Pages

09 December 2015

മുല്ലപ്പെരിയാര്‍; തമിഴ്നാട്പിന്തുടരുന്നത് 139ലെ ഗെയ്റ്റ് ചട്ടം


കൊല്ലം: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142അടിയാക്കി നിലനിര്‍ത്താന്‍ പണിപ്പെടുന്ന തമിഴ്നാട് സര്‍ക്കാര്‍, ഷട്ടറുകള്‍ ഉയര്‍ത്തുന്നതില്‍ ഇപ്പോഴും പാലിക്കപ്പെടുന്നത് 1939ലെ വ്യവസ്ഥ. ജലം കേരളത്തിലേക്ക് ഒഴുക്കാതെ പരമാവധി സംഭരിക്കുകയെന്ന ലക്ഷ്യമാണ് കഴിഞ്ഞ ദിവസങ്ങളില്‍ സ്വീകരിച്ചതെന്നും വ്യക്തം. ഇതേസമയം, സമാനമായ നിലപാട് സ്വീകരിച്ചതിനെ തുടര്‍ന്ന് ചെന്നൈ നേരിട്ട കടുത്ത പ്രളയം അവര്‍ക്ക് പാഠമായില്ളെന്നും വിലയിരുത്തപ്പെടുന്നു.
മുല്ലപ്പെരിയാറില്‍  പരമാവധി ജലനിരപ്പ് എത്തിയാല്‍ അണക്കെട്ടിലെ ഷട്ടറുകള്‍ ഉയര്‍ത്തി വെള്ളം പെരിയാറിലേക്ക് ഒഴുക്കണം.ഇക്കാര്യം കേരളത്തെ ടെലഗ്രാംമുഖേന അറിയിക്കണമെന്നാണ് 1939ലെവ്യവസ്ഥ. അന്ന് ഹൈറേഞ്ചില്‍ കാര്യമായ ജനവാസമില്ലാതിരുന്നതിനാല്‍ അതു മതിയായിരുന്നു. എന്നിട്ടും 1961ലെ കനത്ത മഴയില്‍ മുന്നറിയിപ്പില്ലാതെ ഷട്ടറുകള്‍ ഉയര്‍ത്തിയത് പെരിയാര്‍ തീരത്ത് വലിയ നാശനഷം വരുത്തി.നിര്‍മാണത്തിലായിരുന്ന നേര്യമംഗലം വൈദ്യുത നിലയത്തിലെ സാധനസാമഗ്രഹികള്‍ ഒഴുകി പോയി. ഇതുമൂലം മൂന്നരലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായി. പെരിയാറിലെ പ്രളയത്തെ തുടര്‍ന്ന് ആറു പേര്‍ മരിച്ചതായും 12329 വീടുകള്‍ നശിച്ചതായും നിയമസഭാ രേഖകള്‍ വ്യക്തമാക്കുന്നു. 20,31540 രൂപയുടെ കൃഷി നാശവുമുണ്ടായി.
1933ലും സമാനമായ സംഭവുമുണ്ടായതായി തിരുവിതാംകൂര്‍ ശ്രീമൂലം പ്രജാസഭയുടെ രേഖകളിലുണ്ട്. മുല്ലപ്പെരിയാര്‍ സൃഷ്ടിക്കുന്ന പ്രളയത്തെ തുടര്‍ന്ന് പെരിയാറിലെ കരകളിലെ നൂറുകണക്കിന് വീടുകള്‍ തകരുകയും കൃഷികള്‍ നശിക്കുകയും ചെയ്യുന്നതിന് മദിരാശി ഭരിക്കുന്ന ബ്രിട്ടിഷ് സര്‍ക്കാരില്‍നിന്നും പ്രതിവര്‍ഷമ 40,000രൂപ നഷ്ട പരിഹാരം വാങ്ങണമെന്നും അന്ന് ആവശ്യം ഉയര്‍ന്നിരുന്നു. ബ്രിട്ടിഷുകാര്‍ പോയി രാജ്യം ജനാധിപത്യത്തിലേക്ക് പോയിട്ടും തമിഴ്നാട് അന്നത്തെ ടെലഗ്രാം സമ്പ്രദായത്തിലാണ് ഇപ്പോഴൂം.
