Pages

05 April 2016

മാധ്യമ വിചാരണ

ആഭ്യന്തര മന്ത്രിയായിരുന്ന പി.ടി ചാക്കൊയൊടൊപ്പം ഒരു വനിത യാത്ര ചെയ്ത സംഭവം കേട്ടറിഞ്ഞ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതാണ്. എങ്കിലും അന്നത്തെ കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്ക് മാധ്യമ വിചാരണക്ക് വഴിയൊരുക്കുകയും 1964ല്‍  പി.ടി.ചാക്കൊയുടെ രാജിയില്‍ ആ സംഭവം അവസാനിക്കുകയും ചെയ്തു. എന്നാല്‍, ഒരു യുവതി കേരള രാഷ്ട്രിയത്തെ ഏങ്ങനെ സ്വാധീനിക്കുമെന്ന് കണ്ടറിഞ്ഞതാണ് 1994 അവസാനത്തെ സംഭവങ്ങള്‍. മാലിക്കാരിയായ രണ്ട് വനിതകള്‍ തിരുവനന്തപരുത്ത് എത്തി ഐ.എസ്.ആര്‍.ഒ.യിലെ ശാസ്ത്രഞ്ജരെ സ്വാധിനിച്ചുവെന്നും ഐ.എസ്.ആര്‍.ഒയുടെ സാങ്കേതിക വിദ്യകള്‍ ചോര്‍ത്തിയെന്നുമാണ് അന്ന് ആരോപണം ഉയര്‍ന്നത്. ഈ സാങ്കേതിക വിദ്യകള്‍ മനസിലാക്കാനുള്ള കഴിവ് അത് ചോര്‍ത്താനത്തെിയ മാലി വനിതകള്‍ക്ക് ഉണ്ടായിരുന്നവോയെന്നൊന്നും മാധ്യമ വിചാരണ നടത്തിയവര്‍ അന്വേഷിച്ചില്ല. ചാരക്കേസ് അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരനിലേക്ക് തിരിഞ്ഞതും മാലി വനിതകളുടെ വിശേഷങ്ങള്‍ തേടി മാധ്യമങ്ങള്‍ മാലിയിലേക്ക് പറന്നതും ചരിത്രം. രണ്ട് സ്ത്രീകളെ ബന്ധപ്പെടത്തി  ചാരക്കേസിനെ കേരള രാഷ്ട്രിയവുമായി ഏങ്ങനെ സമര്‍ഥമായി ഉപയോഗിച്ചുവെന്ന് പില്‍ക്കാലത്തെ കോടതി വിധികളിലുടെ രാജ്യം കണ്ടറിഞ്ഞു. പ്രഗല്‍ഭരായ രണ്ട് ശാസ്ത്രഞ്ജന്മാരെയാണ് രാജ്യത്തിന് ആ സംഭവത്തിലൂടെ നഷ്ടമായത്. അന്നത്തെ ചാരക്കഥകള്‍ക്കും മാധ്യമ വിചാരണക്കും പിന്നിട് ചില മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ ഏറ്റുപറച്ചില്‍ നടത്തിയെങ്കിലും സ്വതന്ത്ര്യ സമര സേനാനിയായിരുന്ന കെ.കരുണാകരനും ശാസ്ത്രഞ്ജന്മാര്‍ക്കും നേരിടേണ്ടി വന്ന അപമാനവും വ്യക്തിപരമായ നഷ്ടവും ആര്‍ക്കെങ്കിലും പരിഹരിക്കാന്‍ കഴിയുമോ? 
ഇപ്പോള്‍ ദൃശ്യമാധ്യമങ്ങള്‍ വര്‍ദ്ധിച്ചതോടെ മാധ്യമ വിചാരണ കൂടുതല്‍ ശക്തമായി. മറ്റു പലതും എന്നതു പോലെ മാധ്യമങ്ങളും വിദേശത്ത് നിന്നും എത്തിയത്. രാജ്യത്ത് മാധ്യമങ്ങളെ പരിചയപ്പെടുത്തിയതും വിദേശിയാണ്-ജെയിംസ്  അഗസ്റ്റ്സ് ഹിക്കി. അദേഹത്തിന്‍െറ ബംഗാല്‍ ഗസറ്റാണ് ആദ്യ വര്‍ത്തമാന പത്രമായി പരിഗണിക്കപ്പെടുന്നത്.