നിര്‍മിക്കാന്‍ പദ്ധതി തയാറാക്കിയത്. കെ.എം. ലെനിന്‍ പ്രസിഡന്‍റായിരിക്കെ ആറര ഏക്കര്‍ സ്ഥലം വാങ്ങി ജനകീയ പങ്കാളിത്തത്തോടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ജില്ലാ പഞ്ചായത്തിന്‍െറ സഹായത്തോടെ സ്പോര്‍ട്സ് കോംപ്ളക്സിന് തുടക്കമിട്ടു. എന്നാല്‍, തുടര്‍ന്നുവന്ന ഭരണസമിതികള്‍ താല്‍പര്യം കാട്ടാതെ വന്നതോടെ നോക്കുകുത്തിയായി മാറി. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കുവേണ്ടിയാണ് തൃശൂര്‍ കോര്‍പറേഷന്‍ കോച്ചിങ് ക്യാമ്പ് ആരംഭിച്ചതെങ്കിലും വൈകാതെ അടച്ചുപൂട്ടി.
ഭരണത്തില്‍ പിന്തുടര്‍ച്ചയില്ലാത്തതാണ് പല പദ്ധതികളും നിലക്കാന്‍ കാരണം. നാദാപുരത്താകട്ടെ, സൂപ്പി നരിക്കാട്ടേരി തന്നെ രണ്ടു തവണ പ്രസിഡന്‍റായപ്പോള്‍ പദ്ധതികള്‍ക്ക് പിന്തുടര്‍ച്ചയുണ്ടായി. തിരുവനന്തപുരം അടക്കമുള്ള കോര്‍പറേഷനുകള്‍ക്ക് മാലിന്യം തലവേദന സൃഷ്ടിക്കുമ്പോള്‍ മാലിന്യം വളമാക്കിമാറ്റുകയാണ് നാദാപുരത്ത്. വ്യാപാരികള്‍ വ്യവസായികള്‍, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന ആരോഗ്യ ശുചിത്വ സമിതി രൂപവത്കരിച്ച് അതിന്‍െറ നേതൃത്വത്തിലാണ് മാലിന്യ സംസ്കരണ പ്ളാന്‍റിന്‍െറ പ്രവര്‍ത്തനം. ദുര്‍ഗന്ധമില്ളെന്നതാണ് ഇവിടത്തെ പ്ളാന്‍റിന്‍െറ പ്രത്യേകത. സ്വന്തമായി പൗരാവകാശ രേഖ തയാറാക്കി ഓരോ സേവനത്തിനും കൃത്യമായ പരിധിയും നാദാപുരത്ത് നിശ്ചയിച്ചിരിക്കുന്നു. കഴിഞ്ഞ ആറു വര്‍ഷമായി മികച്ച പഞ്ചായത്തിന്‍െറ പട്ടികയില്‍ നാദാപുരമുണ്ട്. കഴിഞ്ഞദിവസം മികച്ച പഞ്ചായത്തിനുള്ള ദേശീയ അംഗീകാരം കൂടി ഈ പഞ്ചായത്ത് സ്വന്തമാക്കുകയുണ്ടായി. ഈമാസം 24ന് ദല്‍ഹിയില്‍ നടക്കുന്ന ദേശീയ പഞ്ചായത്ത് ദിനാഘോഷത്തില്‍ സൂപ്പി നരിക്കാട്ടേരി അവാര്‍ഡ് ഏറ്റുവാങ്ങും.
ഫണ്ടു വിനിയോഗവും നികുതി പിരിവും മാത്രമല്ല, തദ്ദേശ സ്ഥാപനത്തിന്‍െറ ചുമതലയെന്നറിയുന്നത് കണ്ണൂര്‍ ജില്ലയിലെ ചെമ്പിലോട്, പാലക്കാട്ടെ ശ്രീകൃഷ്ണപുരം, തൃശൂരിലെ അടാട്ട്, പത്തനംതിട്ടയിലെ ഇരവിപേരൂര്‍ തുടങ്ങിയ പഞ്ചായത്തുകളില്‍ എത്തുമ്പോഴാണ്. ചെമ്പിലോട്ട് രാഷ്ട്രീയ സംഘര്‍ഷമല്ലാത്ത വിഷയങ്ങള്‍ പൊലീസിലേക്കും കോടതിയിലേക്കുമല്ല, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം.സി. മോഹനന്‍െറ മുന്നിലേക്കാണ് എത്തുന്നത്. കഴിഞ്ഞ വര്‍ഷം 307 തര്‍ക്കങ്ങളാണ് പരിഹരിച്ചത്. കുടുംബപ്രശ്നങ്ങള്‍ തുടങ്ങി എത്രയോ തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കപ്പെട്ടു. പഞ്ചായത്തിനെ ഒരു യൂനിറ്റായി കണ്ടാണ് പദ്ധതി വിനിയോഗം. എവിടെയാണോ സഞ്ചരിക്കാന്‍ പ്രയാസം അവിടെയൊക്കെ റോഡുകള്‍ നിര്‍മിച്ചു. എട്ടു വര്‍ഷമായി പദ്ധതി വിഹിതം 100ശതമാനവും ചെലവഴിക്കുന്നു. ജനകീയ സഹകരണത്തോടെ, അവരില്‍നിന്ന് സംഭാവനകള്‍ സ്വീകരിച്ച് നിര്‍മിച്ച ഉത്സവ സ്ഥലത്തേക്കുള്ള പാലവും സ്കൂള്‍ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചുള്ള നെല്‍കൃഷിയും 30 വനിതകള്‍ക്ക് തൊഴില്‍ നല്‍കുന്ന അപ്പാരല്‍ പാര്‍ക്കും ചെമ്പിലോടുള്ള നേട്ടം. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ നിരവധി അവാര്‍ഡുകള്‍ സ്വന്തമാക്കിയ പഞ്ചായത്തിന് അഴിമതിരഹിത ഗ്രാമം എന്ന ബഹുമതി നല്‍കിയത് വിജിലന്‍സും.
മൂന്നു പതിറ്റാണ്ടായി 100 ശതമാനം നികുതി പിരിക്കുന്ന ശ്രീകൃഷ്ണപുരം തുടര്‍ച്ചയായി പത്താം തവണയും ജില്ലയിലെ മികച്ച പഞ്ചായത്താണ്. പാലിയേറ്റിവ് കെയറിനായി ജനകീയ സംഭാവനയിലൂടെയാണ് ആംബുലന്‍സ് വാങ്ങിയത്. ഭരണരംഗത്തെ നവാഗതയാണ് പഞ്ചായത്ത് പ്രസിഡന്‍റ് പി. സവിതയെങ്കിലും രണ്ടു തവണ മികച്ച പ്രസിഡന്‍റായിരുന്ന വൈസ് പ്രസിഡന്‍റ് പി. അരവിന്ദാക്ഷനും മികച്ച സെക്രട്ടറിയുടെ അവാര്‍ഡ് വാങ്ങിയ സി.എന്‍. സത്യനും ഒന്നിച്ച് കൈകോര്‍ക്കുന്നതാണ് ശ്രീകൃഷ്ണപുരത്തിന്‍െറ നേട്ടം. പഞ്ചായത്തിന്‍െറ പദ്ധതി പ്രവര്‍ത്തനങ്ങള്‍ സോഷ്യല്‍ ഓഡിറ്റിങ്ങിന് വിധേയമാക്കിയെന്നതാണ് ശ്രീകൃഷ്ണപുരത്തെ വേറിട്ട് നിര്‍ത്തുന്നത്.
