Pages

10 April 2015

കല്യാശ്ശേരിയും മറ്റത്തൂരിലത്തെിയ അണ്ണാ ഹസാരെയും

Published on Thu, 04/09/2015 -Madhyamam

കല്യാശ്ശേരിയും മറ്റത്തൂരിലത്തെിയ അണ്ണാ ഹസാരെയും
കണ്ണൂര്‍ ജില്ലയിലെ കല്യാശ്ശേരി. ജനകീയാസൂത്രണത്തിന്‍െറ ഭാഗമായി കേരളത്തിനകത്തും പുറത്തും ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പേരാണിത്. 1996ല്‍ ഒമ്പതാം പദ്ധതി ജനകീയാസൂത്രണമായി മാറാന്‍ കാരണമായതും കല്യാശ്ശേരിയിലെ പരീക്ഷണങ്ങളാണ്. 1988ല്‍ അധികാരത്തില്‍ വന്ന ഭരണസമിതി തുടക്കമിട്ട പദ്ധതികളാണ് പിന്നീട് ജനകീയാസൂത്രണമെന്ന പേരില്‍ ഇടതുപക്ഷ സര്‍ക്കാര്‍ നടപ്പാക്കിയത്. കല്യാശ്ശേരി മാതൃകക്ക് നേതൃത്വം നല്‍കിയത് ശാസ്ത്ര സാഹിത്യപരിഷത്തും. ഇ.കെ. നായനാര്‍ അടക്കമുള്ള മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാക്കളുടെ ജന്മദേശമെന്നതിന് ഉപരി സി.പി.എം പാര്‍ട്ടി ഗ്രാമമാണ് കല്യാശ്ശേരി എന്നതിനാല്‍ പദ്ധതികള്‍ നടപ്പാക്കാന്‍ എളുപ്പമായിരുന്നു. പക്ഷേ, കാല്‍നൂറ്റാണ്ട് പിന്നിടുമ്പോള്‍ കല്യാശ്ശേരി ഇന്ന് ചിത്രത്തിലില്ല. കാര്‍ഷിക മേഖലക്കുവേണ്ടിയാണ് അന്ന് പദ്ധതികള്‍ പലതും ആസൂത്രണം ചെയ്തത്. എന്നാല്‍, ഇന്നിപ്പോള്‍ കല്യാശ്ശേരി അതിവേഗം നഗരവത്കരിക്കപ്പെടുന്നു.
രണ്ടര വര്‍ഷത്തിലേറെ നീണ്ട ചര്‍ച്ചകളുടെയും സര്‍വേകളുടെയും അടിസ്ഥാനത്തിലാണ് ആസൂത്രണ പദ്ധതികള്‍ തയാറാക്കിയതെന്ന് അന്ന് പഞ്ചായത്തംഗമായിരുന്ന അഖിലേന്ത്യാ പീപ്ള്‍സ് സയന്‍സ് നെറ്റ്വര്‍ക് ദേശീയ ജനറല്‍ സെക്രട്ടറി ടി. ഗംഗാധരന്‍ ഓര്‍ക്കുന്നു. ശാസ്ത്രസാഹിത്യ പരിഷത്തിന്‍െറ അഖിലേന്ത്യാ രൂപമാണ്-എ.ഐ.പി.എസ്.എന്‍. പഞ്ചായത്തിന്‍െറ വിഭവ ഭൂപടം തയാറാക്കി അതിന്‍െറ അടിസ്ഥാനത്തില്‍ പദ്ധതി തയാറാക്കണമെന്ന പരിഷത് പരിപാടിയാണ് കല്യാശ്ശേരിയടക്കം തെരഞ്ഞെടുക്കപ്പെട്ട 25 പഞ്ചായത്തുകളില്‍ നടപ്പാക്കിയത്. കല്യാശ്ശേരിയുടെ കോഓഡിനേറ്ററായിരുന്നു ഗംഗാധരന്‍. വിവിധ വിഷയങ്ങളില്‍ പഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തില്‍ കര്‍മസമിതികള്‍ രൂപവത്കരിച്ചും വിഭവഭൂപടങ്ങള്‍ വാര്‍ഡുകളില്‍ പ്രദര്‍ശിപ്പിച്ച് അഭിപ്രായങ്ങള്‍ തേടിയുമാണ് പദ്ധതികള്‍ ആസൂത്രണം ചെയ്തത്. അന്ന് ഇപ്പോഴത്തെ പോലെ പദ്ധതിവിഹിതം ലഭ്യമല്ലാത്തതിനാല്‍ കല്യാശ്ശേരിയില്‍ ചേര്‍ന്ന ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗമാണ് പല പദ്ധതികളും ഏറ്റെടുത്തത്. എങ്കിലും ജനങ്ങളാണ് അവരുടെ പദ്ധതി നടപ്പാക്കിയത്. പഞ്ചായത്തിലെ തോടുകള്‍ സന്നദ്ധ പ്രവര്‍ത്തനത്തിലൂടെ നവീകരിച്ചത് നാടാകെ ശ്രദ്ധിച്ചു. 17 കിലോമീറ്ററാണ് ഒറ്റദിവസം കൊണ്ടു നവീകരിച്ചത്. നൂറോളം അയല്‍ക്കൂട്ടങ്ങള്‍, വികസന സമിതി... അങ്ങനെ നിരവധിപരീക്ഷണങ്ങള്‍ക്ക് കല്യാശ്ശേരി വേദിയായി.
1995ലെ തെരഞ്ഞെടുപ്പില്‍ കല്യാശ്ശേരി മോഡലിന്‍െറ വക്താക്കള്‍ മത്സരിക്കാനുണ്ടായിരുന്നില്ല. എന്നാല്‍, കല്യാശ്ശേരി മോഡല്‍ സര്‍ക്കാര്‍ ഏറ്റെടുത്തു.
ജനകീയാസൂത്രണമെന്ന പേരില്‍ കേരളമാകെ നടപ്പാക്കി. കല്യാശ്ശേരിയെ മാതൃകയാക്കിയാണ് മലപ്പുറത്തെ വള്ളിക്കുന്നിലും തൃശൂരിലെ മറ്റത്തൂരും കണ്ണൂരിലെ ചപ്പാരപ്പടവും എറണാകുളത്തെ തിരുമാറാടിയും അടക്കമുള്ള ഗ്രാമപഞ്ചായത്തുകള്‍ ജനകീയ പങ്കാളിത്തത്തോടെയുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തത്. തൃശൂര്‍ ജില്ലയിലെ മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിലെ ജനകീയാസൂത്രണ പ്രവര്‍ത്തനങ്ങള്‍ കണ്ടറിയാനാണ് അണ്ണാ ഹസാരെ എത്തിയത്. പ്രസിഡന്‍റ് പദവി വനിതക്കായി സംവരണം ചെയ്യപ്പെട്ടിരുന്ന ഇവിടെ വൈസ് പ്രസിഡന്‍റ് ജോയി കൈതാരത്താണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്. ജനകീയ പങ്കാളിത്തത്തോടെ ഗ്രാമത്തെ മദ്യമുക്തമാക്കിയതായിരുന്നു ഏറെ ശ്രദ്ധേയം. ഇപ്പോഴാകട്ടെ മറ്റത്തൂരില്‍ ബാറും ബീവറേജസും ഒക്കെയായി മദ്യം സുലഭം. അയല്‍ക്കൂട്ടങ്ങള്‍, കാര്‍ഷിക കൂട്ടായ്മ, സമ്പൂര്‍ണ ശുചിത്വം തുടങ്ങി പങ്കാളിത്ത മാതൃകകള്‍ തീര്‍ത്ത നിരവധി പദ്ധതികളിലൂടെ മറ്റത്തൂര്‍ വികസന മാതൃകയായപ്പോള്‍ അത് പഠിക്കാന്‍ രാജ്യത്തിനകത്തും പുറത്തും നിന്നായി നിരവധി പേരത്തെി. ആ അഞ്ചു വര്‍ഷം കഴിഞ്ഞതോടെ മറ്റത്തൂര്‍ തിരിച്ചു നടന്നു. ജോയി കൈതാരത്ത് പാര്‍ട്ടിക്ക് അനഭിമതനായി. ഇതുതന്നെയാണ് വള്ളിക്കുന്നിനും പറയാനുള്ളത്. ജനകീയാസൂത്രണ പദ്ധതിയുടെ ആദ്യ അഞ്ചു വര്‍ഷം വള്ളിക്കുന്നിനും നേട്ടങ്ങളുടെ പട്ടികയുണ്ടായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് യു. കലാനാഥന്‍െറ നേതൃത്വത്തില്‍ നടപ്പാക്കിയ ഊര്‍ജസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തുതന്നെ ആദ്യത്തേതായിരുന്നു.
സി.എഫ്.എല്‍ ബള്‍ബുകള്‍ വിതരണം ചെയ്താണ് വൈദ്യുതി ലാഭിച്ചത്. ജനകീയ പങ്കാളിത്തത്തോടെ നിരവധി തോടുകള്‍ നവീകരിച്ചതിലൂടെ നെല്‍കൃഷി വര്‍ധിപ്പിക്കാന്‍ കഴിഞ്ഞതായി കലാനാഥന്‍ പറയുന്നു. സംസ്ഥാനത്താദ്യമായി ജൈവവൈവിധ്യ രജിസ്റ്റര്‍ തയാറാക്കിയതും സാമൂഹിക-സാമ്പത്തിക ‘സര്‍വേ നടത്തിയതും വള്ളിക്കുന്നിലാണ്. എന്നാല്‍, അഞ്ചുവര്‍ഷം കഴിഞ്ഞപ്പോള്‍ കഥമാറി, പ്രസിഡന്‍റ് സ്ഥാനം വനിതക്കായി സംവരണം ചെയ്യപ്പെട്ട ഇവിടെ ലോക്കല്‍ കമ്മിറ്റിയംഗം പ്രസിഡന്‍റായി. വൈകാതെ വള്ളിക്കുന്ന് രാഷ്ട്രീയ പഞ്ചായത്തായി മാറി. ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കിയ പദ്ധതികള്‍ക്ക് തുടര്‍പ്രവര്‍ത്തനങ്ങള്‍ ഇല്ലാതായി. പതുക്കെ കലാനാഥനും പാര്‍ട്ടിക്ക് അനഭിമതനായി.
ഇപ്പോഴത്തെ കില ഡയറക്ടര്‍ ഡോ. പി.പി. ബാലനായിരുന്നു ചപ്പാരപ്പടവിലെ പ്രസിഡന്‍റ്. ജനകീയ പങ്കാളിത്തത്തോടെ നിര്‍മിച്ച പാലമാണ് ചപ്പാരപ്പടവിന്‍െറ മാതൃക. പക്ഷേ, അറ്റകുറ്റ പ്പണികള്‍ പോലും നടക്കാതെ വന്നതോടെ പാലം ഏതാണ്ട് തകര്‍ന്ന നിലയിലായി. ജലസംരക്ഷണമാണ് കുന്നത്തു പറമ്പിനെ ശ്രദ്ധേയമാക്കിയത്. മണ്‍സൂണിനെ വരവേല്‍ക്കാന്‍ ജലപര്‍വം എന്ന് പേരിട്ട പദ്ധതിയില്‍ രണ്ടായിരത്തിലേറെ കുളങ്ങളും 32 ചെക് ഡാമുകളും നിര്‍മിച്ചു. തദ്ദേശീയമായി ലഭിച്ച തെങ്ങിന്‍തടികളും വാഴത്തണ്ടുകളും ഓലയും മറ്റും ഉപയോഗിച്ചായിരുന്നു ചെക് ഡാമുകള്‍.
(തുടരും)

No comments:

Post a Comment