Pages

21 December 2016

പൊമ്പിളൈ ഒറ്റുമൈയുടെ തകര്‍ച്ചക്ക് പിന്നില്‍2015  സെപ്തംബര്‍ ഏഴിന് മൂന്നാര്‍ ഉണര്‍ന്നത് ഐതീഹാസികമായ സമരത്തിന് സാക്ഷ്യം വഹിക്കനായിരുന്നു. ഒരു കൊടിയുടെയും പിന്‍ബലമില്ലാതെ തേയില തോട്ടത്തിലെ സ്ത്രി തൊഴിലാളികള്‍ മുദ്രാവാക്യം വിളികളോടെ മൂന്നാറിലേക്ക് ഒഴുകിയത്തെി. ട്രേഡ് യൂണിയനുകളെ മാത്രമല്ല, രാജ്യത്തെ തന്നെ ഞെട്ടിച്ച സമരം. മുന്നാര്‍ ടൗണ്‍ നിരവധിയായ സമരങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചുണ്ടെങ്കിലും അത്തരമൊരു സമരം ആദ്യമായിരുന്നു. പക്ഷെ ഒരു വര്‍ഷം പിന്നിടുമ്പോള്‍ അന്തര്‍ദേശിയ ശ്രദ്ധ നേടിയ  സ്ത്രീകളുടെ ആ കൂട്ടായ്മക്ക്  എന്തു  സംഭവിച്ചുവെന്നും ആരും അന്വേഷിച്ചില്ല.
2015 സെപ്തംബര്‍ രണ്ടിനു നടന്ന ദേശീയ പൊതു പണിമുടക്ക് വേദിയിലേക്ക് പെരിയവരൈയില്‍ നിന്നുള്ള ഏതാനം  സ്ത്രീ തോട്ടം തൊഴിലാളികള്‍, ഐ.എന്‍.ടി.യു.സി പ്രവര്‍ത്തകന്‍ ചപ്പാണിമുത്തിന്‍റെ നേതൃത്വ ത്തില്‍ എത്തുന്നതോടെയാണ് ബോണസ് പ്രതിഷേധം ആരംഭിക്കുന്നത്. അവര്‍ എത്തിയത്  യൂണിയന്‍ നേതാക്കളോട് പ്രതിഷേധം അറിയിക്കാന്‍ വേണ്ടിയാണ്. പത്തു ശതമാനം ബോണസ് മാത്രം നല്‍കുകയും അതില്‍ പ്രതിഷേധിച്ച് ചട്ടപ്പടി ജോലി ആരംഭിക്കുകയും ചെയ്തപ്പോള്‍ തൊഴിലാളികളെ സംരക്ഷിക്കേണ്ട യൂണിയനുകള്‍, ചട്ടപ്പടി ജോലി പാടില്ളെന്ന് പറഞ്ഞതാണ് അവരെ പ്രകോപിപ്പിച്ചത്. പിന്നിട് അഞ്ചു ദിവസം കൂടി കഴിഞ്ഞാണ് കരിങ്കൊടിയുമായി സ്ത്രീ തൊഴിലാളികള്‍ സമരത്തിന് എത്തുന്നത്. ഈ ദിവസങ്ങള്‍ക്കിടയിലാണ് സമരത്തിന് ഒരുക്കങ്ങള്‍ നടന്നത്.  ഒമ്പതു നാള്‍ കണ്ണന്‍ ദേവന്‍ കുന്നിലെ തോട്ടം മേഖല  സ്തംഭിച്ചു. ബോണസും എക്സ്ഗ്രേഷ്യയുമടക്കം 20 ശതമാനം വാങ്ങിയാണ് സമരം അവസാനിപ്പിച്ചത്.
എന്തായിരുന്നു സമരത്തിന്‍െറ കാരണം?
തൊഴിലാളികള്‍ക്ക് കൂടി ഓഹരി പങ്കാളിത്തമുള്ള കണ്ണന്‍ ദേവന്‍ ഹില്‍സ് പ്ളാന്‍റേഷന്‍ കമ്പനിയില്‍  പത്തു ശതമാനം ബോണസ് പ്രഖ്യാപിച്ചപ്പോള്‍ തന്നെ അസ്വസ്ഥത പുകഞ്ഞു തുടങ്ങിയിരുന്നു. ആഗസ്ത് 24നാണ് ബോണസ് പ്രഖ്യാപിച്ചത്. 5.02കോടി രൂപയാണ് കമ്പനിയുടെ ലാഭമെന്നാണ് കമ്പനി അറിയിച്ചത്. തൊട്ടുതലേ വര്‍ഷം 19 ശതമാനമായിരുന്നു ബോണസ്. ആ വര്‍ഷം 15.55 കോടി രൂപയായിരുന്നു ലാഭമെന്നും ഒരു വര്‍ഷം കൊണ്ടു തേയില വിലയില്‍ 68 ശതമാനം ഇടിവുണ്ടായെന്നും കമ്പനി പറയുന്നു. എന്നാല്‍, 20 ശതമാനം ബോണസെന്ന ആവശ്യത്തില്‍ തൊഴിലാളികള്‍ ഉറച്ചുനിന്നു. തുടര്‍ന്ന് മൂഖ്യമന്ത്രിയും മന്ത്രിയും  തിരുവനന്തപുരത്തും കൊച്ചിയിലും വിളിച്ച ചര്‍ച്ചകളില്‍ പങ്കെടുത്തതും സ്ത്രീ തൊഴിലാളികളാണ്.