മാലിന്യസംസ്കരണം ലാഭനഷ്ടം കണക്കാക്കി ചെയ്യേണ്ട ഒന്നല്ളെന്നാണ് ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എന്‍. രാജീവിന്‍െറ നിലപാട്. പഞ്ചായത്ത്-വാര്‍ഡുതല ജാഗ്രതാ സമിതികള്‍, സമ്പൂര്‍ണ മാലിന്യ സംസ്കരണ പരിപാടി, ആരോഗ്യസഭ-സമ്പൂര്‍ണ ആരോഗ്യ പരിപാലന പരിപാടി, ഇ-ഗവേണന്‍സ്, ഗ്രാമ വിജ്ഞാന കേന്ദ്രം-സിവില്‍ സര്‍വിസ് പരിശീലനം, വിദ്യാഭ്യാസ-സാംസ്കാരിക പരിപാടി, ജൈവ പച്ചക്കറി-വാഴ-നെല്‍ കൃഷി, ചെറുകിട കുടിവെളള പദ്ധതികള്‍, ബയോഗ്യാസ് പ്ളാന്‍റുകള്‍, മണ്ണിര-പൈപ്പ് കമ്പോസ്റ്റുകളുടെ വിതരണം, പ്ളാസ്റ്റിക് റീ സൈക്ളിങ് യൂനിറ്റ്, പ്ളാസ്റ്റിക് റോഡ്, സ്കൂളുകളില്‍ ആയുര്‍വേദ ഉദ്യാനം, തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ലക്ഷം മഴക്കുഴി പദ്ധതി രൂപവത്കരിച്ച് 40,000 മഴക്കുഴികളുടെ പൂര്‍ത്തീകരണം, നീരൊഴുക്ക് നഷ്ടപ്പെട്ട് വരണ്ടുപോയ വരട്ടാറിന്‍െറ പുനരുജ്ജീവനം...അങ്ങനെ പോകുന്നു പദ്ധതികള്‍. പ്ളാസ്റ്റിക് വില കൊടുത്ത് സംഭരിച്ച് അവ പൊടിച്ചു ടാറിനൊപ്പം ചേര്‍ത്ത് റോഡു നിര്‍മിച്ചാണ് റോഡ് നവീകരണ പ്രശ്നത്തിന് പരിഹാരം കണ്ടത്. യോഗ, കുട്ടികള്‍ക്ക് കരാട്ടെ തുടങ്ങി പദ്ധതികള്‍ ഏറെ. കൊല്ലം ജില്ലയിലെ കുലശേഖരപുരം ഗ്രാമപഞ്ചായത്ത് കാര്‍ഷിക മേഖലയിലാണ് ശ്രദ്ധിക്കുന്നത്. തരിശുഭൂമിയില്‍ കൃഷിയിറക്കിയും കുടുംബങ്ങളില്‍ പച്ചക്കറികൃഷിക്ക് സഹായംനല്‍കിയും ജൈവഗ്രാമത്തിലേക്ക് നീങ്ങുന്നു. 
(തുടരും)

വഴികാട്ടിയായി മലപ്പുറം

മലപ്പുറം ജില്ലയില്‍ ഇപ്പോള്‍ കിണര്‍ വിപ്ളവമാണ്. ഇതിന് നേതൃത്വം നല്‍കുന്നത് വനിതകളും. തൊഴിലുറപ്പ് പദ്ധതി എങ്ങനെ പ്രത്യുല്‍പാദനപരമാക്കാമെന്ന് സ്ഥാപിക്കുകയാണ് മലപ്പുറത്തെ ഗ്രാമപഞ്ചായത്തുകള്‍. കാളികാവ് ഗ്രാമപഞ്ചായത്തില്‍ മാത്രം ഇതിനോടകം നിര്‍മിച്ചത് 117 കിണറുകളാണ്. സ്ഥാനം കാണുന്നതും ചെറിയ തോതിലുള്ള പാറകള്‍ പൊട്ടിക്കുന്നതും കിണര്‍ കുഴിക്കുന്നതും വനിതകള്‍തന്നെ. 23 കോല്‍ താഴ്ചയില്‍വരെ കിണര്‍ നിര്‍മിച്ചിട്ടുള്ളതായി കാളികാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അലിപ്പറ്റ ജമീല പറയുന്നു. കുടിവെള്ള ക്ഷാമത്തിന് പരിഹാരം തേടിയാണ് കിണര്‍ കുഴിക്കാനുള്ള നിര്‍ദേശം ഉയര്‍ന്നത്. ഈ ചുമതല വനിതകള്‍തന്നെ ഏറ്റെടുക്കുമ്പോള്‍ ചെറിയ ആശങ്കയുണ്ടായിരുന്നുവെങ്കിലും കിണര്‍ യാഥാര്‍ഥ്യമായതോടെ അത് മാറി.
അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തില്‍ മഴപ്പൊലിമ എന്ന പേരിലാണ് കിണര്‍ നിര്‍മിക്കല്‍. 46 കിണര്‍ ഇതിനോടകം കുഴിച്ചു. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കിണര്‍ റീചാര്‍ജിങ് എന്ന പേരിലുള്ള പദ്ധതിയും നടപ്പാക്കുന്നു. കണ്ണുര്‍ ജില്ലയിലെ ചപ്പാരപ്പടവില്‍ അങ്കണവാടിക്കുവേണ്ടിയാണ് വനിതകള്‍ ചേര്‍ന്ന് കിണര്‍ കുഴിച്ചത്. സൗജന്യമായി ലഭിച്ച അഞ്ചു സെന്‍റ് സ്ഥലത്ത് ആറു കോല്‍ താഴ്ചയിലയാണ് കിണര്‍. കാടുവെട്ടാനും വിശ്രമിക്കാനുമാണ് തൊഴിലുറപ്പ് പദ്ധതിയെന്ന ആക്ഷേപം നിലനില്‍ക്കുമ്പോഴാണ് ഈ ഗ്രാമപഞ്ചായത്തുകള്‍ വഴികാട്ടുന്നത്.
പലയിടത്തും കടലാസിലാണ് തൊഴിലുറപ്പ് ജോലികളെന്നാണ് ചില പഞ്ചായത്ത് സെക്രട്ടറിമാര്‍ പറഞ്ഞത്. ഇടുക്കി ജില്ലയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രത്തില്‍ ജോലി ചെയ്തില്ളെങ്കിലും കൂലി കിട്ടും. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പകുതി തുകയേ ലഭിക്കുകയുള്ളൂ. ബാക്കി പഞ്ചയത്തംഗത്തിന്‍െറയും പ്രസിഡന്‍റിന്‍െറയും വിഹിതമാണ്. ഇവിടെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരില്‍ ഏറിയ പങ്കും തമിഴ്നാടിലെ സ്ഥിരതാമസക്കാരാണെന്നും പറയുന്നു.
മലപ്പുറത്തേക്ക് തന്നെ മടങ്ങാം. തദ്ദേശ സര്‍ക്കാര്‍ എങ്ങനെയാകണമെന്ന് തെളിയിക്കുകയാണ് മലപ്പുറത്തെ ഗ്രാമപഞ്ചായത്തുകളും നഗരസഭകളും. വെള്ളത്തിനു മാത്രമല്ല, കിടപ്പിലായ രോഗികളെ പരിചരിക്കാനും ചികിത്സാ സഹായം എത്തിക്കാനും തദ്ദേശ സ്ഥാപനങ്ങള്‍ നേതൃത്വം നല്‍കുന്നു. ജനങ്ങളില്‍നിന്ന് സംഭാവന സ്വീകരിച്ച് അവരുടെ പങ്കാളിത്തത്തോടെയാണ് പെയിന്‍ ആന്‍റ് പാലിയേറ്റിവ് പ്രവര്‍ത്തനം. അങ്ങാടിപ്പുറം പഞ്ചായത്തില്‍ ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി കൈവല്യംഗ്രാം എന്ന പദ്ധതിയാണ് നടപ്പാക്കുന്നത്. പുത്തനങ്ങാടി ഗവ.എല്‍.പി സ്കൂളിലാണ് 85ഓളം കുട്ടികള്‍ എത്തുന്നത്. വിവിധ തൊഴിലുകള്‍ പരിശീലിപ്പിക്കുന്നതിനു പുറമെ, ചികില്‍സയും നല്‍കുന്നു.
മലപ്പുറം ജില്ലയിലെ കുട്ടികളൊക്കെ ഇപ്പോള്‍ ഇംഗ്ളീഷ് സംസാരിക്കാന്‍ പഠിക്കുകയാണ്. ഇതിനും നേതൃത്വം നല്‍കുന്നത് തദേശ സ്ഥാപനങ്ങളാണ്. ബിരുദം കഴിഞ്ഞാലും തെറ്റുകൂടാതെ ഇംഗ്ളീഷ് സംസാരിക്കാന്‍ കഴിയാത്തത് തിരിച്ചറിഞ്ഞ് നിലമ്പൂര്‍ ഗ്രാമപഞ്ചായത്ത് ആരംഭിച്ച പദ്ധതിയാണ് മറ്റുള്ളവരും പിന്തുടരുന്നത്. ലണ്ടനില്‍നിന്നുള്ളവര്‍ അഞ്ചു മാസം താമസിച്ചാണ് നിലമ്പൂരിലുള്ളവര്‍ക്ക് കമ്യൂണിക്കേറ്റീവ് ഇംഗ്ളിഷില്‍ പരിശീലനം നല്‍കുന്നത്. ഈസി ഇംഗ്ളീഷ് എന്ന പേരിലാണ് അങ്ങാടിപ്പുറത്തെ പദ്ധതി.
