Pages

13 April 2015

വെളിച്ച വിപ്ലവം

വെളിച്ച വിപ്ലവം
ജനങ്ങള്‍ക്കുവേണ്ടി ജനങ്ങള്‍ ആസൂത്രണം ചെയ്ത പദ്ധതി -അതാണ് മാങ്കുളമെന്ന കുടിയേറ്റ ഗ്രാമത്തിലെ ജലവൈദ്യുതി പദ്ധതി. 2004 ഒക്ടോബര്‍ 28 -ഇടുക്കി ജില്ലയിലെ ഏറ്റവും വലിയ കുടിയേറ്റ ഗ്രാമമായ മാങ്കുളത്തിന് അന്ന് ഉത്സവമായിരുന്നു. പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവില്‍ മാങ്കുളം ഗ്രാമത്തില്‍ വൈദ്യുതി ദീപം തെളിഞ്ഞത് അന്നായിരുന്നു. വൈദ്യുതി എത്തിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടപ്പോള്‍ ഗ്രാമപഞ്ചായത്തിന്‍െറ നേതൃത്വത്തില്‍ 110 കിലോവാട്ട് ജലവൈദ്യുതി നിലയം സ്ഥാപിച്ചതിന്‍െറ ഉദ്ഘാടനമായിരുന്നു അന്ന്. പദ്ധതിക്ക് ഐക്യരാഷ്ട്രസഭ വ്യവസായ വികസന ഓര്‍ഗനൈസേഷന്‍െറ (യുനിഡോ) സഹായവും ലഭിച്ചു.
വൈദ്യുതി, റോഡ്, ഫോണ്‍ തുടങ്ങി എല്ലാ രംഗത്തും മാങ്കുളം ഗ്രാമം ഏറെ പിന്നിലായിരുന്നു. നിരവധി വെള്ളച്ചാട്ടങ്ങളുള്ള ഈ ഗ്രാമത്തില്‍ ചെറുകിട ജലവൈദ്യുതി നിലയം സ്ഥാപിക്കാന്‍ കെ.എസ്.ഇ ബോര്‍ഡിന് പദ്ധതിയുണ്ടെങ്കിലും അത് ഏട്ടിലെ പശുവായി തുടര്‍ന്നു. ഒടുവില്‍ ഗ്രാമപഞ്ചായത്താണ് സ്വന്തം വൈദ്യുതി നിലയം എന്ന പദ്ധതിയുമായി രംഗത്തുവന്നത്. 55 കിലോവാട്ടിന്‍െറ വീതം രണ്ട് ടര്‍ബൈനുകള്‍ ചൈനയില്‍നിന്ന് ഇറക്കുമതി ചെയ്തു. ഇതിലൊന്ന് യുനിഡോ സൗജന്യമായി നല്‍കുകയായിരുന്നു. പദ്ധതിക്കായി 25 ലക്ഷം രൂപ ഉപഭോക്താക്കള്‍ നല്‍കുകയും ചെയ്തു. 11 കെ.വി ലൈന്‍, സബ്സ്റ്റേഷന്‍ എന്നിവയും സ്ഥാപിച്ചു. 250ലേറെ വീടുകള്‍ക്കും 50ഓളം സ്ഥാപനങ്ങള്‍ക്കും മാങ്കുളം വൈദ്യുതി നല്‍കിയായിരുന്നു തുടക്കം. ഇപ്പോള്‍ കെ.എസ്.ഇ ബോര്‍ഡിന് വൈദ്യുതി വില്‍ക്കുകയാണ് ഗ്രാമപഞ്ചായത്ത്.
കണ്ണൂര്‍ ജില്ലയിലെ ആലക്കോടുനിന്നാണ് ജനപങ്കാളിത്തത്തോടെയുള്ള ചെറുകിട ജലവൈദ്യുതി പദ്ധതികളുടെ തുടക്കം. 1996ല്‍ ആലക്കോട് ആശാന്‍കവലയില്‍ 1000 വാട്ടിന്‍െറ പദ്ധതി സ്ഥാപിച്ചതാണ് ഇതില്‍ ആദ്യത്തേത്. കെ.എസ്.ഇ ബോര്‍ഡ് വൈദ്യുതി വിതരണം തുടങ്ങിയതോടെ ഇവ ഒന്നൊന്നായി നിലച്ചു. ജലവൈദ്യുതി പദ്ധതിയുടെ തറവാടായ ഇടുക്കിയില്‍ ജില്ലാ പഞ്ചായത്ത് 4000 വാട്ടിന്‍െറ വീതം മൂന്ന് പദ്ധതികള്‍ സ്ഥാപിച്ചത് 1998ലാണ്. ഏറ്റവും പിന്നാക്ക പ്രദേശമായ വട്ടവട പഞ്ചായത്തിലെ കടവരിയിലായിരുന്നു പദ്ധതി. വൈദ്യുതി ഉല്‍പാദിപ്പിച്ചുവെന്നും ഇല്ളെന്നും പറയുന്നു. തുടര്‍ന്ന് മണിയന്തടത്തും ഇത്തരമൊരു പദ്ധതി ഇടുക്കി ജില്ലാ പഞ്ചായത്ത് സ്ഥാപിച്ചെങ്കിലും പൂട്ടി. ഇപ്പോള്‍ അടിമാലിക്കടുത്ത് കല്ലാറില്‍ ചെറുകിട ജലവൈദ്യുതി പദ്ധതി ആരംഭിച്ചിട്ടുണ്ട്. എന്നാല്‍, പാലക്കാട് ജില്ലാ പഞ്ചായത്ത് വൈദ്യുതി ഉല്‍പാദനരംഗത്ത് ഒരുപടി മുന്നിലാണ്. മീന്‍വല്ലം പദ്ധതിയിലൂടെ മൂന്നു മെഗാവാട്ട് വൈദ്യുതിയാണ് ഉല്‍പാദിപ്പിക്കുന്നത്. ജില്ലാ പഞ്ചായത്തിന്‍െറ നേതൃത്വത്തില്‍ എട്ടു ബ്ളോക് പഞ്ചായത്തുകള്‍, 17 ഗ്രാമപഞ്ചായത്തുകള്‍ എന്നിവയെ ഉള്‍പ്പെടുത്തി രജിസ്റ്റര്‍ ചെയ്ത സൊസൈറ്റിയാണ് പദ്ധതിയുടെ നടത്തിപ്പുകാര്‍. 22 കോടി രൂപയാണ് ചെലവ്.
പാലക്കാട്-മലപ്പുറം ജില്ലകളെ വേര്‍തിരിക്കുന്ന തൂതപ്പുഴയുടെ ഇരുകരകളിലുള്ളവര്‍ക്ക് മഴക്കാലമെന്നത് പേടിസ്വപ്നമായിരുന്നു. അക്കരയിക്കര കടക്കാന്‍ കടത്തുവള്ളം മാത്രം. പുഴയില്‍ വെള്ളം ഉയര്‍ന്നാല്‍ കുട്ടികളുടെ പഠനം മുടങ്ങും. ഇവിടെയും പാലക്കാട് ജില്ലാ പഞ്ചായത്താണ് പ്രാദേശിക സര്‍ക്കാറിന്‍െറ ദൗത്യം നിര്‍വഹിച്ചത്. മൂര്‍ക്കനാട്-എടപ്പാലം ഗ്രാമങ്ങളെ ബന്ധിപ്പിച്ച പാലം ഈ അടുത്തനാളിലാണ് തുറന്നുകൊടുത്തത്. ജില്ലാ പഞ്ചായത്തിന്‍െറ നേതൃത്വത്തില്‍ 11.5 കോടി രൂപ ചെലവിലാണ് പാലം നിര്‍മിച്ചത്.
മുച്ചക്രവാഹനം, ലാപ്ടോപ് എന്നിവയുടെ വിതരണം, പെയിന്‍ ആന്‍ഡ് പാലിയേറ്റിവ്, ഭവന നിര്‍മാണം എന്നിവയിലാണ് ഭൂരിഭാഗം ജില്ലാ പഞ്ചായത്തുകള്‍ക്കും താല്‍പര്യം. പല ജില്ലാ പഞ്ചായത്തുകളും ഭവന പദ്ധതി പ്രഖ്യാപിക്കാറുണ്ടെങ്കിലും നടപ്പില്‍വരുന്നത് വളരെ കുറച്ചുമാത്രം. തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രഖ്യാപിച്ച സമ്പൂര്‍ണ ഭവന പദ്ധതി ഇതിലൊന്നാണ്. ഗ്രാമപഞ്ചായത്തുകളില്‍ നിന്നടക്കം പണം വാങ്ങുകയും സര്‍ക്കാര്‍ ഇതര ഏജന്‍സിക്ക് കൈമാറുകയും ചെയ്തു. ജില്ലാ പഞ്ചായത്തിന്‍െറ ഫണ്ടും നല്‍കി. വെള്ളത്തിലെ വരപോലെയായി ഭവന പദ്ധതി.
നിര്‍മാണം, കരാര്‍, കമീഷന്‍ എന്നിവയിലാണ് തദ്ദേശ സ്ഥാപനങ്ങളുടെ താല്‍പര്യം. സാമ്പത്തിക വര്‍ഷാവസാനം ഫണ്ടു വിനിയോഗിക്കാനാണ് ഭൂരിപക്ഷം തദ്ദേശ സ്ഥാപനങ്ങള്‍ക്കും താല്‍പര്യം. കോര്‍പറേഷനും നഗരസഭകളും ഇനിയും കാലത്തിനനുസരിച്ച് മാറിയിട്ടില്ല. എന്നാല്‍, തൃശൂരിലെ അടാട്ട് ഗ്രാമപഞ്ചായത്ത് അഞ്ചു വര്‍ഷത്തെ പദ്ധതിയാണ് തയാറാക്കുന്നത്. അവിടെ മാര്‍ച്ച് 31 എന്നൊരു തീയതിയില്ല. പ്രവര്‍ത്തന കലണ്ടര്‍ തയാറാക്കി അതനുസരിച്ചാണ് ഫണ്ടു വിനിയോഗം. 2000 മുതലാണ് അടാട്ടിന്‍െറ വികസന മാതൃകക്ക് മാറ്റം വന്നത്. കുടിവെള്ള ക്ഷാമം അനുഭവപ്പെട്ടിരുന്ന പഞ്ചായത്തില്‍ 4000 ഏക്കര്‍ കോള്‍നിലത്തിന്‍െറ സാധ്യതകള്‍ പ്രയോജനപ്പെടുത്തിയാണ് ജലക്ഷാമം പരിഹരിച്ചത്. പദ്ധതി വിഹിതത്തെ മാത്രം ആശ്രയിക്കാതെ കേന്ദ്ര, സംസ്ഥാന പദ്ധതികള്‍ ലിങ്ക് ചെയ്താണ് വിനിയോഗിക്കുന്നത്. മാലിന്യസംസ്കരണത്തിനും അവരുടേതായ മാതൃകയുണ്ട്. പക്ഷേ, ഇനിയിപ്പോള്‍ അടാട്ട് തൃശൂര്‍ കോര്‍പറേഷന്‍െറ ഭാഗമാകുകയാണ്.
തദേശസ്ഥാപനങ്ങള്‍ക്ക് കൈമാറി നല്‍കിയ സ്ഥാപനങ്ങള്‍ ഇപ്പോഴും എവിടെയും എത്താത്ത അവസ്ഥയിലാണ്. പൊതുജനാരോഗ്യവും പൊതുശുചിത്വവും കൃഷിയും വ്യവസായവുമൊക്കെ ഈപട്ടികയില്‍ ഉള്‍പ്പെടുത്താം. പ്രാഥമികാവശ്യങ്ങള്‍ക്ക് ഹോട്ടലുകളെ ആശ്രയിക്കേണ്ട അവസ്ഥ. നേതൃപാടവമുള്ളവര്‍ സ്വന്തം നാട്ടില്‍ പദ്ധതികള്‍ നടപ്പാക്കുന്നതൊഴിച്ചാല്‍ രണ്ടുപതിറ്റാണ്ടിന്‍െറ അനുഭവം അധികാര വികേന്ദ്രീകരണത്തിലേക്കോ അതോ അഴിമതി വികേന്ദ്രീകരണത്തിലേക്കോ?
അവാര്‍ഡുകള്‍ക്കൊപ്പം പുലാമന്തോള്‍
മലപ്പുറം ജില്ലയിലെ പുലാമന്തോള്‍ ഗ്രാമപഞ്ചായത്ത് അവാര്‍ഡുകള്‍ക്കൊപ്പമാണ് സഞ്ചരിക്കുന്നത്. വനിതയാണ് പ്രസിഡന്‍െറങ്കിലും പ്രവര്‍ത്തനങ്ങള്‍ക്ക് അതു തടസ്സമാകുന്നില്ല. ഗ്രാമപഞ്ചായത്തിലെ പൗരസമൂഹത്തെ ഗ്രാമസഭ, മറ്റ് ജനകീയ സംഘടനാ സംവിധാനങ്ങള്‍ എന്നിവയുമായി സഹകരിപ്പിക്കുന്നതിന്‍െറ ഭാഗമായി ‘വിഷന്‍ 2025’ ജനപങ്കാളിത്ത പരിപാടിക്ക് 2011-12ല്‍ തുടക്കമിട്ടതോടെയാണ് എം.കെ. റഫീഖയുടെ നേതൃത്വത്തിലുള്ള ഭരണസമിതി നൂതന പദ്ധതികള്‍ ആരംഭിച്ചത്. കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയത്തിന്‍െറ ‘പഞ്ചായത്ത് എംപവര്‍മെന്‍റ് ആന്‍ഡ് അക്കൗണ്ടബ്ലിറ്റി ഇന്‍സന്‍റിവ് സ്കീം അവാര്‍ഡ്, ഗൗരവ് ഗ്രാമസഭാ പുരസ്കാരം,‘വയേശ്രേഷ്ഠ സമ്മാന്‍’ സംസ്ഥാന സര്‍ക്കാറിന്‍െറ 2011-12 വര്‍ഷത്തിലെ സംസ്ഥാനതല സ്വരാജ് ട്രോഫി ഒന്നാം സ്ഥാനം തുടങ്ങി മൂന്നുവര്‍ഷത്തിനുള്ളില്‍ ഏഴ് അവാര്‍ഡുകള്‍.
2.75 ലക്ഷം രൂപയാണ് അവാര്‍ഡായി ലഭിച്ചത്. സാമ്പത്തിക വര്‍ഷത്തിന്‍െറ ആദ്യദിവസംതന്നെ വാര്‍ഷികപദ്ധതി നിര്‍വഹണം ആരംഭിക്കുന്നുവെന്നതാണ് പ്രത്യേകത.
(അവസാനിച്ചു)