അംഗീകൃത യൂണിയനുകളെ മാറ്റി നിര്‍ത്തിയാണ് സ്ത്രീ തൊഴിലാളികള്‍ സമരം ചെയ്തതു. ഇവര്‍ക്ക് പിന്തണുയുമായി മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍,  സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, അന്നത്തെ  മന്ത്രി പി.കെ .ജയലഷ്മി, പി.കെ.ശ്രീമതി, ബിന്ദു കൃഷ്ണ, സാറാ ജോസഫ് തുടങ്ങി വിവിധ പാര്‍ട്ടികളിലെ വനിതാ നേതാക്കള്‍ എത്തി. സ്ത്രീ കൂട്ടായ്മക്ക് മുന്നില്‍ ഒടുവില്‍ മാനേജ്മെന്‍റ് വഴങ്ങി. അങ്ങനെ സമരം അവസാനിച്ചു.  ഇതിന്‍െറ തുടര്‍ച്ചയായി സംസ്ഥാനത്തിന്‍െറ പല ഭാഗങ്ങളിലും തേയില തോട്ടം തൊഴിലാളികള്‍ സമരത്തിനിറങ്ങി. കൊല്ലം   തെന്മലയിലും വയനാട്ടിലും പാലക്കാട്   നെല്ലിയാമ്പതിയിലും സമരം നടന്നത് ട്രേഡ് യൂനിയനുകളുടെ നേതൃത്വത്തിലാണ്. ശമ്പളവര്‍ധനവിനുവേണ്ടി മൂന്നാറിലും ട്രേഡ് യൂനിയനുകളുടെ നേതൃത്വത്തില്‍ സമരം തുടങ്ങി. ഇതിന് ബദലായി പൊമ്പിളൈ ഒരുമൈ ആദ്യം പണിമുടക്കില്‍നിന്നും വിട്ടുനിന്നെങ്കിലും കാര്യമായ ചലനമുണ്ടാക്കാനായില്ല. പിന്നീട് ഇവരും സമാന്തരമായി പണിമുടക്കി മൂന്നാര്‍ ടൗണിലത്തെി. എന്നാല്‍ പഴയതുപോലെ ഏശിയില്ല.
ഒരു വര്‍ഷത്തിന് ശേഷം ഒരു ബോണസ് കാലംകൂടി വന്നു. പഴയത് പോശല്‍ പത്തുശതമാനം ബോണസാണ് നല്‍കിയത്.എന്നാല്‍,ഒരു കോണില്‍ നിന്ന് പോലും പ്രതിഷേധം ഉയര്‍ന്നില്ല.

പൊമ്പിളൈ ഒറ്റുമൈക്ക് എന്ത് സംഭവിച്ചു
ബോണസ് പ്രശ്നതിന്‍റ പേരില്‍സ്വയം പൊട്ടിപുറപ്പെട്ടതായിരുന്നില്ല, സ്ത്രീകളുടെ സമരം. അതിന് പിന്നില്‍ ദീര്‍ഘനാളത്തെ ആസൂത്രണവും കൃത്യമായ രാഷ്ട്രിയ അജണ്ടയുമുണ്ടായിരുന്നു. മൂന്നാറില്‍ വേരുകളുള്ള ജാതിസംഘടനയുടെ ചില നേതാക്കള്‍ക്ക് എതിരെയായിരുന്നു ആരോപണം ഉയര്‍ന്നിരുന്നത്. ബോണസിനെ വൈകാരിക വിഷയമാക്കി മാറ്റിയെന്ന് മാത്രം. ഐ.എന്‍.ടി.യു.സി, ഐ.ഐ.ടി.യു.ടി, സി.ഐ.ടി.യു എന്നീ അംഗീകൃത യൂണിയനുകള്‍ക്ക് എതിരെ കാലങ്ങളായി തോട്ടം മേഖലയില്‍ ചില സംഘടനകള്‍ പ്രചരണം നടത്തുന്നുണ്ട്. ഒരു തമിഴ് സംഘടന തയ്യറാക്കിയ ഡോക്യുമെന്‍ററിയില്‍ നേതാക്കളെ രൂക്ഷമായാണ് വിമര്‍ശിക്കുന്നത്. ഇതു നേരത്തെ എസ്റ്റേറ്റുകള്‍തോറും പ്രദര്‍ശിപ്പിച്ചിരുന്നു. ഇതിനും പുറമെയാണ്  തോട്ടം തൊഴിലാളി നേതാക്കളുടെ സ്വത്തുക്കളുടെ വിവരങ്ങള്‍ പുറത്തു വന്നത്. പൊമ്പിളൈ ഒറ്റുമൈ സമരത്തിന്‍റ പിതൃത്വവും ആ സംഘടന അവകാശപ്പെട്ടിരുന്നു.
പഴയത് പോലെ വീടുകളുടെ അറ്റകുറ്റപണികള്‍ നടക്കുന്നില്ല. മുമ്പ് പശു വളര്‍ത്തല്‍ തോട്ടം തൊഴിലാളികളുടെ വരുമാനമായിരുന്നു. എന്നാല്‍, ഇപ്പോള്‍ കമ്പനി നിയന്ത്രണം കൊണ്ടുവന്നു. രണ്ടു പശുക്കളെ മാത്രമേ ഒരു കുടുംബത്തിന് വളര്‍ത്താന്‍ അനുമതിയുള്ളു. എസ്റ്റേറ്റിന് പുറത്തു നിന്നും പശുവിനെ വാങ്ങാന്‍ പാടില്ല. പശു തേയിലത്തോട്ടത്തില്‍ കയറിയാല്‍ ആയിരം രൂപവരെയാണ് പിഴ. ഇതിന് പുറമെയാണ് ഇന്‍സെന്‍റീവ് തര്‍ക്കം. ഇതൊക്കെ സമരത്തിന് ആയുധമാക്കി മാറ്റി.
നേരത്തെ തയ്യറാക്കിയ തിരക്കഥയനുസരിച്ചാണ് സ്ത്രി തൊഴിലാളികളുടെ സമരം ആരംഭിച്ചതെങ്കിലും മാധ്യമങ്ങളുടെ ഇടപ്പെടല്‍ കണക്ക് കൂട്ടലുകള്‍ തെറ്റിച്ചു. സ്ത്രീ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിന് ഒരു ഘട്ടത്തിലും ഇല്ലാതിരുന്ന സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗം ലിസി സണ്ണിയെ മാധ്യമങ്ങള്‍ നേതാവായി അതവരിപ്പിച്ചതാണ് കണക്കുകൂട്ടലുകള്‍ തെറ്റിക്കാന്‍ കാരണം. മലയാളിയായ ലിസിയെ മാധ്യമങ്ങള്‍, അവരുടെ സൗകര്യത്തിന് വേണ്ടി അവതരിപ്പിച്ചതോടെ ലിസി സ്വയം പൊമ്പളൈ ഒറ്റുമയുടെ നേതാവായി.  തമിഴ് തോട്ടം തൊഴിലാളികളായ ഗോമതി, ഇന്ദ്രാണി എന്നിവരെയും മാധ്യമങ്ങള്‍ അവതരിപ്പിച്ചുവെങ്കിലും ഭാഷാ അവര്‍ക്ക് പ്രശ്നമായി. പൊമ്പിളൈ ഒരുമൈ എന്ന പേരു ചാര്‍ത്തിയതും മാധ്യമങ്ങളാണ്.