എന്നാല്‍, നിലമ്പൂരിലാണ് നൂതനമായ പദ്ധതികള്‍ ജനപങ്കാളിത്തത്തോടെ നടപ്പാക്കുന്നത്. ഗ്രാമപഞ്ചായത്തില്‍നിന്നും നഗരസഭയില്‍ എത്തിയിട്ടും പദ്ധതികള്‍ക്ക് മാറ്റമില്ല. ആമിനത്താത്തയെന്ന സ്ത്രീയാണ് ഇതിനൊക്കെ കാരണമെന്നാണ് നഗരസഭ ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് പറയുന്നത്. താന്‍ പഞ്ചായത്ത് പ്രസിഡന്‍റായിരിക്കെയാണ് പെന്‍ഷന് അപേക്ഷ നല്‍കാന്‍ ആമിനാത്ത എത്തിയത്. എഴുതാനും വായിക്കാനും മാത്രമല്ല, സ്വന്തം ജനനതിയതി പോലും ആമിനാത്തക്ക് അറിയില്ലായിരുന്നു. ഇതോടെയാണ് 60 വയസ്സുവരെയുള്ള എല്ലാവര്‍ക്കും നാലാം ക്ളാസ് തുല്യത വിദ്യാഭ്യാസം എന്ന പദ്ധതിയെുറിച്ച് ചിന്തിച്ചത്. ജ്യോതിര്‍ഗമയ എന്ന പേരിട്ട ഈ പദ്ധതി അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും മറ്റും സഹകരത്തോടെയാണ് നടപ്പാക്കിയത്. ഇതിന്‍െറ തുടര്‍ച്ചയായാണ് 35 വയസ്സിനു താഴെ എല്ലാവര്‍ക്കും പത്താം ക്ളാസ് എന്ന സമീക്ഷ പദ്ധതി ആരംഭിച്ചത്. ഇവരിപ്പോള്‍ പ്ളസ്ടു എത്തി. ഇനി ബിരുദമാണ് ലക്ഷ്യം. ഭവനരഹിതര്‍ക്കായി ആയിരം വീട് പദ്ധതിക്ക് സര്‍വേ നടത്തിയതോടെയാണ് പലരും ഭവനരഹിതരാകുന്നത് പെണ്‍മക്കളുടെ വിവാഹത്തോടെയാണെന്ന് ബോധ്യമായത്. സ്ത്രീധനരഹിത ഗ്രാമം എന്ന പദ്ധതിക്കാണ് ഇതിലൂടെ തുടക്കമിട്ടത്. മൈസൂര്‍ കല്യാണം അവസാനിപ്പിക്കാനും കഴിഞ്ഞു. തൊഴിലധിഷ്ഠിത കോഴ്സുകള്‍ പഠിപ്പിക്കാന്‍ വഴികാട്ടി കോളജ്, സൗജന്യമായി ഭക്ഷണം നല്‍കുന്ന വിശപ്പുരഹിത ഗ്രാമം, പട്ടികജാതി-വര്‍ഗ വിദ്യാര്‍ഥികളെ സ്കൂളിലത്തെിക്കാന്‍ ഒപ്പത്തിനൊപ്പം, എല്ലാവരുടെയും ആരോഗ്യ വിവരങ്ങള്‍ തയാറാക്കുന്ന സൗഖ്യം, എല്ലാവര്‍ക്കും മരുന്നും ഭക്ഷണവും ഉറപ്പുവരുത്തുന്ന സ്നേഹപത്തായം, ഗാര്‍ഹികപീഡനത്തിലെയും മറ്റും ഇരകളെ പുനരധിവസിപ്പിക്കാന്‍ സുരക്ഷിത തുടങ്ങി എത്രയോ പദ്ധതികള്‍. മലപ്പുറം നഗരസഭക്കുമുണ്ട് നൂതന പദ്ധതികള്‍. പെണ്‍കരുത്ത്, ഭവനരഹിതര്‍ക്കായി ഫ്ളാറ്റ് സമുച്ചയം, പഠനരംഗത്തെ പുതിയ ആശയവുമായി വിദ്യാവിസ്മയം, പുതിയ നിര്‍മാണങ്ങള്‍ക്ക് ബയോഗ്യാസ് പ്ളാന്‍റ്, മഴവെള്ള സംഭരണി, സൗരോര്‍ജ പാനല്‍, പച്ചക്കറി കൃഷി എന്നിവ നിര്‍ബന്ധമാക്കുന്ന താരാപഥം തുടങ്ങിയവ മലപ്പുറത്തിന്‍െറ പദ്ധതികള്‍.
ജനപ്രതിനിധികള്‍ മാത്രമല്ല, ഉദ്യോഗസ്ഥര്‍ക്കും അധികാരവികേന്ദ്രികരണത്തില്‍ വലിയ പങ്കാളിത്തമുണ്ടെന്നതിന്‍െറ ഉദാഹരണമാണ് അങ്ങാടിപ്പുറം, പുലാമന്തോള്‍, വെട്ടം, പാലക്കാട് ജില്ലയിലെ ശ്രീകൃഷ്ണപുരം തുടങ്ങിയ ഗ്രാമ പഞ്ചായത്തുകള്‍. മികച്ച ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കുള്ള അവാര്‍ഡ് നേടിയിട്ടുള്ള സിദിഖ് കൈപ്പുറത്തിന്‍െറ പ്രവര്‍ത്തനങ്ങളാണ് പുലാമന്തോള്‍, അങ്ങാടിപ്പുറം വികസന മാതൃകകള്‍ക്ക് പിന്നില്‍. ഇദേഹം ജോലി ചെയ്ത ഗ്രാമ പഞ്ചായത്തുകളൊക്ക വികസന നേട്ടങ്ങളുടെ മുന്‍നിലയിലുണ്ട്. 
(തുടരും)
ആസൂത്രണത്തിന്‍െറ കഞ്ഞിക്കുഴി മാതൃക
സംസ്ഥാനത്ത് ജനകീയാസൂത്രണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനു മുമ്പാണ് ആലപ്പുഴയിലെ കഞ്ഞിക്കുഴി പഞ്ചായത്തില്‍ പച്ചക്കറികൃഷി ആരംഭിച്ചത്. കയര്‍ വ്യവസായം തകര്‍ച്ച നേരിട്ടതിനെ തുടര്‍ന്നാണ് എല്ലാവര്‍ക്കും വരുമാനംകിട്ടുന്ന പദ്ധതിയെക്കുറിച്ച് ചര്‍ച്ചനടന്നത്. എത്തിപ്പെട്ടത് പച്ചക്കറികൃഷിയിലും. എല്ലാ വീട്ടിലും വിത്തും വളവും നല്‍കിയാണ് കൃഷി ആരംഭിച്ചത്. ഇന്നിപ്പോള്‍ തൊട്ടടുത്ത മാരാരിക്കുളം വടക്ക് പഞ്ചായത്തിലും പച്ചക്കറികൃഷിയുണ്ട്. പിന്നീട് ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായാണ് കഞ്ഞിക്കുഴി, ആര്യാട് ബ്ളോക് പഞ്ചായത്തിന്‍െറ നേതൃത്വത്തില്‍ മാരാരി മാര്‍ക്കറ്റിങ് ലിമിറ്റഡിന്‍െറ രൂപവത്കരണം.