12 April 2015

മികവില്‍ നാദാപുരത്തിന്‍െറ മാതൃക

സംഘര്‍ഷത്തിന്‍േറതല്ലാത്ത മുഖമാണ് കോഴിക്കോട് ജില്ലയിലെ നാദാപുരത്തിന്‍െറ കുടിയേറ്റ മേഖലക്ക്. നിരവധി വോളിബാള്‍, ഷട്ടില്‍ താരങ്ങള്‍ ഈ മണ്ണില്‍നിന്ന് ജഴ്സിയണിഞ്ഞിട്ടുണ്ട്. ഇതു തിരിച്ചറിഞ്ഞാണ് നാദാപുരം ഗ്രാമപഞ്ചായത്ത് കായിക നയം തയാറാക്കിയതും സ്വന്തമായി ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മിച്ചതും. സംസ്ഥാനത്ത് ആദ്യമായാണ് ഗ്രാമപഞ്ചായത്തിന്‍െറ നേതൃത്വത്തില്‍ ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മിച്ചത്. വോളിബാള്‍, ബാസ്കറ്റ് ബാള്‍ കോര്‍ട്ടുകളും നാലു ഷട്ടില്‍കോര്‍ട്ടുകളും ക്രമീകരിക്കാവുന്ന തരത്തിലാണ് മൂന്നു കോടി രൂപ ചെലവില്‍ സ്റ്റേഡിയം നിര്‍മിിച്ചത്. 3000 പേര്‍ക്ക് ഇരിപ്പിടവുമുണ്ട്.
ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി തൃശൂര്‍ കോര്‍പറേഷനും കൈപ്പമംഗലം ഗ്രാമപഞ്ചായത്തും കായിക പരിശീലന പരിപാടികള്‍ ആരംഭിച്ചിരുന്നെങ്കിലും അതൊക്കെ അസ്ഥിപഞ്ജരമായി അവശേഷിച്ചിരിക്കെയാണ് നാദാപുരത്തിന്‍െറ നേട്ടം. സെവന്‍സ് ഫുട്ബാളിന് ഏറെ വേരോട്ടമുള്ള കൈപറമ്പില്‍ 1995-2001 കാലഘട്ടത്തിലാണ് ഇന്‍ഡോര്‍ സ്്റ്റേഡിയം നിര്‍മിക്കാന്‍ പദ്ധതി തയാറാക്കിയത്. കെ.എം. ലെനിന്‍ പ്രസിഡന്‍റായിരിക്കെ ആറര ഏക്കര്‍ സ്ഥലം വാങ്ങി ജനകീയ പങ്കാളിത്തത്തോടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ജില്ലാ പഞ്ചായത്തിന്‍െറ സഹായത്തോടെ സ്പോര്‍ട്സ് കോംപ്ളക്സിന് തുടക്കമിട്ടു. എന്നാല്‍, തുടര്‍ന്നുവന്ന ഭരണസമിതികള്‍ താല്‍പര്യം കാട്ടാതെ വന്നതോടെ നോക്കുകുത്തിയായി മാറി. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കുവേണ്ടിയാണ് തൃശൂര്‍ കോര്‍പറേഷന്‍ കോച്ചിങ് ക്യാമ്പ് ആരംഭിച്ചതെങ്കിലും വൈകാതെ അടച്ചുപൂട്ടി.
ഭരണത്തില്‍ പിന്തുടര്‍ച്ചയില്ലാത്തതാണ് പല പദ്ധതികളും നിലക്കാന്‍ കാരണം. നാദാപുരത്താകട്ടെ, സൂപ്പി നരിക്കാട്ടേരി തന്നെ രണ്ടു തവണ പ്രസിഡന്‍റായപ്പോള്‍ പദ്ധതികള്‍ക്ക് പിന്തുടര്‍ച്ചയുണ്ടായി. തിരുവനന്തപുരം അടക്കമുള്ള കോര്‍പറേഷനുകള്‍ക്ക് മാലിന്യം തലവേദന സൃഷ്ടിക്കുമ്പോള്‍ മാലിന്യം വളമാക്കിമാറ്റുകയാണ് നാദാപുരത്ത്. വ്യാപാരികള്‍ വ്യവസായികള്‍, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന ആരോഗ്യ ശുചിത്വ സമിതി രൂപവത്കരിച്ച് അതിന്‍െറ നേതൃത്വത്തിലാണ് മാലിന്യ സംസ്കരണ പ്ളാന്‍റിന്‍െറ പ്രവര്‍ത്തനം. ദുര്‍ഗന്ധമില്ളെന്നതാണ് ഇവിടത്തെ പ്ളാന്‍റിന്‍െറ പ്രത്യേകത. സ്വന്തമായി പൗരാവകാശ രേഖ തയാറാക്കി ഓരോ സേവനത്തിനും കൃത്യമായ പരിധിയും നാദാപുരത്ത് നിശ്ചയിച്ചിരിക്കുന്നു. കഴിഞ്ഞ ആറു വര്‍ഷമായി മികച്ച പഞ്ചായത്തിന്‍െറ പട്ടികയില്‍ നാദാപുരമുണ്ട്. കഴിഞ്ഞദിവസം മികച്ച പഞ്ചായത്തിനുള്ള ദേശീയ അംഗീകാരം കൂടി ഈ പഞ്ചായത്ത് സ്വന്തമാക്കുകയുണ്ടായി. ഈമാസം 24ന് ദല്‍ഹിയില്‍ നടക്കുന്ന ദേശീയ പഞ്ചായത്ത് ദിനാഘോഷത്തില്‍ സൂപ്പി നരിക്കാട്ടേരി അവാര്‍ഡ് ഏറ്റുവാങ്ങും.
ഫണ്ടു വിനിയോഗവും നികുതി പിരിവും മാത്രമല്ല, തദ്ദേശ സ്ഥാപനത്തിന്‍െറ ചുമതലയെന്നറിയുന്നത് കണ്ണൂര്‍ ജില്ലയിലെ ചെമ്പിലോട്, പാലക്കാട്ടെ ശ്രീകൃഷ്ണപുരം, തൃശൂരിലെ അടാട്ട്, പത്തനംതിട്ടയിലെ ഇരവിപേരൂര്‍ തുടങ്ങിയ പഞ്ചായത്തുകളില്‍ എത്തുമ്പോഴാണ്. ചെമ്പിലോട്ട് രാഷ്ട്രീയ സംഘര്‍ഷമല്ലാത്ത വിഷയങ്ങള്‍ പൊലീസിലേക്കും കോടതിയിലേക്കുമല്ല, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം.സി. മോഹനന്‍െറ മുന്നിലേക്കാണ് എത്തുന്നത്. കഴിഞ്ഞ വര്‍ഷം 307 തര്‍ക്കങ്ങളാണ് പരിഹരിച്ചത്. കുടുംബപ്രശ്നങ്ങള്‍ തുടങ്ങി എത്രയോ തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കപ്പെട്ടു. പഞ്ചായത്തിനെ ഒരു യൂനിറ്റായി കണ്ടാണ് പദ്ധതി വിനിയോഗം. എവിടെയാണോ സഞ്ചരിക്കാന്‍ പ്രയാസം അവിടെയൊക്കെ റോഡുകള്‍ നിര്‍മിച്ചു. എട്ടു വര്‍ഷമായി പദ്ധതി വിഹിതം 100ശതമാനവും ചെലവഴിക്കുന്നു. ജനകീയ സഹകരണത്തോടെ, അവരില്‍നിന്ന് സംഭാവനകള്‍ സ്വീകരിച്ച് നിര്‍മിച്ച ഉത്സവ സ്ഥലത്തേക്കുള്ള പാലവും സ്കൂള്‍ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചുള്ള നെല്‍കൃഷിയും 30 വനിതകള്‍ക്ക് തൊഴില്‍ നല്‍കുന്ന അപ്പാരല്‍ പാര്‍ക്കും ചെമ്പിലോടുള്ള നേട്ടം. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ നിരവധി അവാര്‍ഡുകള്‍ സ്വന്തമാക്കിയ പഞ്ചായത്തിന് അഴിമതിരഹിത ഗ്രാമം എന്ന ബഹുമതി നല്‍കിയത് വിജിലന്‍സും.
മൂന്നു പതിറ്റാണ്ടായി 100 ശതമാനം നികുതി പിരിക്കുന്ന ശ്രീകൃഷ്ണപുരം തുടര്‍ച്ചയായി പത്താം തവണയും ജില്ലയിലെ മികച്ച പഞ്ചായത്താണ്. പാലിയേറ്റിവ് കെയറിനായി ജനകീയ സംഭാവനയിലൂടെയാണ് ആംബുലന്‍സ് വാങ്ങിയത്. ഭരണരംഗത്തെ നവാഗതയാണ് പഞ്ചായത്ത് പ്രസിഡന്‍റ് പി. സവിതയെങ്കിലും രണ്ടു തവണ മികച്ച പ്രസിഡന്‍റായിരുന്ന വൈസ് പ്രസിഡന്‍റ് പി. അരവിന്ദാക്ഷനും മികച്ച സെക്രട്ടറിയുടെ അവാര്‍ഡ് വാങ്ങിയ സി.എന്‍. സത്യനും ഒന്നിച്ച് കൈകോര്‍ക്കുന്നതാണ് ശ്രീകൃഷ്ണപുരത്തിന്‍െറ നേട്ടം. പഞ്ചായത്തിന്‍െറ പദ്ധതി പ്രവര്‍ത്തനങ്ങള്‍ സോഷ്യല്‍ ഓഡിറ്റിങ്ങിന് വിധേയമാക്കിയെന്നതാണ് ശ്രീകൃഷ്ണപുരത്തെ വേറിട്ട് നിര്‍ത്തുന്നത്.
മാലിന്യസംസ്കരണം ലാഭനഷ്ടം കണക്കാക്കി ചെയ്യേണ്ട ഒന്നല്ളെന്നാണ് ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എന്‍. രാജീവിന്‍െറ നിലപാട്. പഞ്ചായത്ത്-വാര്‍ഡുതല ജാഗ്രതാ സമിതികള്‍, സമ്പൂര്‍ണ മാലിന്യ സംസ്കരണ പരിപാടി, ആരോഗ്യസഭ-സമ്പൂര്‍ണ ആരോഗ്യ പരിപാലന പരിപാടി, ഇ-ഗവേണന്‍സ്, ഗ്രാമ വിജ്ഞാന കേന്ദ്രം-സിവില്‍ സര്‍വിസ് പരിശീലനം, വിദ്യാഭ്യാസ-സാംസ്കാരിക പരിപാടി, ജൈവ പച്ചക്കറി-വാഴ-നെല്‍ കൃഷി, ചെറുകിട കുടിവെളള പദ്ധതികള്‍, ബയോഗ്യാസ് പ്ളാന്‍റുകള്‍, മണ്ണിര-പൈപ്പ് കമ്പോസ്റ്റുകളുടെ വിതരണം, പ്ളാസ്റ്റിക് റീ സൈക്ളിങ് യൂനിറ്റ്, പ്ളാസ്റ്റിക് റോഡ്, സ്കൂളുകളില്‍ ആയുര്‍വേദ ഉദ്യാനം, തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ലക്ഷം മഴക്കുഴി പദ്ധതി രൂപവത്കരിച്ച് 40,000 മഴക്കുഴികളുടെ പൂര്‍ത്തീകരണം, നീരൊഴുക്ക് നഷ്ടപ്പെട്ട് വരണ്ടുപോയ വരട്ടാറിന്‍െറ പുനരുജ്ജീവനം...അങ്ങനെ പോകുന്നു പദ്ധതികള്‍. പ്ളാസ്റ്റിക് വില കൊടുത്ത് സംഭരിച്ച് അവ പൊടിച്ചു ടാറിനൊപ്പം ചേര്‍ത്ത് റോഡു നിര്‍മിച്ചാണ് റോഡ് നവീകരണ പ്രശ്നത്തിന് പരിഹാരം കണ്ടത്. യോഗ, കുട്ടികള്‍ക്ക് കരാട്ടെ തുടങ്ങി പദ്ധതികള്‍ ഏറെ. കൊല്ലം ജില്ലയിലെ കുലശേഖരപുരം ഗ്രാമപഞ്ചായത്ത് കാര്‍ഷിക മേഖലയിലാണ് ശ്രദ്ധിക്കുന്നത്. തരിശുഭൂമിയില്‍ കൃഷിയിറക്കിയും കുടുംബങ്ങളില്‍ പച്ചക്കറികൃഷിക്ക് സഹായംനല്‍കിയും ജൈവഗ്രാമത്തിലേക്ക് നീങ്ങുന്നു. 
(തുടരും)