ഇതിനിടെ, സമരത്തിന് വേണ്ടി ലോകത്തിന്‍റ വിവിധ കോണുകളില്‍  നിന്നും പണമത്തെിയെന്നാണ് പറയുന്നത്. നേരിട്ട് പിന്തുണ അറിയിക്കാനത്തെിയവരും സാമ്പത്തിക സഹായം നല്‍കി. ഇതു കൂട്ടായ്മക്കിടയില്‍ ചില്ലറ പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരുന്നു.  പഞ്ചായത്ത് തെരഞ്ഞെടുപ്പ് വന്നപ്പോള്‍ മല്‍സരിക്കാന്‍ തീരുമാനിച്ചതും ആരൊക്കെ മല്‍സരിക്കുമെന്നതും തര്‍ക്കത്തിന് കാരണമായി. എന്തായാലും ബ്ളോക് പഞ്ചായത്തിലേക്ക് ഗോമതിയെയും മൂന്നാര്‍ ഗ്രാമപഞ്ചായത്തിലേക്ക് രണ്ട് അംഗങ്ങളെയും വിജയിപ്പിക്കാന്‍ കഴിഞ്ഞു. ഗോമതി പിന്നീട് പൊമ്പിളൈ ഒരുമൈ വിട്ടു. ഗ്രാമ പഞ്ചായത്തംഗങ്ങള്‍ കോണ്‍ഗ്രസിനെ പിന്തുണച്ചു.
സമരം സംഘടിപ്പിക്കുന്നതിന് പിന്നണിയില്‍ പ്രവര്‍ത്തിച്ചവരെ അപ്രസ്കതരാക്കി, മൂന്നാറിന് പുറത്ത് നിന്നും  വിവാഹിതയായി എത്തിയ ലിസി  മാധ്യമങ്ങളുടെ സഹായത്തോടെ സംഘം പിടിച്ചെടുത്തുവെന്നാണ് പറയുന്നത്. ഇതു മറ്റൊരു തലത്തിലാണ് വ്യാഖ്യാനിക്കപ്പെട്ടത്. എന്തായാലും വൈകാതെ ലിസിയും സംഘവും എ.എ.പിയില്‍ ലയിച്ചു. അവര്‍ പൊമ്പിളൈ ഒരുമൈ എന്നത് ട്രേഡ് യൂണിയനായി രജിസ്റ്റര്‍ ചെയ്തു. മൂന്നാര്‍ ടൗണില്‍ ആഫീസും തുറന്നു.
സ്ത്രീ തൊഴിലാളി കൂട്ടായ്മ പരാജയപ്പെട്ടതോടെ അംഗീകൃത ട്രേഡ് യൂണിയനുകള്‍ ശക്തരാവുകയും സാധാരണ തൊഴിലാളികളുടെ വിലപേശല്‍ ശേഷി ഇല്ലാതാവുകയും ചെയ്തു. ഇതിനിടെ, സമരത്തിന്‍റ പിതൃത്വം അവകാശപ്പെട്ട തീവ്രവാദ സംഘടനയെ കുറിച്ച് വിവരങ്ങള്‍ കേള്‍ക്കാതായി.എന്നാല്‍, അതു താല്‍ക്കാലികം മാത്രമാണെന്നാണ് പറന്നത്. അവര്‍ ഇപ്പോഴും പിന്നാമ്പുറത്തുണ്ടത്രെ.16 December 2016

ജലക്ഷാമം: ചിറാപുഞ്ചി കേരളത്തെ ചിന്തിപ്പിക്കുമോ?

http://www.madhyamam.com/opinion/articles/water-scarcity-did-chirapunchi-influence-rethink-kerala/2016/dec/07/235310

കിഴക്കോട്ട് ഒഴുകുന്ന പാമ്പാറും കബനിയും ഭവാനിയുമടക്കം 44 നദികള്‍, വര്‍ഷം മൂവായിരം മി.മീറ്ററിലേറെ മഴ... പോരെ കേരളീയര്‍ക്ക് അഭിമാനിക്കാന്‍. എന്നാല്‍, സാഹചര്യങ്ങള്‍ മാറിയത് വളരെ വേഗത്തിലാണ്. മഴ കുറഞ്ഞു, ഓരോ മഴക്കാലം കഴിയുമ്പോഴും കേരളത്തിന് ദാഹിച്ചു. ജലവൈദ്യുതി പദ്ധതികളെ ആശ്രയിക്കുന്ന കേരളം, ഇരുട്ടില്‍നിന്ന് രക്ഷനേടാന്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വൈദ്യുതി ഇറക്കുമതി ചെയ്തു. എന്നിട്ടും കേരളം പഠിക്കുന്നില്ളെന്നതാണ് സങ്കടകരം. ജലനിരക്ഷരതയാണ് കേരളം ഇന്ന് നേരിടുന്ന ഗുരുതര വെല്ലുവിളി. പെയ്തിറങ്ങുന്ന മഴവെള്ളം ഭൂമിയിലേക്കിറങ്ങാന്‍ അനുവദിക്കാതെ നാടിനെ കടുത്ത വരള്‍ച്ചയിലേക്ക് തള്ളിവിടുകയാണ് കേരളീയര്‍.
1958ലെ ഒരു പഠനമനുസരിച്ച് രാജ്യത്തിന്‍െറ ആകെ ജലവിഹിതത്തിന്‍െറ അഞ്ചുശതമാനം കേരളത്തിലായിരുന്നു. മഴയില്‍ ലഭിക്കുന്ന 4,200 ടി.എം.സി (ആയിരം ദശലക്ഷം) ഘനയടി വെള്ളത്തില്‍ 60 ശതമാനം പടിഞ്ഞാറോട്ട് ഒഴുകുന്നെന്നും അതിലൂടെ കേരളം ജലസമ്പുഷ്ടമാണെന്നുമായിരുന്നു അന്നത്തെ റിപ്പോര്‍ട്ട്. 16 കി.മീറ്റര്‍ മാത്രം കേരളത്തിലൂടെ സഞ്ചരിക്കുന്ന മഞ്ചശേ്വരം പുഴ തുടങ്ങി 244 കി.മീറ്റര്‍ ദൈര്‍ഘ്യമുള്ള പെരിയാര്‍വരെ പടിഞ്ഞാറോട്ട് ഒഴുകുന്ന 41 നദികളുടെ വൃഷ്ടിപ്രദേശം 35,018 ച.കി.മീറ്ററായിരുന്നു. കിഴക്കോട്ട് ഒഴുകുന്ന നദികളുടേത് 2,866 ച.കി.മീറ്ററും.
