Pages

10 April 2015

അയ്യയ്യോ പ്രസിഡന്‍റ് ഇല്ലല്ളോ

Published on Fri, 04/10/2015 - 0Madhyamam 

അയ്യയ്യോ പ്രസിഡന്‍റ് ഇല്ലല്ളോ
മധ്യതിരുവിതാംകൂറിലെ ഒരു ഗ്രാമ പഞ്ചായത്തിലെ പ്രസിഡന്‍റിനെ കിട്ടാതെവന്നതോടെയാണ് വനിതാ വൈസ്പ്രസിഡന്‍റിനെ വിളിച്ചത്. പത്രത്തില്‍നിന്നാണെന്ന് അറിയിച്ചതോടെ ‘അയ്യയ്യോ പ്രസിഡന്‍റ് ഇല്ലല്ളോ’ എന്നാണ് അങ്ങത്തേലക്കല്‍നിന്നു കേട്ടത്. പഞ്ചായത്തിലെ കാര്യങ്ങളൊക്കെ പ്രസിഡന്‍റാണ് പറയേണ്ടതെന്ന് അറിയിച്ച് അവര്‍ ഫോണ്‍ കട്ട്ചെയ്തു. മറ്റൊരു സ്ഥലത്തെ വൈസ് പ്രസിഡന്‍റിനെ വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തത് ഭര്‍ത്താവ്. ‘വൈസ് പ്രസിഡന്‍റിന്‍െറ ഭര്‍ത്താവാണ്, വിവരം പറഞ്ഞോളൂ’വെന്ന മറുപടിയും. മാധ്യമപ്രവര്‍ത്തകനാണെന്ന് പറഞ്ഞതോടെ തിരിച്ചുവിളിക്കുമെന്നായി. വനിതാ സംവരണത്തിന്‍െറ ഏകദേശരൂപമാണിത്. ‘നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക’ എന്ന സിനിമയിലെ ‘വിനോദിനി’ എന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റിനെപ്പോലെയാകണമെന്ന് ഇവര്‍ക്ക് ആഗ്രഹിക്കാന്‍ കഴിയില്ലല്ളോ? സംവരണത്തിലൂടെ പ്രസിഡന്‍റ്പദവിയില്‍ എത്തുന്നവര്‍ എങ്ങനെയാകണമെന്നാണ് വിനോദിനി എന്ന കഥാപാത്രം പറയുന്നത്. എന്നാല്‍, ജീവിതത്തില്‍ ‘വിനോദിനി’യാകാന്‍ ശ്രമിച്ചാല്‍ കാസര്‍കോട് ജില്ലയിലെ പുത്തിഗെ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റായിരുന്ന ഫാത്തിമത്ത് സുഹറയുടെ അനുഭവമായിരിക്കും. പാര്‍ട്ടി ഗ്രാമത്തില്‍നിന്ന് പാര്‍ട്ടി പിന്തുണയോടെ പഞ്ചായത്തു പ്രസിഡന്‍റായ ഫാത്തിമത്ത് അഴിമതിക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചതാണ് അനഭിമതയാകാന്‍ കാരണം. പാര്‍ട്ടിതന്നെ ഉപരോധം ഏര്‍പ്പെടുത്തിയതോടെ രാജി നല്‍കി പൊതുപ്രവര്‍ത്തനം അവസാനിപ്പിച്ചു. ഫാത്തിമത്ത് സുഹറ യഥാര്‍ഥത്തില്‍ അധികാര വികേന്ദ്രീകരണത്തിന്‍െറ രക്തസാക്ഷിയാണ്.
ആദ്യഘട്ടത്തില്‍ മൂന്നിലൊന്നായിരുന്നു വനിതാ സംവരണം. ഇപ്പോഴത് 50 ശതമാനമായി വര്‍ധിച്ചു. ഇതനുസരിച്ച് കൂടുതല്‍ വനിതകള്‍ തദ്ദേശ സ്ഥാപനങ്ങളിലത്തെി. എന്നാല്‍, ഒരിക്കല്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ പിന്നിട് മത്സരത്തിനുണ്ടാകാറില്ല. വളരെക്കുറച്ച് വനിതകള്‍ മാത്രമാണ് തുടര്‍ച്ചയായി മത്സരരംഗത്തുണ്ടാകുന്നത്. അതാകട്ടെ, വ്യക്തമായി രാഷ്ട്രീയ കാഴ്ചപ്പാടുള്ളവരും. കേരള കോണ്‍ഗ്രസ്-എം