പിന്നിട് സ്വതന്ത്ര്യ സമരവുമായി ബന്ധപ്പെട്ടാണ് ഇന്‍ഡ്യന്‍ വര്‍ത്തമാന പത്രങ്ങളുടെ വളര്‍ച്ച. എങ്കിലും നമ്മുടെ ഭരണഘടനയില്‍ പത്രസ്വാതന്ത്ര്യത്തെക്കുറിച്ച് പരാമര്‍ശമില്ല. ഭരണഘടന രൂപീകരിക്കുന്ന വേളയില്‍ അംഗങ്ങള്‍ ഇക്കാര്യം ഉയര്‍ത്തിയപ്പോള്‍ പത്രസ്വാതന്ത്ര്യം  പൗരന്മാരുടെ അഭിപ്രായ ആവിഷ്കാര സ്വാതന്ത്ര്യങ്ങളുടെ ഭാഗമാണെന്നും അത് പ്രത്യേകം എടുത്തു പറയേണ്ട കാര്യമില്ളെന്നുമുള്ള നിലപാടാണ് ഡോ. ബി. ആര്‍. അംബേദ്കര്‍ സ്വീകരിച്ചത്. അഥായത് വ്യക്തികള്‍ക്കുള്ള to freedom of speech and expression എന്ന ഭരണഘടയിലെ 19(1) (a) വകുപ്പു മാത്രമാണ് മാധ്യമങ്ങള്‍ക്കുമുള്ളത്.  പിന്നീട് സുപ്രീം കോടതിയും നിരവധി വിധികളില്‍ ഇതേ നിലപാട് സ്വീകരിച്ചു. അഥയാത്  ഇന്ത്യയിലെ പൗരന്മാര്‍ക്കില്ലാത്ത ഒരു സ്വാതന്ത്ര്യവും അവകാശവും മാധ്യമങ്ങള്‍ക്കില്ളെന്നര്‍ഥം. 
ദൃശ്യ മാധ്യമങ്ങള്‍ വരുന്നതിനും മുമ്പ് അച്ചടി മാധ്യമങ്ങള്‍ സ്വയം നിയന്ത്രണം പാലിച്ചിരുന്നതായി കാണാം. എന്നാല്‍, പിന്നിടുണ്ടായ മാധ്യമ മല്‍സരത്തില്‍ അച്ചടി മാധ്യമങ്ങളും സ്വയം ഏര്‍പ്പെടുത്തിയ വിലക്കുകള്‍ മറികടക്കുകയായിരുന്നു. എങ്കിലും പ്രസ് കൗണ്‍സിലിന്‍െറ പരിധിയില്‍ ഉള്‍പ്പെടുന്നുവെന്നതിനാല്‍ കുറച്ചൊക്കെ ഭയമുണ്ട്. എന്നാല്‍ ദൃശ്യ മാധ്യമങ്ങള്‍ക്ക് അതില്ല. 
അടുത്തകാലത്തായി മാധ്യമ വിചാരണ സജീവമായി ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമായി മാറിയിട്ടുണ്ട്. മാധ്യമ വിചാരണ നിയന്ത്രിക്കാന്‍ നിയമനിര്‍മ്മാണം വേണമെന്ന് രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രൊഫ. പി.ജെ.കുര്യന്‍ (സര്യനെല്ലി കേസുമായി ബന്ധപ്പെട്ട് അദേഹവും മാധ്യമ വിചാരണക്ക് വിധേയനായിരുന്നു) പറഞ്ഞതും ചില ജഡ്ജിമാരുടെ അഭിപ്രായ പ്രകടനവുമാണ് ഈ വിഷയം സജീവമാകാന്‍ കാരണം. 
സോളാര്‍, ബാര്‍ കേസുകളുമായി ബന്ധപ്പെട്ടായിരുന്നു ഇതെന്നും കാണാനാകും. വര്‍ഷങ്ങള്‍ നീണ്ട നിന്ന മാധ്യമ വിചാരണയാണ് സോളാര്‍ കേസിലുണ്ടായത്. സൗരോര്‍ജ തട്ടിപ്പുമായി ബന്ധപ്പെട്ട് സരിത ആരെയൊക്കെ വിളിച്ചു, ശാലുവിന്‍െറ ഗൃഹ പ്രവേശനത്തിന് ആരൊക്കെ പോയി എന്നന്വേഷിക്കാനായിരുന്നു ആദ്യ ഘട്ടത്തിലെ മല്‍സരം. പിന്നിട് സരിത തന്നെ നേരിട്ട് പ്രത്യക്ഷപ്പെട്ടു തുടങ്ങിയപ്പോള്‍ അവരെ കേന്ദ്രീകരിച്ചായി ചാനല്‍ ചര്‍ച്ചകള്‍. കമ്മീഷന് മുന്നില്‍ ഹാജരാകുന്നതും വരുന്നതും പോകുന്നതും വലിയ ആഘോഷമായി അവതരിപ്പിക്കപ്പെട്ടു. എന്നാല്‍, ഇവര്‍ ക്രോസ് വിസ്താരത്തിന് എത്താതിരുന്നതോടെയുണ്ടായ നിയമ പ്രശ്നങ്ങള്‍ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടില്ല. ബാര്‍ കോഴ കേസും ഇതിന് സമാനമാണ്. ഇവിടെയും ആരോപണം ഉന്നയിച്ചയാള്‍ നേരിട്ട് ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുകയായിരുന്നുവെന്ന് കാണാം. മന്ത്രിമാരായ കെ.ബി.ഗണേശ്കുമാര്‍, കെ.എം.മാണി എന്നിവരുടെ രാജിയും മാധ്യമ വിചാരണയുടെ റിസള്‍ട്ടായി വേണമെങ്കില്‍ ചിത്രികരിക്കാം. 