വഴികാട്ടിയായി മലപ്പുറം

മലപ്പുറം ജില്ലയില്‍ ഇപ്പോള്‍ കിണര്‍ വിപ്ളവമാണ്. ഇതിന് നേതൃത്വം നല്‍കുന്നത് വനിതകളും. തൊഴിലുറപ്പ് പദ്ധതി എങ്ങനെ പ്രത്യുല്‍പാദനപരമാക്കാമെന്ന് സ്ഥാപിക്കുകയാണ് മലപ്പുറത്തെ ഗ്രാമപഞ്ചായത്തുകള്‍. കാളികാവ് ഗ്രാമപഞ്ചായത്തില്‍ മാത്രം ഇതിനോടകം നിര്‍മിച്ചത് 117 കിണറുകളാണ്. സ്ഥാനം കാണുന്നതും ചെറിയ തോതിലുള്ള പാറകള്‍ പൊട്ടിക്കുന്നതും കിണര്‍ കുഴിക്കുന്നതും വനിതകള്‍തന്നെ. 23 കോല്‍ താഴ്ചയില്‍വരെ കിണര്‍ നിര്‍മിച്ചിട്ടുള്ളതായി കാളികാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അലിപ്പറ്റ ജമീല പറയുന്നു. കുടിവെള്ള ക്ഷാമത്തിന് പരിഹാരം തേടിയാണ് കിണര്‍ കുഴിക്കാനുള്ള നിര്‍ദേശം ഉയര്‍ന്നത്. ഈ ചുമതല വനിതകള്‍തന്നെ ഏറ്റെടുക്കുമ്പോള്‍ ചെറിയ ആശങ്കയുണ്ടായിരുന്നുവെങ്കിലും കിണര്‍ യാഥാര്‍ഥ്യമായതോടെ അത് മാറി.
അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തില്‍ മഴപ്പൊലിമ എന്ന പേരിലാണ് കിണര്‍ നിര്‍മിക്കല്‍. 46 കിണര്‍ ഇതിനോടകം കുഴിച്ചു. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കിണര്‍ റീചാര്‍ജിങ് എന്ന പേരിലുള്ള പദ്ധതിയും നടപ്പാക്കുന്നു. കണ്ണുര്‍ ജില്ലയിലെ ചപ്പാരപ്പടവില്‍ അങ്കണവാടിക്കുവേണ്ടിയാണ് വനിതകള്‍ ചേര്‍ന്ന് കിണര്‍ കുഴിച്ചത്. സൗജന്യമായി ലഭിച്ച അഞ്ചു സെന്‍റ് സ്ഥലത്ത് ആറു കോല്‍ താഴ്ചയിലയാണ് കിണര്‍. കാടുവെട്ടാനും വിശ്രമിക്കാനുമാണ് തൊഴിലുറപ്പ് പദ്ധതിയെന്ന ആക്ഷേപം നിലനില്‍ക്കുമ്പോഴാണ് ഈ ഗ്രാമപഞ്ചായത്തുകള്‍ വഴികാട്ടുന്നത്.
പലയിടത്തും കടലാസിലാണ് തൊഴിലുറപ്പ് ജോലികളെന്നാണ് ചില പഞ്ചായത്ത് സെക്രട്ടറിമാര്‍ പറഞ്ഞത്. ഇടുക്കി ജില്ലയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രത്തില്‍ ജോലി ചെയ്തില്ളെങ്കിലും കൂലി കിട്ടും. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പകുതി തുകയേ ലഭിക്കുകയുള്ളൂ. ബാക്കി പഞ്ചയത്തംഗത്തിന്‍െറയും പ്രസിഡന്‍റിന്‍െറയും വിഹിതമാണ്. ഇവിടെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരില്‍ ഏറിയ പങ്കും തമിഴ്നാടിലെ സ്ഥിരതാമസക്കാരാണെന്നും പറയുന്നു.
മലപ്പുറത്തേക്ക് തന്നെ മടങ്ങാം. തദ്ദേശ സര്‍ക്കാര്‍ എങ്ങനെയാകണമെന്ന് തെളിയിക്കുകയാണ് മലപ്പുറത്തെ ഗ്രാമപഞ്ചായത്തുകളും നഗരസഭകളും. വെള്ളത്തിനു മാത്രമല്ല, കിടപ്പിലായ രോഗികളെ പരിചരിക്കാനും ചികിത്സാ സഹായം എത്തിക്കാനും തദ്ദേശ സ്ഥാപനങ്ങള്‍ നേതൃത്വം നല്‍കുന്നു. ജനങ്ങളില്‍നിന്ന് സംഭാവന സ്വീകരിച്ച് അവരുടെ പങ്കാളിത്തത്തോടെയാണ് പെയിന്‍ ആന്‍റ് പാലിയേറ്റിവ് പ്രവര്‍ത്തനം. അങ്ങാടിപ്പുറം പഞ്ചായത്തില്‍ ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി കൈവല്യംഗ്രാം എന്ന പദ്ധതിയാണ് നടപ്പാക്കുന്നത്. പുത്തനങ്ങാടി ഗവ.എല്‍.പി സ്കൂളിലാണ് 85ഓളം കുട്ടികള്‍ എത്തുന്നത്. വിവിധ തൊഴിലുകള്‍ പരിശീലിപ്പിക്കുന്നതിനു പുറമെ, ചികില്‍സയും നല്‍കുന്നു.
മലപ്പുറം ജില്ലയിലെ കുട്ടികളൊക്കെ ഇപ്പോള്‍ ഇംഗ്ളീഷ് സംസാരിക്കാന്‍ പഠിക്കുകയാണ്. ഇതിനും നേതൃത്വം നല്‍കുന്നത് തദേശ സ്ഥാപനങ്ങളാണ്. ബിരുദം കഴിഞ്ഞാലും തെറ്റുകൂടാതെ ഇംഗ്ളീഷ് സംസാരിക്കാന്‍ കഴിയാത്തത് തിരിച്ചറിഞ്ഞ് നിലമ്പൂര്‍ ഗ്രാമപഞ്ചായത്ത് ആരംഭിച്ച പദ്ധതിയാണ് മറ്റുള്ളവരും പിന്തുടരുന്നത്. ലണ്ടനില്‍നിന്നുള്ളവര്‍ അഞ്ചു മാസം താമസിച്ചാണ് നിലമ്പൂരിലുള്ളവര്‍ക്ക് കമ്യൂണിക്കേറ്റീവ് ഇംഗ്ളിഷില്‍ പരിശീലനം നല്‍കുന്നത്. ഈസി ഇംഗ്ളീഷ് എന്ന പേരിലാണ് അങ്ങാടിപ്പുറത്തെ പദ്ധതി.