സംസ്ഥാന ജനറല്‍ സെക്രട്ടറി ഷീല സ്റ്റീഫന്‍ ഇടുക്കി ജില്ലാ കൗണ്‍സിലിലും തുടര്‍ന്ന് ’95 മുതല്‍ ജില്ലാ പഞ്ചായത്തിലും പ്രസിഡന്‍റും വൈസ് പ്രസിഡന്‍റുമൊക്കെയായി അധികാരത്തിലുണ്ട്. പാലക്കാട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സുബൈദ ഇസ്ഹാഖ് നേരത്തേ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റും ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമായിരുന്നു. മന്ത്രി പി.കെ. ജയലക്ഷ്മി, എം.എല്‍.എമാരായ ഇ.എസ്. ബിജിമോള്‍, ഗീതാ ഗോപി, അയിഷ പോറ്റി, വനിതാ കമീഷനംഗം കെ.എ. തുളസി, കെ.പി.സി.സി ജനറല്‍ സെക്രട്ടറി ലതിക സുഭാഷ് തുടങ്ങിയവര്‍ തദ്ദേശ സ്ഥാപനങ്ങളിലൂടെ പൊതുരംഗത്ത് എത്തിയവരാണ്. സംവരണ ആനുകൂല്യത്തിന്‍െറ പേരില്‍ പ്രസിഡന്‍റ് പദവിയിലത്തെി വിജിലന്‍സ് കേസില്‍പെട്ട് കോടതി വരാന്തയില്‍ കയറിയിറങ്ങുന്നവരും ഏറെ. എന്നാല്‍, ഭരണത്തിലിരിക്കുമ്പോള്‍ വനിതാ പ്രസിഡന്‍റുമാരെ നയിക്കുന്നത് രാഷ്ട്രിയ-ഭരണ പരിചയമുള്ള മുന്‍ പ്രസിഡന്‍റുമാരായിരിക്കുമെന്നാണ് കേരളത്തിന്‍െറ അനുഭവം. പാര്‍ട്ടിയാണ് പലയിടത്തും ഭരിക്കുന്നത്. പാര്‍ട്ടിക്കാര്യം പാര്‍ട്ടിയോഫിസില്‍ എന്ന് തറപ്പിച്ചുപറയാന്‍ സിനിമയിലെ വിനോദിനിക്കേ കഴിയൂ. അതല്ളെങ്കില്‍ ഒഴുക്കിനെതിരെ നിലപാടെടുക്കാന്‍ അത്ര കരുത്തുവേണം. അതുമല്ളെങ്കില്‍ പാര്‍ട്ടി പിന്തുണ വേണം. ഇതു രണ്ടുമില്ളെങ്കില്‍ സൗകര്യങ്ങള്‍ അനുഭവിക്കുക. കരാറുകാരുടെ വക നല്ല മൊബൈല്‍ ഫോണ്‍, പട്ടുസാരി... അത്തരം കൊച്ചു കൊച്ചു കാര്യങ്ങള്‍ മതിയത്രെ. എന്നാല്‍, ശതമാനക്കണക്കില്‍ കമീഷന്‍ വാങ്ങുന്ന വനിതകളുമുണ്ട്. ഇടുക്കി ജില്ലയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രത്തിലെ വനിതാ പ്രസിഡന്‍റിന് തമിഴ്നാട്ടിലെ ബാങ്ക് അക്കൗണ്ടില്‍ പണം നിക്ഷേപിച്ച് രശീത് കാട്ടുകയാണ് വേണ്ടത്. എന്നാല്‍, വികസന കാഴ്ചപ്പാടുള്ള സെക്രട്ടറിയും ഭരണപരിചയമുള്ള അംഗങ്ങളുമുണ്ടെങ്കില്‍ പ്രസിഡന്‍റ് വനിതയാണെങ്കിലും അദ്ഭുതങ്ങള്‍ കാട്ടാനാകുമെന്നാണ് ഇത്തവണ അവാര്‍ഡ് നേടിയ പഞ്ചായത്ത് പ്രസിഡന്‍റുമാരുടെ സാക്ഷ്യപത്രം.