സംസ്ഥാനത്തെ ജനസംഖ്യയില്‍ ഗ്രാമീണ മേഖലയില്‍ 54 ശതമാനവും നഗരങ്ങളിലെ 78 ശതമാനവും വാട്ടര്‍ അതോറിറ്റിയെ ആശ്രയിക്കുന്നു. ഗ്രാമങ്ങളില്‍ 70 ശതമാനവും സ്വന്തം കിണറുകളെയാണ് ആശ്രയിക്കുന്നത്. ഒരുലക്ഷത്തോളം കിണറുകള്‍ ഉണ്ടെന്നാണ് കണക്ക്. പുറമെ കുളങ്ങളും. എന്നാല്‍, വേനല്‍ക്കാലത്ത് ഈ കിണറുകളും കുളങ്ങളും ഭൂരിപക്ഷവും വറ്റുന്നു. ഏറ്റവും വലിയ ശുദ്ധജല തടാകമായ ശാസ്താംകോട്ടയിലും ജലനിരപ്പ് താഴുന്നു. തീരപ്രദേശത്ത് മാത്രമല്ല, തീരത്തുനിന്ന് അകലെയുള്ള തൃശൂര്‍ ടൗണില്‍പോലും കുഴല്‍കിണറുകളില്‍ ലഭിക്കുന്ന ജലത്തില്‍ ഉപ്പിന്‍െറ അംശം ഏറിവരുന്നു. കിണറുകളില്‍ ഉപ്പ്, ഇരുമ്പ്, ഫ്ളൂറൈഡ് എന്നിവയുടെ ആധിക്യം വര്‍ധിക്കുന്നതിനാല്‍ ഉപയോഗിക്കാന്‍ കഴിയാതെ വരുന്നു. ഭൂഗര്‍ഭജലത്തിന്‍െറ അളവ് കുറഞ്ഞുവരുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. വ്യവസായ തലസ്ഥാനമായ എറണാകുളം ജില്ല കുടിവെള്ളത്തിനടക്കം ആശ്രയിക്കുന്ന പെരിയാറില്‍ ഉപ്പുവെള്ളം കയറാനും ആലുവയിലെ പമ്പിങ് താല്‍ക്കാലികമായി നിര്‍ത്തിവെക്കാനും കാരണമായത് നീരൊഴുക്ക് കുറയുകയും മണലെടുപ്പ് വര്‍ധിക്കുകയും ചെയ്തതാണ്.
വികസനത്തിന്‍െറ പേരില്‍ സംസ്ഥാനത്ത് അടുത്തകാലത്ത്  ഏറ്റവും കൂടുതല്‍ സമ്മര്‍ദം നേരിടേണ്ടിവരുന്നത് ഭൂപരിസ്ഥിതിയിലാണ്. ഭൂമിയില്‍ വന്ന മാറ്റം കാലാവസ്ഥയെയും മണ്ണ്, ജല സംരക്ഷണത്തെയും മാറ്റിമറിച്ചു. പശ്ചിമഘട്ടം മുതല്‍ തീരദേശം വരെ ചരിഞ്ഞുകിടക്കുന്ന സംസ്ഥാനത്തിന്‍െറ ഉപരിതലത്തില്‍ അതിവേഗം ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ ജലസുരക്ഷയെ തകര്‍ക്കുംവിധമാണ് മുന്നേറിക്കൊണ്ടിരിക്കുന്നതെന്ന് ശാസ്ത്രസാഹിത്യ പരിഷത്തിന്‍െറ പഠനങ്ങള്‍ പറയുന്നു. വനങ്ങള്‍ ഇല്ലാതാകുന്നതും ഒരു നിയന്ത്രണവുമില്ലാതെ ജലസംഭരണ ഇടങ്ങളായ പുല്‍മേടുകള്‍ നശിപ്പിക്കപ്പെടുന്നതും കുളങ്ങളും പാടങ്ങളും തോടുകളും നദികളും സംരക്ഷിക്കപ്പെടാതെ പോകുന്നതും ജലസുരക്ഷ നേരിടുന്ന ഭീഷണികളാണ്. നെല്‍പാടങ്ങളെല്ലാം ഇന്ന് തണ്ണീര്‍ത്തടങ്ങളാണ്.
കേരളത്തെ സംബന്ധിച്ച് ശുദ്ധജല ഉറവിടം മഴ മാത്രമാണ്. ഭൂഗര്‍ഭജലം റീചാര്‍ജ് ചെയ്യപ്പടുന്നതും മഴയിലൂടെയാണ്. ദേശീയ ശരാശരിയേക്കാളും 2.18 മടങ്ങ് അധികം ശരാശരി വാര്‍ഷിക മഴ (3070 മി.മീറ്റര്‍) ലഭിക്കുന്ന സംസ്ഥാനമാണ് കേരളം. രാജ്യത്ത് ഒരുവര്‍ഷം ഏറ്റവുംകൂടുതല്‍ മഴ ലഭിക്കുന്ന പ്രദേശങ്ങളില്‍മൂന്നാം സ്ഥാനത്താണ് കേരളം. എല്ലാ മാസവും ചെറിയ തോതിലെങ്കിലും മഴ കിട്ടുന്നു. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ ലഭിക്കുന്ന തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷവും ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ 31 വരെയുള്ള വടക്കുകിഴക്കന്‍ മണ്‍സൂണ്‍ അഥവാ തുലാവര്‍ഷവും  വേനല്‍മഴയുമാണ് നമ്മുടെ ജലസ്രോതസ്സ്. മൊത്തത്തില്‍ 120-140 മഴദിനങ്ങള്‍ മാത്രമാണുള്ളത്.