മുന്‍കാലങ്ങളില്‍ മാധ്യമങ്ങള്‍ ക്രിയാത്മക പ്രതിപക്ഷമായി പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍ മാര്‍ക്കറ്റിംഗ് എന്ന ഏക അജണ്ടയിലേക്ക് മാറിയെന്നാണ് വിലയിരുത്തപ്പെടുന്നത്. 
യഥാര്‍ത്ഥത്തില്‍ മാധ്യമ വിചാരണയില്‍ അടങ്ങിയിരിക്കുന്ന പ്രശ്നം വ്യത്യസ്ത അവകാശങ്ങള്‍ തമ്മിലുള്ള സംഘട്ടനമാണ്. സ്വകാര്യത നിലനിര്‍ത്താനുള്ള അവകാശവും അറിയുവാനുള്ള അവകാശവും തമ്മില്‍ സംഘട്ടനമുണ്ടാകുന്ന ഘട്ടങ്ങളുണ്ട്. ഒന്ന് വ്യക്തിയുടെ അവകാശവും മറ്റതേ് സമൂഹത്തിന്‍്റെ പൊതുവായ അവകാശവുമാണ്. ഈ വസ്തുത തിരിച്ചറിഞ്ഞുകൊണ്ടുവേണം അതിന് പരിഹാരം കാണാന്‍. 
 മാധ്യമ വിചാരണക്കെതിരെ ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ് കേസില്‍ ആരോപണ വിധേയരായ ഏഴു വനിതകള്‍ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചതും ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. അന്വേഷണത്തിലിരിക്കുന്ന കേസുകളില്‍ കുറ്റവിചാരണ നടത്താന്‍ പാടില്ളെന്ന ഉത്തരവാണ് കമ്മീഷന്‍ പുറപ്പെടുവിച്ചത്. മാധ്യമ വിചാരണയാണ് ഇന്‍ഡ്യന്‍ ജൂഡിഷ്യറിയുടെ എറ്റവും വലിയ ശത്രുവെന്നാണ് ജസ്റ്റിസ് കെ.ടി.തോമസ് അഭിപ്രായപ്പെട്ടത്. (പ്രോസിക്യുട്ടര്‍മാക്കായി 2016 ജനുവരിയില്‍ കൊച്ചിയില്‍ സംഘടിപ്പിച്ച യോഗത്തില്‍).നകസ്ല്‍ വര്‍ഗീസ് വധക്കേസും പോളക്കുളം നാരായണന്‍ കേസും ചൂണ്ടിക്കാട്ടിയാണ് അദേഹം ഇങ്ങനെ പറഞ്ഞത്. 
ഇതേസമയം, ഇതിനു മറുപുറമുണ്ട്. മാധ്യമങ്ങള്‍ കുറ്റവിചാരണ നടത്തുന്നതായി  ആക്ഷേപം ഉന്നയിക്കുന്നവര്‍ പ്രശ്നത്തെ നീതിപൂര്‍വകമായ വിചാരണക്കുള്ള കുറ്റാരോപിതനായ വ്യക്തിയുടെ അവകാശവും വിവരങ്ങള്‍ ശേഖരിക്കാനും വിതരണം ചെയ്യാനുമുള്ള മാധ്യമങ്ങളുടെ അവകാശവും  തമ്മിലുള്ള  സംഘട്ടനമായിട്ടടായിരിക്കം  കാണുന്നത്. എന്നാല്‍ നീതിപൂര്‍വകമായ വിചാരണ എന്നത് പ്രതിയുടെ മാത്രം ആവശ്യമല്ല, സമൂഹത്തിന്‍്റെ പൊതുവായ ആവശ്യമാണ്. മാധ്യമപ്രവര്‍ത്തകരുടെ മനസുകളിലും ഉണ്ടാകേണ്ട ഒന്നാണത്. അന്വേഷണം ശരിയായ ദിശയില്ളെന്ന് കാണുമ്പോള്‍ അത് തുറന്നു കാട്ടുന്ന മാധ്യമം സമൂഹതാല്‍പര്യം മുന്‍നിര്‍ത്തി പൊതുധര്‍മ്മം നിര്‍വഹിക്കുകയാണ് ചെയ്യേണ്ടത്. തൃശൂരിലെ സൗമ്യ വധക്കേസ്, ചന്ദ്രബോസ് വധക്കേസ് എന്നിവ ഉദാഹരണമായി പറയാം.എന്നാല്‍, പലപ്പോഴും ചര്‍ച്ചകളില്‍ സംബന്ധിക്കുന്നത് ഈ വിഷയവുമായി നേരിട്ട് ബന്ധമില്ലാത്തവരോ രാഷ്ട്രിയ കക്ഷികളുടെ വക്താക്കളോ ആകുന്നതാണ് പ്രശ്നം.

No comments:

Post a Comment