എന്നാല്‍, നിലമ്പൂരിലാണ് നൂതനമായ പദ്ധതികള്‍ ജനപങ്കാളിത്തത്തോടെ നടപ്പാക്കുന്നത്. ഗ്രാമപഞ്ചായത്തില്‍നിന്നും നഗരസഭയില്‍ എത്തിയിട്ടും പദ്ധതികള്‍ക്ക് മാറ്റമില്ല. ആമിനത്താത്തയെന്ന സ്ത്രീയാണ് ഇതിനൊക്കെ കാരണമെന്നാണ് നഗരസഭ ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് പറയുന്നത്. താന്‍ പഞ്ചായത്ത് പ്രസിഡന്‍റായിരിക്കെയാണ് പെന്‍ഷന് അപേക്ഷ നല്‍കാന്‍ ആമിനാത്ത എത്തിയത്. എഴുതാനും വായിക്കാനും മാത്രമല്ല, സ്വന്തം ജനനതിയതി പോലും ആമിനാത്തക്ക് അറിയില്ലായിരുന്നു. ഇതോടെയാണ് 60 വയസ്സുവരെയുള്ള എല്ലാവര്‍ക്കും നാലാം ക്ളാസ് തുല്യത വിദ്യാഭ്യാസം എന്ന പദ്ധതിയെുറിച്ച് ചിന്തിച്ചത്. ജ്യോതിര്‍ഗമയ എന്ന പേരിട്ട ഈ പദ്ധതി അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും മറ്റും സഹകരത്തോടെയാണ് നടപ്പാക്കിയത്. ഇതിന്‍െറ തുടര്‍ച്ചയായാണ് 35 വയസ്സിനു താഴെ എല്ലാവര്‍ക്കും പത്താം ക്ളാസ് എന്ന സമീക്ഷ പദ്ധതി ആരംഭിച്ചത്. ഇവരിപ്പോള്‍ പ്ളസ്ടു എത്തി. ഇനി ബിരുദമാണ് ലക്ഷ്യം. ഭവനരഹിതര്‍ക്കായി ആയിരം വീട് പദ്ധതിക്ക് സര്‍വേ നടത്തിയതോടെയാണ് പലരും ഭവനരഹിതരാകുന്നത് പെണ്‍മക്കളുടെ വിവാഹത്തോടെയാണെന്ന് ബോധ്യമായത്. സ്ത്രീധനരഹിത ഗ്രാമം എന്ന പദ്ധതിക്കാണ് ഇതിലൂടെ തുടക്കമിട്ടത്. മൈസൂര്‍ കല്യാണം അവസാനിപ്പിക്കാനും കഴിഞ്ഞു. തൊഴിലധിഷ്ഠിത കോഴ്സുകള്‍ പഠിപ്പിക്കാന്‍ വഴികാട്ടി കോളജ്, സൗജന്യമായി ഭക്ഷണം നല്‍കുന്ന വിശപ്പുരഹിത ഗ്രാമം, പട്ടികജാതി-വര്‍ഗ വിദ്യാര്‍ഥികളെ സ്കൂളിലത്തെിക്കാന്‍ ഒപ്പത്തിനൊപ്പം, എല്ലാവരുടെയും ആരോഗ്യ വിവരങ്ങള്‍ തയാറാക്കുന്ന സൗഖ്യം, എല്ലാവര്‍ക്കും മരുന്നും ഭക്ഷണവും ഉറപ്പുവരുത്തുന്ന സ്നേഹപത്തായം, ഗാര്‍ഹികപീഡനത്തിലെയും മറ്റും ഇരകളെ പുനരധിവസിപ്പിക്കാന്‍ സുരക്ഷിത തുടങ്ങി എത്രയോ പദ്ധതികള്‍. മലപ്പുറം നഗരസഭക്കുമുണ്ട് നൂതന പദ്ധതികള്‍. പെണ്‍കരുത്ത്, ഭവനരഹിതര്‍ക്കായി ഫ്ളാറ്റ് സമുച്ചയം, പഠനരംഗത്തെ പുതിയ ആശയവുമായി വിദ്യാവിസ്മയം, പുതിയ നിര്‍മാണങ്ങള്‍ക്ക് ബയോഗ്യാസ് പ്ളാന്‍റ്, മഴവെള്ള സംഭരണി, സൗരോര്‍ജ പാനല്‍, പച്ചക്കറി കൃഷി എന്നിവ നിര്‍ബന്ധമാക്കുന്ന താരാപഥം തുടങ്ങിയവ മലപ്പുറത്തിന്‍െറ പദ്ധതികള്‍.
ജനപ്രതിനിധികള്‍ മാത്രമല്ല, ഉദ്യോഗസ്ഥര്‍ക്കും അധികാരവികേന്ദ്രികരണത്തില്‍ വലിയ പങ്കാളിത്തമുണ്ടെന്നതിന്‍െറ ഉദാഹരണമാണ് അങ്ങാടിപ്പുറം, പുലാമന്തോള്‍, വെട്ടം, പാലക്കാട് ജില്ലയിലെ ശ്രീകൃഷ്ണപുരം തുടങ്ങിയ ഗ്രാമ പഞ്ചായത്തുകള്‍. മികച്ച ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കുള്ള അവാര്‍ഡ് നേടിയിട്ടുള്ള സിദിഖ് കൈപ്പുറത്തിന്‍െറ പ്രവര്‍ത്തനങ്ങളാണ് പുലാമന്തോള്‍, അങ്ങാടിപ്പുറം വികസന മാതൃകകള്‍ക്ക് പിന്നില്‍. ഇദേഹം ജോലി ചെയ്ത ഗ്രാമ പഞ്ചായത്തുകളൊക്ക വികസന നേട്ടങ്ങളുടെ മുന്‍നിലയിലുണ്ട്. 
(തുടരും)
ആസൂത്രണത്തിന്‍െറ കഞ്ഞിക്കുഴി മാതൃക
സംസ്ഥാനത്ത് ജനകീയാസൂത്രണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനു മുമ്പാണ് ആലപ്പുഴയിലെ കഞ്ഞിക്കുഴി പഞ്ചായത്തില്‍ പച്ചക്കറികൃഷി ആരംഭിച്ചത്. കയര്‍ വ്യവസായം തകര്‍ച്ച നേരിട്ടതിനെ തുടര്‍ന്നാണ് എല്ലാവര്‍ക്കും വരുമാനംകിട്ടുന്ന പദ്ധതിയെക്കുറിച്ച് ചര്‍ച്ചനടന്നത്. എത്തിപ്പെട്ടത് പച്ചക്കറികൃഷിയിലും. എല്ലാ വീട്ടിലും വിത്തും വളവും നല്‍കിയാണ് കൃഷി ആരംഭിച്ചത്. ഇന്നിപ്പോള്‍ തൊട്ടടുത്ത മാരാരിക്കുളം വടക്ക് പഞ്ചായത്തിലും പച്ചക്കറികൃഷിയുണ്ട്. പിന്നീട് ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായാണ് കഞ്ഞിക്കുഴി, ആര്യാട് ബ്ളോക് പഞ്ചായത്തിന്‍െറ നേതൃത്വത്തില്‍ മാരാരി മാര്‍ക്കറ്റിങ് ലിമിറ്റഡിന്‍െറ രൂപവത്കരണം.
കുടുംബശ്രീ യൂനിറ്റുകളുടെ ഉല്‍പന്നങ്ങള്‍ വിപണിയിലത്തെിക്കുകയാണ് ലക്ഷ്യം. മാരാരി കുട, അച്ചാര്‍, സോപ്പ്, സ്ക്വാഷ് തുടങ്ങിയ ഉല്‍പന്നങ്ങള്‍ വിപണിയിലത്തെിക്കുന്നു. തദ്ദേശസ്ഥാപനങ്ങളില്‍നിന്ന് സഹായമില്ളെങ്കിലും നഷ്ടംകൂടാതെയാണ് പ്രവര്‍ത്തനം. സാമ്പത്തികവിദഗ്ധനായ ഡോ. പി.കെ. മണി സി.ഇ.ഒയും റിട്ട. മജിസ്ട്രേട്ട് എന്‍.കെ. പ്രകാശ് മാനേജിങ് ഡയറക്ടറായും പ്രവര്‍ത്തിക്കുന്നത് ശമ്പളം കൂടാതെയും. ഡോ. തോമസ് ഐസക്കാണ് ഇരുവരെയും ഇവിടെയത്തെിച്ചത്.