500 മി.മീറ്റര്‍ മഴ മാത്രം ലഭിക്കുന്ന മൂന്നാറിനടുത്ത വട്ടവടയും മഴനിഴല്‍ പ്രദേശമായ മറയൂരും ഒഴിച്ചാല്‍ പൊതുവെ നല്ല മഴ ലഭിക്കുന്ന പ്രദേശങ്ങളാണ് സംസ്ഥാനത്തുള്ളത്. വാര്‍ഷികമഴയുടെ 85 ശതമാനവും കാലവര്‍ഷത്തിലൂടെ വടക്കന്‍ ജില്ലകളില്‍ ലഭിക്കുമെങ്കിലും അവിടെ തുലാവര്‍ഷം നാമമാത്രമാണ്. തെക്കന്‍ ജില്ലകള്‍ക്ക് തുലാവര്‍ഷത്തിലൂടെ 33 ശതമാനവും കാലവര്‍ഷത്തിലൂടെ 54 ശതമാനവും വേനല്‍മഴയായി 13 ശതമാനവും എന്ന തോതിലാണ് മഴലഭ്യത. എന്നാല്‍, കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മഴയുടെ അളവില്‍ കാര്യമായ മാറ്റം വന്നിട്ടുണ്ട്. മണ്‍സൂണ്‍ മഴയില്‍ 34 ശതമാനത്തിന്‍െറ കുറവാണ് ഈ വര്‍ഷം രേഖപ്പെടുത്തിയത്. 2,039.7 സെ.മീറ്റര്‍ മഴ ലഭിക്കേണ്ടിടത്ത് പെയ്തത് 1,352.3 മി.മീറ്റര്‍ മാത്രം. പ്രീമണ്‍സൂണില്‍ 18 ശതമാനത്തിന്‍െറയും ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ലഭിക്കുന്ന വേനല്‍മഴയില്‍ 21 ശതമാനത്തിന്‍െറയും കുറവുണ്ടായി. എന്നാല്‍, 2015ല്‍ തുലാമഴയില്‍ 27 ശതമാനത്തിന്‍െറ വര്‍ധനയുണ്ടായി. അപ്പോഴും വയനാട്, പാലക്കാട് ജില്ലകളില്‍ കുറവായിരുന്നു.
പക്ഷേ, ഇതുകൊണ്ട് കാര്യമില്ല. കേരളത്തില്‍ ലഭിക്കുന്ന മഴയുടെ 80 ശതമാനവും ജൂണ്‍ ഒന്നിന് ആരംഭിക്കുന്ന തെക്കുപടിഞ്ഞാറന്‍ മണ്‍സൂണിലാണ് പെയ്യന്നത്. മഴയുടെ ഏറ്റക്കുറച്ചിലുകളെ സംസ്ഥാനത്തിന്‍െറ മാത്രം പ്രതിഭാസമായി കാണാനാകില്ല. ആഗോളതലത്തിലുണ്ടാകുന്ന വ്യതിയാനമാണ് മഴയെ നിയന്ത്രിക്കുന്നത്. എങ്കിലും, മഴയിലെ ഏറ്റക്കുറച്ചിലുകള്‍ ജലലഭ്യതയെ ബാധിച്ചിട്ടില്ളെന്നാണ് വിലയിരുത്തല്‍. കേരളത്തേക്കാള്‍ മൂന്നിലൊന്ന് മഴയാണ് തമിഴ്നാട്ടില്‍ ലഭിക്കുന്നത്. അവര്‍ ഒരുതുള്ളി പാഴാക്കാതെ പ്രയോജനപ്പെടുത്തുന്നു. അവര്‍ക്ക് കൃത്യമായ ജല മാനേജ്മെന്‍റുണ്ട്. എന്നാല്‍, ഇവിടെ അതില്ല.
കേരളത്തിലെ ഭൂപ്രകൃതിയുടെയും ജൈവഭൗതിക പരിസ്ഥിതിയുടെയും പ്രത്യകേതകളാല്‍ വടക്കന്‍ ജില്ലകളില്‍ ഭൂതലത്തില്‍ പതിക്കുന്ന മഴയുടെ 80 ശതമാനവും തെക്കന്‍ ജില്ലകളിലെ 70 ശതമാനവും ഉപരിതല നീരൊഴുക്കായി ഭവിക്കുന്നുവെന്നാണ് പരിഷത്തിന്‍െറ പഠനം. ഭൂവിനിയോഗത്തില്‍ വന്നിട്ടുള്ള മാറ്റങ്ങള്‍ നീരൊഴുക്കിന്‍െറ വേഗത വര്‍ധിപ്പിച്ചിട്ടുണ്ട്. മണ്ണിലേക്ക് കിനിഞ്ഞിറങ്ങുന്ന ജലം വടക്കന്‍ ജില്ലകളില്‍ 10 ശതമാനവും തെക്ക് 20 ശതമാനവുമാണ്. ഭൂപ്രകൃതി, മണ്ണിന്‍െറ ഘടന, ജൈവപരിസ്ഥിതി, മഴനിരക്ക് എന്നിവയെല്ലാം നീരൊഴുക്കിനെ സ്വാധീനിക്കുന്നു. ഭൂമിയുടെ നിന്മോന്നത സ്ഥിതിയും ചരിവും നീരൊഴുക്ക് രൂപപ്പെടുന്നതിന് നിര്‍ണായകമാണ്. കളിമണ്‍ ചേരുവ അധികമുള്ള മണ്ണില്‍ മണിക്കൂറില്‍ ഒരു മി.മീറ്റര്‍ നിരക്കില്‍ ജലം കിനിഞ്ഞിറങ്ങുമ്പോള്‍, എക്കല്‍പ്രദേശത്ത് 150 മി.മീ, ചരല്‍പ്രദേശത്ത് 600 മി.മീ എന്നിങ്ങനെ കിനിഞ്ഞിറങ്ങല്‍ വര്‍ധിക്കുന്നു.
സസ്യജാലസാന്ദ്രതയും മണ്ണ് സംരക്ഷണപ്രവര്‍ത്തനങ്ങളും കിനിഞ്ഞിറങ്ങലിനെ പ്രോത്സാഹിപ്പിക്കുന്ന ഘടകങ്ങളാണ് -പരിഷത്ത് പറയുന്നു.