കുടുംബശ്രീ യൂനിറ്റുകളുടെ ഉല്‍പന്നങ്ങള്‍ വിപണിയിലത്തെിക്കുകയാണ് ലക്ഷ്യം. മാരാരി കുട, അച്ചാര്‍, സോപ്പ്, സ്ക്വാഷ് തുടങ്ങിയ ഉല്‍പന്നങ്ങള്‍ വിപണിയിലത്തെിക്കുന്നു. തദ്ദേശസ്ഥാപനങ്ങളില്‍നിന്ന് സഹായമില്ളെങ്കിലും നഷ്ടംകൂടാതെയാണ് പ്രവര്‍ത്തനം. സാമ്പത്തികവിദഗ്ധനായ ഡോ. പി.കെ. മണി സി.ഇ.ഒയും റിട്ട. മജിസ്ട്രേട്ട് എന്‍.കെ. പ്രകാശ് മാനേജിങ് ഡയറക്ടറായും പ്രവര്‍ത്തിക്കുന്നത് ശമ്പളം കൂടാതെയും. ഡോ. തോമസ് ഐസക്കാണ് ഇരുവരെയും ഇവിടെയത്തെിച്ചത്.

10 April 2015

അയ്യയ്യോ പ്രസിഡന്‍റ് ഇല്ലല്ളോ

Published on Fri, 04/10/2015 - 0Madhyamam 

അയ്യയ്യോ പ്രസിഡന്‍റ് ഇല്ലല്ളോ
മധ്യതിരുവിതാംകൂറിലെ ഒരു ഗ്രാമ പഞ്ചായത്തിലെ പ്രസിഡന്‍റിനെ കിട്ടാതെവന്നതോടെയാണ് വനിതാ വൈസ്പ്രസിഡന്‍റിനെ വിളിച്ചത്. പത്രത്തില്‍നിന്നാണെന്ന് അറിയിച്ചതോടെ ‘അയ്യയ്യോ പ്രസിഡന്‍റ് ഇല്ലല്ളോ’ എന്നാണ് അങ്ങത്തേലക്കല്‍നിന്നു കേട്ടത്. പഞ്ചായത്തിലെ കാര്യങ്ങളൊക്കെ പ്രസിഡന്‍റാണ് പറയേണ്ടതെന്ന് അറിയിച്ച് അവര്‍ ഫോണ്‍ കട്ട്ചെയ്തു. മറ്റൊരു സ്ഥലത്തെ വൈസ് പ്രസിഡന്‍റിനെ വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തത് ഭര്‍ത്താവ്. ‘വൈസ് പ്രസിഡന്‍റിന്‍െറ ഭര്‍ത്താവാണ്, വിവരം പറഞ്ഞോളൂ’വെന്ന മറുപടിയും. മാധ്യമപ്രവര്‍ത്തകനാണെന്ന് പറഞ്ഞതോടെ തിരിച്ചുവിളിക്കുമെന്നായി. വനിതാ സംവരണത്തിന്‍െറ ഏകദേശരൂപമാണിത്. ‘നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക’ എന്ന സിനിമയിലെ ‘വിനോദിനി’ എന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റിനെപ്പോലെയാകണമെന്ന് ഇവര്‍ക്ക് ആഗ്രഹിക്കാന്‍ കഴിയില്ലല്ളോ? സംവരണത്തിലൂടെ പ്രസിഡന്‍റ്പദവിയില്‍ എത്തുന്നവര്‍ എങ്ങനെയാകണമെന്നാണ് വിനോദിനി എന്ന കഥാപാത്രം പറയുന്നത്. എന്നാല്‍, ജീവിതത്തില്‍ ‘വിനോദിനി’യാകാന്‍ ശ്രമിച്ചാല്‍ കാസര്‍കോട് ജില്ലയിലെ പുത്തിഗെ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റായിരുന്ന ഫാത്തിമത്ത് സുഹറയുടെ അനുഭവമായിരിക്കും. പാര്‍ട്ടി ഗ്രാമത്തില്‍നിന്ന് പാര്‍ട്ടി പിന്തുണയോടെ പഞ്ചായത്തു പ്രസിഡന്‍റായ ഫാത്തിമത്ത് അഴിമതിക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചതാണ് അനഭിമതയാകാന്‍ കാരണം. പാര്‍ട്ടിതന്നെ ഉപരോധം ഏര്‍പ്പെടുത്തിയതോടെ രാജി നല്‍കി പൊതുപ്രവര്‍ത്തനം അവസാനിപ്പിച്ചു. ഫാത്തിമത്ത് സുഹറ യഥാര്‍ഥത്തില്‍ അധികാര വികേന്ദ്രീകരണത്തിന്‍െറ രക്തസാക്ഷിയാണ്.
ആദ്യഘട്ടത്തില്‍ മൂന്നിലൊന്നായിരുന്നു വനിതാ സംവരണം. ഇപ്പോഴത് 50 ശതമാനമായി വര്‍ധിച്ചു. ഇതനുസരിച്ച് കൂടുതല്‍ വനിതകള്‍ തദ്ദേശ സ്ഥാപനങ്ങളിലത്തെി. എന്നാല്‍, ഒരിക്കല്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ പിന്നിട് മത്സരത്തിനുണ്ടാകാറില്ല. വളരെക്കുറച്ച് വനിതകള്‍ മാത്രമാണ് തുടര്‍ച്ചയായി മത്സരരംഗത്തുണ്ടാകുന്നത്. അതാകട്ടെ, വ്യക്തമായി രാഷ്ട്രീയ കാഴ്ചപ്പാടുള്ളവരും. കേരള കോണ്‍ഗ്രസ്-എം സംസ്ഥാന ജനറല്‍ സെക്രട്ടറി ഷീല സ്റ്റീഫന്‍ ഇടുക്കി ജില്ലാ കൗണ്‍സിലിലും തുടര്‍ന്ന് ’95 മുതല്‍ ജില്ലാ പഞ്ചായത്തിലും പ്രസിഡന്‍റും വൈസ് പ്രസിഡന്‍റുമൊക്കെയായി അധികാരത്തിലുണ്ട്. പാലക്കാട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സുബൈദ ഇസ്ഹാഖ് നേരത്തേ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റും ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമായിരുന്നു. മന്ത്രി പി.കെ. ജയലക്ഷ്മി, എം.എല്‍.എമാരായ ഇ.എസ്. ബിജിമോള്‍, ഗീതാ ഗോപി, അയിഷ പോറ്റി, വനിതാ കമീഷനംഗം കെ.എ. തുളസി, കെ.പി.സി.സി ജനറല്‍ സെക്രട്ടറി ലതിക സുഭാഷ് തുടങ്ങിയവര്‍ തദ്ദേശ സ്ഥാപനങ്ങളിലൂടെ പൊതുരംഗത്ത് എത്തിയവരാണ്. സംവരണ ആനുകൂല്യത്തിന്‍െറ പേരില്‍ പ്രസിഡന്‍റ് പദവിയിലത്തെി വിജിലന്‍സ് കേസില്‍പെട്ട് കോടതി വരാന്തയില്‍ കയറിയിറങ്ങുന്നവരും ഏറെ. എന്നാല്‍, ഭരണത്തിലിരിക്കുമ്പോള്‍ വനിതാ പ്രസിഡന്‍റുമാരെ നയിക്കുന്നത് രാഷ്ട്രിയ-ഭരണ പരിചയമുള്ള മുന്‍ പ്രസിഡന്‍റുമാരായിരിക്കുമെന്നാണ് കേരളത്തിന്‍െറ അനുഭവം. പാര്‍ട്ടിയാണ് പലയിടത്തും ഭരിക്കുന്നത്. പാര്‍ട്ടിക്കാര്യം പാര്‍ട്ടിയോഫിസില്‍ എന്ന് തറപ്പിച്ചുപറയാന്‍ സിനിമയിലെ വിനോദിനിക്കേ കഴിയൂ. അതല്ളെങ്കില്‍ ഒഴുക്കിനെതിരെ നിലപാടെടുക്കാന്‍ അത്ര കരുത്തുവേണം. അതുമല്ളെങ്കില്‍ പാര്‍ട്ടി പിന്തുണ വേണം. ഇതു രണ്ടുമില്ളെങ്കില്‍ സൗകര്യങ്ങള്‍ അനുഭവിക്കുക. കരാറുകാരുടെ വക നല്ല മൊബൈല്‍ ഫോണ്‍, പട്ടുസാരി... അത്തരം കൊച്ചു കൊച്ചു കാര്യങ്ങള്‍ മതിയത്രെ. എന്നാല്‍, ശതമാനക്കണക്കില്‍ കമീഷന്‍ വാങ്ങുന്ന വനിതകളുമുണ്ട്. ഇടുക്കി ജില്ലയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രത്തിലെ വനിതാ പ്രസിഡന്‍റിന് തമിഴ്നാട്ടിലെ ബാങ്ക് അക്കൗണ്ടില്‍ പണം നിക്ഷേപിച്ച് രശീത് കാട്ടുകയാണ് വേണ്ടത്. എന്നാല്‍, വികസന കാഴ്ചപ്പാടുള്ള സെക്രട്ടറിയും ഭരണപരിചയമുള്ള അംഗങ്ങളുമുണ്ടെങ്കില്‍ പ്രസിഡന്‍റ് വനിതയാണെങ്കിലും അദ്ഭുതങ്ങള്‍ കാട്ടാനാകുമെന്നാണ് ഇത്തവണ അവാര്‍ഡ് നേടിയ പഞ്ചായത്ത് പ്രസിഡന്‍റുമാരുടെ സാക്ഷ്യപത്രം.