10 April 2015

അയ്യയ്യോ പ്രസിഡന്‍റ് ഇല്ലല്ളോ

Published on Fri, 04/10/2015 - 0Madhyamam 

അയ്യയ്യോ പ്രസിഡന്‍റ് ഇല്ലല്ളോ
മധ്യതിരുവിതാംകൂറിലെ ഒരു ഗ്രാമ പഞ്ചായത്തിലെ പ്രസിഡന്‍റിനെ കിട്ടാതെവന്നതോടെയാണ് വനിതാ വൈസ്പ്രസിഡന്‍റിനെ വിളിച്ചത്. പത്രത്തില്‍നിന്നാണെന്ന് അറിയിച്ചതോടെ ‘അയ്യയ്യോ പ്രസിഡന്‍റ് ഇല്ലല്ളോ’ എന്നാണ് അങ്ങത്തേലക്കല്‍നിന്നു കേട്ടത്. പഞ്ചായത്തിലെ കാര്യങ്ങളൊക്കെ പ്രസിഡന്‍റാണ് പറയേണ്ടതെന്ന് അറിയിച്ച് അവര്‍ ഫോണ്‍ കട്ട്ചെയ്തു. മറ്റൊരു സ്ഥലത്തെ വൈസ് പ്രസിഡന്‍റിനെ വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തത് ഭര്‍ത്താവ്. ‘വൈസ് പ്രസിഡന്‍റിന്‍െറ ഭര്‍ത്താവാണ്, വിവരം പറഞ്ഞോളൂ’വെന്ന മറുപടിയും. മാധ്യമപ്രവര്‍ത്തകനാണെന്ന് പറഞ്ഞതോടെ തിരിച്ചുവിളിക്കുമെന്നായി. വനിതാ സംവരണത്തിന്‍െറ ഏകദേശരൂപമാണിത്. ‘നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക’ എന്ന സിനിമയിലെ ‘വിനോദിനി’ എന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റിനെപ്പോലെയാകണമെന്ന് ഇവര്‍ക്ക് ആഗ്രഹിക്കാന്‍ കഴിയില്ലല്ളോ? സംവരണത്തിലൂടെ പ്രസിഡന്‍റ്പദവിയില്‍ എത്തുന്നവര്‍ എങ്ങനെയാകണമെന്നാണ് വിനോദിനി എന്ന കഥാപാത്രം പറയുന്നത്. എന്നാല്‍, ജീവിതത്തില്‍ ‘വിനോദിനി’യാകാന്‍ ശ്രമിച്ചാല്‍ കാസര്‍കോട് ജില്ലയിലെ പുത്തിഗെ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റായിരുന്ന ഫാത്തിമത്ത് സുഹറയുടെ അനുഭവമായിരിക്കും. പാര്‍ട്ടി ഗ്രാമത്തില്‍നിന്ന് പാര്‍ട്ടി പിന്തുണയോടെ പഞ്ചായത്തു പ്രസിഡന്‍റായ ഫാത്തിമത്ത് അഴിമതിക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചതാണ് അനഭിമതയാകാന്‍ കാരണം. പാര്‍ട്ടിതന്നെ ഉപരോധം ഏര്‍പ്പെടുത്തിയതോടെ രാജി നല്‍കി പൊതുപ്രവര്‍ത്തനം അവസാനിപ്പിച്ചു. ഫാത്തിമത്ത് സുഹറ യഥാര്‍ഥത്തില്‍ അധികാര വികേന്ദ്രീകരണത്തിന്‍െറ രക്തസാക്ഷിയാണ്.
ആദ്യഘട്ടത്തില്‍ മൂന്നിലൊന്നായിരുന്നു വനിതാ സംവരണം. ഇപ്പോഴത് 50 ശതമാനമായി വര്‍ധിച്ചു. ഇതനുസരിച്ച് കൂടുതല്‍ വനിതകള്‍ തദ്ദേശ സ്ഥാപനങ്ങളിലത്തെി. എന്നാല്‍, ഒരിക്കല്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ പിന്നിട് മത്സരത്തിനുണ്ടാകാറില്ല. വളരെക്കുറച്ച് വനിതകള്‍ മാത്രമാണ് തുടര്‍ച്ചയായി മത്സരരംഗത്തുണ്ടാകുന്നത്. അതാകട്ടെ, വ്യക്തമായി രാഷ്ട്രീയ കാഴ്ചപ്പാടുള്ളവരും. കേരള കോണ്‍ഗ്രസ്-എം സംസ്ഥാന ജനറല്‍ സെക്രട്ടറി ഷീല സ്റ്റീഫന്‍ ഇടുക്കി ജില്ലാ കൗണ്‍സിലിലും തുടര്‍ന്ന് ’95 മുതല്‍ ജില്ലാ പഞ്ചായത്തിലും പ്രസിഡന്‍റും വൈസ് പ്രസിഡന്‍റുമൊക്കെയായി അധികാരത്തിലുണ്ട്. പാലക്കാട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സുബൈദ ഇസ്ഹാഖ് നേരത്തേ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റും ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമായിരുന്നു. മന്ത്രി പി.കെ. ജയലക്ഷ്മി, എം.എല്‍.എമാരായ ഇ.എസ്. ബിജിമോള്‍, ഗീതാ ഗോപി, അയിഷ പോറ്റി, വനിതാ കമീഷനംഗം കെ.എ. തുളസി, കെ.പി.സി.സി ജനറല്‍ സെക്രട്ടറി ലതിക സുഭാഷ് തുടങ്ങിയവര്‍ തദ്ദേശ സ്ഥാപനങ്ങളിലൂടെ പൊതുരംഗത്ത് എത്തിയവരാണ്. സംവരണ ആനുകൂല്യത്തിന്‍െറ പേരില്‍ പ്രസിഡന്‍റ് പദവിയിലത്തെി വിജിലന്‍സ് കേസില്‍പെട്ട് കോടതി വരാന്തയില്‍ കയറിയിറങ്ങുന്നവരും ഏറെ. എന്നാല്‍, ഭരണത്തിലിരിക്കുമ്പോള്‍ വനിതാ പ്രസിഡന്‍റുമാരെ നയിക്കുന്നത് രാഷ്ട്രിയ-ഭരണ പരിചയമുള്ള മുന്‍ പ്രസിഡന്‍റുമാരായിരിക്കുമെന്നാണ് കേരളത്തിന്‍െറ അനുഭവം. പാര്‍ട്ടിയാണ് പലയിടത്തും ഭരിക്കുന്നത്. പാര്‍ട്ടിക്കാര്യം പാര്‍ട്ടിയോഫിസില്‍ എന്ന് തറപ്പിച്ചുപറയാന്‍ സിനിമയിലെ വിനോദിനിക്കേ കഴിയൂ. അതല്ളെങ്കില്‍ ഒഴുക്കിനെതിരെ നിലപാടെടുക്കാന്‍ അത്ര കരുത്തുവേണം. അതുമല്ളെങ്കില്‍ പാര്‍ട്ടി പിന്തുണ വേണം. ഇതു രണ്ടുമില്ളെങ്കില്‍ സൗകര്യങ്ങള്‍ അനുഭവിക്കുക. കരാറുകാരുടെ വക നല്ല മൊബൈല്‍ ഫോണ്‍, പട്ടുസാരി... അത്തരം കൊച്ചു കൊച്ചു കാര്യങ്ങള്‍ മതിയത്രെ. എന്നാല്‍, ശതമാനക്കണക്കില്‍ കമീഷന്‍ വാങ്ങുന്ന വനിതകളുമുണ്ട്. ഇടുക്കി ജില്ലയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രത്തിലെ വനിതാ പ്രസിഡന്‍റിന് തമിഴ്നാട്ടിലെ ബാങ്ക് അക്കൗണ്ടില്‍ പണം നിക്ഷേപിച്ച് രശീത് കാട്ടുകയാണ് വേണ്ടത്. എന്നാല്‍, വികസന കാഴ്ചപ്പാടുള്ള സെക്രട്ടറിയും ഭരണപരിചയമുള്ള അംഗങ്ങളുമുണ്ടെങ്കില്‍ പ്രസിഡന്‍റ് വനിതയാണെങ്കിലും അദ്ഭുതങ്ങള്‍ കാട്ടാനാകുമെന്നാണ് ഇത്തവണ അവാര്‍ഡ് നേടിയ പഞ്ചായത്ത് പ്രസിഡന്‍റുമാരുടെ സാക്ഷ്യപത്രം.
അതേസമയം, സെക്രട്ടറിയുടെ ഇടപെടല്‍ ആഗ്രഹിക്കാത്ത വൈസ് പ്രസിഡന്‍റുമാരുമുണ്ട്. അത്തരമൊരു സംഭവമാണ് മലപ്പുറം ജില്ലയിലുണ്ടായത്. സെക്രട്ടറിയുടെ മിടുക്കില്‍ പഞ്ചായത്തിന് അവാര്‍ഡ് ലഭിച്ചുതുടങ്ങിയതോടെ വനിതാ പ്രസിഡന്‍റിനായി ക്രെഡിറ്റ് മുഴുവന്‍. ഇതോടെ സെക്രട്ടറിയെ മാറ്റാന്‍ വൈസ് പ്രസിഡന്‍റ് രംഗത്തിറങ്ങി. മന്ത്രിയുടെ പാര്‍ട്ടിക്കാരായ വനിതാ പ്രസിഡന്‍റും വൈസ് പ്രസിഡന്‍റും രണ്ടു തട്ടില്‍. ഒടുവില്‍ വൈസ് പ്രസിഡന്‍റ് വിജയിച്ചു. എങ്കിലും പ്രസിഡന്‍റുമായുള്ള ശത്രുത തുടരുകയാണ്. ഒരുമിച്ചു വാഹനത്തില്‍ യാത്രചെയ്യാത്ത തരത്തില്‍ അധികാരം ‘വികേന്ദ്രീകരിക്കപ്പെട്ടു.’ വനിതാ സംവരണം മാറിയാലും ഇപ്പോഴത്തെ പ്രസിഡന്‍റിനെ വീണ്ടും മത്സരിപ്പിക്കണമെന്ന് പാര്‍ട്ടിക്കകത്ത് അഭിപ്രായം ഉയര്‍ന്നതാണ് അകല്‍ച്ചക്ക് കാരണമത്രെ.
എറണാകുളം ജില്ലയിലെ കീരംപാറയിലെ ബജറ്റ് യോഗത്തില്‍ വൈസ്പ്രസിഡന്‍റിനെ ചെരിപ്പുകൊണ്ട് നേരിട്ടാണ് വനിതാ പ്രസിഡന്‍റ് അധികാരം വികേന്ദ്രീകരിച്ചത്.
ശൗചാലയ നിര്‍മാണത്തില്‍ രാജ്യത്തിന് മാതൃകയായതും കേരളമാണ്. പഞ്ചായത്തിന്‍െറ അധികാരം പ്രയോഗിച്ച് അടുത്ത കാലത്ത് കക്കൂസുകള്‍ നിര്‍മിക്കപ്പെട്ടത് തമിഴ്ഗ്രാമമായ വട്ടവടയിലും. ഇടുക്കി ജില്ലയിലെ അതിര്‍ത്തി ഗ്രാമമായ വട്ടവട കക്കൂസുകള്‍ ഇല്ലാത്ത ഗ്രാമമായിരുന്നു. നിരനിരയായ വീടുകളുടെ മുന്‍ഭാഗത്താണ് കക്കൂസ് നിര്‍മിക്കാന്‍ സൗകര്യമുള്ളത്. വിശ്വാസത്തിന്‍െറ ഭാഗമായി വീടിനു മുന്നില്‍ കക്കൂസ് നിര്‍മിക്കില്ളെന്ന് ഗ്രാമവാസികളും. പഞ്ചായത്തിന് നിര്‍മല്‍ പുരസ്കാരം ലഭിക്കണമെങ്കില്‍ ശൗചാലയം നിര്‍മിക്കണംതാനും. ഒടുവില്‍, പഞ്ചായത്തിന്‍െറ ആനുകൂല്യം വേണമെങ്കില്‍ ശൗചാലയം നിര്‍മിക്കണമെന്ന് തീരുമാനിച്ച ഗ്രാമപഞ്ചായത്ത് ഇതിന് ധനസഹായവും നല്‍കി. എല്ലാവരും കക്കൂസ് നിര്‍മിച്ചെങ്കിലും വിശ്വാസത്തിന്‍െറ പേരില്‍ അതുപയോഗിക്കാത്തവര്‍ ഇനിയുമുണ്ട്.
(തുടരും)
തെരുവുനായ്ക്കളുടെ ഭീഷണി
തെരുവുനായ്ക്കളാണ് കേരളം നേരിടുന്ന ഭീഷണി. എന്നാല്‍, കണ്ണൂര്‍ ജില്ലയിലെ പാപ്പിനിശ്ശേരി, പെരിങ്ങോം-വയക്കല്‍ പഞ്ചായത്തുകള്‍ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി ‘ഓപറേഷന്‍ സീറോ റാബിസ്’ പദ്ധതി നടപ്പാക്കിയിരുന്നു. കേരള വെറ്ററിനറി സര്‍ജന്‍സ് അസോസിയേഷന്‍െറ സഹായത്തോടെയായിരുന്നു പദ്ധതി. തെരുവുനായ്ക്കള്‍ക്ക് വാക്സിനേഷന്‍ നല്‍കലും ജനങ്ങളെ ബോധവത്കരിക്കലുമായിരുന്നു പ്രധാനം.
എന്നാല്‍, സംസ്ഥാനത്ത് പിന്നീട് ഒരിടത്തും ഇത്തരം പദ്ധതി നടപ്പാക്കിയില്ല. പൊതുജനാരോഗ്യം, പൊതുശുചിത്വം എന്നിവയില്‍ തദ്ദേശസ്ഥാപനങ്ങള്‍ വേണ്ടത്ര താല്‍പര്യം കാട്ടിയില്ളെന്നുവേണം കരുതാന്‍.