വനമേഖലയുടെ നാശത്തിന് ആനുപാതികമായി നീരൊഴുക്കിന്‍െറ സുസ്ഥിരതയും നഷ്ടപ്പെടുന്നു എന്ന് ജലവിഭവ വികസന പരിപാലനകേന്ദ്രത്തിന്‍െറ പഠനം വ്യക്തമാക്കുന്നു. മണല്‍വാരലാണ് നീരൊഴുക്കിനെ പ്രതികൂലമായി ബാധിക്കുന്ന മറ്റൊരു ഘടകം. കനാലുകള്‍ കോണ്‍ക്രീറ്റ് ചെയ്തതോടെ വെള്ളം അതിവേഗമാണ് ഒഴുകുന്നത്. ജലം മണ്ണിലിറങ്ങാനുള്ള അവസരമാണ് ഇതിലൂടെയും നഷ്ടമായത്.
പെയ്യന്ന മഴയെ കൃത്യമായി സംരക്ഷിക്കുകയാണ് പോംവഴി. പടിഞ്ഞാറോട്ട് ചരിഞ്ഞ പ്രദേശമായതിനാല്‍ മഴവെള്ളം 48 മണിക്കൂറിനകം കടലില്‍ ചേരുന്ന സാഹചര്യം ഒഴിവാക്കപ്പെടണം. വരള്‍ച്ച വരുമ്പോള്‍ മാത്രം മഴവെള്ള സംഭരണത്തെക്കുറിച്ച് ആലോചിക്കാതെ ദീര്‍ഘവീക്ഷണത്തോടെ പദ്ധതി ആസൂത്രണം ചെയ്യം. ഒരു ഹെക്ടര്‍ പ്രദേശത്ത് ഒരു വര്‍ഷം 1.20 കോടി ലിറ്റര്‍ മഴവെള്ളം ലഭിക്കുന്നുവെന്നാണ് കണക്ക്. ആയിരം ചതുരശ്ര അടി വിസ്തീര്‍ണമുള്ള പുരപ്പുറത്ത് മൂന്നുലക്ഷം ലിറ്റര്‍ മഴവെള്ളം ഒരു വര്‍ഷം വീഴുന്നു. ഇതൊക്കെ മണ്ണിലേക്ക് ഇറക്കിയാല്‍ സംസ്ഥാനത്ത് ജലക്ഷാമത്തെ കുറിച്ച് ആലോചിക്കേണ്ടി വരില്ല. മഴവെള്ള സംഭരണികള്‍, മഴക്കുഴികള്‍ എന്നിവയാണ് മാര്‍ഗങ്ങള്‍.
1990കളില്‍ റബര്‍ ബോര്‍ഡിന്‍െറ നേതൃത്വത്തില്‍ മഴക്കുഴികള്‍ എന്ന പദ്ധതി ആസൂത്രണം ചെയ്തെങ്കിലും ചില കോണുകളില്‍നിന്നുള്ള എതിര്‍പ്പിനെ തുടര്‍ന്ന് നിലച്ചു. മഴക്കൊയ്ത്ത്, മഴപ്പൊലിമ എന്നിങ്ങനെ ആകര്‍ഷകമായ പേരുകളുമായി വിവിധ പദ്ധതികള്‍ പലയിടത്തും ആസൂത്രണം ചെയ്തിരുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ മഴവെള്ള സംഭരണികള്‍ സ്ഥാപിക്കുന്ന പദ്ധതിയും നടപ്പാക്കി. പുതിയ വീടുകള്‍ക്ക് മഴവെള്ള സംഭരണി വേണമെന്ന ഉത്തരവും ഇടക്കാലത്തിറങ്ങി. എന്നാല്‍, ഇതൊക്കെ പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ടു. അല്ളെങ്കില്‍ വെള്ളം കിട്ടാതാകുമ്പോള്‍ മാത്രം ചര്‍ച്ച ചെയ്യപ്പട്ടു. ജലസമ്പാദ്യം എന്ന പേരിലുള്ള പദ്ധതിക്കും എന്ത് സംഭവിച്ചുവെന്നറിയില്ല.
മൈക്രോ നീര്‍ത്തടങ്ങള്‍ തുടങ്ങി നദീതടം വരെ സമഗ്രമായ മണ്ണ്-ജല സംരക്ഷണ പദ്ധതികള്‍ നടപ്പാക്കുമെന്ന് പ്രകടനപത്രികയില്‍ ഇടതുമുന്നണി നല്‍കിയ വാഗ്ദാനമാണ് പ്രതീക്ഷ നല്‍കുന്നത്. ജലാഗിരണശേഷി കുറഞ്ഞാല്‍ വെള്ളം ഭൂമിയിലേക്ക് ഇറങ്ങില്ളെന്നും അറിയണം. അതിന്‍െറ അവസാനം മരുവത്കരണമായിരിക്കും.
വര്‍ഷം 14,000 മി.മീറ്റര്‍ മഴ ലഭിക്കുന്ന ചിറാപുഞ്ചിയിലെ ജനങ്ങളുടെ അനുഭവം കേരളത്തിനും പാഠമാണ്. ഇത്രയേറെ മഴ ലഭിച്ചിട്ടും അവിടെ കുടിക്കാന്‍ വെള്ളമില്ലാത്തതിനാല്‍ വില കൊടുത്ത് വെള്ളം വാങ്ങുകയാണ്. പെയ്യന്ന മഴയത്രയും ഭൂമിയിലിറങ്ങാതെ താഴ്വരയിലേക്ക് ഒഴുകിപ്പോകുന്നതുമൂലമാണ് ചിറാപുഞ്ചിയിലത്തെുന്ന വിനോദസഞ്ചാരികളടക്കം വെള്ളം വിലക്ക് വാങ്ങുന്നത്. എന്നാല്‍, കേരളത്തിന് അതിനും കഴിയില്ല. കാരണം തൊട്ടടുത്ത സംസ്ഥാനങ്ങളും ജലക്ഷാമം നേരിടുകയാണ്.

വര്‍ദ വിതച്ചത്......