അതേസമയം, സെക്രട്ടറിയുടെ ഇടപെടല്‍ ആഗ്രഹിക്കാത്ത വൈസ് പ്രസിഡന്‍റുമാരുമുണ്ട്. അത്തരമൊരു സംഭവമാണ് മലപ്പുറം ജില്ലയിലുണ്ടായത്. സെക്രട്ടറിയുടെ മിടുക്കില്‍ പഞ്ചായത്തിന് അവാര്‍ഡ് ലഭിച്ചുതുടങ്ങിയതോടെ വനിതാ പ്രസിഡന്‍റിനായി ക്രെഡിറ്റ് മുഴുവന്‍. ഇതോടെ സെക്രട്ടറിയെ മാറ്റാന്‍ വൈസ് പ്രസിഡന്‍റ് രംഗത്തിറങ്ങി. മന്ത്രിയുടെ പാര്‍ട്ടിക്കാരായ വനിതാ പ്രസിഡന്‍റും വൈസ് പ്രസിഡന്‍റും രണ്ടു തട്ടില്‍. ഒടുവില്‍ വൈസ് പ്രസിഡന്‍റ് വിജയിച്ചു. എങ്കിലും പ്രസിഡന്‍റുമായുള്ള ശത്രുത തുടരുകയാണ്. ഒരുമിച്ചു വാഹനത്തില്‍ യാത്രചെയ്യാത്ത തരത്തില്‍ അധികാരം ‘വികേന്ദ്രീകരിക്കപ്പെട്ടു.’ വനിതാ സംവരണം മാറിയാലും ഇപ്പോഴത്തെ പ്രസിഡന്‍റിനെ വീണ്ടും മത്സരിപ്പിക്കണമെന്ന് പാര്‍ട്ടിക്കകത്ത് അഭിപ്രായം ഉയര്‍ന്നതാണ് അകല്‍ച്ചക്ക് കാരണമത്രെ.
എറണാകുളം ജില്ലയിലെ കീരംപാറയിലെ ബജറ്റ് യോഗത്തില്‍ വൈസ്പ്രസിഡന്‍റിനെ ചെരിപ്പുകൊണ്ട് നേരിട്ടാണ് വനിതാ പ്രസിഡന്‍റ് അധികാരം വികേന്ദ്രീകരിച്ചത്.
ശൗചാലയ നിര്‍മാണത്തില്‍ രാജ്യത്തിന് മാതൃകയായതും കേരളമാണ്. പഞ്ചായത്തിന്‍െറ അധികാരം പ്രയോഗിച്ച് അടുത്ത കാലത്ത് കക്കൂസുകള്‍ നിര്‍മിക്കപ്പെട്ടത് തമിഴ്ഗ്രാമമായ വട്ടവടയിലും. ഇടുക്കി ജില്ലയിലെ അതിര്‍ത്തി ഗ്രാമമായ വട്ടവട കക്കൂസുകള്‍ ഇല്ലാത്ത ഗ്രാമമായിരുന്നു. നിരനിരയായ വീടുകളുടെ മുന്‍ഭാഗത്താണ് കക്കൂസ് നിര്‍മിക്കാന്‍ സൗകര്യമുള്ളത്. വിശ്വാസത്തിന്‍െറ ഭാഗമായി വീടിനു മുന്നില്‍ കക്കൂസ് നിര്‍മിക്കില്ളെന്ന് ഗ്രാമവാസികളും. പഞ്ചായത്തിന് നിര്‍മല്‍ പുരസ്കാരം ലഭിക്കണമെങ്കില്‍ ശൗചാലയം നിര്‍മിക്കണംതാനും. ഒടുവില്‍, പഞ്ചായത്തിന്‍െറ ആനുകൂല്യം വേണമെങ്കില്‍ ശൗചാലയം നിര്‍മിക്കണമെന്ന് തീരുമാനിച്ച ഗ്രാമപഞ്ചായത്ത് ഇതിന് ധനസഹായവും നല്‍കി. എല്ലാവരും കക്കൂസ് നിര്‍മിച്ചെങ്കിലും വിശ്വാസത്തിന്‍െറ പേരില്‍ അതുപയോഗിക്കാത്തവര്‍ ഇനിയുമുണ്ട്.
(തുടരും)
തെരുവുനായ്ക്കളുടെ ഭീഷണി
തെരുവുനായ്ക്കളാണ് കേരളം നേരിടുന്ന ഭീഷണി. എന്നാല്‍, കണ്ണൂര്‍ ജില്ലയിലെ പാപ്പിനിശ്ശേരി, പെരിങ്ങോം-വയക്കല്‍ പഞ്ചായത്തുകള്‍ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി ‘ഓപറേഷന്‍ സീറോ റാബിസ്’ പദ്ധതി നടപ്പാക്കിയിരുന്നു. കേരള വെറ്ററിനറി സര്‍ജന്‍സ് അസോസിയേഷന്‍െറ സഹായത്തോടെയായിരുന്നു പദ്ധതി. തെരുവുനായ്ക്കള്‍ക്ക് വാക്സിനേഷന്‍ നല്‍കലും ജനങ്ങളെ ബോധവത്കരിക്കലുമായിരുന്നു പ്രധാനം.
എന്നാല്‍, സംസ്ഥാനത്ത് പിന്നീട് ഒരിടത്തും ഇത്തരം പദ്ധതി നടപ്പാക്കിയില്ല. പൊതുജനാരോഗ്യം, പൊതുശുചിത്വം എന്നിവയില്‍ തദ്ദേശസ്ഥാപനങ്ങള്‍ വേണ്ടത്ര താല്‍പര്യം കാട്ടിയില്ളെന്നുവേണം കരുതാന്‍.

കല്യാശ്ശേരിയും മറ്റത്തൂരിലത്തെിയ അണ്ണാ ഹസാരെയും

Published on Thu, 04/09/2015 -Madhyamam

കല്യാശ്ശേരിയും മറ്റത്തൂരിലത്തെിയ അണ്ണാ ഹസാരെയും
കണ്ണൂര്‍ ജില്ലയിലെ കല്യാശ്ശേരി. ജനകീയാസൂത്രണത്തിന്‍െറ ഭാഗമായി കേരളത്തിനകത്തും പുറത്തും ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പേരാണിത്. 1996ല്‍ ഒമ്പതാം പദ്ധതി ജനകീയാസൂത്രണമായി മാറാന്‍ കാരണമായതും കല്യാശ്ശേരിയിലെ പരീക്ഷണങ്ങളാണ്. 1988ല്‍ അധികാരത്തില്‍ വന്ന ഭരണസമിതി തുടക്കമിട്ട പദ്ധതികളാണ് പിന്നീട് ജനകീയാസൂത്രണമെന്ന പേരില്‍ ഇടതുപക്ഷ സര്‍ക്കാര്‍ നടപ്പാക്കിയത്. കല്യാശ്ശേരി മാതൃകക്ക് നേതൃത്വം നല്‍കിയത് ശാസ്ത്ര സാഹിത്യപരിഷത്തും. ഇ.കെ. നായനാര്‍ അടക്കമുള്ള മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാക്കളുടെ ജന്മദേശമെന്നതിന് ഉപരി സി.പി.എം പാര്‍ട്ടി ഗ്രാമമാണ് കല്യാശ്ശേരി എന്നതിനാല്‍ പദ്ധതികള്‍ നടപ്പാക്കാന്‍ എളുപ്പമായിരുന്നു. പക്ഷേ, കാല്‍നൂറ്റാണ്ട് പിന്നിടുമ്പോള്‍ കല്യാശ്ശേരി ഇന്ന് ചിത്രത്തിലില്ല. കാര്‍ഷിക മേഖലക്കുവേണ്ടിയാണ് അന്ന് പദ്ധതികള്‍ പലതും ആസൂത്രണം ചെയ്തത്. എന്നാല്‍, ഇന്നിപ്പോള്‍ കല്യാശ്ശേരി അതിവേഗം നഗരവത്കരിക്കപ്പെടുന്നു.