കല്യാശ്ശേരിയും മറ്റത്തൂരിലത്തെിയ അണ്ണാ ഹസാരെയും

Published on Thu, 04/09/2015 -Madhyamam

കല്യാശ്ശേരിയും മറ്റത്തൂരിലത്തെിയ അണ്ണാ ഹസാരെയും
കണ്ണൂര്‍ ജില്ലയിലെ കല്യാശ്ശേരി. ജനകീയാസൂത്രണത്തിന്‍െറ ഭാഗമായി കേരളത്തിനകത്തും പുറത്തും ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പേരാണിത്. 1996ല്‍ ഒമ്പതാം പദ്ധതി ജനകീയാസൂത്രണമായി മാറാന്‍ കാരണമായതും കല്യാശ്ശേരിയിലെ പരീക്ഷണങ്ങളാണ്. 1988ല്‍ അധികാരത്തില്‍ വന്ന ഭരണസമിതി തുടക്കമിട്ട പദ്ധതികളാണ് പിന്നീട് ജനകീയാസൂത്രണമെന്ന പേരില്‍ ഇടതുപക്ഷ സര്‍ക്കാര്‍ നടപ്പാക്കിയത്. കല്യാശ്ശേരി മാതൃകക്ക് നേതൃത്വം നല്‍കിയത് ശാസ്ത്ര സാഹിത്യപരിഷത്തും. ഇ.കെ. നായനാര്‍ അടക്കമുള്ള മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാക്കളുടെ ജന്മദേശമെന്നതിന് ഉപരി സി.പി.എം പാര്‍ട്ടി ഗ്രാമമാണ് കല്യാശ്ശേരി എന്നതിനാല്‍ പദ്ധതികള്‍ നടപ്പാക്കാന്‍ എളുപ്പമായിരുന്നു. പക്ഷേ, കാല്‍നൂറ്റാണ്ട് പിന്നിടുമ്പോള്‍ കല്യാശ്ശേരി ഇന്ന് ചിത്രത്തിലില്ല. കാര്‍ഷിക മേഖലക്കുവേണ്ടിയാണ് അന്ന് പദ്ധതികള്‍ പലതും ആസൂത്രണം ചെയ്തത്. എന്നാല്‍, ഇന്നിപ്പോള്‍ കല്യാശ്ശേരി അതിവേഗം നഗരവത്കരിക്കപ്പെടുന്നു.
രണ്ടര വര്‍ഷത്തിലേറെ നീണ്ട ചര്‍ച്ചകളുടെയും സര്‍വേകളുടെയും അടിസ്ഥാനത്തിലാണ് ആസൂത്രണ പദ്ധതികള്‍ തയാറാക്കിയതെന്ന് അന്ന് പഞ്ചായത്തംഗമായിരുന്ന അഖിലേന്ത്യാ പീപ്ള്‍സ് സയന്‍സ് നെറ്റ്വര്‍ക് ദേശീയ ജനറല്‍ സെക്രട്ടറി ടി. ഗംഗാധരന്‍ ഓര്‍ക്കുന്നു. ശാസ്ത്രസാഹിത്യ പരിഷത്തിന്‍െറ അഖിലേന്ത്യാ രൂപമാണ്-എ.ഐ.പി.എസ്.എന്‍. പഞ്ചായത്തിന്‍െറ വിഭവ ഭൂപടം തയാറാക്കി അതിന്‍െറ അടിസ്ഥാനത്തില്‍ പദ്ധതി തയാറാക്കണമെന്ന പരിഷത് പരിപാടിയാണ് കല്യാശ്ശേരിയടക്കം തെരഞ്ഞെടുക്കപ്പെട്ട 25 പഞ്ചായത്തുകളില്‍ നടപ്പാക്കിയത്. കല്യാശ്ശേരിയുടെ കോഓഡിനേറ്ററായിരുന്നു ഗംഗാധരന്‍. വിവിധ വിഷയങ്ങളില്‍ പഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തില്‍ കര്‍മസമിതികള്‍ രൂപവത്കരിച്ചും വിഭവഭൂപടങ്ങള്‍ വാര്‍ഡുകളില്‍ പ്രദര്‍ശിപ്പിച്ച് അഭിപ്രായങ്ങള്‍ തേടിയുമാണ് പദ്ധതികള്‍ ആസൂത്രണം ചെയ്തത്. അന്ന് ഇപ്പോഴത്തെ പോലെ പദ്ധതിവിഹിതം ലഭ്യമല്ലാത്തതിനാല്‍ കല്യാശ്ശേരിയില്‍ ചേര്‍ന്ന ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗമാണ് പല പദ്ധതികളും ഏറ്റെടുത്തത്. എങ്കിലും ജനങ്ങളാണ് അവരുടെ പദ്ധതി നടപ്പാക്കിയത്. പഞ്ചായത്തിലെ തോടുകള്‍ സന്നദ്ധ പ്രവര്‍ത്തനത്തിലൂടെ നവീകരിച്ചത് നാടാകെ ശ്രദ്ധിച്ചു. 17 കിലോമീറ്ററാണ് ഒറ്റദിവസം കൊണ്ടു നവീകരിച്ചത്. നൂറോളം അയല്‍ക്കൂട്ടങ്ങള്‍, വികസന സമിതി... അങ്ങനെ നിരവധിപരീക്ഷണങ്ങള്‍ക്ക് കല്യാശ്ശേരി വേദിയായി.
1995ലെ തെരഞ്ഞെടുപ്പില്‍ കല്യാശ്ശേരി മോഡലിന്‍െറ വക്താക്കള്‍ മത്സരിക്കാനുണ്ടായിരുന്നില്ല. എന്നാല്‍, കല്യാശ്ശേരി മോഡല്‍ സര്‍ക്കാര്‍ ഏറ്റെടുത്തു.
ജനകീയാസൂത്രണമെന്ന പേരില്‍ കേരളമാകെ നടപ്പാക്കി. കല്യാശ്ശേരിയെ മാതൃകയാക്കിയാണ് മലപ്പുറത്തെ വള്ളിക്കുന്നിലും തൃശൂരിലെ മറ്റത്തൂരും കണ്ണൂരിലെ ചപ്പാരപ്പടവും എറണാകുളത്തെ തിരുമാറാടിയും അടക്കമുള്ള ഗ്രാമപഞ്ചായത്തുകള്‍ ജനകീയ പങ്കാളിത്തത്തോടെയുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തത്. തൃശൂര്‍ ജില്ലയിലെ മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിലെ ജനകീയാസൂത്രണ പ്രവര്‍ത്തനങ്ങള്‍ കണ്ടറിയാനാണ് അണ്ണാ ഹസാരെ എത്തിയത്. പ്രസിഡന്‍റ് പദവി വനിതക്കായി സംവരണം ചെയ്യപ്പെട്ടിരുന്ന ഇവിടെ വൈസ് പ്രസിഡന്‍റ് ജോയി കൈതാരത്താണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്. ജനകീയ പങ്കാളിത്തത്തോടെ ഗ്രാമത്തെ മദ്യമുക്തമാക്കിയതായിരുന്നു ഏറെ ശ്രദ്ധേയം. ഇപ്പോഴാകട്ടെ മറ്റത്തൂരില്‍ ബാറും ബീവറേജസും ഒക്കെയായി മദ്യം സുലഭം. അയല്‍ക്കൂട്ടങ്ങള്‍, കാര്‍ഷിക കൂട്ടായ്മ, സമ്പൂര്‍ണ ശുചിത്വം തുടങ്ങി പങ്കാളിത്ത മാതൃകകള്‍ തീര്‍ത്ത നിരവധി പദ്ധതികളിലൂടെ മറ്റത്തൂര്‍ വികസന മാതൃകയായപ്പോള്‍ അത് പഠിക്കാന്‍ രാജ്യത്തിനകത്തും പുറത്തും നിന്നായി നിരവധി പേരത്തെി. ആ അഞ്ചു വര്‍ഷം കഴിഞ്ഞതോടെ മറ്റത്തൂര്‍ തിരിച്ചു നടന്നു. ജോയി കൈതാരത്ത് പാര്‍ട്ടിക്ക് അനഭിമതനായി. ഇതുതന്നെയാണ് വള്ളിക്കുന്നിനും പറയാനുള്ളത്. ജനകീയാസൂത്രണ പദ്ധതിയുടെ ആദ്യ അഞ്ചു വര്‍ഷം വള്ളിക്കുന്നിനും നേട്ടങ്ങളുടെ പട്ടികയുണ്ടായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് യു. കലാനാഥന്‍െറ നേതൃത്വത്തില്‍ നടപ്പാക്കിയ ഊര്‍ജസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തുതന്നെ ആദ്യത്തേതായിരുന്നു.
സി.എഫ്.എല്‍ ബള്‍ബുകള്‍ വിതരണം ചെയ്താണ് വൈദ്യുതി ലാഭിച്ചത്. ജനകീയ പങ്കാളിത്തത്തോടെ നിരവധി തോടുകള്‍ നവീകരിച്ചതിലൂടെ നെല്‍കൃഷി വര്‍ധിപ്പിക്കാന്‍ കഴിഞ്ഞതായി കലാനാഥന്‍ പറയുന്നു. സംസ്ഥാനത്താദ്യമായി ജൈവവൈവിധ്യ രജിസ്റ്റര്‍ തയാറാക്കിയതും സാമൂഹിക-സാമ്പത്തിക ‘സര്‍വേ നടത്തിയതും വള്ളിക്കുന്നിലാണ്. എന്നാല്‍, അഞ്ചുവര്‍ഷം കഴിഞ്ഞപ്പോള്‍ കഥമാറി, പ്രസിഡന്‍റ് സ്ഥാനം വനിതക്കായി സംവരണം ചെയ്യപ്പെട്ട ഇവിടെ ലോക്കല്‍ കമ്മിറ്റിയംഗം പ്രസിഡന്‍റായി. വൈകാതെ വള്ളിക്കുന്ന് രാഷ്ട്രീയ പഞ്ചായത്തായി മാറി. ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കിയ പദ്ധതികള്‍ക്ക് തുടര്‍പ്രവര്‍ത്തനങ്ങള്‍ ഇല്ലാതായി. പതുക്കെ കലാനാഥനും പാര്‍ട്ടിക്ക് അനഭിമതനായി.
ഇപ്പോഴത്തെ കില ഡയറക്ടര്‍ ഡോ. പി.പി. ബാലനായിരുന്നു ചപ്പാരപ്പടവിലെ പ്രസിഡന്‍റ്. ജനകീയ പങ്കാളിത്തത്തോടെ നിര്‍മിച്ച പാലമാണ് ചപ്പാരപ്പടവിന്‍െറ മാതൃക. പക്ഷേ, അറ്റകുറ്റ പ്പണികള്‍ പോലും നടക്കാതെ വന്നതോടെ പാലം ഏതാണ്ട് തകര്‍ന്ന നിലയിലായി. ജലസംരക്ഷണമാണ് കുന്നത്തു പറമ്പിനെ ശ്രദ്ധേയമാക്കിയത്. മണ്‍സൂണിനെ വരവേല്‍ക്കാന്‍ ജലപര്‍വം എന്ന് പേരിട്ട പദ്ധതിയില്‍ രണ്ടായിരത്തിലേറെ കുളങ്ങളും 32 ചെക് ഡാമുകളും നിര്‍മിച്ചു. തദ്ദേശീയമായി ലഭിച്ച തെങ്ങിന്‍തടികളും വാഴത്തണ്ടുകളും ഓലയും മറ്റും ഉപയോഗിച്ചായിരുന്നു ചെക് ഡാമുകള്‍.
(തുടരും)