http://www.madhyamam.com/opinion/open-forum/vardha-cyclone/2016/dec/15/236753


വേരോടെ നിലംപൊത്തിയ വന്‍മരങ്ങള്‍, തകര്‍ന്ന് കിടക്കുന്ന വൈദ്യുതി പോസ്റ്റുകള്‍, ട്രാഫിക് സിഗ്നലുകള്‍, മറിഞ്ഞു കടിക്കുന്ന ഇരുചക്ര വാഹനങ്ങള്‍, റോഡില്‍ തകര്‍ന്ന് കിടക്കുന്ന വലിയ ബോര്‍ഡുകള്‍, മേല്‍കൂരകള്‍..........വര്‍ദ ആഞ്ഞടിച്ചതിന്‍റ അടുത്ത ദിവസത്തെ ചെന്ന3400 നഗര കാഴ്ചകള്‍ ദു:ഖകരമായിരുന്നു. അന്താരാഷ്ട്ര വിമാനത്താവളത്തില്‍ റെയില്‍വേ സ്റ്റേഷനില്‍ എന്ന പോലെ യാത്രക്കാര്‍ കിട്ടിയ സ്ഥലത്തൊക്കെ വിശ്രമിക്കുന്നു. റെയില്‍വേ സ്റ്റേഷനുകളില്‍ ദീര്‍ഘദൂര തിവണ്ടികളില്‍ ടിക്കറ്റ് എടുത്ത് എത്തിയ ഇതര സംസ്ഥാന തൊഴിലാളികള്‍ നിരനിരയായി കിടക്കുന്നു. വെള്ളവും വൈദ്യുതിയും ഇല്ലാത്തതിനാല്‍ ഇടത്തരം ഹോട്ടലുകള്‍ തുറന്നിട്ടില്ല. അതിനാല്‍ , ഭക്ഷണം കഴിക്കാതെയാണ് റദ്ദാക്കിയ തീവണ്ടികള്‍ക്ക് പകരം വണ്ടി വരുമെന്ന പ്രതീക്ഷയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ ഉറങ്ങിയും കിടന്നും ഇരുന്നും സമയം നീക്കുന്നത്.
തിങ്കളാഴ്ചയാണ് ചെന്ന3400, കാഞ്ചിപുരം, തിരുവള്ളുര്‍ ജില്ലകളിലെ ജനജീവിതത്തെ നിശ്ചലമാക്കിയ വര്‍ദ കൊടുങ്കാറ്റ് ആഞ്ഞടിച്ചത്. നേരം പുലരുമ്പോള്‍ തന്നെ കനത്ത കാറ്റ് വീശുന്നുണ്ടായിരുന്നു,ഒപ്പം മഴയും. ഉച്ചക്ക് ശേഷം വര്‍ദ കടല്‍ കടന്ന് കരയിലുടെ നീങ്ങുമെന്ന അറിയിപ്പ് ഇടക്കിടെ എഫ്.എം. റേഡിയോയിലുടെ വന്നുകൊണ്ടിരുന്നു. ഉച്ചക്ക് ഒരു മണിക്കും വൈകിട്ട് അഞ്ചിനും ഇടക്ക് ജനങ്ങള്‍ പുറത്തിറങ്ങരുതെന്നും അറിയിപ്പ് വന്നു. ഒരു വര്‍ഷം മുമ്പത്തെ പ്രളയത്തിന്‍റ അനുഭവമറിയുന്നറിയുന്നവര്‍ വീടുകളില്‍ കഴിഞ്ഞു. കടകള്‍ തുറന്നില്ല,പെട്രോല്‍ പമ്പുകള്‍ പ്രവര്‍ത്തിച്ചില്ല. അപൂര്‍വം ഹോട്ടലുകളും മെഡിക്കല്‍ സ്റ്റോറുകളും തുറന്നു. ഇവ വൈകുന്നേരത്തോടെ അടക്കുകയും ചെയ്തു. കാറ്റിന് ശക്തി കൂടിയതോടെ മരങ്ങള്‍ ഒന്നൊന്നായി കടപുഴുകി, ശിഖിരകള്‍ ഒടിഞ്ഞു വീണു. ചെന്ന3400 ഗവ.ആര്‍ടസ് കോളജിലെ നൂറ് വര്‍ഷം പ്രായമുള്ള വൃക്ഷമുത്തശിയും നിലം പതിച്ചു. മരങ്ങള്‍ വീണതോടെ ഗതാഗതം നിലച്ചു. റോഡുകളില്‍ വെള്ളക്കെട്ടും. റെയില്‍പാളത്തില്‍ മരങ്ങള്‍ വീണു. വൈദ്യുതി ലൈനിലേക്ക് മരങ്ങള്‍ ഒടിഞ്ഞ് വീണതോടെ വൈദ്യുതി ബന്ധമറ്റു. വൈദ്യൂതിയില്‍ പ്രവര്‍ത്തിക്കുന്ന തീവണ്ടികള്‍ അവിടവിടെ പിടിച്ചിട്ടു. സബര്‍ബന്‍ തീവണ്ടികള്‍ ഒമ്പത് മണിക്കുര്‍ വരെയാണ് പിടിച്ചിട്ടത്. രാവിലെ ജോലിക്ക് പോകുന്നതിന് തീവണ്ടിയില്‍ കയറിയവര്‍ കയ്യല്‍ കരുതിയിരുന്ന വെള്ളവും ഭക്ഷണവും മറ്റ് യാത്രക്കാരുമായി പങ്കിട്ടു കാറ്റും മഴയും ശമിക്കുന്നത് വരെ കാത്തിരിന്നു.  ഇതേസമയം, ചെന്ന3400യിലേക്ക് വന്ന ദീര്‍ഘദുര തീവണ്ടികള്‍ വഴിക്ക് പിടിച്ചിട്ടു. വെള്ളം പോലും കിട്ടാത്ത സ്ഥലങ്ങളിലാണ് മണിക്കുറുകള്‍ യാത്രക്കാര്‍ കഴിഞ്ഞത്.