രണ്ടര വര്‍ഷത്തിലേറെ നീണ്ട ചര്‍ച്ചകളുടെയും സര്‍വേകളുടെയും അടിസ്ഥാനത്തിലാണ് ആസൂത്രണ പദ്ധതികള്‍ തയാറാക്കിയതെന്ന് അന്ന് പഞ്ചായത്തംഗമായിരുന്ന അഖിലേന്ത്യാ പീപ്ള്‍സ് സയന്‍സ് നെറ്റ്വര്‍ക് ദേശീയ ജനറല്‍ സെക്രട്ടറി ടി. ഗംഗാധരന്‍ ഓര്‍ക്കുന്നു. ശാസ്ത്രസാഹിത്യ പരിഷത്തിന്‍െറ അഖിലേന്ത്യാ രൂപമാണ്-എ.ഐ.പി.എസ്.എന്‍. പഞ്ചായത്തിന്‍െറ വിഭവ ഭൂപടം തയാറാക്കി അതിന്‍െറ അടിസ്ഥാനത്തില്‍ പദ്ധതി തയാറാക്കണമെന്ന പരിഷത് പരിപാടിയാണ് കല്യാശ്ശേരിയടക്കം തെരഞ്ഞെടുക്കപ്പെട്ട 25 പഞ്ചായത്തുകളില്‍ നടപ്പാക്കിയത്. കല്യാശ്ശേരിയുടെ കോഓഡിനേറ്ററായിരുന്നു ഗംഗാധരന്‍. വിവിധ വിഷയങ്ങളില്‍ പഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തില്‍ കര്‍മസമിതികള്‍ രൂപവത്കരിച്ചും വിഭവഭൂപടങ്ങള്‍ വാര്‍ഡുകളില്‍ പ്രദര്‍ശിപ്പിച്ച് അഭിപ്രായങ്ങള്‍ തേടിയുമാണ് പദ്ധതികള്‍ ആസൂത്രണം ചെയ്തത്. അന്ന് ഇപ്പോഴത്തെ പോലെ പദ്ധതിവിഹിതം ലഭ്യമല്ലാത്തതിനാല്‍ കല്യാശ്ശേരിയില്‍ ചേര്‍ന്ന ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗമാണ് പല പദ്ധതികളും ഏറ്റെടുത്തത്. എങ്കിലും ജനങ്ങളാണ് അവരുടെ പദ്ധതി നടപ്പാക്കിയത്. പഞ്ചായത്തിലെ തോടുകള്‍ സന്നദ്ധ പ്രവര്‍ത്തനത്തിലൂടെ നവീകരിച്ചത് നാടാകെ ശ്രദ്ധിച്ചു. 17 കിലോമീറ്ററാണ് ഒറ്റദിവസം കൊണ്ടു നവീകരിച്ചത്. നൂറോളം അയല്‍ക്കൂട്ടങ്ങള്‍, വികസന സമിതി... അങ്ങനെ നിരവധിപരീക്ഷണങ്ങള്‍ക്ക് കല്യാശ്ശേരി വേദിയായി.
1995ലെ തെരഞ്ഞെടുപ്പില്‍ കല്യാശ്ശേരി മോഡലിന്‍െറ വക്താക്കള്‍ മത്സരിക്കാനുണ്ടായിരുന്നില്ല. എന്നാല്‍, കല്യാശ്ശേരി മോഡല്‍ സര്‍ക്കാര്‍ ഏറ്റെടുത്തു.
ജനകീയാസൂത്രണമെന്ന പേരില്‍ കേരളമാകെ നടപ്പാക്കി. കല്യാശ്ശേരിയെ മാതൃകയാക്കിയാണ് മലപ്പുറത്തെ വള്ളിക്കുന്നിലും തൃശൂരിലെ മറ്റത്തൂരും കണ്ണൂരിലെ ചപ്പാരപ്പടവും എറണാകുളത്തെ തിരുമാറാടിയും അടക്കമുള്ള ഗ്രാമപഞ്ചായത്തുകള്‍ ജനകീയ പങ്കാളിത്തത്തോടെയുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തത്. തൃശൂര്‍ ജില്ലയിലെ മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിലെ ജനകീയാസൂത്രണ പ്രവര്‍ത്തനങ്ങള്‍ കണ്ടറിയാനാണ് അണ്ണാ ഹസാരെ എത്തിയത്. പ്രസിഡന്‍റ് പദവി വനിതക്കായി സംവരണം ചെയ്യപ്പെട്ടിരുന്ന ഇവിടെ വൈസ് പ്രസിഡന്‍റ് ജോയി കൈതാരത്താണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്. ജനകീയ പങ്കാളിത്തത്തോടെ ഗ്രാമത്തെ മദ്യമുക്തമാക്കിയതായിരുന്നു ഏറെ ശ്രദ്ധേയം. ഇപ്പോഴാകട്ടെ മറ്റത്തൂരില്‍ ബാറും ബീവറേജസും ഒക്കെയായി മദ്യം സുലഭം. അയല്‍ക്കൂട്ടങ്ങള്‍, കാര്‍ഷിക കൂട്ടായ്മ, സമ്പൂര്‍ണ ശുചിത്വം തുടങ്ങി പങ്കാളിത്ത മാതൃകകള്‍ തീര്‍ത്ത നിരവധി പദ്ധതികളിലൂടെ മറ്റത്തൂര്‍ വികസന മാതൃകയായപ്പോള്‍ അത് പഠിക്കാന്‍ രാജ്യത്തിനകത്തും പുറത്തും നിന്നായി നിരവധി പേരത്തെി. ആ അഞ്ചു വര്‍ഷം കഴിഞ്ഞതോടെ മറ്റത്തൂര്‍ തിരിച്ചു നടന്നു. ജോയി കൈതാരത്ത് പാര്‍ട്ടിക്ക് അനഭിമതനായി. ഇതുതന്നെയാണ് വള്ളിക്കുന്നിനും പറയാനുള്ളത്. ജനകീയാസൂത്രണ പദ്ധതിയുടെ ആദ്യ അഞ്ചു വര്‍ഷം വള്ളിക്കുന്നിനും നേട്ടങ്ങളുടെ പട്ടികയുണ്ടായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് യു. കലാനാഥന്‍െറ നേതൃത്വത്തില്‍ നടപ്പാക്കിയ ഊര്‍ജസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തുതന്നെ ആദ്യത്തേതായിരുന്നു.
സി.എഫ്.എല്‍ ബള്‍ബുകള്‍ വിതരണം ചെയ്താണ് വൈദ്യുതി ലാഭിച്ചത്. ജനകീയ പങ്കാളിത്തത്തോടെ നിരവധി തോടുകള്‍ നവീകരിച്ചതിലൂടെ നെല്‍കൃഷി വര്‍ധിപ്പിക്കാന്‍ കഴിഞ്ഞതായി കലാനാഥന്‍ പറയുന്നു. സംസ്ഥാനത്താദ്യമായി ജൈവവൈവിധ്യ രജിസ്റ്റര്‍ തയാറാക്കിയതും സാമൂഹിക-സാമ്പത്തിക ‘സര്‍വേ നടത്തിയതും വള്ളിക്കുന്നിലാണ്. എന്നാല്‍, അഞ്ചുവര്‍ഷം കഴിഞ്ഞപ്പോള്‍ കഥമാറി, പ്രസിഡന്‍റ് സ്ഥാനം വനിതക്കായി സംവരണം ചെയ്യപ്പെട്ട ഇവിടെ ലോക്കല്‍ കമ്മിറ്റിയംഗം പ്രസിഡന്‍റായി. വൈകാതെ വള്ളിക്കുന്ന് രാഷ്ട്രീയ പഞ്ചായത്തായി മാറി. ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കിയ പദ്ധതികള്‍ക്ക് തുടര്‍പ്രവര്‍ത്തനങ്ങള്‍ ഇല്ലാതായി. പതുക്കെ കലാനാഥനും പാര്‍ട്ടിക്ക് അനഭിമതനായി.