ഏതു ഘട്ടത്തിലാണ് ഷട്ടറുകള്‍ തുറക്കുന്നതെന്നും ഓരോ ഷട്ടറുകളിലുടെയും എത്ര വീതം വെള്ളം തുറന്നു വിടുമെന്നും അടക്കമുള്ള വിവരങ്ങള്‍ അടങ്ങുന്ന ഗെയ്റ്റ് റൂള്‍ വേണമെന്ന് കേരളം കേന്ദ്ര ജല കമ്മീഷനില്‍ ആവശ്യപ്പെട്ടിരുന്നതാണ്. രണ്ടു വര്‍ഷം മുമ്പ് തമിഴ്നാട് ഗെയ്റ്റ് റുള്‍ കൊണ്ടു വന്നുവെങ്കിലും അതില്‍ വിവരങ്ങള്‍ ഇല്ലാത്തതിനാല്‍ കേരളം സ്വീകരിച്ചില്ല. ജലനിരപ്പ് പരമാവധിയിലത്തെുമ്പോള്‍ മുന്നറിയിപ്പും കൂടിയൊഴിപ്പിക്കലിന് മതിയായ സമയവും നല്‍കാതെ ഷട്ടറുകള്‍ വലിച്ചു തുറക്കുന്ന തമിഴ്നാട് രീതിയാണ് അപകടം ക്ഷണിച്ചു വരുത്തുന്നതെന്ന് കേരളം ചൂണ്ടിക്കാട്ടുന്നു. 142 അടിവരെ ജലം സംഭരിക്കാമെന്ന് സുപ്രിം കോടതി അനുമതി നല്‍കിയിട്ടുള്ളതിന്‍െറ പേരില്‍ സ്ഥിരമായി 142അടിയില്‍ നിലനിര്‍ത്തുകയെന്ന തന്ത്രമാണ് തമിഴ്നാടിന്‍െറത്. ഡാമിന് ബലക്ഷയമില്ളെന്ന് ബോധ്യപ്പെടുത്തുകയാണ് അവരുടെ ലക്ഷ്യം. മുല്ലപ്പെരിയാറില്‍നിന്നും വെള്ളം കൊണ്ടു പോയി സംഭരിക്കുന്ന തേനിയിലെ വൈഗ അണക്കെട്ടില്‍ ഒന്നര ടി.എം.സി അടി വെള്ളം ഉള്‍ക്കൊള്ളാന്‍ ശേഷിയുണ്ടായിരിക്കെ, മുല്ലപ്പെരിയാറിനെ മുള്‍മുനയില്‍നിര്‍ത്തിയതിനും ഇതിന് വേണ്ടിയാണ്. ഇതേസമയം, 142 അടിക്ക്മുകളില്‍ പോകുന്നത് സുപ്രിം കോടതി വിധിയുടെ ലംഘനമായതിനാലാണ് പെട്ടെന്ന് ഷട്ടറുകള്‍ ഉയര്‍ത്തിയത്.
മണ്‍സൂണ്‍ കാലയളവില്‍ മുല്ലപ്പെരിയാറില്‍ 140 അടിക്ക് മുകളില്‍ വെള്ളം സംഭരിക്കരുതെന്ന കേന്ദ്ര ജല കമ്മീഷന്‍ നിര്‍ദേശം മറികടന്നാണ് തമിഴ്നാടിന്‍െറ നീക്കം. മഴ എപ്പോള്‍ ശക്തമാകുമെന്ന് ്പയാര്‍ കഴിയില്ളെന്നിരിക്കെയാണ്  ലക്ഷകണക്കിന് ജനങ്ങളുടെ ജീവന്‍വെച്ചുള്ള കളി.  മുല്ലപ്പെരിയാര്‍ മേല്‍നോട്ടത്തിന് കേരന്ദ ജല കമ്മീഷന്‍ നിയോഗിച്ച സമിതിയുടെ അദ്ധ്യക്ഷന തമിഴ്നാട്ടുകാരനാണ് എന്നതും ശ്രദ്ധേയം.
വെള്ളത്തിന ്വേണ്ടിയുള്ള തമിഴ്നാടിന്‍െറ ആര്‍ത്തിയാണ് ചെന്നൈയില്‍ കടുത്ത പ്രളയം സൃഷ്ടിച്ചതെന്നാണ് പറയുന്നത്. ചെന്നൈക്ക് കുടിവെള്ളമത്തെിക്കുന്ന അടയാര്‍ നദിയിലെ ചെമ്പരാപക്കം അണക്കെട്ടില്‍ പരമവാധി വെള്ളം സംഭരിച്ചു. മഴ ശക്തമാകുകയും നീരൊഴുക്ക് വര്‍ദ്ധിക്കുകയും ചെയ്തതോടെ അണക്കെട്ട് തുറന്നു വിടകയല്ലാതെ അവര്‍ക്ക് മറ്റൊരു മാര്‍ഗമുണ്ടായില്ല. അതിന്‍െറ ഫലമാണ് ചെന്നൈയില്‍ കണ്ടത്. മുന്‍കരുതലെന്ന നിലയില്‍ നേരത്തെ തന്നെ വെള്ളം തുറന്നു വിട്ടു തുടങ്ങിയിരുന്നുവെങ്കില്‍ ഇത്ര കനത്ത നാശനഷ്ടം ചെന്നൈയില്‍ സംഭവിക്കില്ലായിരുന്നുവെന്നും പറയുന്നു. മുല്ലപ്പെരിയാറിലും 142 അടി എത്തുന്നത് വരെ തമിഴ്നാട് കാത്തിരുന്നു. മഴ ശക്തിപ്പെടാതിരുന്നതിനാലാണ് വലിയ ദുരന്തം ഒഴിവായത്.