കനത്ത കാറ്റില്‍ പല കെട്ടിടങ്ങളുടെയും മേല്‍കൂരകള്‍ പറന്നു. മെഡിക്കല്‍ കോളജിന്‍റയടക്കം ബോര്‍ഡുകള്‍ നിലംപതിച്ചു. ചേരികളില്‍ കഴിഞ്ഞിരുന്നവരെ അപ്പോഴെക്കും ക്യാമ്പുകളിലേക്ക് മാറ്റിയിരുന്നു. മരം വീണു ഒട്ടേറെ വാഹനങ്ങള്‍ തകര്‍ന്നു. 22വര്‍ഷത്തിന് ശേഷമാണ് ഇത്രയും കനത്ത കാറ്റ് വീശിയതെന്നാണ് പറയുന്നത്. രാവിലെ 11നും മൂന്നിനും ഇടക്ക് 110 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശിയടിച്ചു. ഇതിന് ശേഷവും കാറ്റിന് വേഗത കുറവില്ലായിരുന്നു. എതിര്‍ദിശയില്‍ നിന്നായിരുന്നു തുടര്‍ന്ന് കാറ്റടിച്ചത്. മൂന്നു ജില്ലകളിലായി ഒരു ലക്ഷത്തോളം മരങ്ങള്‍ വീണുവെന്നാണ് പറയുന്നത്. പതിനായിരത്തിലേറെ വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു. ട്രാന്‍സ്ഫോര്‍മറുകള്‍ വേറെയും. 450 ടവറുകളും നിലം പൊത്തി.18 പേരുടെ ജീവന്‍ നഷ്ടമായി. ഇതേസമയം, ശ്മശാനങ്ങളിലെ മരങ്ങള്‍, വീണതും വൈദ്യുതിയില്ലാതായതും മൃതദേഹങ്ങള്‍ സംസ്കരിക്കുന്നതിന് തടസമായി. മരങ്ങള്‍ വീണ് ഗതാഗതം മുടങ്ങിയതിനാല്‍ മൃതദേഹങ്ങള്‍ തോളിലേന്തിയാണ് ശ്മശാനങ്ങളില്‍ കൊണ്ട് വന്നത്.ചിലയിടത്ത് മരങ്ങള്‍ നീക്കം ചെയ്ത ശേഷമാണ് സംസ്കരിച്ചത്.വൈദ്യുതിയില്ലാത്തതിനാല്‍, ആചാരമനുസരിച്ച് ദഹിപ്പിക്കേണ്ട മൃതദേഹങ്ങളും സംസ്കരിച്ചതായി തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പിറ്റന്നേ് ചൊവ്വാഴ്ചയായിനാല്‍,അവരുടെ വിശ്വാസപരമായ കാരണങ്ങളാല്‍ സംസ്കാരം അടുത്ത ദിവസത്തേക്ക് മാറ്റിവെക്കാനാകുമായിരുന്നില്ല. ചെന്ന3400 നഗരത്തില്‍ 150ലേറെ ശ്മശാനങ്ങളുണ്ട്.
തിങ്കളാഴ്ച കൊടുങ്കാറ്റ് കടന്ന് പോയെങ്കിലും  അടുത്ത ദിവസമാണ് ജനങ്ങള്‍ ദുരിതത്തിലായത്.അന്ന് കാറ്റും മഴയും ഉണ്ടായിരുന്നില്ല. എന്നാല്‍, വൈദ്യൂതിയില്ല, വെള്ളമില്ല, ഫോണില്ല. പ്രധാന റോഡുകളിലൊഴികെ ഗതാഗതമില്ല. പാലിനും വെള്ളത്തിനുമായി ജനങ്ങള്‍ നെട്ടോട്ടമോടി. ഇടത്തരം ഹോട്ടലകളും അടച്ചു. ജനറേറ്ററും കുഴല്‍ കിണറുകളുമുള്ള ഹോട്ടലുകള്‍ മാത്രമാണ് പ്രവര്‍ത്തിച്ചത്. വിനോദ സഞ്ചാരികളും വിവിധ ആവശ്യങ്ങള്‍ക്കായി എത്തിയവരും ഭക്ഷണത്തിനായി ഹോട്ടല്‍ തേടി അലഞ്ഞു. ബുധനാഴ്ച വൈകുന്നേരം വരെ പല ഹോട്ടലുകളും തുറന്നിരുന്നില്ല. ചൊവ്വാഴ്ച വൈകുന്നേരത്തോടെ വൈദ്യുതി ബന്ധം പുന:സ്ഥാപിക്കുമെന്നായിരുന്നു അറിയിപ്പ്. ഇതിനായി മറ്റു ജില്ലകളില്‍ നിന്നും ജീവനക്കാരെ കൊണ്ടു വന്നു. എന്നാല്‍, സിറ്റിയില്‍ പോലും എല്ലായിടത്തും വൈദ്യുതി എത്തിയില്ല. ഇതു റോഡ് ഉപരോധിക്കലിനും കാരണമായി. അരുമ്പാക്കമടക്കമുള്ള സ്ഥലങ്ങളില്‍ ജനങ്ങള്‍ തെരുവിലറങ്ങി. യുദ്ധകാലാടിസ്ഥാനത്തിലായിരുന്നു ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍. പ്രധാന റോഡകളിലെ മരങ്ങള്‍ നീക്കം ചെയ്യന്‍ മറ്റു ജില്ലകളില്‍ നിന്നടക്കം തൊഴിലാളികള്‍ എത്തി. കുടുതല്‍ ഉപകരണങ്ങളും എത്തിച്ചു. എന്നാല്‍, പല ഹൗസിംഗ് കോളനികളിലേക്കുള്ള റോഡുകള്‍ ക്ളിയര്‍ ചെയ്തത്, റസിഡന്‍സ് അസോസിയേഷനുകളുടെ നേതൃത്വത്തിലാണ്. വാക, ആര്യവേപ്പ് മരങ്ങളാണ് കടപുഴകിയതില്‍ ഏറെയും. ശിഖിരങ്ങള്‍ ഒടിഞ്ഞതും ഈ മരങ്ങളുടെത്. ഒരൊറ്റ ദിവസം വന്ന് പോയ വര്‍ദ ചെന്ന3400യിലെ പാര്‍ക്കുകളും ഇല്ലാതാക്കി. പാര്‍ക്കുകളിലെ മരങ്ങള്‍ വീണ് കളിയുപകരണങ്ങള്‍ തകര്‍ന്നു. ബെഞ്ചുകളും നശിച്ചു. ഇവയൊക്കെ ഇനിയും പുനര്‍നിര്‍മ്മിക്കണം. എന്നാല്‍, തണല്‍ മരങ്ങള്‍ വളര്‍ന്ന് വരാന്‍ പതിറ്റാണ്ടുകള്‍ കാത്തിരിക്കണം. ഇനി നട്ടുവര്‍ത്തുന്നത് പുളിമരമെങ്കില്‍, കാറ്റില്‍ കടപുഴകില്ളെന്ന് കരുതാം.