ഇപ്പോഴത്തെ കില ഡയറക്ടര്‍ ഡോ. പി.പി. ബാലനായിരുന്നു ചപ്പാരപ്പടവിലെ പ്രസിഡന്‍റ്. ജനകീയ പങ്കാളിത്തത്തോടെ നിര്‍മിച്ച പാലമാണ് ചപ്പാരപ്പടവിന്‍െറ മാതൃക. പക്ഷേ, അറ്റകുറ്റ പ്പണികള്‍ പോലും നടക്കാതെ വന്നതോടെ പാലം ഏതാണ്ട് തകര്‍ന്ന നിലയിലായി. ജലസംരക്ഷണമാണ് കുന്നത്തു പറമ്പിനെ ശ്രദ്ധേയമാക്കിയത്. മണ്‍സൂണിനെ വരവേല്‍ക്കാന്‍ ജലപര്‍വം എന്ന് പേരിട്ട പദ്ധതിയില്‍ രണ്ടായിരത്തിലേറെ കുളങ്ങളും 32 ചെക് ഡാമുകളും നിര്‍മിച്ചു. തദ്ദേശീയമായി ലഭിച്ച തെങ്ങിന്‍തടികളും വാഴത്തണ്ടുകളും ഓലയും മറ്റും ഉപയോഗിച്ചായിരുന്നു ചെക് ഡാമുകള്‍.
(തുടരും)

മിനുട്സ് ‘ക്ളോസ്’ ചെയ്യാത്ത ഗ്രാമസഭകള്‍

മിനുട്സ് ‘ക്ളോസ്’ ചെയ്യാത്ത ഗ്രാമസഭകള്‍
ഉത്സവ പ്രതീതിയായിരുന്നു അന്ന്. സെക്രട്ടേറിയറ്റിലും മറ്റും കേന്ദ്രീകരിച്ച അധികാരങ്ങള്‍ തങ്ങളിലേക്ക് എത്തുന്നതിനെ ജനങ്ങള്‍ കൊട്ടും കുരവയുമായാണ് സ്വീകരിച്ചത്. സ്വന്തം നാട്ടിലെ പാലവും റോഡുമൊക്കെ അതത് ഗ്രാമസഭയില്‍ തീരുമാനിക്കാമെന്ന് അവര്‍ പ്രത്യാശിച്ചു. പക്ഷേ, ആ പ്രതീക്ഷകള്‍ക്ക് ആയുസ്സ് കുറവായിരുന്നു.
ഭരണഘടനയുടെ 73,74 ഭേദഗതിയിലൂടെ നടപ്പായ അധികാര വികേന്ദ്രീകരണത്തിന്‍െറ ഭാഗമായി 125 വികസന ചുമതലകള്‍ ഗ്രാമപഞ്ചായത്തുകള്‍ക്കും നൂറോളം ചുമതലകള്‍ ബ്ളോക്-ജില്ലാ പഞ്ചായത്തുകള്‍ക്കും കൈമാറി. നഗരസഭകള്‍ക്കും പുതുതായി ചുമതലകള്‍ കൈമാറി. അധികാര വികേന്ദ്രീകരണം നടപ്പായി രണ്ടു പതിറ്റാണ്ടിലത്തെുമ്പോഴാണ് ഏറ്റവും താഴത്തെട്ടില്‍ സേവാഗ്രാമം പ്രാബല്യത്തില്‍ കൊണ്ടുവരുന്നത്. അധികാര വികേന്ദ്രീകരണത്തിന്‍െറ വക്താക്കളാകേണ്ടവര്‍തന്നെയാണ് സേവാഗ്രാമത്തെ എതിര്‍ത്തതെന്നത് മറ്റൊരു കഥ.
പ്രാദേശിക ഭരണസംവിധാനത്തെ ശാക്തീകരിക്കുന്നതിനും കൂടുതല്‍ ജനാധിപത്യവത്കരിക്കുന്നതിനുമുള്ള വേദിയായ ഗ്രാമസഭ അഥവാ വാര്‍ഡുസഭയുടെ ആസ്ഥാനമെന്ന നിലയിലാണ് സേവാഗ്രാമത്തെ നിര്‍ദേശിച്ചത്. സ്വന്തമായി ഓഫിസ്, കൈമാറിക്കിട്ടിയ വകുപ്പിലെ ഏതെങ്കിലുമൊരു ഉദ്യോഗസ്ഥന് ചുമതല, എല്ലാദിവസവും വൈകുന്നേരം മൂന്നു മുതല്‍ പ്രവര്‍ത്തനം തുടങ്ങി ഒട്ടേറെ നിര്‍ദേശങ്ങളുണ്ടായിരുന്നു. വാര്‍ഡ് സമിതി, അയല്‍സഭകള്‍ എന്നിവയും ഇതിന്‍െറ ഭാഗമാണ്. വാര്‍ഡ്തലത്തില്‍ ജനങ്ങള്‍ക്ക് സേവനം നല്‍കുന്ന ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ട് വാര്‍ഡ്സമിതിയില്‍ അവതരിപ്പിക്കണം. ചുരുക്കത്തില്‍, വാര്‍ഡ്തല പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി സേവാഗ്രാമം മാറും. അതുകൊണ്ടായിരിക്കാം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരുടെ സംഘടനയുടെ പ്രമുഖ നേതാവ് ചോദിച്ചത്- ഇതൊക്കെ നടപ്പായാല്‍ പഞ്ചായത്ത് ഓഫിസില്‍ ആരെങ്കിലും വരുമോ, ആളില്ളെങ്കില്‍ പഞ്ചായത്ത് ഓഫിസിനും പ്രസിഡന്‍റിനും എന്തുകാര്യം? തര്‍ക്കത്തിനും എതിര്‍പ്പിനും ഒടുവില്‍ സേവാഗ്രാമം നിലവില്‍വന്നെങ്കിലും പരമാവധി വെള്ളംചേര്‍ത്തു. അങ്കണവാടി അല്ളെങ്കില്‍ ഏതെങ്കിലുമൊരു സ്കൂളിന് മുന്നില്‍ സേവാഗ്രാമം എന്ന ബോര്‍ഡ് തൂക്കി. കുടുംബശ്രീയില്‍ നിന്നൊരാളെ ഫെസിലിറ്റേറ്ററായി നിയമിച്ചു. പുതിയ ചരിത്രമെന്നാണ് ഇതിനെ സര്‍ക്കാര്‍ വിശേഷിപ്പിച്ചത്. എന്നാല്‍, പലയിടത്തും ഗ്രാമസഭകളും വാര്‍ഡുസഭകളും ‘ചരിത്രമായി’ മാറിയത് സര്‍ക്കാര്‍ ശ്രദ്ധിക്കുന്നില്ല. ഗ്രാമസഭകള്‍ ചേരുന്നത് കടലാസില്‍ മാത്രമാണെന്ന് പലരും സമ്മതിക്കുന്നുണ്ട്. ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്ന ഗ്രാമസഭകളില്‍ മാത്രമാണ് ക്വാറം തികയുന്നത്. ബാക്കിയൊക്കെ ചടങ്ങില്‍ ഒതുങ്ങുന്നു.