മിനുട്സ് ‘ക്ളോസ്’ ചെയ്യാത്ത ഗ്രാമസഭകള്‍

മിനുട്സ് ‘ക്ളോസ്’ ചെയ്യാത്ത ഗ്രാമസഭകള്‍
ഉത്സവ പ്രതീതിയായിരുന്നു അന്ന്. സെക്രട്ടേറിയറ്റിലും മറ്റും കേന്ദ്രീകരിച്ച അധികാരങ്ങള്‍ തങ്ങളിലേക്ക് എത്തുന്നതിനെ ജനങ്ങള്‍ കൊട്ടും കുരവയുമായാണ് സ്വീകരിച്ചത്. സ്വന്തം നാട്ടിലെ പാലവും റോഡുമൊക്കെ അതത് ഗ്രാമസഭയില്‍ തീരുമാനിക്കാമെന്ന് അവര്‍ പ്രത്യാശിച്ചു. പക്ഷേ, ആ പ്രതീക്ഷകള്‍ക്ക് ആയുസ്സ് കുറവായിരുന്നു.
ഭരണഘടനയുടെ 73,74 ഭേദഗതിയിലൂടെ നടപ്പായ അധികാര വികേന്ദ്രീകരണത്തിന്‍െറ ഭാഗമായി 125 വികസന ചുമതലകള്‍ ഗ്രാമപഞ്ചായത്തുകള്‍ക്കും നൂറോളം ചുമതലകള്‍ ബ്ളോക്-ജില്ലാ പഞ്ചായത്തുകള്‍ക്കും കൈമാറി. നഗരസഭകള്‍ക്കും പുതുതായി ചുമതലകള്‍ കൈമാറി. അധികാര വികേന്ദ്രീകരണം നടപ്പായി രണ്ടു പതിറ്റാണ്ടിലത്തെുമ്പോഴാണ് ഏറ്റവും താഴത്തെട്ടില്‍ സേവാഗ്രാമം പ്രാബല്യത്തില്‍ കൊണ്ടുവരുന്നത്. അധികാര വികേന്ദ്രീകരണത്തിന്‍െറ വക്താക്കളാകേണ്ടവര്‍തന്നെയാണ് സേവാഗ്രാമത്തെ എതിര്‍ത്തതെന്നത് മറ്റൊരു കഥ.
പ്രാദേശിക ഭരണസംവിധാനത്തെ ശാക്തീകരിക്കുന്നതിനും കൂടുതല്‍ ജനാധിപത്യവത്കരിക്കുന്നതിനുമുള്ള വേദിയായ ഗ്രാമസഭ അഥവാ വാര്‍ഡുസഭയുടെ ആസ്ഥാനമെന്ന നിലയിലാണ് സേവാഗ്രാമത്തെ നിര്‍ദേശിച്ചത്. സ്വന്തമായി ഓഫിസ്, കൈമാറിക്കിട്ടിയ വകുപ്പിലെ ഏതെങ്കിലുമൊരു ഉദ്യോഗസ്ഥന് ചുമതല, എല്ലാദിവസവും വൈകുന്നേരം മൂന്നു മുതല്‍ പ്രവര്‍ത്തനം തുടങ്ങി ഒട്ടേറെ നിര്‍ദേശങ്ങളുണ്ടായിരുന്നു. വാര്‍ഡ് സമിതി, അയല്‍സഭകള്‍ എന്നിവയും ഇതിന്‍െറ ഭാഗമാണ്. വാര്‍ഡ്തലത്തില്‍ ജനങ്ങള്‍ക്ക് സേവനം നല്‍കുന്ന ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ട് വാര്‍ഡ്സമിതിയില്‍ അവതരിപ്പിക്കണം. ചുരുക്കത്തില്‍, വാര്‍ഡ്തല പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി സേവാഗ്രാമം മാറും. അതുകൊണ്ടായിരിക്കാം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരുടെ സംഘടനയുടെ പ്രമുഖ നേതാവ് ചോദിച്ചത്- ഇതൊക്കെ നടപ്പായാല്‍ പഞ്ചായത്ത് ഓഫിസില്‍ ആരെങ്കിലും വരുമോ, ആളില്ളെങ്കില്‍ പഞ്ചായത്ത് ഓഫിസിനും പ്രസിഡന്‍റിനും എന്തുകാര്യം? തര്‍ക്കത്തിനും എതിര്‍പ്പിനും ഒടുവില്‍ സേവാഗ്രാമം നിലവില്‍വന്നെങ്കിലും പരമാവധി വെള്ളംചേര്‍ത്തു. അങ്കണവാടി അല്ളെങ്കില്‍ ഏതെങ്കിലുമൊരു സ്കൂളിന് മുന്നില്‍ സേവാഗ്രാമം എന്ന ബോര്‍ഡ് തൂക്കി. കുടുംബശ്രീയില്‍ നിന്നൊരാളെ ഫെസിലിറ്റേറ്ററായി നിയമിച്ചു. പുതിയ ചരിത്രമെന്നാണ് ഇതിനെ സര്‍ക്കാര്‍ വിശേഷിപ്പിച്ചത്. എന്നാല്‍, പലയിടത്തും ഗ്രാമസഭകളും വാര്‍ഡുസഭകളും ‘ചരിത്രമായി’ മാറിയത് സര്‍ക്കാര്‍ ശ്രദ്ധിക്കുന്നില്ല. ഗ്രാമസഭകള്‍ ചേരുന്നത് കടലാസില്‍ മാത്രമാണെന്ന് പലരും സമ്മതിക്കുന്നുണ്ട്. ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്ന ഗ്രാമസഭകളില്‍ മാത്രമാണ് ക്വാറം തികയുന്നത്. ബാക്കിയൊക്കെ ചടങ്ങില്‍ ഒതുങ്ങുന്നു.
എന്നാല്‍, 1996-97 കാലഘട്ടത്തില്‍ ഇങ്ങനെയായിരുന്നില്ല. ഒരുപക്ഷേ, പുതിയ പരീക്ഷണമെന്ന നിലയിലായിരിക്കണം അന്നൊക്കെ ഗ്രാമസഭകളില്‍ ഉയര്‍ന്ന ഹാജര്‍ രേഖപ്പെടുത്തപ്പെട്ടത്. എന്നാല്‍, ഗ്രാമസഭകളില്‍ തീരുമാനിക്കുന്നതല്ല പലപ്പോഴും നടപ്പില്‍വരുന്നത്. ഇതായിരിക്കാം ഭൂരിഭാഗവും വിട്ടുനില്‍ക്കാന്‍ കാരണവും. തൃശൂര്‍ ജില്ലയിലെ പറപ്പൂക്കര പഞ്ചായത്തിലെ മാലതി കൃഷ്ണന്‍െറ പരാതി പരിശോധിച്ചാലറിയാം ഗ്രാമസഭയുടെ മറവിലെ തട്ടിപ്പ്. 2014 ആഗസ്റ്റ് 28ന് ചേര്‍ന്ന അഞ്ചാം വാര്‍ഡിലെ ഗ്രാമസഭയില്‍ ഐ.എ.വൈ പദ്ധതി പ്രകാരം ഭവന പദ്ധതിക്കായി നിര്‍ദേശിക്കപ്പെട്ട ആദ്യ പേര് മാലതിയുടേതായിരുന്നു. എന്നാല്‍, ഒന്നാം സ്ഥാനത്ത് മറ്റൊരു പേര് എഴുതി ചേര്‍ക്കപ്പെട്ടതോടെ മാലതി പുറത്തായി. അന്വേഷണത്തില്‍ ഇതു സ്ഥിരീകരിക്കപ്പെട്ടു. മാലതിക്ക് വീടുനല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിടുകയും ചെയ്തു.