അതേസമയം, സെക്രട്ടറിയുടെ ഇടപെടല്‍ ആഗ്രഹിക്കാത്ത വൈസ് പ്രസിഡന്‍റുമാരുമുണ്ട്. അത്തരമൊരു സംഭവമാണ് മലപ്പുറം ജില്ലയിലുണ്ടായത്. സെക്രട്ടറിയുടെ മിടുക്കില്‍ പഞ്ചായത്തിന് അവാര്‍ഡ് ലഭിച്ചുതുടങ്ങിയതോടെ വനിതാ പ്രസിഡന്‍റിനായി ക്രെഡിറ്റ് മുഴുവന്‍. ഇതോടെ സെക്രട്ടറിയെ മാറ്റാന്‍ വൈസ് പ്രസിഡന്‍റ് രംഗത്തിറങ്ങി. മന്ത്രിയുടെ പാര്‍ട്ടിക്കാരായ വനിതാ പ്രസിഡന്‍റും വൈസ് പ്രസിഡന്‍റും രണ്ടു തട്ടില്‍. ഒടുവില്‍ വൈസ് പ്രസിഡന്‍റ് വിജയിച്ചു. എങ്കിലും പ്രസിഡന്‍റുമായുള്ള ശത്രുത തുടരുകയാണ്. ഒരുമിച്ചു വാഹനത്തില്‍ യാത്രചെയ്യാത്ത തരത്തില്‍ അധികാരം ‘വികേന്ദ്രീകരിക്കപ്പെട്ടു.’ വനിതാ സംവരണം മാറിയാലും ഇപ്പോഴത്തെ പ്രസിഡന്‍റിനെ വീണ്ടും മത്സരിപ്പിക്കണമെന്ന് പാര്‍ട്ടിക്കകത്ത് അഭിപ്രായം ഉയര്‍ന്നതാണ് അകല്‍ച്ചക്ക് കാരണമത്രെ.
എറണാകുളം ജില്ലയിലെ കീരംപാറയിലെ ബജറ്റ് യോഗത്തില്‍ വൈസ്പ്രസിഡന്‍റിനെ ചെരിപ്പുകൊണ്ട് നേരിട്ടാണ് വനിതാ പ്രസിഡന്‍റ് അധികാരം വികേന്ദ്രീകരിച്ചത്.
ശൗചാലയ നിര്‍മാണത്തില്‍ രാജ്യത്തിന് മാതൃകയായതും കേരളമാണ്. പഞ്ചായത്തിന്‍െറ അധികാരം പ്രയോഗിച്ച് അടുത്ത കാലത്ത് കക്കൂസുകള്‍ നിര്‍മിക്കപ്പെട്ടത് തമിഴ്ഗ്രാമമായ വട്ടവടയിലും. ഇടുക്കി ജില്ലയിലെ അതിര്‍ത്തി ഗ്രാമമായ വട്ടവട കക്കൂസുകള്‍ ഇല്ലാത്ത ഗ്രാമമായിരുന്നു. നിരനിരയായ വീടുകളുടെ മുന്‍ഭാഗത്താണ് കക്കൂസ് നിര്‍മിക്കാന്‍ സൗകര്യമുള്ളത്. വിശ്വാസത്തിന്‍െറ ഭാഗമായി വീടിനു മുന്നില്‍ കക്കൂസ് നിര്‍മിക്കില്ളെന്ന് ഗ്രാമവാസികളും. പഞ്ചായത്തിന് നിര്‍മല്‍ പുരസ്കാരം ലഭിക്കണമെങ്കില്‍ ശൗചാലയം നിര്‍മിക്കണംതാനും. ഒടുവില്‍, പഞ്ചായത്തിന്‍െറ ആനുകൂല്യം വേണമെങ്കില്‍ ശൗചാലയം നിര്‍മിക്കണമെന്ന് തീരുമാനിച്ച ഗ്രാമപഞ്ചായത്ത് ഇതിന് ധനസഹായവും നല്‍കി. എല്ലാവരും കക്കൂസ് നിര്‍മിച്ചെങ്കിലും വിശ്വാസത്തിന്‍െറ പേരില്‍ അതുപയോഗിക്കാത്തവര്‍ ഇനിയുമുണ്ട്.
(തുടരും)
തെരുവുനായ്ക്കളുടെ ഭീഷണി
തെരുവുനായ്ക്കളാണ് കേരളം നേരിടുന്ന ഭീഷണി. എന്നാല്‍, കണ്ണൂര്‍ ജില്ലയിലെ പാപ്പിനിശ്ശേരി, പെരിങ്ങോം-വയക്കല്‍ പഞ്ചായത്തുകള്‍ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി ‘ഓപറേഷന്‍ സീറോ റാബിസ്’ പദ്ധതി നടപ്പാക്കിയിരുന്നു. കേരള വെറ്ററിനറി സര്‍ജന്‍സ് അസോസിയേഷന്‍െറ സഹായത്തോടെയായിരുന്നു പദ്ധതി. തെരുവുനായ്ക്കള്‍ക്ക് വാക്സിനേഷന്‍ നല്‍കലും ജനങ്ങളെ ബോധവത്കരിക്കലുമായിരുന്നു പ്രധാനം.
എന്നാല്‍, സംസ്ഥാനത്ത് പിന്നീട് ഒരിടത്തും ഇത്തരം പദ്ധതി നടപ്പാക്കിയില്ല. പൊതുജനാരോഗ്യം, പൊതുശുചിത്വം എന്നിവയില്‍ തദ്ദേശസ്ഥാപനങ്ങള്‍ വേണ്ടത്ര താല്‍പര്യം കാട്ടിയില്ളെന്നുവേണം കരുതാന്‍.

No comments:

Post a Comment