എന്നാല്‍, 1996-97 കാലഘട്ടത്തില്‍ ഇങ്ങനെയായിരുന്നില്ല. ഒരുപക്ഷേ, പുതിയ പരീക്ഷണമെന്ന നിലയിലായിരിക്കണം അന്നൊക്കെ ഗ്രാമസഭകളില്‍ ഉയര്‍ന്ന ഹാജര്‍ രേഖപ്പെടുത്തപ്പെട്ടത്. എന്നാല്‍, ഗ്രാമസഭകളില്‍ തീരുമാനിക്കുന്നതല്ല പലപ്പോഴും നടപ്പില്‍വരുന്നത്. ഇതായിരിക്കാം ഭൂരിഭാഗവും വിട്ടുനില്‍ക്കാന്‍ കാരണവും. തൃശൂര്‍ ജില്ലയിലെ പറപ്പൂക്കര പഞ്ചായത്തിലെ മാലതി കൃഷ്ണന്‍െറ പരാതി പരിശോധിച്ചാലറിയാം ഗ്രാമസഭയുടെ മറവിലെ തട്ടിപ്പ്. 2014 ആഗസ്റ്റ് 28ന് ചേര്‍ന്ന അഞ്ചാം വാര്‍ഡിലെ ഗ്രാമസഭയില്‍ ഐ.എ.വൈ പദ്ധതി പ്രകാരം ഭവന പദ്ധതിക്കായി നിര്‍ദേശിക്കപ്പെട്ട ആദ്യ പേര് മാലതിയുടേതായിരുന്നു. എന്നാല്‍, ഒന്നാം സ്ഥാനത്ത് മറ്റൊരു പേര് എഴുതി ചേര്‍ക്കപ്പെട്ടതോടെ മാലതി പുറത്തായി. അന്വേഷണത്തില്‍ ഇതു സ്ഥിരീകരിക്കപ്പെട്ടു. മാലതിക്ക് വീടുനല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിടുകയും ചെയ്തു.
ഇത് ഒറ്റപ്പെട്ട സംഭവമല്ല. മിക്കവാറും സ്ഥലങ്ങളില്‍ ഗ്രാമസഭ കഴിഞ്ഞാലും മിനുട്സ് ‘ക്ളോസ്’ ചെയ്യില്ല. വേണ്ടതൊക്കെ എഴുതിച്ചേര്‍ക്കാനുള്ള സൗകര്യത്തിനാണിത്. അടുത്ത ഗ്രാമസഭയില്‍ എത്തുമ്പോള്‍ മാത്രമായിരിക്കും മിനുട്സ് ക്ളോസ്ചെയ്യുക. എന്തിന് വെറുതെ ശത്രുവാകണമെന്നതിന്‍െറ ചിന്തയില്‍ മിനുട്സിന്‍െറ പേരില്‍ കലഹമുണ്ടാക്കാന്‍ ആരും ശ്രമിക്കാറില്ല.
അധികാര വികേന്ദ്രീകരണം നടപ്പായതിനുശേഷം മൂന്നു പഞ്ചവത്സര പദ്ധതികള്‍ പൂര്‍ത്തിയാക്കി. 12ാം പദ്ധതിയാണിപ്പോള്‍. ഒമ്പത്, 10, 11 പദ്ധതികളിലായി 21,295 കോടി രൂപയാണ് തദ്ദേശസ്ഥാപനങ്ങള്‍ക്കു ലഭിച്ചത്. ഈ തുക എങ്ങനെ ചെലവഴിച്ചുവെന്ന് അന്വേഷിക്കുന്നതും രസകരമായിരിക്കും. പദ്ധതിവിഹിതം ചെലവഴിക്കുകയെന്നതിനപ്പുറത്തേക്ക് പല തദ്ദേശസ്ഥാപനങ്ങള്‍ക്കും മറ്റൊരു ലക്ഷ്യമില്ല. അതിനാല്‍, കടലില്‍ കല്ലിട്ടതുപോലെയായി പലയിടത്തും പദ്ധതിവിഹിതം വിനിയോഗിക്കല്‍. ഒന്നും ചെയ്യാനില്ളെങ്കില്‍ എന്തെങ്കിലും പദ്ധതി തയാറാക്കി ഏതെങ്കിലും സര്‍ക്കാര്‍ വകുപ്പില്‍ നിക്ഷേപിക്കും. സര്‍ക്കാറിനും സന്തോഷം. കഴിഞ്ഞദിവസം ഇറങ്ങിയ സര്‍ക്കാര്‍ ഉത്തരവനുസരിച്ച് തദ്ദേശസ്ഥാപനങ്ങളില്‍ ശുദ്ധീകരിച്ചതും സുരക്ഷിതവുമായ കുടിവെള്ളം നല്‍കാനുള്ള നിര്‍വഹണ ഏജന്‍സിയായി വനിത വികസന കോര്‍പറേഷനെ നിയമിച്ചിട്ടുണ്ട്. ഇവര്‍ക്ക് മുന്‍ക്കൂറായി പണംനല്‍കാനും അനുമതിയുണ്ട്. ഇതും പദ്ധതി വിനിയോഗത്തില്‍ ഉള്‍പ്പെടും. ട്രഷറിയില്‍നിന്ന് പണം പിന്‍വലിച്ച് ബാങ്കില്‍ നിക്ഷേപിക്കാന്‍ നിരോധമുള്ളതിനാല്‍ അതുണ്ടാകുന്നില്ല.
(തുടരും)
അധികാര വികേന്ദ്രീകരണ ശ്രമങ്ങള്‍ തുടങ്ങിയത് 1958ല്‍
ഐക്യകേരളത്തിലെ ആദ്യ മന്ത്രിസഭയാണ് അധികാര വികേന്ദ്രീകരണ ശ്രമങ്ങള്‍ക്ക് തുടക്കമിട്ടത്. ആദ്യ മുഖ്യമന്ത്രി ഇ.എം.എസ് അധ്യക്ഷനായ ഭരണപരിഷ്കരണസമിതിയുടെ ശിപാര്‍ശയുടെ തുടര്‍ച്ചയായി 1958ല്‍ കേരള പഞ്ചായത്ത് ബില്ലും 1959ല്‍ ജില്ലാ കൗണ്‍സില്‍ ബില്ലും അവതരിപ്പിച്ചു. എന്നാല്‍, വിമോചനസമരത്തെ തുടര്‍ന്ന് ആദ്യ മന്ത്രിസഭ പിരിച്ചുവിട്ടതിനാല്‍ ബില്‍ പാസായില്ല. 1960ലാണ് കേരള പഞ്ചായത്ത് നിയമം പാസാകുന്നത്. 1962 ജനുവരി ഒന്നിന് പഞ്ചായത്ത് നിലവില്‍വന്നു. 1963ലായിരുന്നു ആദ്യ പഞ്ചായത്ത് തെരഞ്ഞെടുപ്പ്. 1964 ജനുവരി ഒന്നിന് അധികാരമേറ്റ ഭരണസമിതി 1979വരെ തുടര്‍ന്നു. 1979 സെപ്റ്റംബറിലായിരുന്നു രണ്ടാമത് തെരഞ്ഞെടുപ്പ്. അധികാര വികേന്ദ്രീകരണ നിയമം നിലവില്‍ വന്നതിനുശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ് 1995ലും. ത്രിതല ഭരണസംവിധാനമാണ് ഇപ്പോഴുള്ളതെങ്കിലും തുടക്കംമുതല്‍ കേരളം നിര്‍ദേശിച്ചിട്ടുള്ളത് ദ്വിതലസംവിധാനമാണ്. 1957ലെ ആദ്യ സര്‍ക്കാറിന് പിന്നാലെ 1964ലും 1971ലും കൊണ്ടുവന്നത് ദ്വിതല ഭരണസംവിധാനമാണ്. 1979ല്‍ എ.കെ. ആന്‍റണി സര്‍ക്കാര്‍ പാസാക്കിയ ജില്ലാ കൗണ്‍സില്‍ നിയമവും രണ്ടുതട്ടാണ് നിര്‍ദേശിച്ചത്.
ജില്ലാ കൗണ്‍സില്‍ നിയമം 1986ല്‍ നായനാര്‍ സര്‍ക്കാര്‍ പൊടിതട്ടിയെടുത്താണ് 1990ല്‍ തെരഞ്ഞെടുപ്പ് നടത്തിയത്. 1991 ഫെബ്രുവരി ഒന്നിന് അധികാരമേറ്റ ജില്ലാ കൗണ്‍സിലുകള്‍ക്കു കീഴില്‍ നഗരസഭകളും കോര്‍പറേഷനും ഉള്‍പ്പെട്ടിരുന്നു. 250 കോടി രൂപയായിരുന്നു ജില്ലാ കൗണ്‍സിലുകളുടെ വാര്‍ഷികപദ്ധതി. കലക്ടര്‍മാരായിരുന്നു ജില്ലാ കൗണ്‍സില്‍ സെക്രട്ടറിയെങ്കിലും അവരുടെ എതിര്‍പ്പിനെ തുടര്‍ന്ന് വേറെ സെക്രട്ടറിയെ കണ്ടത്തെി.