ഇത് ഒറ്റപ്പെട്ട സംഭവമല്ല. മിക്കവാറും സ്ഥലങ്ങളില്‍ ഗ്രാമസഭ കഴിഞ്ഞാലും മിനുട്സ് ‘ക്ളോസ്’ ചെയ്യില്ല. വേണ്ടതൊക്കെ എഴുതിച്ചേര്‍ക്കാനുള്ള സൗകര്യത്തിനാണിത്. അടുത്ത ഗ്രാമസഭയില്‍ എത്തുമ്പോള്‍ മാത്രമായിരിക്കും മിനുട്സ് ക്ളോസ്ചെയ്യുക. എന്തിന് വെറുതെ ശത്രുവാകണമെന്നതിന്‍െറ ചിന്തയില്‍ മിനുട്സിന്‍െറ പേരില്‍ കലഹമുണ്ടാക്കാന്‍ ആരും ശ്രമിക്കാറില്ല.
അധികാര വികേന്ദ്രീകരണം നടപ്പായതിനുശേഷം മൂന്നു പഞ്ചവത്സര പദ്ധതികള്‍ പൂര്‍ത്തിയാക്കി. 12ാം പദ്ധതിയാണിപ്പോള്‍. ഒമ്പത്, 10, 11 പദ്ധതികളിലായി 21,295 കോടി രൂപയാണ് തദ്ദേശസ്ഥാപനങ്ങള്‍ക്കു ലഭിച്ചത്. ഈ തുക എങ്ങനെ ചെലവഴിച്ചുവെന്ന് അന്വേഷിക്കുന്നതും രസകരമായിരിക്കും. പദ്ധതിവിഹിതം ചെലവഴിക്കുകയെന്നതിനപ്പുറത്തേക്ക് പല തദ്ദേശസ്ഥാപനങ്ങള്‍ക്കും മറ്റൊരു ലക്ഷ്യമില്ല. അതിനാല്‍, കടലില്‍ കല്ലിട്ടതുപോലെയായി പലയിടത്തും പദ്ധതിവിഹിതം വിനിയോഗിക്കല്‍. ഒന്നും ചെയ്യാനില്ളെങ്കില്‍ എന്തെങ്കിലും പദ്ധതി തയാറാക്കി ഏതെങ്കിലും സര്‍ക്കാര്‍ വകുപ്പില്‍ നിക്ഷേപിക്കും. സര്‍ക്കാറിനും സന്തോഷം. കഴിഞ്ഞദിവസം ഇറങ്ങിയ സര്‍ക്കാര്‍ ഉത്തരവനുസരിച്ച് തദ്ദേശസ്ഥാപനങ്ങളില്‍ ശുദ്ധീകരിച്ചതും സുരക്ഷിതവുമായ കുടിവെള്ളം നല്‍കാനുള്ള നിര്‍വഹണ ഏജന്‍സിയായി വനിത വികസന കോര്‍പറേഷനെ നിയമിച്ചിട്ടുണ്ട്. ഇവര്‍ക്ക് മുന്‍ക്കൂറായി പണംനല്‍കാനും അനുമതിയുണ്ട്. ഇതും പദ്ധതി വിനിയോഗത്തില്‍ ഉള്‍പ്പെടും. ട്രഷറിയില്‍നിന്ന് പണം പിന്‍വലിച്ച് ബാങ്കില്‍ നിക്ഷേപിക്കാന്‍ നിരോധമുള്ളതിനാല്‍ അതുണ്ടാകുന്നില്ല.
(തുടരും)
അധികാര വികേന്ദ്രീകരണ ശ്രമങ്ങള്‍ തുടങ്ങിയത് 1958ല്‍
ഐക്യകേരളത്തിലെ ആദ്യ മന്ത്രിസഭയാണ് അധികാര വികേന്ദ്രീകരണ ശ്രമങ്ങള്‍ക്ക് തുടക്കമിട്ടത്. ആദ്യ മുഖ്യമന്ത്രി ഇ.എം.എസ് അധ്യക്ഷനായ ഭരണപരിഷ്കരണസമിതിയുടെ ശിപാര്‍ശയുടെ തുടര്‍ച്ചയായി 1958ല്‍ കേരള പഞ്ചായത്ത് ബില്ലും 1959ല്‍ ജില്ലാ കൗണ്‍സില്‍ ബില്ലും അവതരിപ്പിച്ചു. എന്നാല്‍, വിമോചനസമരത്തെ തുടര്‍ന്ന് ആദ്യ മന്ത്രിസഭ പിരിച്ചുവിട്ടതിനാല്‍ ബില്‍ പാസായില്ല. 1960ലാണ് കേരള പഞ്ചായത്ത് നിയമം പാസാകുന്നത്. 1962 ജനുവരി ഒന്നിന് പഞ്ചായത്ത് നിലവില്‍വന്നു. 1963ലായിരുന്നു ആദ്യ പഞ്ചായത്ത് തെരഞ്ഞെടുപ്പ്. 1964 ജനുവരി ഒന്നിന് അധികാരമേറ്റ ഭരണസമിതി 1979വരെ തുടര്‍ന്നു. 1979 സെപ്റ്റംബറിലായിരുന്നു രണ്ടാമത് തെരഞ്ഞെടുപ്പ്. അധികാര വികേന്ദ്രീകരണ നിയമം നിലവില്‍ വന്നതിനുശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ് 1995ലും. ത്രിതല ഭരണസംവിധാനമാണ് ഇപ്പോഴുള്ളതെങ്കിലും തുടക്കംമുതല്‍ കേരളം നിര്‍ദേശിച്ചിട്ടുള്ളത് ദ്വിതലസംവിധാനമാണ്. 1957ലെ ആദ്യ സര്‍ക്കാറിന് പിന്നാലെ 1964ലും 1971ലും കൊണ്ടുവന്നത് ദ്വിതല ഭരണസംവിധാനമാണ്. 1979ല്‍ എ.കെ. ആന്‍റണി സര്‍ക്കാര്‍ പാസാക്കിയ ജില്ലാ കൗണ്‍സില്‍ നിയമവും രണ്ടുതട്ടാണ് നിര്‍ദേശിച്ചത്.
ജില്ലാ കൗണ്‍സില്‍ നിയമം 1986ല്‍ നായനാര്‍ സര്‍ക്കാര്‍ പൊടിതട്ടിയെടുത്താണ് 1990ല്‍ തെരഞ്ഞെടുപ്പ് നടത്തിയത്. 1991 ഫെബ്രുവരി ഒന്നിന് അധികാരമേറ്റ ജില്ലാ കൗണ്‍സിലുകള്‍ക്കു കീഴില്‍ നഗരസഭകളും കോര്‍പറേഷനും ഉള്‍പ്പെട്ടിരുന്നു. 250 കോടി രൂപയായിരുന്നു ജില്ലാ കൗണ്‍സിലുകളുടെ വാര്‍ഷികപദ്ധതി. കലക്ടര്‍മാരായിരുന്നു ജില്ലാ കൗണ്‍സില്‍ സെക്രട്ടറിയെങ്കിലും അവരുടെ എതിര്‍പ്പിനെ തുടര്‍ന്ന് വേറെ സെക്രട്ടറിയെ കണ്ടത്തെി.